Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വി എസ് അച്യുതാനന്ദന്റെ 'വെറുക്കപ്പെട്ടവൻ' ഫാരീസ് അബൂബക്കർ വീണ്ടുമെത്തുന്നു; കാർണിവെൽ ഗ്രൂപ്പിന് കൈമാറിയ മെട്രോ വാർത്ത പത്രം വീണ്ടും ഏറ്റെടുക്കും; കൊച്ചിയിൽ ചാനലും ആരംഭിക്കാൻ പദ്ധതി; തലസ്ഥാനത്ത് തമ്പടിക്കുന്ന ഫാരീസ് വ്യവസായം പച്ചപിടിപ്പിക്കാനുള്ള തിരക്കിട്ട ചർച്ചകളിൽ

വി എസ് അച്യുതാനന്ദന്റെ 'വെറുക്കപ്പെട്ടവൻ' ഫാരീസ് അബൂബക്കർ വീണ്ടുമെത്തുന്നു; കാർണിവെൽ ഗ്രൂപ്പിന് കൈമാറിയ മെട്രോ വാർത്ത പത്രം വീണ്ടും ഏറ്റെടുക്കും; കൊച്ചിയിൽ ചാനലും ആരംഭിക്കാൻ പദ്ധതി; തലസ്ഥാനത്ത് തമ്പടിക്കുന്ന ഫാരീസ് വ്യവസായം പച്ചപിടിപ്പിക്കാനുള്ള തിരക്കിട്ട ചർച്ചകളിൽ

കൊച്ചി: ഒരു സമയത്ത് കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരീസ് അബൂബക്കർ തന്റെ അജ്ഞാതവാസമവസാനിപ്പിച്ചു വീണ്ടുമെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന ഫാരിസ് മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പൂർവാധികം ശക്തനായി മടങ്ങിവരികയാണെന്നാണു സൂചന. പണ്ടു തുടങ്ങിവച്ച ദൗത്യങ്ങൾ പൂർത്തിയാക്കാനാണ് രണ്ടാം വരവെന്നാണ് സൂചന. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തിരുവനന്തപുരത്ത് തമ്പടിക്കുന്ന അദ്ദേഹം കേരളത്തിൽ തന്റെ വ്യവസായം പച്ചപിടിപ്പിക്കാനുള്ള തിരക്കിട്ട ചർച്ചകളിലാണെന്നും സൂചനയുണ്ട്.

'മെട്രോ വാർത്ത' എന്ന പത്രം വീണ്ടും ഏറ്റെടുത്ത് കേരളത്തിലെ പ്രമുഖപത്രമാക്കി മാറ്റുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. കൂടാതെ കൊച്ചി ആസ്ഥാനമാക്കി ന്യൂസ് ചാനൽ തുടങ്ങാനും പദ്ധതിയുണ്ടെന്നാണ് സൂചന. കത്തോലിക്കാസഭയുടെ അധീനതയിലായിരുന്ന ദീപിക പത്രം കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ പിന്തുണയോടെ കൈപ്പിടിയിലൊതുക്കിയ ഫാരിസ് അബൂബക്കർ അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെതിരേയുള്ള ആയുധമായി ഉപയോഗിച്ചിരുന്നു. പിന്നീട് കത്തോലിക്കാ സഭ പത്രം തിരിച്ചുപിടിച്ചതോടെ 2008 ഒക്ടോബറിലാണ് ഫാരീസ് മെട്രോവാർത്ത പത്രം തുടങ്ങിയത്.

ദീപിക പത്രത്തെ പിളർത്തി തുടങ്ങിയ മെട്രോവാർത്തയെ കേരളത്തിലെ രണ്ടാമത്തെ മികച്ച പത്രമാക്കും എന്നായിരുന്നു അവകാശവാദം. കേരളത്തിൽ ആദ്യമായി എല്ലാ പേജും കളറിൽ അച്ചടിച്ച പത്രം വിചാരിച്ചപോലെ ജനകീയമായില്ല. സിംഗപ്പൂരിൽ കിഡ്‌നി ഫൗണ്ടേഷന്റെ പേരിൽ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണവും വന്നു. നിരവധി വിവാദങ്ങളിൽ പ്രധാനകഥാപാത്രമായതോടെ വി എസ്, വെറുക്കപ്പെട്ടവൻ എന്ന വിശേഷണം ഫാരിസിനു ചാർത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.

കുറച്ചു കാലത്തിനുശേഷം പത്രം ഉപേക്ഷിച്ച് ഫാരീസ് കേരളം വിടുകയായിരുന്നു. ഇന്ത്യൻ പൗരത്വവും ഉപേക്ഷിച്ച് വിദേശരാജ്യത്തേക്ക് കുടിയേറി എന്നായിരുന്നു പ്രചരണം. കൊച്ചി കേന്ദ്രമാക്കി 'വാർത്താ ഹൗസ്' എന്ന ചാനൽ തുടങ്ങാനുള്ള പദ്ധതിയും ഇതിനോടൊപ്പം ഉപേക്ഷിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്ന പദ്ധതികൾ പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് അദ്ദേഹം ആരംഭിച്ചിരിക്കുന്നത്. കാർണിവൽ ഗ്രൂപ്പിനാണ് മെട്രോവാർത്ത പത്രം ഫാരീസ് വിറ്റത്. കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തിട്ടും മെട്രോ വാർത്തയ്ക്കു കാര്യമായ പുരോഗതിയുണ്ടായില്ല. ഇപ്പോൾ അവരിൽ നിന്നും പത്രത്തിന്റെ ഉടമസ്ഥാവകാശം തിരിച്ചുവാങ്ങാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അതോടൊപ്പം ചാനലിന്റെ ലൈസൻസ് നേടിയെടുക്കാനും ശ്രമം തുടങ്ങിയെന്നാണ് സൂചന.

തിരുവനന്തപുരം പ്രസ് ക്ലബ് 2007 ൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു വി എസ് അച്യുതാനന്ദൻ ഫാരീസ് അബൂബക്കറെ വെറുക്കപ്പെട്ടവനെന്ന് ആദ്യമായി വിശേഷിപ്പിച്ചത്. ജീർണ്ണതയുടെ അഴുക്കുപുരണ്ട കറൻസ് പാർട്ടിക്ക് വേണ്ടെന്ന് പറയുന്നതിനിടെയാണ് വി എസ് അച്യുതാനന്ദൻ ഫാരീസിന്റെ കാര്യം പരാമർശിച്ചത്. വെറുക്കപ്പെട്ടവന്റെ പണം പാർട്ടിക്ക് വേണ്ടെന്നായിരുന്നു വി എസ് പറഞ്ഞത്. പാർട്ടിയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഏറെ കോളിളക്കമുണ്ടാക്കിയ പ്രസ്താവനയായിരുന്നു അത്. ഫാരീസ് അബൂബക്കറുമായുള്ള ബന്ധം ഇടതുപക്ഷത്തെ ജീർണ്ണിപ്പിച്ചുവെന്നുമുള്ള ആരോപണമാണ് അന്ന് വി എസ് ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP