Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണം; ഗുരുവായൂരിൽ കണ്ടില്ലെന്നും നടിക്കും! ഗുരുവായൂർ ക്ഷേത്രത്തിൽ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താൻ ലേലവിളി തകൃതി; നിയമന ഉത്തരവു പോലുമില്ലാത്തെ പിൻവാതിലിലൂടെ ജോലിക്ക് കയറിയ 110 പേരെ നിയമിക്കാൻ ഇടത് ഭരണസമിതിയുടെ നീക്കം; സുപ്രീംകോടതി വിധി അട്ടിമറിച്ചുള്ള നിയമന നീക്കത്തിൽ നിറയുന്നത് കോടികളുടെ കോഴ കണ്ണ്; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി നടക്കുന്നത് കള്ളക്കളി തന്നെ

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണം; ഗുരുവായൂരിൽ കണ്ടില്ലെന്നും നടിക്കും! ഗുരുവായൂർ ക്ഷേത്രത്തിൽ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താൻ ലേലവിളി തകൃതി; നിയമന ഉത്തരവു പോലുമില്ലാത്തെ പിൻവാതിലിലൂടെ ജോലിക്ക് കയറിയ 110 പേരെ നിയമിക്കാൻ ഇടത് ഭരണസമിതിയുടെ നീക്കം; സുപ്രീംകോടതി വിധി അട്ടിമറിച്ചുള്ള നിയമന നീക്കത്തിൽ നിറയുന്നത് കോടികളുടെ കോഴ കണ്ണ്; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി നടക്കുന്നത് കള്ളക്കളി തന്നെ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണ സമിതി ചുമതലയേറ്റയുടൻ ഇഷ്ടക്കാരെയും പാർട്ടി പ്രവർത്തകരെയും സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഭരണ സമിതി വന്നയുടൻ ഇക്കാര്യം പ്രത്യേക അജണ്ടയായി പരിഗണിച്ച് ബോർഡ് യോഗം ചേരുകയും 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ ബോർഡ് തന്നെ സത്യവാങ്മൂലം നല്കുമെന്നും അറിയിച്ച് കത്തു നൽകുകയായിരുന്നു. ഈ കത്ത് മറുനാടന് ലഭിച്ചു. കത്തിൽ പറയുന്നത് ബോർഡിൽ ജോലി ചെയ്യുന്ന പല ജീവനക്കാരുടെയും പ്രായ പരിധി കഴിഞ്ഞുവെന്നു അവർക്കിനി മറ്റു മത്സര പരീക്ഷകൾ എഴുതാനാവില്ലന്നും മാനുഷിക പരിഗണന നല്കി അവരെ സ്്ഥിരപ്പെടുത്തണമെന്നുമാണ്.

ദേവസ്വം മന്ത്രി കടകംപള്ളി സുരന്ദ്രേന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഈ നീക്കതിന് അനുമതി നല്കിയതായും കത്തിലുണ്ട് എന്നാൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്നുവെന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ബോർഡ് കൈമാറിയ കത്ത് ഇപ്പോൾ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. പുതിയ ബോർഡ് ചെയർമാൻ കെ ബി മോഹൻദാസിന്റെ നേതൃത്വത്തിൽ സ്ഥിരപ്പെടുത്താൻ പോകുന്ന 10 വർഷം പൂർത്തിയാക്കിയവരിൽ 126 പേരുണ്ട്. ഇതിൽ 110 പേരെയും നിയമിച്ചത് നോട്ടിഫിക്കേഷനോ മറ്റു അറിയിപ്പുകളോ നൽകാതെ തിരികി കയറ്റി തന്നെയാണെന്ന് ഗുരുവായൂർ ദേവസ്വം ബോർഡും സമ്മതിക്കുന്നു. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് 110 പേരെ നിയമിച്ചത്്് നിയമപരമായോ നടപടി ക്രമങ്ങളോ പാലിച്ചല്ലന്ന് ബോർഡ് സമ്മതിച്ചിരിക്കുന്നത്.

അതായത് അവരുടെ വിദ്യാഭ്യാസ യോഗ്യത പോലും നോക്കിയിട്ടില്ല. കൗവ്വ് ബോയ്, ഡ്രൈവർ, ഗ്രീൻ റൂം അസിസ്റ്റന്റ്, ക്ലർക്ക്, വിളക്ക് തുടയ്ക്കൽ, സ്വീപ്പർ,കാഷ്വൽ വർക്കർ, റൂം ബോയ്, കീഴേടം ശാന്തി, തുടങ്ങിയ തസ്തികളിൽ ജോലി ചെയ്യുന്നവരാണ് ഈ 110 പേരിൽ ഉള്ളത്. ഇവരിൽ പലരും സ്ഥിരപ്പെടാനായി വൻ കോഴ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. അഞ്ചു മുതൽ പത്ത് ലക്ഷം വരെ ഇടനിലക്കാർ വഴി കച്ചവടം ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലായതെന്നും ചില ജീവനക്കാർ പറയുന്നു. കൂടാതെ സി പി എമ്മന്റെ തന്നെ ചില പാർട്ടി മെമ്പർമാർ രാജി ഭീക്ഷണി മുഴക്കിയതും വഴി വിട്ടനീക്കത്തിന് ബോർഡിനെ പ്രേരിപ്പിച്ചുവെന്നാണ് കരുതുന്നത്. കോടതി അലക്ഷ്യമായേക്കാവുന്ന നീക്കത്തിന്് സി പി എം ജില്ലാ നേതൃത്വത്തിന്റെ അനുവാദം കൂടി ഉണ്ടന്നാണ് അറിയുന്നത്.

മുൻപ് 2014 ൽ യു.ഡി.എഫ് സർക്കാർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽവന്ന സാഹചര്യത്തിൽ ദേവസ്വത്തിൽ നിലവിലുള്ള എല്ലാ താൽകാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താൻ നടപടി സ്വീകരിച്ചതാണ്. എന്നാൽ ബോർഡിലെ തന്നെ ചിലരുടെ ഇടപെടലുകളെ തുടർന്ന് ഈ നടപടികൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് 2011 മുതലുള്ള സ്ഥിരനിയമനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കഴിഞ്ഞ വർഷം ഓഗസ്റ്റ്് 31 ന്് ഹൈക്കോടതി പരിഗണിക്കുകയും സുപ്രീം കോടതിയിലെ 2006 ലെ 'ഉമാദേവി വെർസസ് സ്റ്റേറ്റ് ഓഫ് കർണാടക'' വിധിയുടെ അടിസ്ഥാനത്തിൽ നിലവിൽ ദേവസ്വത്തിലെ ആരെയും സ്ഥിരപ്പെടുത്താൻ കഴിയില്ലെന്നറിയിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.

ഗുരുവായൂർ ദേവസ്വത്തോട് നിലവിലെ ഒഴിവുകൾ എല്ലാം തന്നെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് എത്രയും പെട്ടെന്ന് റിപ്പൊർട്ട് ചെയ്യാനും നിർദ്ദേശം നൽകി. ഈ വിധിക്കെതിരെ കഴിഞ്ഞ ജനുവരിയിൽ അന്നത്തെ യു.ഡി.എഫ് ഭരണസമിതിയും ഇരുന്നൂറോളം താൽകാലിക ജീവനക്കാരും സുപ്രിം കോടതിയിൽ വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തു.എന്നാൽ ദേവസ്വത്തോട് 'സ്റ്റാറ്റസ്‌കൊ'' നിലനിർത്താനാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ കഴിഞ്ഞ ഫെബ്രുുവരിയിൽ നിലവിൽ വന്ന കെ.ബി മോഹൻ ദാസ് ചെയർമാനായ എൽ.ഡി.എഫ് ഭരണസമിതി യു.ഡി.എഫ് ഭരണസമിതി എടുത്ത എല്ലാവരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനം റദ്ദ് ചെയ്തു. എന്നിട്ടാണ് 2005മുതൽ 2011 വരെയുള്ള എൽ.ഡി.എഫ് ഭരണസമിതി പിൻ വാതിൽ നിയമനം നൽകിയ 126 പേരെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്.

ഇതിൽ 110 പേരുടെ നിയമനവും സ്ഥിരപ്പെടുത്താനുള്ള നീക്കവുമാണ് കോടികളുടെ അഴിമതി ആരോപണത്തിലേക്ക് വിഷയം എത്തിച്ചിരിക്കുന്നത്. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഉൾപ്പെട ചൂണ്ടിക്കാട്ടി ഒരു വിഭാഗം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാനും നീക്കം ആരംഭിച്ചിട്ടുണ്ട്. ദേവസ്വം റിക്രൂട്ട്്മെന്റ് ബോർഡിനെ നോക്കു കുത്തിയാക്കി നടത്തുന്ന നീക്കം എന്തായാലും വ്യവഹാരങ്ങളിൽ കുടുങ്ങാനാണ് സാധ്യത.

ശബരിമലയിലെ യുവതി പ്രവേശനവിവാദത്തിന് പിന്നാലെ ഈയിടെ ഉയർന്ന് വലിയ ആരോപണങ്ങളിൽ ഒന്നാണ് ഹിന്ദു വിശ്വാസികൾക്കെതിരെയാണ് സർക്കാർ നയം എന്ന്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം സർക്കാർ കൊണ്ട് പോകുന്നു എന്ന ആരോപണവും ശക്തമായി സംഘപരിവാർ കേന്ദ്രങ്ങൾ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.ഇതിനു മറുപടിയായി ശബരിമലയിൽനിന്ന് സർക്കാർ ഒരു നയാപ്പൈസപോലും എടുക്കുന്നില്ലെന്നും മറിച്ച് കോടികൾ അങ്ങോട്ട് നൽകുകയാണെന്നുമുള്ള മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു പക്ഷേ അപ്പോൾ ഗുരുവായൂരിലെ പണം സർക്കാർ കൊള്ളയടിക്കുന്നുവെന്നായിരുന്നു വിമർശനം.

ഉടൻ ബോർഡ് വരവു ചെലവു കണക്കുകളുമായി രംഗത്ത് എത്തി. സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡിനു കീഴിലുള്ള ഗുരുവായൂർ ക്ഷേത്രത്തിന് ഇപ്പോൾ 1350 കോടി രൂപ സ്ഥിര നിക്ഷേപമുണ്ട്. പ്രതിദിനം ശരാശരി 25,000 പേർ എത്തുന്ന ക്ഷേത്രത്തിൽ ഭണ്ഡാരം, വഴിപാട്, ഗസ്റ്റ് ഹൗസുകൾ, ആനയേക്കം തുടങ്ങിയവയിൽ നിന്നായി 120 കോടി രൂപയാണ് വാർഷിക വരുമാനം. കൂടാതെ സ്ഥിര നിക്ഷേപത്തിനുള്ള പലിശയായി 100 കോടിയിൽ പരം രൂപയും ലഭിക്കുന്നു. ക്ഷേത്രവരുമാനത്തിൽനിന്ന് ചില്ലിക്കാശുപോലും സർക്കാരിലേക്ക് നൽകുന്നില്ലെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ. കെ ബി മോഹൻദാസ് പറഞ്ഞിരുന്നു. എന്നാൽ ദേവസ്വം പണം പാർട്ടിക്കാരിലെത്തിക്കാനാണ് അനധികൃത നിയമനങ്ങൾക്കുള്ള ശ്രമമെന്നാണ് ഉയരുന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP