Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയുടെ രാജ്യസഭാ സ്ഥാനാർത്ഥി ദീപികയുടെ ഡൽഹി ലേഖകൻ ജോർജ് കള്ളിവയലിലെന്ന് സൂചന; രാഹുൽ ഗാന്ധിയടക്കം ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ജോർജിനെ മുന്നിൽ നിർത്തി നടത്തിയ നീക്കത്തെ എതിർക്കാതെ കോൺഗ്രസ് നേതാക്കളും; രാഷ്ട്രീയ നേതാവ് മതിയെന്ന് തീരുമാനിച്ചാൽ നറുക്ക് വീഴുക തോമസ് ചാഴിക്കാടന്; മാണിയെ തന്നെ ഡൽഹിക്ക് അയക്കാനുള്ള ആലോചന വേണ്ടെന്ന് വച്ചത് ഉപതിരഞ്ഞെടുപ്പ് പേടിച്ച്

മാണിയുടെ രാജ്യസഭാ സ്ഥാനാർത്ഥി ദീപികയുടെ ഡൽഹി ലേഖകൻ ജോർജ് കള്ളിവയലിലെന്ന് സൂചന; രാഹുൽ ഗാന്ധിയടക്കം ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ജോർജിനെ മുന്നിൽ നിർത്തി നടത്തിയ നീക്കത്തെ എതിർക്കാതെ കോൺഗ്രസ് നേതാക്കളും; രാഷ്ട്രീയ നേതാവ് മതിയെന്ന് തീരുമാനിച്ചാൽ നറുക്ക് വീഴുക തോമസ് ചാഴിക്കാടന്; മാണിയെ തന്നെ ഡൽഹിക്ക് അയക്കാനുള്ള ആലോചന വേണ്ടെന്ന് വച്ചത് ഉപതിരഞ്ഞെടുപ്പ് പേടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുഞ്ഞാലിക്കുട്ടിയുടെ അപ്രതീക്ഷിത നീക്കത്തിലൂടെ കേരള കോൺഗ്രസ്സിന് രാജ്യസഭാ സീറ്റ് കിട്ടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് ഡൽഹിയിലെ പ്രമുഖ മലയാളി മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിലിനെ എംപിയാക്കാനുള്ള നീക്കങ്ങളുടെ പരിസമാപ്തിയെന്ന് സൂചന. ആരാകും സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായ ശേഷമാണ് കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇത്തരമൊരു നീക്കത്തിലേക്ക് കാര്യങ്ങളെത്തിയത് എന്നാണ് അറിയുന്നത്.

ഏറെക്കാലമായി ദീപികയിൽ മാധ്യമപ്രവർത്തകനാണ് ജോർജ് കള്ളിവയലിൽ. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന എല്ലാ പ്രമുഖർക്കിടയിലും അറിയുന്ന വ്യക്തിത്വം. അതോടൊപ്പം കേരള കോൺഗ്രസുമായും മാണിയുമായും അടുത്ത ബന്ധം. ഇതിലുപരി എല്ലാ പാർട്ടികളുടേയും ദേശീയ നേതാക്കളുമായും വളരെ അടുപ്പമുള്ള വ്യക്തി. നാട്ടിൽ അറിയപ്പെടുന്ന കള്ളിവയലിൽ കുടുംബാംഗവും. ഇത്തരം ഘടകങ്ങളെല്ലാം പരിഗണിച്ച് കേരളാ കോൺഗ്രസ് ജോർജ് കള്ളിവയലിലിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ നീക്കമാണ് ഇന്ന് ഫലപ്രാപ്തിയിൽ എത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം.

കോൺഗ്രസിന്റേയും ബിജെപിയുടേയും മിക്ക ദേശീയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് കള്ളിവയൽ. രാഹുൽ ഗാന്ധിയുമായും മോദിയുമായും വളരെ അടുപ്പമുള്ളയാൾ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾക്കെല്ലാം സമ്മതൻ. ഇതിനെല്ലാം പുറമെ കുഞ്ഞാലിക്കുട്ടി എംപിയായി ഡൽഹിയിലെത്തിയപ്പോൾ മുതൽ അദ്ദേഹത്തിന്റേയും ഗുഡ് ബുക്കിൽ. എന്നാൽ രാഷ്ട്രീയത്തിൽ താൻ മാണിക്കൊപ്പമാണെന്ന ഉറച്ച നിലപാടും. ജോസ് കെ മാണിയുമായും അടുത്ത ബന്ധമുള്ളതുകൊണ്ടുതന്നെ ഇത്തരമൊരു ആലോചന വന്നപ്പോൾ ജോർജ് കള്ളിവയലിന്റെ പേര് മുൻനിരയിലേക്ക് എത്തുകയും ചെയ്തു.

കേരളാ കോൺഗ്രസിന് ഉണ്ടായിരുന്ന രാജ്യസഭാ എംപി ജോയ് എബ്രഹാം വിരമിക്കുന്ന ഒഴിവിലേക്ക് കൂടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജോയ് എബ്രഹാം എന്നൊരു എംപി ഉണ്ടെന്നു പോലും കേരളത്തിൽ ആരും ഓർക്കുന്നുപോലുമില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് പാർട്ടിയിൽ തന്നെ ചർച്ചകളും വന്നു. മാത്രമല്ല, ദേശീയ തലത്തിൽ തന്നെ ചർച്ചകളിലും മറ്റു ഇടപെടലുകളിലും പാർട്ടിയുടെ ജിഹ്വയാകാൻ കഴിയുന്ന ഒരു മുഖം പാർട്ടിക്ക് ഉണ്ടാവണമെന്ന നിലയിലും ചർച്ചകൾ ഉണ്ടായി. ഇതാണ് ഒടുവിൽ കള്ളിവയലിലിനെ സ്ഥാനാർത്ഥിയാക്കിയാലോ എന്ന ആലോചനയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

രാഷ്ട്രീയ സ്ഥാനാർത്ഥി തന്നെ വേണമെന്ന നിലയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ ഏറ്റുമാനൂരിൽ പാർട്ടിക്കുവേണ്ടി മത്സരിച്ചുവരന്ന തോമസ് ചാഴിക്കാടന് രാജ്യസഭാ സീറ്റ് നൽകാമെന്നായിരുന്നു ആലോചന. മണ്ഡലത്തിൽ രണ്ടുതവണ തുടർച്ചയായി തോൽവി പിണഞ്ഞതോടെ തോമസ് ചാഴിക്കാടന് രാജ്യസഭാ സീറ്റ് നൽകാനും കേരളാ കോൺഗ്രസ് ആലോചിച്ചിട്ടുണ്ട്. എന്നാൽ അന്തിമതീരുമാനം ആയിട്ടില്ല.

മറ്റൊരു ആലോചന നടന്നത് കെഎം മാണിതന്നെ രാജ്യസഭയിലേക്ക് പോയാലോ എന്നായിരുന്നു. മാണിയാണ് സ്ഥാനാർത്ഥിയെന്ന് വ്യക്തമാക്കിയാൽ കോൺഗ്രസിൽ നിന്നുൾപ്പെടെ ഒരു എതിർപ്പും ഉണ്ടാകില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ മാണി പോകുന്ന സാഹചര്യം വന്നാൽ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പുണ്ടായേക്കും. അതിൽ തിരിച്ചടിയുണ്ടായാൽ വലിയ ക്ഷീണവുമാകും. ഈ വിലയിരുത്തൽ ഉണ്ടായതോടെ ഈ നീക്കം ഉപേക്ഷിച്ചുവെന്നാണ് അറിയുന്നത്.

ഏതായാലും ദീപകയുടെ ഡൽഹി ലേഖകൻ ജോർജ് കള്ളിവയലിലിന് തന്നെയാകും സ്ഥാനാർത്ഥിത്വം എന്ന നിലയിലാണ് ഇപ്പോൾ ചർച്ചകൾ സജീവമായിരിക്കുന്നത്. ഇതിന് ലീഗിന്റെ ശക്തമായ പിന്തുണയുമുണ്ട്. പ്രത്യേകിച്ച് ജോർജിനും കുഞ്ഞാലിക്കുട്ടിക്കും തമ്മിലുള്ള അടുപ്പം തന്നെയാണ് കാരണം. ഈ നിലയ്ക്കുതന്നെയാണ് ഈയൊരു സ്ഥാനാർത്ഥിത്വം ചർച്ചയായതെന്നും സൂചനകൾ ലഭിക്കുന്നു. ഇതോടൊപ്പം കള്ളിവയൽ കുടുംബം കേരള കോൺഗ്രസുമായി വളരെ അടുപ്പം പുലർത്തുന്നവരാണ്. ജോർജിന്റെ സഹോദരന്മാരെല്ലാം ഉന്നതസ്ഥാനങ്ങളിലുള്ളവരും. റോയ് കള്ളിവയലിൽ ഐഎംഎയുടെ നേതൃത്വത്തിലുണ്ട്. മറ്റൊരു സഹോദരൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടനാ നേതാവുമാണ്. ഇത്തരത്തിൽ ഹൈക്‌ളാസ് ഫാമിലി അംഗം കൂടിയായ കള്ളിവയലിൽ എംപി ആകുമ്പോൾ പാർട്ടി ഉദ്ദേശിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.

ദേശീയ തലത്തിൽ കേരളാ കോൺഗ്രസിന്റെ മുഖമായി മാറാൻ ഇതുവരെ നേതാവില്ലാത്ത സ്ഥിതിയായിരുന്നു. അത് മാറും. ചാനൽ ചർച്ചകളിലുൾപ്പെടെ ശക്തമായി ഇടപെടാനും പാർട്ടി അഭിപ്രായങ്ങൾ പറയാനും കഴിയുന്ന ഒരു നേതാവ് ഇല്ലാത്ത കുറവ് നികത്താൻ കള്ളിവയലിലിന് കഴിയും. ഇത്തരം കാര്യങ്ങൾ കൂടെ പരിഗണിക്കപ്പെടുന്നതോടെ ജോർജ് കള്ളിവയലിൽ തന്നെ സ്ഥാനാർത്ഥിയാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മാത്രമല്ല, ഈ സ്ഥാനാർത്ഥിത്വത്തിൽ എല്ലാവരുമായും വലിയ അടുപ്പമുള്ള കള്ളിവയലിലിന് എതിരെ കോൺഗ്രസിൽ നിന്നുപോലും എതിർപ്പുയരില്ലെന്ന പ്രതീക്ഷയും കേരളാ കോൺഗ്രസിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP