Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റി മുസ്ലീമാണെന്ന് കാണിച്ച് മാസ്സ് മെയിലിങ്ങിലൂടെ ഗൾഫിലെ ജോലി നഷ്ടപ്പെടുത്തി; ബോംബ് സ്‌ഫോടനം നടത്തി ഓയിൽപ്പാടം തകർക്കാൻ സാധ്യതയുള്ള ഭീകരനാക്കി ചിത്രീകരിച്ചു; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച ബന്ധുവായ പെൺകുട്ടിയെ കണ്ടുകിട്ടുന്നതിന് നിയമനടപടി സ്വീകരിച്ച സഹോദരൻ വഴിയാധാരമായി; പണി കൊടുത്തത് മതം മാറി മുസ്ലീമായി ജീവിക്കുന്ന പെൺകുട്ടിയുടെ ഭർത്താവു തന്നെ; സംഭവത്തിൽ എൻ ഐ എ അന്വേഷണം തുടങ്ങി

ആന്റി മുസ്ലീമാണെന്ന് കാണിച്ച് മാസ്സ് മെയിലിങ്ങിലൂടെ ഗൾഫിലെ ജോലി നഷ്ടപ്പെടുത്തി; ബോംബ് സ്‌ഫോടനം നടത്തി ഓയിൽപ്പാടം തകർക്കാൻ സാധ്യതയുള്ള ഭീകരനാക്കി ചിത്രീകരിച്ചു; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച ബന്ധുവായ പെൺകുട്ടിയെ കണ്ടുകിട്ടുന്നതിന് നിയമനടപടി സ്വീകരിച്ച സഹോദരൻ വഴിയാധാരമായി; പണി കൊടുത്തത് മതം മാറി മുസ്ലീമായി ജീവിക്കുന്ന പെൺകുട്ടിയുടെ ഭർത്താവു തന്നെ; സംഭവത്തിൽ എൻ ഐ എ അന്വേഷണം തുടങ്ങി

അർജുൻ സി വനജ്

കൊച്ചി: പോപ്പുലർഫ്രണ്ട് പ്രവർത്തകനോടൊപ്പം ഒളിച്ചോടിയെ ബന്ധുവിനെ കണ്ടുകിട്ടുന്നതിന് നിയമനടപടി സ്വീകരിച്ച സഹോദരന്റെ അബുദാബിയിലെ ജോലി മാസ്സ് മെയിലിംങ്ങിലൂടെ നഷ്ടപ്പെടുത്തിയതായി പരാതി. ആന്റി മുസ്ലീമാണെന്നും, ഹിന്ദു ഭീകരവാദിയാണെന്നും കാണിച്ച് മാസ്സ് മെയിലിങ്ങിലൂടെ കൊച്ചി സ്വദേശിയായ ശ്യാം മാധവദാസിന്റെ ജോലിയാണ് നഷ്ടപ്പെടുത്തിയത്. സംഭവത്തിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരിയിൽ ഒരുമാസത്തെ ലീവിന് നാട്ടിൽ വന്നപ്പോഴായിരുന്നു, ശ്യാമിന്റെ ഭാര്യാസഹോദര പുത്രി, മട്ടാഞ്ചേരി സ്വദേശിയായ മൻസീറിനൊപ്പം നാടുവിടുന്നത്. പത്താം ക്ലാസ്സിൽ ഒന്നിച്ച് പഠിച്ച മൻസീർ നിരന്തരം ശല്ല്യപ്പെടുത്തുന്നുവെന്ന് പെൺകുട്ടി എറണാകുളം സെൻട്രൽ സിഐയ്ക്ക് മുമ്പ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാണാതായ പെൺകുട്ടിയെ കണ്ട് കിട്ടുന്നതിനായി ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നതിന് മാതാവിനെ ശ്യാം സഹായിക്കുന്നത്.

സംഭവത്തെക്കുറിച്ച് ശ്യാം മാധവദാസ് പറയുന്നതിങ്ങനെ

2014 മുതൽ അബുദാബിയിലെ ബുറൂജ് എന്ന കമ്പനിയിൽ എച്ച്.പി.സി ടെക്‌നീഷ്യനായി ജോലി ചെയ്ത് വരുകയായിരുന്ന ഞാൻ ഒരു മാസത്തെ ലീവിന് ശേഷം ഫെബ്രുവരിയിലാണ് തിരികെ ജോലിക്ക് കയറുന്നത്. ജോലി ചെയ്യുന്നതിനിടയിൽ ഒരു ദിവസം എച്ച് ആറിൽ നിന്ന് വിളിച്ചിട്ട്, ആക്‌സസ് കാർഡും മറ്റ് തിരിച്ചറിയൽ രേഖകളും നൽകാൻ ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചിട്ട് ആരും ഒന്നും മറുപടി നൽകിയില്ല. എഞ്ചിനീയർമാരോടും സൂപ്പർവൈസേഴ്‌സിനോടും ചോദിച്ചിട്ടും അവർക്കും അറിയില്ല. തുടർന്ന് ക്യാമ്പിലേക്ക് എത്തിച്ചു. ഇനി തിരിച്ച് വരാൻ സാധിച്ചെന്ന് വരില്ല, അതുകൊണ്ട് എല്ലാസാധനങ്ങളും എടുത്തോളാൻ കമ്പനി അധികൃതർ നിർദ്ദേശിച്ചു. തുടർന്ന് അബുദാബി സിറ്റിയിലെ പത്ത് പേർ താമസിക്കുന്ന ഒരു ക്യാമ്പിൽ എന്നെ തനിച്ചാക്കി.

പുലർച്ചെ രണ്ട് മണിക്ക് കമ്പനി അധികൃതർ വന്ന് ചില പേപ്പറുകൾ കാണിച്ച്, ഒപ്പിടാൻ ആവശ്യപ്പെട്ടു. കാരണം അറിയാതെ ഞാൻ ഒപ്പിടില്ലെന്ന് പറഞ്ഞപ്പോൾ, എങ്കിൽ നാളെ എച്ച്.ആർ മാനേജർ വിളിക്കും അവരോട് നേരിട്ട് സംസാരിക്കാൻ പറഞ്ഞിട്ട് അവർ പോയി. ആ സമയത്ത് എന്റെ മൊബൈൽ ചെക്ക് ചെയ്തപ്പോൾ, വാട്ട്‌സ് ആപ്പ്, ഫേസ്‌ബുക്ക് എല്ലാം ഡീ ആക്ടീവ് ആയിരിക്കുന്നു. കോളിങ് മാത്രമേ നടക്കുന്നുള്ളു. രാവിലെ പത്തര മണി ആയപ്പോൾ എച്ച്.ആർ മാനേജർ വിളിച്ചിട്ട്, ഇന്നലെ രാത്രി കൊടുത്തുവിട്ട പേപ്പറുകൾ ഒപ്പിടാതിരുന്നത് എന്താണെന്ന് ചോദിച്ചു. കാരണമറിയാതെ സ്വമേധയ രാജിവെയ്ക്കില്ലെന്ന് അറിയിച്ചു.അപ്പോൾ അവർ പറഞ്ഞു, നീ ആന്റിമുസ്ലിം പ്രവർത്തകനാണ്. എന്തെങ്കിലും ഇസ്ലാം വിരുദ്ധ പ്രവൃത്തി നാട്ടിൽ ചെയ്തിട്ടുണ്ടോയെന്ന് അവർ ചോദിച്ചു. ഇസ്ലാം വിരുദ്ധമായി ഞാൻ ഒന്നും ചെയ്തിട്ടില്ല, എന്റെ ഭാര്യാസഹോദര പുത്രിയെ തിരിച്ച് കിട്ടുന്നതിനായി നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഇസ്ലാമിന് എതിരെല്ല, ഞാൻ നാട്ടിൽ ഇല്ലാത്തതിനാൽ ഭാര്യയും മക്കളും അവരുടെ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. അവർക്ക് വേണ്ടിയാണ് നിയമനടപടിക്ക് പോയതെന്നും വിശദീകരിച്ചു.

എന്നാൽ ആ മറുപടിയിലൊന്നും അവർ തൃപ്തരായിരുന്നില്ല. യു.എ.ഇ ഹൈ ലെവൽ ഇന്റലിജൻസിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് നിങ്ങൾ ഈ രാജ്യത്ത് നിൽക്കുന്നത് അപകടമാണെന്നും ബോംബ് സ്‌ഫോടനം വഴി ഓയിൽപ്പാടം തകർക്കാനുള്ള സാധ്യതയുണ്ടെന്നും കാണിച്ച് കമ്പനിക്ക് വിവരം ലഭിച്ചതായി എച്ച്. ആർ മാനേജർ ചൂണ്ടിക്കാട്ടി. ഒന്ന് നാട്ടിൽ പോവുക അല്ലെങ്കിൽ ജയിലിൽ പോവുക എന്നീ രണ്ട് വഴികൾ മാത്രമെ നിങ്ങൾക്ക് മുന്നിലുള്ളുവെന്നും, ഇതിൽ ഏത് വേണമെന്ന് അവർ ചോദിച്ചു. വളരെപെട്ടന്ന് തന്നെ എല്ലാ പേപ്പേഴ്‌സും തയ്യാറാക്കി, സാലറി ബാലൻസ് പൂർണ്ണമായും തന്നുകൊണ്ട് മാർച്ച് ഒന്നാം തിയതി നാട്ടിലേക്ക് കയറ്റി വിട്ടു. നാട്ടിലെത്തിയപ്പോൾ ഇത് എങ്ങനെയാണ് സംഭവിച്ചത് എന്ന് കണ്ടെത്തണമെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഭാര്യാസഹോദര പുത്രിയാണ് വളരെ പെട്ടന്ന് മനസ്സിലായി. പാസ്‌പോർട്ടിന്റെ കോപ്പി മൻസീർ ആവശ്യപ്പെട്ട പ്രകാരം അയച്ചുകൊടുത്തെന്ന് പെൺകുട്ടി തന്നെ അംഗീകരിച്ചു. തുടർന്ന് മാർച്ച് അവസാനം പെൺകുട്ടി മൻസീറിനൊപ്പം ജീവിക്കുന്നതിനായി വീണ്ടും വീടുവിട്ട് ഇറങ്ങി. നിലവിൽ പെൺകുട്ടി, മൻസീറിനൊപ്പം മതം മാറി ജീവിക്കുകയാണ്. ആ പെൺകുട്ടിക്ക് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കുന്നതിൽ എനിക്ക് ഒരു എതിർപ്പുമില്ല, പക്ഷെ എന്തിനാണ് എന്റെ ജോലി കളയിച്ചതെന്ന് മാത്രമാണ് എനിക്ക് അറിയേണ്ടു. ഏത് സംഘടനയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്? ഇക്കാര്യം മാത്രമാണ് എനിക്കറിയേണ്ടത്. എന്തായാലും എൻ.ഐ.എ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട. അവരിൽ നിന്ന് നീതി ലഭിക്കുമെന്നാണ് വിശ്വാസം.

ശ്യാം മാധവദാസിന്റെ അഭിഭാഷകന്റെ ദിലീഷ് ജോൺ പറയുന്നതിങ്ങനെ

എറണാകുളത്തെ കോളേജിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ നിരന്തരമായി മൻസീർ ശല്ല്യപ്പെടുത്തുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം അന്നത്തെ സെൻട്രൽ സിഐ ആയിരുന്ന അനന്ദലാൽ, ഇരുവരേയും വിളിപ്പിച്ച് ആദ്യഘട്ടത്തിൽ സംസാരിച്ചത്. ആ സംസാരത്തിൽ പെൺകുട്ടി നിരവധി ആരോപണങ്ങൾ മൻസീറിനെതിരെ ഉന്നയിച്ചു. തുടർന്ന് ഈ വർഷം ജനുവരിയിൽ പെൺകുട്ടിയെ കാണാതാവുന്നത്. പിന്നീട് മൻസീർ വിളിച്ച് പെൺകുട്ടി തനിക്കൊപ്പം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. മട്ടാഞ്ചേരി പൊലീസിന് ഇരുവരും എവിടെയാണ് ഉള്ളതെന്ന് ടവർ ലൊക്കേഷൻ വഴി വിവരം ലഭിച്ചിട്ടും അവർ അന്വേഷിച്ചില്ല. തുടർന്ന് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിരവധി പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ അകമ്പടിയോടെ പെൺകുട്ടിയെ പള്ളുരുത്തി കോടതിയിൽ ഹാജരാക്കി. അവിടെ നിന്ന് പെൺകുട്ടിയെ സ്വയം തീരുമാനമെടുക്കുന്നതിനുള്ള സാവകാശത്തിനായി ചമ്പക്കര മഹിളാമന്ദിരത്തിലേക്ക് കോടതി ഉത്തരവ് പ്രകാരം മാറ്റുന്നത്.

എന്നാൽ തിരിച്ചെത്തിയ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോകണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് താൽക്കാലിക പരിഹാരം ഉണ്ടായത്. അന്ന് കോടതി പരിസരത്ത് തടിച്ചുകൂടിയ സംഘടന പ്രവർത്തകർ തന്നെയാണോ ശ്യാമിന്റെ ജോലി കളയുന്നതിനും ഇസ്ലാം വിരുദ്ധനായി അബുദാബിയിൽ ചിത്രീകരിക്കുന്നതിനും പിന്നിൽ പ്രവർത്തിച്ചതെന്നാണ് ഇപ്പോഴത്തെ സംശയം. ശ്യാം ജോലി നഷ്ടപ്പെട്ട് വന്നതിന് ശേ്ഷം പെൺകുട്ടി മാർച്ച് അവസാനം, മൻസീറിനൊപ്പം പോയെങ്കിലും കോടതിയിൽ മൻസീറിനൊപ്പം ജീവിക്കാനാണ് താൽപര്യം എന്ന് അറിയിക്കുകയായിരുന്നു. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കാണിച്ച് സത്യവാങ്ങ്മൂലവും ഇവർ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP