Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി ജയരാജൻ വന്നതോടെ രാഹുൽ ഗാന്ധി നിർബന്ധിച്ചാലും വടകരയിൽ ഇല്ലെന്ന് തീർത്തു പറഞ്ഞ് മുല്ലപ്പള്ളി; ആരിഫിനെ പേടിച്ചു വയനാട്ടിലേക്ക് മാറാൻ ചരടുവലിച്ച് വേണുഗോപാൽ; ഇടുക്കിയിൽ മത്സരിക്കണമെങ്കിൽ പുതുപ്പള്ളി മകന് നൽകണമെന്ന് വാശിപിടിച്ചു ഉമ്മൻ ചാണ്ടി; ചാലക്കുടി ബെന്നി ബെഹനാന് നൽകണമെങ്കിൽ ഇടുക്കി വാഴയ്ക്കന് വേണമെന്ന് ചെന്നിത്തല; ആന്റോ ആന്റണിയെയും കെ വി തോമസിനെയും ഒഴിവാക്കാനുള്ള ചരടുവലികളും സജീവം; സിപിഎം കിടിലൻ സ്ഥാനാർത്ഥികളെ ഇറക്കിയപ്പോൾ എല്ലാം കുളമാക്കി കോൺഗ്രസിലെ ഗ്രൂപ്പ് മാനേജ്‌മെന്റ്

പി ജയരാജൻ വന്നതോടെ രാഹുൽ ഗാന്ധി നിർബന്ധിച്ചാലും വടകരയിൽ ഇല്ലെന്ന് തീർത്തു പറഞ്ഞ് മുല്ലപ്പള്ളി; ആരിഫിനെ പേടിച്ചു വയനാട്ടിലേക്ക് മാറാൻ ചരടുവലിച്ച് വേണുഗോപാൽ; ഇടുക്കിയിൽ മത്സരിക്കണമെങ്കിൽ പുതുപ്പള്ളി മകന് നൽകണമെന്ന് വാശിപിടിച്ചു ഉമ്മൻ ചാണ്ടി; ചാലക്കുടി ബെന്നി ബെഹനാന് നൽകണമെങ്കിൽ ഇടുക്കി വാഴയ്ക്കന് വേണമെന്ന് ചെന്നിത്തല; ആന്റോ ആന്റണിയെയും കെ വി തോമസിനെയും ഒഴിവാക്കാനുള്ള ചരടുവലികളും സജീവം; സിപിഎം കിടിലൻ സ്ഥാനാർത്ഥികളെ ഇറക്കിയപ്പോൾ എല്ലാം കുളമാക്കി കോൺഗ്രസിലെ ഗ്രൂപ്പ് മാനേജ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മോദി സർക്കാറിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്തിയില്ലെങ്കിൽ പാർട്ടിക്ക് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശക്തമായി തിരിച്ചുവന്ന കോൺഗ്രസ് പാർട്ടി ബിജെപിയുടെ എതിരാളി തങ്ങളാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. മോദിയോട് നേരിട്ടു പടവെട്ടി രാഹുൽ ഗാന്ധി നിലകൊള്ളുമ്പോഴും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല. അതിശക്തരായ സ്ഥാനാർത്ഥികളെ സിപിഎം രംഗത്തിറക്കിയങ്കെിലും ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തും വിധം എങ്ങനെ വീതംവെപ്പു നടത്താം എന്ന ആലോചനയിലാണ് ഇവിടുത്തൈ കോൺഗ്രസുകാർ.

നിലവിൽ കേരളത്തിൽ നിന്നും കോൺഗ്രസിനുള്ളത് എട്ടു ലോക്‌സഭാ സീറ്റുകളാണ്. ഇത്തവണ ഈ സംഖ്യയിൽ നിന്നും കൂടുതൽ പിടിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. അതിന് ഉതകരുന്ന സ്ഥാനാർത്ഥിയെ രംഗത്തിറക്കാനും അദ്ദേഹം അനുമതി നൽകി. എന്നാൽ, ചർച്ചകൾ പുരോഗമിക്കുമ്പോൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ എങ്ങനെ വീതംവെക്കാം എന്നതിനെ കുറിച്ചാണ് കോൺഗ്രസിന്റെ ആലോചന. എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ഇതിനായി പരസ്പ്പരം വടംവലിച്ചു രംഗത്തുണ്ട്. വിജയസാധ്യത എന്ന ഘടകം പോലും മറികടന്നാണ് ഇപ്പോഴത്തെ ഗ്രൂപ്പുകളികൾ.

സിപിഎം അതിശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തിയപ്പോൾ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താൻ ദുർബലരെ നിർത്തേണ്ട അവസ്ഥയിലേക്കാണ് കോൺഗ്രസിന്റെ പോക്ക്. യുഡിഎഫ് മുന്നണിയിൽ നിന്നും വീരേന്ദ്രകുമാറിന്റെ ദൾ വിഭാഗം മറുകണ്ടം ചാടിയപ്പോൾ തന്നെ മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്തവണ താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം പാർട്ടി ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചു. കെപസിസി അധ്യക്ഷനായതോടെ ഇത് പിടിവള്ളിയാക്കി മത്സരിക്കില്ലെന്ന നിലപാടും അദ്ദേഹം കൈക്കൊണ്ടു. ഇനി രാഹുൽ ഗാന്ധി പറഞ്ഞാൽ പോലും പി ജയരാജൻ സ്ഥാനാർത്ഥിയായ സ്ഥിതിക്ക് മത്സരിക്കാനില്ലെന്നാണ് കെപിസിസി അധ്യക്ഷന്റെ ഇപ്പോഴത്തെ നിലപാട്.

അതേസമയം രാജ്യത്തെ കരുത്തരായ കോൺഗ്രസ് നേതാക്കളുടെ പട്ടികയിലാണ് കെ സി വേണുഗോപാൽ എങ്കിലും ആരിഫിനെ ഇടതു സ്ഥാനാർത്ഥിയാക്കിയതോടെ അദ്ദേഹത്തിനും തോൽവി ഭയം പിടികൂടിയിട്ടുണ്ട്. ഇതോടെ സേഫായ മണ്ഡലമെന്ന നിലയിൽ വയനാട് നോട്ടമിട്ടിട്ടുണ്ട്. എന്നാൽ, മണ്ഡലം മാറിയാൽ അത് തോൽവി ഭയന്നാണെന്ന പ്രചരണം വരുമെന്നതിനാൽ തൽക്കാലം മത്സരിക്കാതെ മാറിനിൽക്കാനാവും വേണുഗോപാൽ ശ്രമിക്കുക. മറിച്ച് രാഹുൽ ഗാന്ധിയുടെ ആശിർവാദത്തോടെ ദേശീയ നേതാവിന്റെ പരിവേഷത്തോടെ വയനാട് മണ്ഡലത്തിൽ എത്താനും സാധ്യത കൂടുതലാണ്. കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ പകരം പി സി വിഷ്ണുനാഥിനെയാണ് ഈ മണ്ഡലത്തിൽ പരിഗണിക്കുന്നത്. എന്നാൽ, എ ഗ്രൂപ്പുകാരന് സീറ്റു വിട്ടു നൽകുന്നതിനെ ചൊല്ലി തർക്കവും നിലനിൽക്കുന്നു.

ഹൈക്കമാൻഡ് നിർബന്ധിച്ചാൽ ഉമ്മൻ ചാണ്ടി ഇടുക്കി ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ സന്നദ്ധനാണ്. എന്നാൽ, പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കുമെന്ന ഉറപ്പു ഹൈക്കമാൻഡിൽ നിന്നും ലഭിക്കണം. ഇതിനായി കാത്തിരിക്കയാണ് അദ്ദേഹം. ഇതോടൊപ്പം ഉമ്മൻ ചാണ്ടിയെ നയിക്കുന്നതും ഗ്രൂപ്പു താൽപ്പര്യമാണ്. ചാലക്കുടി സീറ്റിൽ ഏകദേശ ധാരണ ബെന്നി ബെഹനാന് എന്നതാണ്. എന്നാൽ, ഇവിടെയും ഗ്രൂപ്പു താൽപ്പര്യം വരുന്നുണ്ട്. ബെന്നിക്ക് ഈ സീറ്റു നൽകുമ്പോൾ ഇടുക്കി സീറ്റ് ഐ ഗ്രൂപ്പിലെ പ്രമുഖനായ ജോസഫ് വാഴക്കന് നൽകണമെന്നാണ് ചെന്നിത്തലയുടെ താൽപ്പര്യം. ഇതിന് വേണ്ടി ശക്തമായ കരുനീക്കങ്ങൾ നടക്കുന്നുണ്ട്. ഇതോടെ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ശക്തമായിരിക്കയാണ്.

അതേസമയം സിറ്റിങ് എംപിമാർക്ക് വീണ്ടും മത്സരിക്കാൻ അവസരം ഒരുക്കിയെങ്കിലും ഗ്രൂപ്പു താൽപ്പര്യം തന്നെയാണ് രണ്ട് സ്ഥാനാർത്ഥികളെ മാറ്റാനുള്ള ശ്രമത്തിന് പിന്നിലും. എ ഗ്രൂപ്പിലെ പ്രബലരായാണ് എറണാകുളം എംപി കെ വി തോമസും പത്തനംതിട്ട എംപി ആന്റോ ആന്റണിയും അറിയിപ്പെടുന്നത്. ഇവർ വീണ്ടും വിജയസാധ്യത കൂടുതലുള്ള സീറ്റിൽ മത്സരിക്കുന്നത് തടയിടാൻ രംഗത്തുള്ളത് ഐ ഗ്രൂപ്പുകാർ തന്നെയാണ്. അതിനാണ് ഐ ഗ്രൂപ്പിലെ പ്രമുഖനായ ഹൈബി ഈഡൻ എംഎൽഎയുടെ പോരും ഉയർത്തുന്നത്.

പാലക്കാട് മണ്ഡലത്തിൽ വി കെ ശ്രീകണ്ഠനെ പരിഗണിക്കുന്നത് ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായാണ്. ഇവിടെ വിജയസാധ്യത വളരെ കുറവാണ് താനും. ശക്തനായ മറ്റൊരു സ്ഥാനാർത്ഥിയെ പരീക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പ്രധാന കാരണം ഗ്രൂപ്പു മാനേജർമാരുടെ ചരടുവലികളാണ്. തോൽക്കുമെന്ന് ഉറപ്പുള്ള ആലത്തൂർ സീറ്റ് ഇതോടെ എ ഗ്രൂപ്പിനാണ് കരുതിവെച്ചിരിക്കുന്നത്. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കുന്നു പോലുമില്ലാത്ത അവസ്ഥയാണ്. എ ഗ്രൂപ്പിലെ പ്രമുഖനാണ് കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി സിദ്ദിഖ്. ഉമ്മൻ ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പുകാർ സിദ്ദിഖിന്റെ സീറ്റിന് വേണ്ടി ചരടുവലികളുമായി രംഗത്തുണ്ട്. കാസർകോട്ടേക്കാണ് എ ഗ്രൂപ്പ് കൊടുക്കുന്നത്. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കണ്ണൂരിൽ കെ സുധാകരൻ എത്തും.

തൃശ്ശൂർ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെയും വി എം സുധീരന്റെയും അനുഗ്രഹത്തോടെയാണ് ടി എൻ പ്രതാപന്റെ പേരു പരിഗണിക്കുന്നത്. ഗ്രൂപ്പു താൽപ്പര്യം മാത്രം പരിഗണിച്ചു കൊണ്ട് വീതംവെപ്പ് നടത്തുമ്പോൾ വിജയം അന്യം നിന്നു പോകുമെന്ന ആശങ്കയിലാണ് സാധാരണക്കാരായ പ്രവർത്തകർ. ഗ്രൂപ്പിന് പുറത്തു നിന്നും സ്ഥാനാർത്ഥികൾ വേണ്ടെന്ന് എ, ഐ ഗ്രൂപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികൾ പടിക്കു പുറത്താകുന്ന അവസ്ഥയാണുള്ളത്. സിപിഎം അതിശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കുമ്പോഴാണ് കോൺഗ്രസിന്റെ ഗ്രൂപ്പുകളി എന്നതും ശ്രദ്ധേയമാണ്. ഇവിടെ ഗ്രൂപ്പുകാരനല്ലാത്ത മുല്ലപ്പള്ളിക്ക് കാഴ്‌ച്ചക്കാരന്റെ റോൾ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP