Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാറാട് കലാപം നടന്നപ്പോൾ ആരെങ്കിലും അത് ഭരണകൂടത്തിന്റെ തലയിൽ വെച്ചോ? മോദിപ്പേടി പരത്തുന്നതിന് പിന്നിൽ മുസ്ലിം സമൂഹത്തിനെ ഭയപ്പെടുത്തൽ മാത്രം; മുജാഹിദുകളുടെ ലക്ഷ്യം ഇന്ത്യയെ ഇസ്ലാമികവത്ക്കരിക്കൽ; ഇന്ത്യ പാക്കിസ്ഥാനായി മാറാതിരിക്കാൻ ബിജെപി ഭരണം അനിവാര്യം; അപരിഷ്‌കൃത ഗോത്ര സമൂഹ നിയമങ്ങൾ മുസ്ലിം സമൂഹം പിന്തുടരണമോ; ഇതിന് മാറ്റം വരുത്താൻ ശ്രമിച്ചത് നരേന്ദ്ര മോദി മാത്രം; എന്തുകൊണ്ട് മോദിയെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കി വീണ്ടും ജാമിദ ടീച്ചർ

മാറാട് കലാപം നടന്നപ്പോൾ ആരെങ്കിലും അത് ഭരണകൂടത്തിന്റെ തലയിൽ വെച്ചോ? മോദിപ്പേടി പരത്തുന്നതിന് പിന്നിൽ മുസ്ലിം സമൂഹത്തിനെ ഭയപ്പെടുത്തൽ മാത്രം; മുജാഹിദുകളുടെ ലക്ഷ്യം ഇന്ത്യയെ ഇസ്ലാമികവത്ക്കരിക്കൽ; ഇന്ത്യ പാക്കിസ്ഥാനായി മാറാതിരിക്കാൻ ബിജെപി ഭരണം അനിവാര്യം; അപരിഷ്‌കൃത ഗോത്ര സമൂഹ നിയമങ്ങൾ മുസ്ലിം സമൂഹം പിന്തുടരണമോ; ഇതിന് മാറ്റം വരുത്താൻ ശ്രമിച്ചത് നരേന്ദ്ര മോദി മാത്രം; എന്തുകൊണ്ട് മോദിയെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കി വീണ്ടും ജാമിദ ടീച്ചർ

എം മനോജ് കുമാർ

കോഴിക്കോട്: മുസ്ലിം സമൂഹത്തിനു ഏറ്റവും വിശ്വാസ്യ യോഗ്യനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് മറുനാടൻ മലയാളിയോട് ഇന്നലെ തുറന്നടിച്ചതിനു പിന്നാലെ കൂടുതൽ വിശദീകരണവുമായി, ഇസ്ലാം വിട്ട് യുക്തിവാദത്തിലേക്ക് തിരിഞ്ഞ സാംസ്‌കാരിക പ്രവർത്തക ജാമിദ ടീച്ചർ രംഗത്തെത്തി. ജാമിദ ടീച്ചറുടെ മോദി അനുകൂല പരാമർശങ്ങൾക്കുനേരെ സൈബർ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് കൂടുതൽ വിശദീകരണവുമായി അവർ രംഗത്തെത്തിയത്. ഇന്ത്യയിലും ഏകീകൃത സിവിൽ കോഡ് വേണം എന്ന ആവശ്യം അഭിമുഖത്തിൽ പറഞ്ഞപ്പോൾ സൈബർ ആക്രമണം വന്നു. പക്ഷെ ഏകീകൃത സിവിൽകോഡ് മുസ്ലിം സമൂഹത്തിനു ഗുണകരമാണെന്ന കാര്യം പഠിച്ചു തന്നെയാണ് ഞാൻ പറയുന്നത്- ജാമിദ ടീച്ചർ പറയുന്നു.

സമുദായത്തിൽ അനാഥകളെ സൃഷ്ടിച്ചു വിടുന്നതിനു പിന്നിൽ മുസ്ലിംമതം തന്നെ

മുസ്ലിം സമൂഹത്തിൽ മക്കളുടെ മക്കൾക്ക് സമ്പത്തില്ല. അതായത് ഒരു മുസ്ലിം സ്ത്രീയുടെ മകളുടെ മകൾക്ക് മുസ്ലിം സമുദായത്തിൽ സമ്പത്ത് ലഭിക്കില്ല. മത നിയമപ്രകാരം ഇങ്ങിനെയാണ് വരുന്നത്. ഒരു മുസ്ലിം പെൺകുട്ടിക്ക് അമ്മയുടെ അമ്മയുടെ സ്വത്ത് ലഭിക്കില്ല. താവഴിയാണ് എങ്കിലും ഈ സ്വത്തിനു മകളുടെ മകൾക്ക് അവകാശം നിഷേധിച്ചിരിക്കുകയാണ്. അപ്പോൾ അനാഥകളെ സൃഷ്ടിച്ചുവിടുന്നത് തന്നെ ഇസ്ളാം മതമാണ് എന്ന് വരുന്നു. ഇതിനു ഏകീകൃത സിവിൽകോഡ് വന്നാൽ പരിഹാരമാകും. ഏകീകൃത സിവിൽകോഡ് വരാൻ ഞങ്ങൾ വർഷങ്ങൾ തന്നെയുള്ള ഫൈറ്റ് ആണ് നടത്തുന്നത്. പക്ഷെ ഇസ്ലാമിക നിയമങ്ങൾ മാറുമെന്ന് ഭയന്ന് ഇസ്ലാമിക പൗരോഹിത്യവും ഇസ്ലാമിക സംഘടനകളും ഏകീകൃത സിവിൽകോഡിന് എതിരെ നിൽക്കുകയാണ്.

മോദിപ്പേടിയിലാണ് യുഡിഎഫിന് മൃഗീയ ഭൂരിപക്ഷം കിട്ടിയത്

മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് പോലുള്ള കടലാസ് സംഘടനകളും സിവിൽകോഡ് വന്നാൽ തങ്ങൾക്ക് മൂല്യമില്ലാതാകുമോ എന്ന് ഭയക്കുകയാണ്. മുസ്ലിം പ്രശ്നങ്ങൾ തീർക്കാൻ ഐകകണ്ഠ്യേന തീരുമാനിക്കാൻ കരാർ എടുത്ത മാതിരിയാണ് ഇവരുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനൊക്കെ മാറ്റം വരുത്തുമ്പോൾ ഇസ്ലാമിക നിയമങ്ങൾക്ക് മൊത്തം മാറ്റം വരുത്തണമെന്ന് അവർ വിചാരിക്കുന്നു. കിംവദന്തികൾ ആണ് മോദിയ്‌ക്കെതിരെ മുസ്ലിം സമുദായ സംഘടനകൾ കേരളത്തിൽ പടർത്തിവിട്ടത്. കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച മൃഗീയ ഭൂരിപക്ഷം ഇതിനു തെളിവാണ്. ഇന്ത്യയിലെ കൊള്ളയും കൊലയും വരെ മോദിയുടെ തലയിൽ കെട്ടിവയ്ക്കുന്ന രീതിയാണ് ഇവർ പരീക്ഷിച്ചത്. കേരളത്തിൽ മാറാട് കലാപം നടന്നപ്പോൾ അത് മന്ത്രിസഭയുടെ തലയിൽ കേരളത്തിലെ മുസ്ലിം സമൂഹമോ, കേരളീയ സമൂഹമോ കെട്ടിവെച്ചോ? ഇല്ലല്ലോ? കലാപങ്ങൾ ബ്രിട്ടീഷ് ഇന്ത്യയിലും അതിനു മുൻപുമൊക്കെ ഇന്ത്യയിൽ നടന്നിട്ടുണ്ട്. മോദിപ്പേടിയുടെ കാര്യത്തിൽ കേരളത്തിൽ മുസ്ലിങ്ങളെ വല്ലാതെ ഇവർ തെറ്റിദ്ധരിപ്പിക്കുകയാണ്. അതിന്റെ പേരിലാണ് യുഡിഎഫിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈവന്ന മൃഗീയ ഭൂരിപക്ഷത്തിന്റെ ഒരു വശവും.

അപരിഷ്‌കൃത ഗോത്ര സമൂഹ നിയമങ്ങൾ മുസ്ലിം സമൂഹം പിന്തുടരണമോ?

നവോത്ഥാനവും പുരോഗമനവും മുസ്ലിം സമൂഹം അംഗീകരിച്ച് തരില്ല. മുൻപ് കേരളത്തിൽ ഹിന്ദുകോഡ് ബിൽ വന്നു. മരിച്ചുപോയ മകന്റെ സ്വത്ത് മക്കൾക്കും ഭാര്യയ്ക്കും മാതാപിതാക്കൾക്കും ഷെയർ ചെയ്ത് കിട്ടും. മരിച്ചുപോയ മകന്റെ സ്വത്ത് അമ്മയ്ക്ക് കിട്ടുമ്പോൾ ഈ അമ്മയുടെ സ്വത്ത്കൂടി ഈ മക്കൾക്ക് കിട്ടും. ഈ ബില്ല് 2015 ൽ സംസ്ഥാനമാണ് കൊണ്ടുവന്നത്. അതിനെപ്പോലും ഹിന്ദു സമൂഹം അംഗീകരിച്ചു. പക്ഷെ 1400 വർഷങ്ങൾക്ക് മുൻപുള്ള അപരിഷ്‌കൃത ഗോത്ര സമൂഹത്തിന്റെ നിയമങ്ങൾ തന്നെ മുസ്ലിം സമൂഹം പിന്തുടരണം എന്നുള്ളത് ഈ യാഥാസ്ഥിതിക വിഭാഗം ഏറ്റെടുത്തിരിക്കുന്ന വിഷയമാണ്. കാരണം ഒരു മാറ്റത്തിനും ഞങ്ങൾ വിധേയരല്ല. അതുകൊണ്ട് തന്നെ ഈ മോദിപ്പേടിയുമായുള്ള യാഥാസ്ഥിതിക വിഭാഗത്തിന്റെ ആർപ്പുവിളിക്ക് വലിയ മൂല്യമൊന്നും ഞാൻ കാണുന്നില്ല. ഞാൻ വിഭാഗത്തിന്റെ ആളാണ്. ഈ മുസ്ലിം വിഭാഗത്തിന്റെ നവോത്ഥാനം എത്രമാത്രമാണെന്നു എനിക്കറിയാം.

മുജാഹിദുകളുടെ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കൽ

പതിനാറ് വർഷക്കാലം ഞാൻ മുജാഹിദ് പ്രവർത്തകയായിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ നവോത്ഥാനം എനിക്കറിയാം. മുജാഹിദ് ബാലുശ്ശേരി നവോത്ഥാന ചിന്തകനാണെന്നു ഒരു വിഭാഗം മുസ്ലിം ആളുകൾ പറയുന്നു. ഇയാൾ പറഞ്ഞത് ഈ കേരളക്കരയിലുള്ള എല്ലാ പള്ളികളും വെള്ളിയാഴ്ച ഞങ്ങൾക്ക് വിട്ടുതന്നാൽ കേരളം മുഴുവൻ ഞങ്ങൾ മുജാഹിദ് ആക്കിമാറ്റും. ഈ വിഭാഗത്തിന് വേണ്ടത് ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ്. ഇപ്പോൾ ബിജെപിക്ക് കേന്ദ്ര ഭരണം കിട്ടി. മുസ്ലിം വിഭാഗത്തിനാണ് ഇപ്പോഴുള്ള ഈ കേന്ദ്ര ഭരണം കിട്ടുന്നതെങ്കിൽ മറ്റുള്ള എല്ലാ മതവിഭാഗങ്ങളെയും ഇവർ അടിച്ചമർത്തുമായിരുന്നു. ഇവർക്ക് വേണ്ടത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയാണ്. ഇന്ത്യ ഒരു പാക്കിസ്ഥാൻ ആക്കി മാറ്റാനാണ് ഇവർ മുൻതൂക്കം നൽകുക. വേദഗ്രന്ഥമായ ഖുറാനിൽ തന്നെ നമുക്ക് കാണാം. സത്യനിഷേധികളെ കണ്ടാൽ കണ്ടിടത്ത് വെച്ച് കൊല്ലാനും ഇവരുമായി ബന്ധം സ്ഥാപിക്കരുതെന്നും ഇവരോട് കൂടുതൽ ഇടപെടരുതെന്നും ഇവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുതെന്നും ഉള്ള വാചകങ്ങൾ ഖുറാന് അകത്ത് തന്നെയുണ്ട്. ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥമാണിത്. ഈ ഗ്രന്ഥത്തെ മുൻനിർത്തി ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയായാണെങ്കിൽ ഒരു മതത്തിനും ഇവിടെ പിടിച്ച് നിൽക്കാൻ കഴിയില്ല.

നിപ്പാ വൈറസ് വന്നപ്പോൾ മങ്കൂസ് മൗലൂദ് ഓതിയാൽ മതിയെന്ന് പറഞ്ഞു

ഇവർ ഇവിടെ ഇസ്ലാമിക നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും. കണ്ണൂര് ഇസ്ലാമിക ബാങ്ക് സ്ഥാപിച്ചു. ഇങ്ങിനെ പതിയെ പതിയെ ഇസ്ലാമിക രാഷ്ട്രമാക്കാനാണ് ഇവർ തീരുമാനിക്കുന്നത്. അതുകൊണ്ട് അപരിഷ്‌കൃത ഗോത്രസമൂഹം മുന്നോട്ട് വെച്ച ആശയത്തിൽ തന്നെ സമുദായത്തെ തളച്ചിടാനാണ് മതനേതൃത്വം ശ്രമിക്കുന്നത്. നിപ്പാ വൈറസ് വന്ന സമയത്ത് മങ്കൂസ് മൗലൂദ് പാരായണം ചെയ്താൽ മതിയെന്ന് പറഞ്ഞത് ഇകെ വിഭാഗത്തിന്റെ സുന്നി നേതാവാണ്. ഇത്തരത്തിൽ മനുഷ്യനെ പ്രാർത്ഥനയിലും അർച്ചനയിലും നേർച്ചയിലും മാത്രം തളച്ചിട്ടാൽ രാജ്യത്ത് നടക്കുന്ന ഒരു കാര്യവും സാധാരണ ജനങ്ങൾ അറിയില്ല. ഒരു തരത്തിലുള്ള നവോത്ഥാനത്തിനും രാജ്യത്തെ സജ്ജമാക്കാതിരിക്കുക. ഇതാണ് മുസ്ലിം യാഥാസ്ഥിതികത്വം ലക്ഷ്യമിടുന്നത്.

എല്ലാ കോടതികളിലും ഇസ്ലാമിക ശരീയത്ത് നിൽക്കുന്നത് പി.എഫ്. മുല്ല എഴുതിയ പ്രിൻസിപ്പിൾസ് ഓഫ് മൊഹമ്മദ് ലോ എന്ന പുസ്തകം അനുസരിച്ചാണ്. ഇതിൽ നിന്നും ചുരുക്കി എടുത്ത് പത്ത് മുന്നൂറോളം വകുപ്പുകൾ ആക്കി തിരിച്ചിട്ടുണ്ട്. ഇതിലെ 308ാം വകുപ്പ് അനുസരിച്ച് മുസ്ലിം പുരുഷന് അവന്റെ ഭാര്യയെ ഒഴിവാക്കാൻ ഒരു കാരണവും വേണ്ട.പക്ഷെ ഹിന്ദു പുരുഷൻ ആണ് ഇങ്ങിനെ ചെയ്യുന്നതെങ്കിൽ ഇന്ത്യയിലെ നിയമസംവിധാനം അവനെ ശിക്ഷിക്കും. ജയിൽ ശിക്ഷയും പിഴയും എല്ലാം വരും. എന്നാൽ മുസ്ലിം പുരുഷന് നിയമനത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഈ നിയമം മാറണം എന്ന് പറഞ്ഞത് മോദി സർക്കാർ മാത്രമാണ്. ഒരു മുസ്ലിം പുരുഷന് നാലും അഞ്ചും വിവാഹം കഴിക്കാം. പക്ഷെ ഹിന്ദു പുരുഷന് തടവ് ശിക്ഷ ലഭിക്കും.ഹിന്ദു ഒരു കുറ്റം ചെയ്താൽ കാരാഗൃഹവാസം. എന്നാൽ മുസ്ലിം ഇതേ കുറ്റം ചെയ്താൽ അവനു പൂമാല. ഈ കാരണത്താൽ ഇസ്ലാമിക നിയമങ്ങൾ മാറേണ്ടതുണ്ട്. കാര്യങ്ങൾ ഇങ്ങിനെയുള്ള അവസ്ഥയിൽ മുന്നോട്ട് പോകവേ, ഇന്ത്യയിൽ ബിജെപി ഭരണമാണ് മോദി ഭരണമാണ് നല്ലത്.

അഭ്യൂഹങ്ങളിൽ കുരുക്കി മുസ്ലിം സമൂഹത്തെ മോദിക്ക് എതിരായി തിരിക്കുന്നു

ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യം മോദി സർക്കാർ തന്നെയാണ്.. മുസ്ലിം സമൂഹത്തിനു ഏറ്റവും വിശ്വാസയോഗ്യമായ നേതാവ് നരേന്ദ്ര മോദിയാണ്. അഭ്യൂഹങ്ങളിൽ കുരുക്കിയാണ് കേരളത്തിലെ മുസ്ലിം മതനേതൃത്വം മുസ്ലിം സമൂഹത്തെ മോദിക്ക് എതിരായി തിരിക്കുന്നത്. മുത്തലാഖ് നിരോധനവും ഹജ്ജ് സബ്‌സിഡി എടുത്തുകളഞ്ഞതും ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കവുമെല്ലാം മുസ്ലിം സമൂഹത്തിന് ഗുണപ്രദമാണ്. ഈ കാര്യങ്ങളിലെല്ലാം തന്നെ എനിക്ക് മോദിയോട് അനുഭാവമുണ്ട്. മുസ്ലിം സമൂഹം ഇത് തിരിച്ചറിയുന്നുണ്ടെങ്കിലും മുസ്ലിം മതനേതൃത്വമാണ് മോദിക്ക് എതിര് നിൽക്കുന്നത്. പർദ്ദയിട്ട സ്ത്രീകൾ മോദിക്ക് വേണ്ടി പാട്ടുപാടുന്നു; മോദി ജയിച്ചപ്പോൾ ലഡു വിതരണം ചെയ്യുന്നു. ഇവിടെ കിംവദന്തികൾ ആണ് പ്രശ്നം. ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നത് ബിജെപിയെപോലുള്ള പാർട്ടികൾ നിലനിൽക്കുന്നതുകൊണ്ടുമാത്രം. ഇത്രയും ഭൂരിപക്ഷം മുസ്ലിം വിഭാഗത്തിന് കിട്ടിയിരുന്നെങ്കിൽ ഇന്ത്യ അവർ ഇസ്ലാമിക രാഷ്ട്രമായി മാറ്റുമായിരുന്നു--ജാമിദ ടീച്ചർ പറയുന്നു.

മോദിയിൽ മോശമായി ഒന്നും ഞാൻ കണ്ടിട്ടില്ല. പ്രതികൂലിക്കുന്ന സാഹചര്യങ്ങൾ വന്നാൽ പ്രതികൂലിക്കുകയും അനുകൂലിക്കേണ്ട സാഹചര്യങ്ങൾ വന്നാൽ അനുകൂലിക്കുകയും ചെയ്യും. പക്ഷെ പ്രതികൂലിക്കേണ്ട സാഹചര്യങ്ങൾ ഇല്ല. അതിനാൽ അനുകൂലിക്കുന്നു. രാജ്യസുരക്ഷയ്ക്കും ഭദ്രതയ്ക്കും ഏറ്റവും ഗുണപ്രദം ഏകീകൃത സിവിൽകോഡ് കൊണ്ടുവരിക എന്നുള്ളത് തന്നെയാണ്. മുത്തലാഖ്, ഹജ്ജ് സബ്‌സിഡി പ്രശ്നം, ഏകീകൃത സിവിൽ കോഡ് പ്രശ്‌നം എന്നിവയിലെല്ലാം ഞാൻ മോദിയെ അനുകൂലിക്കുന്നു. എനിക്ക് മോദിയോട് അനുഭാവമുണ്ട്. സമ്പത്തും കഴിവും ആരോഗ്യവുമുള്ളവർ മാത്രം ഹജ്ജിനു പോയാൽ മതി. അല്ലാത്തവർ പോകേണ്ടതില്ല. ഈ ഘട്ടത്തിലാണ് 170 കോടിയോളം വരുന്ന ഹജ്ജ് സബ്‌സിഡി തുക സാധാരണ ആളുകൾക്ക് വേണ്ടി, അവരുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ചിലവഴിക്കാം എന്ന തീരുമാനം മോദി സർക്കാർ കൈക്കൊള്ളുന്നത്. വളരെ നല്ല തീരുമാനമാണിത്. മോദി വന്നതുകൊണ്ട് ആരുടെ പ്രതീക്ഷയാണ് നഷ്ടമാകുന്നത്. മുസ്ലിം സമൂഹത്തിന്റെ ഒരു പ്രതീക്ഷയും മോദി കാരണം നഷ്ടമാകുന്നില്ല.

മുത്തലാഖ് പ്രശ്നത്തിൽ മുസ്ലിം സ്ത്രീകൾക്ക് ഒപ്പം നിന്നത് മോദി മാത്രം

മുസ്ലിം മതനിയമ പ്രകാരം ഒരു മുസ്ലിം പുരുഷന് തന്റെ ഭാര്യയെ ഒഴിവാക്കാൻ ഒരു കാരണവും വേണ്ട. മുസ്ലിം സമൂഹത്തിൽ നിലനിന്ന ഈ അസ്ഥിരമായ പ്രശ്നം തിരിച്ചറിഞ്ഞു കടുത്ത നിലപാട് സ്വീകരിച്ചത് മോദി സർക്കാർ മാത്രമാണ്. ഇത്രയും കാലം കൂടെനിന്ന ഭാര്യയെ ഒരു കാരണവും കൂടാതെ മൂന്നു തലാഖ് വഴി ഒഴിവാക്കുന്ന സമ്പ്രദായത്തിനു എതിര് നിന്നത് മോദി മാത്രമല്ലേ. മുസ്ലിം സ്ത്രീയെന്ന നിലയിൽ ഞാൻ ഈ അനുഭവസ്ഥകൂടിയാണ്. മുത്തലാഖ് പ്രശ്നത്തിൽ എത്രയോ മുസ്ലിം സ്ത്രീകളുടെ കണ്ണീരു കണ്ടയാളാണ് ഞാൻ. എത്രയോ സ്ത്രീകൾക്ക് ഇന്നും അറിയില്ല. താൻ എന്തുകൊണ്ട് തലാഖ് ചെയ്യപ്പെട്ടുവെന്ന്. മുസ്ലിം പുരുഷൻ ഭാര്യയെ ഒഴിവാക്കിയാൽ അവനു നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. എല്ലാവരും മുസ്ലിം പൗരോഹിത്യത്തെ ഭയപ്പെടുന്നു. മുസ്ലിം വോട്ടുബാങ്കാണ് എല്ലാവരുടെയും മുന്നിലുള്ള കാര്യം. ഇതൊന്നും മോദി കണക്കിലെടുത്തില്ല. മുത്തലാഖ് പ്രശ്നത്തിൽ എടുത്ത കടുത്ത നിലപാട് കൊണ്ട് തന്നെ മോദിയെ ഞാൻ അനുകൂലിക്കുന്നു.

മകൻ ചത്താലും കുഴപ്പമില്ല. മരുമകൾ വെള്ളസാരി ഉടുത്തുകണ്ടാൽ മതി എന്ന മനോഭാവമാണ് യാഥാസ്ഥിതിക മുസ്ലിം സമൂഹത്തിന്. ഏകീകൃത സിവിൽ കോഡ്, മുത്തലാഖ് എന്നീ കാര്യങ്ങളിലെല്ലാം ഈ യാഥാസ്ഥിതിക മനോഭാവമാണ് പ്രതിഫലിക്കുന്നത്. ഈ കാര്യങ്ങളിൽ എടുക്കുന്ന നിലപാട് കാരണമാണ് കേരളത്തിലെ മുസ്ലിം മതനേതാക്കൾ മോദിയെ എതിർക്കുന്നത്. ഇന്ദിരാഗാന്ധി ജീവനാംശ ബിൽ കൊണ്ടുവന്നപ്പോൾ മുസ്ലിം മതനേതൃത്വം ഇന്ദിരയെ എതിർത്തു. ഇതേ എതിർപ്പ് ഈ കാര്യത്തിൽ രാജീവ് ഗാന്ധിയോടും ഇവർ കാണിച്ചു. മോദിയോടും ഇതേ എതിർപ്പ് തന്നെയാണ് ഇവർ പ്രകടിപ്പിക്കുന്നത്. മോദിയുടെ കർശന നിലപാടുകളിൽ മുസ്ലിം മതനേതൃത്വത്തിനു ഭീതിയുണ്ട്. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഈ മോദി പേടിക്കും നെഞ്ചിലിടിച്ചുള്ള നിലവിളിക്കും ഒരു പ്രാധാന്യവും ഞാൻ കാണുന്നില്ല. നവോത്ഥാനമെന്നതും പുരോഗമനമെന്നതും മുസ്ലിം സമൂഹം അനുവദിച്ച് തരില്ല. മുസ്ലിം സമൂഹത്തിന്റെ നവോത്ഥാനമെന്നാൽ എന്താണ് എന്ന് എനിക്ക് നന്നായറിയാം. ജനാധിപത്യ രാജ്യത്ത് ഇന്ത്യയിൽ പല നിയമങ്ങൾ ആണ് നടപ്പിലാകുന്നത്. മതനിയമവും പൊതുനിയമവുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. മതനിയമങ്ങൾ ആരാധനാലയത്തിൽ ഒതുങ്ങട്ടെ. പൊതുനിയമങ്ങൾ ഇവിടെ രംഗത്ത് വന്നാൽ മതി. അതിനാണ് ഏകീകൃത സിവിൽകോഡ് വരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നത്.

സിവിൽ നിയമങ്ങളും ക്രിമിനൽ നിയമങ്ങളും എല്ലാവർക്കും ഒരുപോലെ തന്നെയാകട്ടെ. ക്രിമിനൽ നിയമങ്ങളെ മുസ്ലിം യാഥാസ്ഥികർ ഭയക്കുന്നു. കട്ടാൽ കൈവെട്ടും. വ്യഭിചരിച്ചാൽ എറിഞ്ഞു കൊല്ലും. ഈ നിയമങ്ങൾ മാറണം. അത് മുസ്ലിം സമുദായ നേതൃത്വത്തിനു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്. അതിനാൽ ക്രിമിനൽ നിയമങ്ങൾ ഇന്ത്യയിൽ ഒരുപോലെ മതി. എന്നാൽ സിവിൽ നിയമങ്ങൾ നിയമങ്ങൾ മാറ്റുന്നില്ല. എന്തുകൊണ്ടാണ് സിവിൽ നിയമങ്ങൾ മാറാത്തത്? അത് ഒരു ചോദ്യ ചിഹ്നം തന്നെയല്ലേ? അതുകൊണ്ട് തന്നെയാണ് മോദി ഏറ്റവും വിശ്വാസയോഗ്യൻ എന്ന് ഞാൻ പറയുന്നത്-ജാമിദ ടീച്ചർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP