Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ പൊലീസിലെ ശക്തനായ ഐജി ആയിരിക്കെ നടു റോഡിൽ ഇട്ട് തല്ലിയൊടിച്ചതിന്റെ പ്രതികാരം ഇപ്പോഴും തീരുന്നില്ല; അന്ന് ഭാര്യ എതിരായെങ്കിലും ഇന്ന് മകൻ ഒപ്പം നിന്നതോടെ തിരിച്ചടി; ബിജു രമേശും സഹോദരിയും തമ്മിലുള്ള സ്വത്ത് തർക്കത്തിന് ചരട് വലിക്കുന്നത് മുൻ അളിയനായ റിട്ടേയേഡ് ഡിജിപി പ്രേം ശങ്കർ; ചോളാ ബാറിന് ഗണപതിയെ കാവൽ നിർത്തിയ അതിബുദ്ധിക്കാരൻ ബാർ മുതലാളിക്ക് പൊലീസിൽ അഭയം പ്രാപിക്കേണ്ടി വന്നതിന് പിന്നിലെ കഥ

കേരളാ പൊലീസിലെ ശക്തനായ ഐജി ആയിരിക്കെ നടു റോഡിൽ ഇട്ട് തല്ലിയൊടിച്ചതിന്റെ പ്രതികാരം ഇപ്പോഴും തീരുന്നില്ല; അന്ന് ഭാര്യ എതിരായെങ്കിലും ഇന്ന് മകൻ ഒപ്പം നിന്നതോടെ തിരിച്ചടി; ബിജു രമേശും സഹോദരിയും തമ്മിലുള്ള സ്വത്ത് തർക്കത്തിന് ചരട് വലിക്കുന്നത് മുൻ അളിയനായ റിട്ടേയേഡ് ഡിജിപി പ്രേം ശങ്കർ; ചോളാ ബാറിന് ഗണപതിയെ കാവൽ നിർത്തിയ അതിബുദ്ധിക്കാരൻ ബാർ മുതലാളിക്ക് പൊലീസിൽ അഭയം പ്രാപിക്കേണ്ടി വന്നതിന് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഹോദരി ഭർത്താവായ പ്രേംശങ്കർ ഐപിഎസിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ വ്യക്തിയാണ് ബിജു രമേശ്. ഇതിന് ദേശാഭിമാനിയിൽ നിന്ന് പുറത്താക്കിയ മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ സാക്ഷിയുമാണ്. ശക്തിധരനോട് ചോദിച്ചാൽ എല്ലാം മനസ്സിലാകും- ബാർ കോഴയിലെ ആരോപണങ്ങൾ കത്തി നിൽക്കുമ്പോൾ പിസി ജോർജ് ഉന്നയിച്ച ആരോപണമാണ് ഇത്. ബാർ കോഴ പുറത്തു കൊണ്ടു വന്ന മുതലാളിയാണ് ബിജു രമേശ്. തിരുവനന്തപുരത്ത് രാജധാനിയെന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ രമേശൻ കോൺട്രാക്ടറുടെ മകനാണ് ബിജു രമേശ്. തിരുവനന്തപുരം അടക്കി വാണ രമേശൻ കോൺട്രാക്ടറുടെ മകൻ ഐപിഎസുകാരനായ അളിയനെ കിഴക്കേക്കോട്ടയിൽ വച്ച് മർദ്ദിച്ചത് തലസ്ഥാന നഗരിയിൽ ഏവർക്കും അറിയാം. ഇതോടെ പ്രേംശങ്കറുടെ കുടുംബജീവിതവും വേറെ വഴിയിലായി. ഈ പ്രതികാരത്തിന്റെ തുടർച്ചയാണ് ബിജു രമേശിന് കുടുംബ സ്വത്ത് തർക്കത്തിൽ പൊലീസ് സംരക്ഷണം തേടേണ്ട ഗതി ഉണ്ടാക്കിയത്.

തന്നെ കംസനെന്ന് വിളിച്ച് ശ്രീകൃഷ്ണനായ സഹോദീ പുത്രൻ കൊല്ലാൻ ശ്രമിക്കുന്നുവെന്നാണ് ബിജു രമേശിന്റെ പരാതി. മൂത്ത സഹോരി ചിത്രയുടെ മകൻ അഭിലാഷിനെതിരെയാണ് പരാതി. അഭിലാഷിന്റെ അച്ഛനും തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ബിജു രമേശ് പരാതിപ്പെട്ടിട്ടുണ്ട്. അഭിലാഷിന്റെ അച്ഛനാണ് ബിജു രമേശ് റോഡിലിട്ട് തല്ലിയ പ്രേംശങ്കർ. പൊലീസിലെ കരുത്തനായ ഐജിയായിരുന്നിട്ടും റോഡിലിട്ട് തല്ലിയ ബിജുവിനെതിരെ ഒന്നും ചെയ്യാൻ പൊലീസിനായിരുന്നില്ല. പിന്നീട് പ്രേംശങ്കർ ഡിജിപിയായി. പൊലീസിൽ നിന്ന് റിട്ടയർ ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ബിജു രമേശിന്റെ അച്ഛനായ രമേശൻ കോൺട്രാക്ടർ മരിച്ചത്. ഇതോടെ കുടുംബത്തിൽ സ്വത്ത് തർക്കം രൂക്ഷമായി. ബിജു രമേശും ചിത്രയും താമസിക്കുന്നത് ഒരു വീട്ടിലാണ്. ഇതിനെ ചൊല്ലിയാണ് അവകാശ തർക്കമുണ്ടാകുന്നത്. ഇതിന് ശേഷം വീട് രണ്ടായി പകുത്ത് രണ്ടായി താമസവും തുടങ്ങി. ഇതോടെ വഴിയെ ചൊല്ലി തർക്കമായി. ഇതിനിടെയാണ് അഭിലാഷിന് എല്ലാ പിന്തുണയുമായി ഡിജിപിയായി റിട്ടയർ ചെയ്ത അച്ഛൻ പ്രേംശങ്കറും നിലയുറപ്പിക്കുന്നത്.

പൊലീസിൽ ഉന്നത ബന്ധങ്ങൾ പ്രേംശങ്കറിനുണ്ട്. അതുകൊണ്ട് തന്നെ മകനെതിരെ നടത്തുന്ന നീക്കങ്ങളെ നിയമപരമായി തന്നെ പ്രേംശങ്കറും നേരിട്ടു. ബിജു രമേശിനെതിരെ അഭിലാഷും പൊലീസിൽ പരാതി കൊടുത്തു. പ്രേംശങ്കറിന്റെ മുൻ ഭാര്യയായ ചിത്രയും പൊലീസ് സംരക്ഷണം തേടി. ഇതിന് പിന്നിലെല്ലാം പ്രേംശങ്കറിന്റെ പഴയ വൈരാഗ്യമെന്നാണ് ബിജു രമേശ് അടുപ്പക്കാരോട് സൂചിപ്പിക്കുന്നത്. അന്ന് സഹോദരിക്ക് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാൽ ഇന്ന് അവരെല്ലാം ഒന്നിച്ചു. ഞാൻ കംസനുമായെന്ന് ബിജു രമേശ് സൂചിപ്പിക്കുന്നുണ്ട്. ഏതായാലും പ്രേംശങ്കർ സജീവമായി മകനൊപ്പം നിൽക്കുന്നതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ പ്രധാന വ്യവസായ കുടുംബത്തിലെ സ്വത്ത് തർക്കം പരിഹാരമില്ലാതെ പോവുകയാണ്. പൊലീസും സംഘർഷമുണ്ടായാൽ എന്തു ചെയ്യണമെന്ന് അറിയാത്ത പ്രതിസന്ധിയിലും. രണ്ട് കൂട്ടരോടും സ്വത്ത് തർക്കം സിവിൽ കോടതി മുഖേനെ തീർക്കാനാണ് പൊലീസ് നിർദ്ദേശിച്ചിട്ടുള്ളത്.

കുടുംബത്തിലെ ബാക്കി അംഗങ്ങളെല്ലാം ബിജു രമേശിനെതിരെ അണിനിരക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. പൊലീസ് കേസിലേക്ക് പോലും കുടുംബ വഴക്ക് എത്തുന്ന സ്ഥിതിതയാണുള്ളത്. കുടുംബകലഹത്തേത്തുടർന്ന് ബിജുവും സഹോദരി ചിത്ര രമേശും സംരക്ഷണമാവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. മാതാവിനും തനിക്കും മകനും സംരക്ഷണം വേണമെന്നാണു ചിത്രയുടെ ആവശ്യം. സഹോദരീപുത്രൻ അഭിലാഷ് വധഭീഷണി മുഴക്കുന്നുവെന്നുവെന്നാണു ബിജുവിന്റെ പരാതി. 'ഞാൻ കംസനാണെന്നും എന്നെ വധിക്കാൻ ജനിച്ച ശ്രീകൃഷ്ണനാണു താനെന്നും എതിർകക്ഷി പലരോടും പറഞ്ഞിട്ടുണ്ട്. എന്നെ പലപ്പോഴും ഈ വിധത്തിൽ ഭീഷണിപ്പെടുത്തുന്നു'- ബിജു പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇത്തരമൊരു പരാതിയുമായി ബിജു രമേശ് എത്തുമെന്ന് പൊലീസും ഒരിക്കലും കരുതിയതല്ല. തിരുവനന്തപുരത്തെ ഇപ്പോഴും നിയന്ത്രിക്കുന്ന ബിജു രമേശിന് കുടുംബത്തിൽ എത്രമാത്രം പ്രശ്‌നമുണ്ടെന്നതാണ് ഇത് തെളിയിക്കുന്നതെന്നാണ് പൊലീസും വിശദീകരിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നാണ് രാജധാനിയെന്ന ബിസിനസ് സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന വീട്. രണ്ട് വീടുകൾ ചേർന്നിരിക്കുന്നു. ഈ സ്ഥലത്തേയും വീട്ടിലേക്കുള്ള വഴിയെ കുറിച്ചുള്ള തർക്കമാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണം.

ഈ വിഷയത്തിൽ രമേശൻ കോൺട്രാക്ടറുടെ മറ്റൊരു മകനായ ഡോ ബിനു രമേശിന്റെ പിന്തുണയും ചേച്ചി ചിത്രയ്ക്കാണ്. ഇതെല്ലാം ബിജു രമേശിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. തിരുവനന്തപുരത്തു നിരവധി ബാറുകളും ഹോട്ടലുകളും ഭൂസ്വത്തുമുള്ള ബിജുവും ചിത്രയും തമ്മിലെ സ്വത്ത് തർക്കം രാഷ്ട്രീയ നേതൃത്വങ്ങളെ പോലും ഞെട്ടിച്ചിട്ടുണ്ട്. ചിത്രയുടെ മകനാണ് അഭിലാഷ്. തലസ്ഥാനത്ത് കിഴക്കേക്കോട്ടയിലെ രാജധാനി സമുച്ചയത്തിൽ രണ്ടു വീടുകളിലായാണു ബിജുവും മൂത്തസഹോദരി ചിത്രയും താമസിക്കുന്നത്. താനും അമ്മയും തന്റെ മക്കളും താമസിക്കുന്ന 'സംതൃപ്തി' എന്ന വീട് പിതാവ് വിൽപ്പത്രപ്രകാരം തന്നതാണെന്നും അതു കൈവശപ്പെടുത്താൻ ബിജു ശ്രമിക്കുന്നുവെന്നുമാണു ചിത്രയുടെ പരാതി. മദ്യലഹരിയിൽ കഴിഞ്ഞമാസം ഡ്രൈവർക്കൊപ്പം വീട്ടിൽക്കയറി മകനെ പിടിച്ചുതള്ളിയെന്നും വീടൊഴിഞ്ഞില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

ബിജുവിനെതിരേ അമ്മയും മരിക്കുന്നതിനു മുമ്പ് അച്ഛൻ രമേശനും പൊലീസിനെ സമീപിച്ചിരുന്നെന്നും ചിത്ര വെളിപ്പെടുത്തുന്നു. ആൾബലവും ധനശേഷിയും സ്വാധീനവുമുള്ള ബിജുവിനെതിരേ തങ്ങൾക്കു പിടിച്ചുനിൽക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. അച്ഛന്റെ മരണശേഷം, വീടിന് അവകാശമുന്നയിച്ച് കോടതിയിൽ ഹർജി നൽകിയതിന്റെ പേരിലാണ് അഭിലാഷ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നു ബിജുവിന്റെ പരാതിയിൽ പറയുന്നു. താനും കുടുംബവും ആ വീട്ടിൽക്കൂടിയാണു സ്വന്തം വീട്ടിലേക്കു പോകുന്നത്. അവിടെ കടക്കാൻ അനുവദിക്കുന്നില്ല. കഴിഞ്ഞമാസം വഴിതടഞ്ഞ് തന്നെ മർദിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ജോലിക്കാർക്കുള്ള വഴിയിലൂടെയാണു വീട്ടിലേക്കു പോകുന്നത്. ഈ വഴിയിലെ അവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. ഒന്നുമില്ലായ്മയിൽ നിന്ന് ശതകോടീശ്വരനായി തിരുവനന്തപുരം നഗരത്തിലെ പ്രശസ്തനായി മാറിയ രമേശൻ കോൺട്രാക്ടറുടെ കുടുംബത്തിലെ പ്രശ്‌നങ്ങളിൽ പക്ഷം പിടിക്കാൻ പോലും ആകാതെ വലയുകയാണ് രാഷ്ട്രീയക്കാരും പൊലീസുകാരും.

വിവാദങ്ങളാണ് ആദ്യകാലത്ത് ബിജുവിനെ വാർത്തകളിൽ നിറച്ചിരുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള രമേശൻ കോൺട്രാക്ടറിന്റെ സൗഹൃദവും പ്രസിദ്ധമാണ്. ഇതു തന്നെയാണ് വിവാദ വിഷയങ്ങളിൽ നിന്ന് തലയൂരി രക്ഷപ്പെടാൻ ബിജുവിന് തുണയായതെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ ആരോപണങ്ങളെ എല്ലാം അതിജീവിച്ച് അച്ഛൻ കെട്ടിപ്പെടുത്തതിന് അപ്പുറം രാജധാനി ഗ്രൂപ്പിനെ ബിജു വളർത്തി. ബാർ മുതലയാളിയെന്ന രമേശൻ കോൺട്രാക്ടറിന്റെ പ്രതിച്ഛായയെ മറികടന്ന് ബിസിനസ് വിപുലപ്പെടുത്തി ബിജുരമേശ്. പല വിവാദങ്ങളിലും ബിജു ചെന്ന് വീണിട്ടുണ്ട്. തിരുവനന്തപുരം മേയറായിരുന്നപ്പോൾ സിപിഎം നേതാവായ ശിവൻകുട്ടി, ബിജു രമേശിനെതിരെ രംഗത്ത് എത്തി. കിഴക്കേക്കോട്ടയിലെ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുത്തു. കെട്ടിടം പൊളിച്ചുമാറ്റി. എന്നാൽ ഈ വിഷയത്തിൽ സിപിഎമ്മിനെ പോലും സമർത്ഥമായി ബിജു കളിപ്പിച്ചെന്നതാണ് ശരി. വാടക കെട്ടിടം ഒഴിയാൻ കൂട്ടാക്കാത്ത ഒരാളെ പുറത്താക്കാനുള്ള ബിജുവിന്റെ തന്ത്രത്തിൽ കോർപ്പറേഷൻ വീഴുകയായിരുന്നു. കെട്ടിടം പൊളിച്ചതോടെ വാടകക്കാരൻ വഴിയാധാരമായി. അതിന് ശേഷം അതേ സ്ഥലത്ത് പഴയതു പോലെ പുതിയ കെട്ടിടം പണിത് വീണ്ടും ബിജു വാടകയ്ക്ക് കൊടുത്തു. തലസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും പ്രാദേശിക നേതാക്കൾക്ക് ബിജുവുമായി അടുത്ത ബന്ധമുണ്ട്.

ആനയറയിലെ കുടുംബക്ഷേത്രം പുതുക്കി പണിത് ബിജു രമേശ് വലുതാക്കി. എന്നാൽ അതിലും ചില സംശയങ്ങളുണ്ട്. വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത സ്വർണ്ണ കട്ടികൾ ആരുടേതെന്നതാണ് സംശയം. ബിജു രമേശിന് നേരെ ആദായനികുതി വകുപ്പ് സംശയങ്ങൾ ഉന്നയിച്ചെങ്കിലും ഒന്നും നടന്നില്ല. ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് ക്ഷേത്ര സ്വത്തുക്കളിലേക്കുള്ള കടന്നുകയറ്റമായി അതിനെ ചിത്രീകരിച്ചു. സംഭവം വർഗ്ഗീയമായതോടെ ആദായനികുതി വകുപ്പും കണക്കിൽപ്പെടാത്ത സ്വർണ്ണത്തിലെ അന്വേഷണം ഉപേക്ഷിച്ചു. സംഘപരിവാർ സംഘടനകളാണ് അന്ന് ബിജുവിന് തുണയായത്. തമ്പാനൂരിലെ പ്രധാന ജംഗ്ഷനാണ് അരിസ്റ്റോ. റോഡ് വികസനത്തിലൂടെ പലർക്കും സ്ഥലം നഷ്ടമായി. ബിജുവിനും പോയി കുറച്ച് സ്ഥലം. പക്ഷേ ഇനിയും സ്ഥലമെടുത്താൽ ചോള ബാറെന്നത് അപ്രത്യക്ഷമാകും. അതിനെ തടഞ്ഞേ പറ്റു. പത്തിരുപത് വർഷം കഴിഞ്ഞുണ്ടാകുന്ന ഭീഷണി മുന്നിൽ കണ്ട് ഇപ്പോഴെ കരുക്കൾ നീക്കി. ചോള ബാറിന് തൊട്ടടുത്ത ലോഡ്ജ് കോടികൾ നൽകി വിലയ്ക്കു വാങ്ങി. ചുറ്റും മറച്ച് ലോഡ്ജ് പൊളിച്ചു മാറ്റി. രാജധാനി ഗ്രൂപ്പിന്റെ ഏതോ ബിൽഡിങ് വരുന്നു എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പണി തീർത്ത് ചുറ്റുമതിലിന് പകരമുയർത്തി കൂറ്റൻ മറ മാറ്റിയപ്പോൾ എല്ലാവരും ഞെട്ടി. കോടികൾ ചെലവിട്ട് മഹാഗണപതി ക്ഷേത്രമാണ് ബിജു രമേശ് പണിതത്. എല്ലാ ദിവസവും സൗജന്യ അന്നദാനം നൽകുന്ന ക്ഷേത്രം. ചോളാ ബാറിനടുത്ത സ്ഥലം ഏറ്റെടുക്കാൻ ഇനി ആരെങ്കിലും വന്നാൽ ക്ഷേത്ര വിശ്വാസികൾ തന്നെ തടയും. അതാണ് ബിജു രമേശെന്ന ബിസിനസ് രാജാവിന്റെ ബുദ്ധി. ഈ വ്യക്തിയാണ് കുടുംബ തർക്കത്തിൽ പ്രശ്ന പരിഹാരം കണ്ടെത്താനാവാതെ വലയുന്നത്.

രമേശൻ കോൺട്രാക്ടറുടെ ആരെയും കൂസാത്ത സ്വഭാവം മകൻ ബിജു രമേശിനും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതമുതൽ വ്യാജ മദ്യവിൽപ്പനവരെയുള്ള അനേകം ആരോപണങ്ങളെ പുഷ്പം പോലെ അതിജീവിച്ചാണ് ബിജു രമേശ് വളർന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള രമേശൻ കോൺട്രാക്ടറിന്റെ സൗഹൃദവും പ്രസിദ്ധമാണ്. ഇതു തന്നെയാണ് വിവാദ വിഷയങ്ങളിൽ നിന്ന് തലയൂരി രക്ഷപ്പെടാൻ ബിജുവിന് തുണയായതെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ ആരോപണങ്ങളെ എല്ലാം അതിജീവിച്ച് അച്ഛൻ കെട്ടിപ്പെടുത്തതിന് അപ്പുറം രാജധാനി ഗ്രൂപ്പിനെ ബിജു വളർത്തി. ചാരായക്കച്ചവടക്കാരനെന്ന രമേശൻ കോൺട്രാക്ടറിന്റെ പ്രതിച്ഛായയെ മറികടന്ന് ബിസിനസ് വിപുലപ്പെടുത്തി ബിജുരമേശ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ വൻകിട കുത്തകകളുടെ ഡീലർഷിപ്പ് വരെ ബിജുവിനുണ്ട്. ചാരായ നിരോധനത്തിന് ശേഷമാണ് ബിസിനസ്സിലെ വൈവിധ്യവൽക്കരണത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയത്.

എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബിജുവിന് പോലും നിശ്ചയം ഉണ്ടാകില്ല. ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്തെ ബിജുവിന്റെ ആസ്തി മാത്രം മതി ഏത് സമ്പന്നനും ഞെട്ടിപ്പോകാൻ. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ തടസ്സമായിരിക്കുന്നതും ഇതിലെ ചില കെട്ടിടങ്ങൾ ആണെന്ന് റിപ്പോർട്ടുണ്ട്. ഈ സ്ഥലത്തിൽ ചിലത് ക്ഷേത്രത്തിന്റെ ആണെന്നും ആരോപണം ഉണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു കേസ് ഒന്നര പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലാണ്. ഇതിനോട് ചേർന്ന വീടിനെ ചൊല്ലിയാണ് ഇപ്പോൾ കുടുംബ തർക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP