Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആയിരക്കണക്കിന് ആയുർവ്വേദ മരുന്നുകൾക്ക് ലൈസൻസ് കൊടുത്തത് ആധുനിക പരിശോധനാ സംവിധാനങ്ങൾ ഇല്ലാതെ; പത്ത് വർഷത്തിനിടെ പരിശോധിച്ചത് ആകെ മൂന്ന് ആയുർവ്വേദ സോപ്പുകൾ; തട്ടിപ്പ് പരസ്യം കൊടുത്തതിന് 163 കേസ് എടുത്തെങ്കിലും വൻകിട കമ്പനികൾക്കെതിരെ ചാർജ് ചെയ്തത് അയ്യായിരം രൂപ ഫൈൻ അടക്കാവുന്ന രീതിയിൽ; 800 ആയുർവേദ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ ആകെയുള്ളത് ആറ് ഇൻസ്‌പെക്ടർമാർ; ആയുർവേദ മേഖലയിലെ കോടികളുടെ കൊള്ള ഇങ്ങനെ

ആയിരക്കണക്കിന് ആയുർവ്വേദ മരുന്നുകൾക്ക് ലൈസൻസ് കൊടുത്തത് ആധുനിക പരിശോധനാ സംവിധാനങ്ങൾ ഇല്ലാതെ; പത്ത് വർഷത്തിനിടെ പരിശോധിച്ചത് ആകെ മൂന്ന് ആയുർവ്വേദ സോപ്പുകൾ; തട്ടിപ്പ് പരസ്യം കൊടുത്തതിന് 163 കേസ് എടുത്തെങ്കിലും വൻകിട കമ്പനികൾക്കെതിരെ ചാർജ് ചെയ്തത് അയ്യായിരം രൂപ ഫൈൻ അടക്കാവുന്ന രീതിയിൽ; 800 ആയുർവേദ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ ആകെയുള്ളത് ആറ് ഇൻസ്‌പെക്ടർമാർ; ആയുർവേദ മേഖലയിലെ കോടികളുടെ കൊള്ള ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: മുടിവളരുമെന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് മരുന്നുകൾ. പല്ലുവേദനയും ചൊറിയും ചിരങ്ങും മുതൽ ലൈംഗിക ശേഷിക്കുറവും വന്ധ്യതയും ഉൾപ്പെടെ പരിഹരിക്കാൻ 'അത്യുത്തമ സിദ്ധൗഷധങ്ങൾ' കാച്ചിക്കുറുക്കി ഇറക്കി വേറെ ചിലർ. ഓർമ്മശക്തിയും ബുദ്ധിശക്തിയുമെല്ലാം ഞൊടിയിടയിൽ കൂടുമെന്ന വാഗ്ദാനവുമായും മുട്ടുവേദനയും സന്ധിവേദനയുമെല്ലാം പമ്പകടക്കുമെന്നും വാഗ്ദാനം നൽകിയും നിരവധി മരുന്നുകമ്പനികൾ. ചെറുകിടക്കാർ മുതൽ വൻകിടക്കാർ വരെ ഒരേ നിലയിൽ വിലസുകയും വൻ പരസ്യങ്ങൾ നൽകി ജനങ്ങളെ കാലങ്ങളായി ജനങ്ങളെ പറ്റിക്കുകയും ചെയ്തിട്ടും സർക്കാർ തലത്തിൽ ഒരു നടപടിയും ഉണ്ടാകുന്നുമില്ല.

ഉപയോഗിച്ചാൽ ഞൊടിയിടയിൽ ഫലമുണ്ടാകുന്നുവെന്ന് സാക്ഷ്യപത്രത്തോടെ പരസ്യങ്ങൾ നൽകിയാണ് വൻകിട കമ്പനികൾ പരസ്യങ്ങൾ പോലും നൽകുന്നത്. മരുന്നുകളുടെ പരസ്യങ്ങൾ നൽകരുതെന്ന് രാജ്യത്ത് കർശന നിബന്ധന ഉണ്ടായിട്ടുപോലും അത് മറികടന്നാണ് കേരളത്തിലേയും അന്യ സംസ്ഥാനങ്ങളിലേയും ചെറുകിട വൻകിട ആയുർവേദ മരുന്നുകളുടെ വിപണനം പൊടിപൊടിക്കുന്നത്. കൃത്യമായി പരസ്യങ്ങൾ ലഭിക്കുന്നതിനാൽ മുൻനിര മാധ്യമങ്ങൾ ഇവരുടെ തട്ടിപ്പുകൾക്കെതിരെ പരാതികൾ വന്നാലും അത് പരിഗണിക്കാറുമില്ല. ഈ സാഹചര്യത്തിൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.

ആയുർവ്വേദത്തിന്റെ മറവിൽ കേരളത്തിൽ പല കമ്പനികളും വൻ തട്ടിപ്പാണ് നടത്തുന്നത്. ആയുർവേദത്തിന്റെ പേരിൽ കിട്ടുന്നതെല്ലാം കലക്കിക്കൊടുക്കുന്ന മട്ടിലാണ് പലതിന്റേയും പ്രവർത്തനം. ഇത് നിരീക്ഷിക്കാനും നടപടിയെടുക്കാനും ആയുർവേദ മേഖലയിൽ വേണ്ടത്ര ഡ്രഗ് ഇൻസ്‌പെക്ടർമാരും പരിശോധനാ സംവിധാനവും ഇല്ലാത്തതു മുതലെടുത്താണ് തോന്നുംപടി ആയുർവേദത്തിന്റെ പേരുപറഞ്ഞ് ഉൽപന്നങ്ങൾ മിക്ക സ്ഥാപനങ്ങളും പുറത്തിറക്കുന്നത്.

പരമ്പരാഗതമായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന വിരലിലെണ്ണാവുന്ന ചില സ്ഥാപനങ്ങൾ ഒഴിച്ചാൽ മറ്റെല്ലാ സ്ഥാപനങ്ങളും വെറും തട്ടിപ്പു മരുന്നുകളാണ് പുറത്തിറക്കുന്നതും അതിന് വൻ പരസ്യങ്ങൾ മാധ്യമങ്ങളിൽ നൽകി ജനങ്ങളെ വലയിൽ വീഴ്‌ത്തുന്നതും. വേണ്ടത്ര പരിശോധകരോ മരുന്നുകളുടെ ഗുണനിലവാരവും അതിൽ ഉപയോഗിച്ചിരിക്കുന്നത് എന്തെല്ലാമെന്ന് കണ്ടെത്താനും ആധുനിക പരിശോധനാ സംവിധങ്ങളോ ഇല്ല കേരളത്തിൽ. ഇത് മുതലെടുത്താണ് പല കമ്പനികളും നിലവാരം കുറഞ്ഞ മരുന്നുകൾ ഉത്പാദിപ്പിക്കുന്നത്.

പരിശോധനയ്ക്ക് ആകെയുള്ളത് ആറ് ഇൻസ്‌പെക്ടർമാർ

കേരളത്തിൽ 800 ആയുർവ്വേദ സ്ഥാപനത്തിനായി ആകെയുള്ളത് ആറ് ഇൻസ്‌പെക്ടർമാരാണ്. ആയുഷ് ന്യൂഡൽഹിയുടെ 2016 ലെ ഓർഡർ പ്രകാരം 10 മുതൽ 30 സ്ഥാപനത്തിന് ഒരു ഇൻസ്‌പെക്ടർ വേണം എന്നാണ് നിബന്ധന. ഇതിൻ പ്രകാരം കേരളത്തിൽ 30 ന് മുകളിൽ ഇൻസ്‌പെക്ടർമാർ എങ്കിലും വേണമെന്നാണ് കണക്ക്. ഇന്ത്യയിലെ ബാക്കി എല്ലാ സംസ്ഥാനങ്ങളും ആവശ്യത്തിന് ഇൻസ്‌പെക്ടർമാരെ നിയമിച്ചെങ്കിലും കേരളത്തിൽ ഇപ്പോഴും സ്ഥിതി പഴയതുപോലെ തന്നെയാണ്.

കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ തട്ടിപ്പ് പരസ്യം കൊടൂത്തതിന് 163 കേസുകൾ വൻകിടക്കാർക്ക് എതിരെയുൾപ്പെടെ ചാർജ് ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ പകുതിയിലേറെയും വലിയ കമ്പനികൾക്കെതിരെ കേസുകൾ ആണുതാനും. അതിനാൽ വൻകിടക്കാർക്ക് എതിരെ പോലും നടപടിയെടുത്തു എന്ന് കരുതാൻ വരട്ടെ. ഇവർക്കെതിരെ എടുത്ത കേസുകളെല്ലാം വെറും അയ്യായിരം രൂപ ഫൈൻ അടച്ച് ഊരിപ്പോകാവുന്ന തരത്തിലുള്ളവയാണ് എന്ന് ചുരുക്കം. അതായത് ലക്ഷക്കണക്കിന് ബോട്ടിലുകൾ വിറ്റുപോകുന്ന മരുന്നുകളിലെ മായമോ തരികിടയോ കണ്ടുപിടിച്ചാലും പത്തോ ഇരുപതോ ബോട്ടിലുകൾ വിറ്റാൽകിട്ടുന്ന പണം പിഴയായി അടച്ച് ഇവരെല്ലാം ഊരിപ്പോയി എന്നർത്ഥം. ഇതൊന്നും പുറത്ത് അറിയാറുമില്ല.

ഇതിലെ തട്ടിപ്പ് മനസ്സിവുന്നത് മറ്റൊരു കാര്യം പരിശോധിക്കുമ്പോഴാണ്. ചെറിയ കമ്പനികൾ നടത്തുന്ന തട്ടിപ്പുകൾ പിടികൂടിയാൽ അവർക്കെതിരെ ഒരു വർഷം തടവും അതോടൊപ്പം പിഴയുമെല്ലാം ശിക്ഷയായി കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തുന്നത്. ചുരുക്കത്തിൽ വൻകിടക്കാർ പിടിയിലായാലും ്സ്വാധീനമോ പണമോ ഇറക്കി രക്ഷപ്പെടുന്ന പതിവാണ് ഇവിടെയെന്ന് ചുരുക്കം.

ലൈസൻസ് കൊടുക്കുന്നത് പരിശോധന നടത്താതെ

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആയിരക്കണക്കിന് ആയുർവ്വേദ മരുന്നുകൾക്ക് കേരളത്തിൽ ലൈസൻസ് കൊടുത്തിട്ടുണ്ട്. ജിസിഎംഎസ്, എൽസിഎംഎസ് മെഷീനുകൾ ഉപയോഗിച്ച് പരിശോധിക്കാതെയാണ് ഇത്തരം മരുന്നുകളുടെ ഗുണനിലവാരത്തിന് ഡബിൾ ഓകെ പറഞ്ഞിട്ടുള്ളത്. ജിസിഎംഎസ് മെഷീനുകളുടെ ഉപയോഗം ആയുർവ്വേദത്തിൽ ഗുണകരമാണെന്ന് വിവിധ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം സംവിധാനങ്ങളുമുണ്ട്. ആ സാഹചര്യത്തിലാണ് കേരളത്തിൽ ഈ അവസ്ഥയുള്ളത്.

നൂറ് കണക്കിന് ആയുർവ്വേദ സോപ്പ് ബ്രാൻഡുകൾ ഉള്ള കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആകെ മൂന്ന് ആയുർവ്വേദ സോപ്പ് ബ്രാൻഡുകളുടെ മാത്രമേ ഘടക പരിശോധനയും നിലവാരം വിലയിരുത്തലും നടന്നിട്ടുള്ളൂ എന്ന് അറിയുമ്പോഴേ കേരളത്തിലെ പരിശോധനയുടെ പൊള്ളത്തരം മനസ്സിലാകൂ. കേരളത്തിൽ പത്ത് വർഷത്തിനിടയിൽ 63 സ്ഥാപനങ്ങളിൽ മാത്രമാണ് കറുവപട്ടയ്ക്ക് പകരം കാസിയാണോ ഉപയോഗിക്കുന്നത് എന്ന് പരിശോധിച്ചിട്ടുള്ളു. ഇതിൽ തന്നെ 12 റിസൾട്ടുകൾ മാത്രമേ പുറത്ത് വന്നിട്ടുള്ളു.

ആയിരം കോടി രൂപയുടെ വിറ്റുവരവുള്ള കേരളത്തിലെ ആയുർവ്വേദ നിർമ്മാണ മേഖലയിൽ കഴിഞ്ഞ ഒരു വർഷമായി ലൈസൻസിങ് അഥോറിറ്റി ഇല്ലാത്ത അവസ്ഥയാണ്. ഇത്തരമൊരു അവസ്ഥയിൽ ആയുർവ്വേദത്തിന്റെ മറവിൽ എന്തും കുത്തിക്കലക്കി നൽകിയാൽ മതിയെന്ന് പല സ്ഥാപനങ്ങൾക്കും അറിയാം. ഇത് മുതലെടുക്കാൻ നൂറുകണക്കിന് സ്ഥാപനങ്ങൾ അടുത്തകാലത്തായി മുളച്ചുപൊന്തിയിട്ടുമുണ്ട്. പത്തുവർഷത്തിനിടെ വിപണിയിൽ കൈവച്ചവർ പോലും ഈ അവസ്ഥ മുതലെടുത്ത് പുതിയപുതിയ തട്ടിപ്പ് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുമുണ്ട്.

ഇവയിൽ ഭൂരിഭാഗവും നിലവാരം കുറഞ്ഞ മരുന്നുകളാണ് പലപ്പോഴും പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത്. ഗുണനിലവാരമില്ലെന്നതോ പോകട്ടെ യഥാർത്ഥത്തിൽ വേ്ണ്ട ആയുർവേദ മരുന്നുകളുടെ ചേരുവപോലും മാറ്റിയാണ് 95 ശതമാനം സ്ഥാപനങ്ങളും മരുന്നുകൾ ഉണ്ടാക്കുന്നതും. മറ്റ് സംസ്ഥാനങ്ങളിൽ കുടിൽ വ്യവസായംപോലെ ഉണ്ടാക്കി തരാൻ ഓർഡർ നൽകി അത് വാങ്ങി പായ്ക്ക് ചെയ്തും ബോട്ടിലിൽ നിറച്ചും ലേബലൊട്ടിച്ച് വിൽക്കുന്ന സ്ഥാപനങ്ങൾ വരെയുണ്ടെന്നതാണ് ഞെട്ടിക്കുന്ന വിവരം.

കേരളം ഏറ്റവും കൂടുതൽ ആയുർവ്വേദ മരുന്നും സോപ്പുകളും നിർമ്മിക്കുന്ന സ്ഥലമായിട്ടും ഉത്പന്നങ്ങൾ പരിശോധിക്കാൻ മതിയായ ഇൻസ്‌പെക്ടർമാരോ പരിശോധനാ സംവിധാനമോ ഇല്ലാത്തത് ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ആയുർവേദം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത് പുതിയ ആരോഗ്യ നയം കൊണ്ടുവരുമെന്ന് പിണറായി സർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. വ്യാജ മരുന്ന് നിർമ്മാതാക്കളെ തടയാൻ മരുന്നുകളെ സംബന്ധിച്ച നിയമം കർശനമാക്കുമെന്നും കഴിഞ്ഞ ജൂണിൽ സർക്കാർ കരടു നയത്തിൽ വ്യക്തമാക്കി. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ യാതൊരു അനക്കവും ഉണ്ടായതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP