Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലേയ്‌സ് ആൻഡ് സിറാമിക്‌സിൽ ബികോംകാരിയെ ജനറൽ മാനേജരാക്കിയത് വെറുതെയല്ല! ദീപ്തിയെന്ന ബന്ധുവിനെ നിയമിച്ചത് മലബാർ സിമന്റുമായി ഒത്തുകളിച്ച് ലാറ്ററേറ്റ് അതിർത്തി കടത്തി കാശുണ്ടാക്കാനോ? കരന്തളത്തെ ഖനനത്തിനുള്ള ഇപി ജയരാജന്റെ ഉത്തരവിൽ ഞെട്ടിയത് സിപിഐ(എം) നേതൃത്വം; ബന്ധുത്വ നിയമനത്തിലെ ഉള്ളുകളികൾ പുറത്തുവരുമ്പോൾ

ക്ലേയ്‌സ് ആൻഡ് സിറാമിക്‌സിൽ ബികോംകാരിയെ ജനറൽ മാനേജരാക്കിയത് വെറുതെയല്ല! ദീപ്തിയെന്ന ബന്ധുവിനെ നിയമിച്ചത് മലബാർ സിമന്റുമായി ഒത്തുകളിച്ച് ലാറ്ററേറ്റ് അതിർത്തി കടത്തി കാശുണ്ടാക്കാനോ? കരന്തളത്തെ ഖനനത്തിനുള്ള ഇപി ജയരാജന്റെ ഉത്തരവിൽ ഞെട്ടിയത് സിപിഐ(എം) നേതൃത്വം; ബന്ധുത്വ നിയമനത്തിലെ ഉള്ളുകളികൾ പുറത്തുവരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: മലബാർ സിമന്റ്സിനു വേണ്ടി കാസർഗോഡ് കരിന്തളത്തു നിന്നും ലാറ്ററേറ്റ് ഖനനം നടത്തുമെന്ന വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പ്രഖ്യാപനത്തെ ചെറുക്കാൻ സിപിഐ.(എം) ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഒരുങ്ങുന്നു. വ്യവസായ വകുപ്പിലെ ബന്ധുക്കളുടെ നിയമനം വിവാദത്തിലായതോടെ പ്രതിസന്ധിയിലായ ഇപി ജയരാജനെ കൂടുതൽ വെട്ടിലാക്കുന്നതാണ് പുതിയ ആരോപണം.

കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ ഇന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനെ തുടർന്ന് 2015 ൽ ഇവിടെ ഖനനം നിർത്തുമെന്ന് അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സഭയിൽ പ്രഖ്യാപനം നടത്തിയിരുന്നു. സിപിഐ.(എം). ഉൾപ്പെടെ സർവ്വകക്ഷികളും രംഗത്തിറങ്ങിയ ദീർഘ കാല സമരത്തെത്തുടർന്നാണ് ഇവിടെ ലാറ്ററേറ്റ് ഖനനം നിർത്തിവച്ചത്. എന്നാൽ മലബാർ സിമന്റ്സിലെ ഉത്പ്പാദനം പുനരാരംഭിക്കാൻ കിണാനൂർ-കരിന്തളത്തു നിന്നും ലാറ്ററേറ്റ് ഖനനം നടത്തുമെന്നാണ് വ്യവസായ മന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതേ തുടർന്ന് കിണാനൂർ -കിരന്തളം പഞ്ചായത്ത് പ്രസിഡണ്ട് എ. വിധുബാല ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വിധുബാല സിപിഐ.(എം.) നേതാവുകൂടിയാണ്.

കേരളാ ക്ലേയ്‌സ് ആൻഡ് സിറാമിക്സ് ലിമിറ്റഡിൽ മന്ത്രിയുടെ ബന്ധുവായ ദീപ്തിയെ ജനറൽ മാനേജരാക്കി നിയമിച്ചതിന്റെ പിന്നിലും ദുരൂഹതയുണ്ടെന്ന് ഇതിലൂടെ വെളിവാകുന്നു. കരിന്തളത്തെ 50 ഏക്കർ ലാറ്ററേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം ക്ലേയ്‌സ് ആൻഡ് സിറാമിക്സ് ലിമിറ്റഡിനാണ്. ജനറൽ മാനേജർ പദവിയിലുള്ള ബന്ധുവിനെ ഉപയോഗിച്ച് അനധികൃതമായി യഥേഷ്ടം ഖനനം തുടരാനാണ് ഇത്തരം ലക്ഷ്യത്തിലൂടെ മന്ത്രി നീങ്ങുന്നതെന്ന് സിപിഐ.(എം.) പ്രവർത്തകരിൽ തന്നെ ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ ഒരു കാരണവശാലും ലാറ്ററേറ്റ് ഖനനം അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വിധുബാല ഉറപ്പിച്ചു പറയുന്നു. നിലവിലുള്ള ഖനന വിലക്കിനെ മറികടക്കുന്ന ഒരു തീരുമാനവും പഞ്ചായത്ത് എടുക്കില്ലെന്നും ഖനനത്തിനെതിരെ ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും അവർ ഉറപ്പിച്ചു പറയുന്നു.

മലബാർ സിമന്റ്സിലേക്ക് എന്നതിന്റെ മറവിൽ കർണ്ണാടകത്തിലേയും ഗുജറാത്തിലേയും ചില സ്ഥാപനങ്ങളിലേക്കാണ് ലാറ്ററേറ്റ് കടത്താൻ ശ്രമിക്കുന്നതെന്ന ആരോപണവുമുയർന്നിട്ടുണ്ട്. ബന്ധുവിനെ സ്ഥാപന മേധാവിയാക്കിയതിന്റെ പിന്നിൽ ഈ ലക്ഷ്യമാണെന്നും പറയുന്നു. ദിനം പ്രതി 5 ലോഡ് ലാറ്ററേറ്റ് ഖനനം ചെയ്ത് എടുക്കാനാണ് വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ നിർദ്ദേശം. എന്നാൽ വിജനമായ പ്രദേശമായതിനാൽ ഇവിടെ നിന്ന് എത്ര ലോഡ് കടത്തിയെന്നതിന് തെളിവുണ്ടാകില്ല. മുൻകാലങ്ങളിലും അനധികൃതമായി അന്യസംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നും ലാറ്ററേറ്റ് കടത്തിയിട്ടുണ്ട്. നാളെ പഞ്ചായത്ത് പ്രസിഡണ്ട്, യൂനിയൻ നേതാക്കൾ എന്നിവരുൾപ്പെടുന്നവരുടേയും മുൻ സമരസമിതിക്കാരുടേയും യോഗം ഒരു റിസോർട്ടിൽ വിളിച്ചു ചേർത്തിട്ടുണ്ട്. ഖനനം തുടരാൻ ഇവിടുന്ന് തീരുമാനിക്കുമെന്നാണ് മന്ത്രിയുടെ വിശ്വാസം.

കരിന്തളത്തിനു പുറമേ 200 ഏക്കർ ഉള്ള കടലാടി പാറയിലും ഖനനം നടത്താനുള്ള ഗൂഢാലോചന വ്യവസായ വകുപ്പിൽ നിന്നും ഉയരുന്നുണ്ട്. ഇവിടെ നടത്തിയ സർവ്വേ ജനങ്ങൾ നേരത്തെ തന്നെ തടഞ്ഞിരുന്നു. ദേശീയ ദുരന്തനിവാരണ സമിതി കരിന്തളം പ്രദേശം 2015 ൽ സന്ദർശിക്കുകയും ഖനനം മൂലം ഈ പ്രദേശത്ത് കാര്യമായ ക്ഷതം നേരിട്ടെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ഫോടക വസ്തുക്കൾ കൊണ്ട് നടത്തുന്ന ഖനനം മൂലം ഭൂമിയിൽ വിവിധ സ്ഥലങ്ങളിൽ വിള്ളലുകളുണ്ടായതായും അവർ കണ്ടെത്തിരുന്നു. ദുരന്തനിവാരണ സമിതിയുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സർക്കാർ ഖനനം ആത്യന്തികമായി നിർത്തിവച്ചതായി നിയമസഭയിൽ പ്രഖ്യാപിച്ചത്.

ഈ മാസം തന്നെ മലബാർ സിമന്റ്സിൽ ഉത്പ്പാദനം പുനരാരംഭിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇതേ തുടർന്ന് കരിന്തളം മേഖല ഖനനത്തിനെതിരെ വീണ്ടും സമരഭൂമിയാകും. ഒരു കാരണവശാലും ഈ മേഖലയിൽ ഖനനം അനുവദിക്കില്ലെന്ന് പരിസ്ഥിതി പ്രവർത്തകനായ ബാബു ചെമ്പനെയും പ്രഖ്യാപിക്കുന്നു. ഖനനം സംബന്ധിച്ച ഔദ്യോഗികമായുള്ള ഒരു വിവരവും ഗ്രാമപഞ്ചായത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ മന്ത്രി ഖനനം നടത്തി ലാറ്ററേറ്റ് കൊണ്ടു പോകുമെന്ന് പറയുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP