Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരട്ട ചങ്കന് മാസം 20 മണിക്കൂർ പറക്കാൻ ഇരട്ട എൻജിന് പവൻഹാൻസിന് കൊടുക്കേണ്ടത് 1.45 കോടി രൂപ; അവഗണിച്ചത് 25 മണിക്കൂറിന് മാസവാടക 75 ലക്ഷം രൂപയെന്ന വിഗ്‌സ് എവിയേഷൻ വാഗ്ദാനം; 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റർ നൽകാമെന്ന ചിപ്‌സൻ ഏവിയേഷന്റെ ക്വട്ടേഷനും അവഗണിച്ചു; മാവോയിസ്റ്റുകളെ പറന്ന് ആക്രമിക്കാൻ അധിക തുക നൽകി കൊല്ലുന്നത് ഒന്നുമില്ലാത്ത ഖജനാവിനെ; പിണറായിയുടെ 'ഹെലികോപ്ടർ' മറ്റൊരു ഷേഡി ഡീലോ?

ഇരട്ട ചങ്കന് മാസം 20 മണിക്കൂർ പറക്കാൻ ഇരട്ട എൻജിന് പവൻഹാൻസിന് കൊടുക്കേണ്ടത് 1.45 കോടി രൂപ; അവഗണിച്ചത് 25 മണിക്കൂറിന് മാസവാടക 75 ലക്ഷം രൂപയെന്ന വിഗ്‌സ് എവിയേഷൻ വാഗ്ദാനം; 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റർ നൽകാമെന്ന ചിപ്‌സൻ ഏവിയേഷന്റെ ക്വട്ടേഷനും അവഗണിച്ചു; മാവോയിസ്റ്റുകളെ പറന്ന് ആക്രമിക്കാൻ അധിക തുക നൽകി കൊല്ലുന്നത് ഒന്നുമില്ലാത്ത ഖജനാവിനെ; പിണറായിയുടെ 'ഹെലികോപ്ടർ' മറ്റൊരു ഷേഡി ഡീലോ?

എം മനോജ് കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പറന്നു നടക്കാൻ പവൻഹാൻസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിന് പിന്നിൽ നടന്നത് കള്ളക്കളി. സാധാരണ ഹെലികോപ്റ്റർ കമ്പനികൾ ഈടാക്കുന്നതിലും ഏകദേശം ഇരട്ടി തുകയ്ക്കാണ് കേരളം പൊതുമേഖലാ സ്ഥാപനമായ പവൻഹാൻസ് ഹെലികോപ്റ്റർ എടുത്തിരിക്കുന്നത്. മാസം പറത്താനുള്ള മണിക്കൂറുകളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 75 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറത്താൻ മറ്റു കമ്പനികൾ തയ്യാറായിരിക്കെയാണ് 20 മണിക്കൂർ പറത്താൻ ഒന്നേമുക്കാൽ കോടി രൂപ കേരളം നൽകുന്നത്. ടെൻഡർ വിളിച്ചിട്ടുമില്ല. കരാറിന് നേതൃത്വം നൽകിയത് ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ്. ചീഫ് സെക്രട്ടറി നടത്തേണ്ടിയിരുന്ന കരാർ നടപടികളാണ് പൊലീസ് നേതൃത്വം നേരിട്ട് നടത്തിയത്. ഇതുകൊണ്ട് തന്നെയാണ് കരാറിന് പിന്നിൽ അഴിമതി തന്നെ എന്ന ആരോപണം ഉയരുന്നത്. നിലവിലെ ഈ മേഖലയിലെ കരാർ നിരക്കുകൾ പ്രകാരം ഏറ്റവും കൂടിയ നിരക്കിലുള്ള കരാറിലാണ് ഹെലികോപ്റ്റർ വരുന്നത്.

സുതാര്യതയില്ലാത്ത കരാറും തീരുമാനവും എന്നാണ് ഹെലികോപ്റ്റർ ഡീൽ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിന്നിടയിൽ ഒന്നേ മുക്കാൽ കോടിയോളം രൂപ മാസ വാടക നൽകി ഹെലികോപ്റ്റർ എടുക്കാനുള്ള തീരുമാനം വിവാദമായിരിക്കെയാണ് ഇതിനു പിന്നിലുള്ള അഴിമതിയിലേക്കും വിരൽ ചൂണ്ടൽ വരുന്നത് പവൻഹംസ് ലിമിറ്റഡിന്റെ, പത്തുപേർക്ക് സഞ്ചരിക്കാവുന്ന കോപ്റ്ററാണ് മാസവാടകയിൽ എടുക്കുന്നത്. ഇതിനു തന്നെ ഒന്നര കോടി രൂപ വാടക നൽകണം. വേറെയും കമ്പനികൾ സേവനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ നൽകാമെന്നു പറഞ്ഞ ഈ കമ്പനികളെ തഴഞ്ഞാണ് പവൻ ഹംസിൽ നിന്ന് തന്നെ ഹെലികോപ്റ്റർ വരുത്തിയത്. അരുണാചൽ മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡുവിന്റെ ജീവനെടുത്തത് പവൻഹാൻസിന്റെ ഹെലികോപ്ടറാണ്. അതുകൊണ്ട് തന്നെ ഇവർ തരുന്ന ഹെലികോപ്ടറിൽ സുരക്ഷാ മാനദണ്ഡങ്ങളുണ്ടോ എന്നതും പ്രധാനമാണ്. ഇതൊന്നും നോക്കാതെയാണ് കരാറെടുക്കുന്നത്.

ഇരട്ട എൻജിനുള്ള എ.എസ്. 365 ഡൗഫിൻ എൻ-3 ആണ് വാടകയ്‌ക്കെടുക്കുന്നത്. മാസം ഇരുപത് മണിക്കൂർ പറക്കാൻ 1.45 കോടി രൂപ നൽകണം. 20 മണിക്കൂറിനു മുകളിലായാൽ മണിക്കൂറിന് 67,926 രൂപവെച്ച് നൽകണം. മറ്റു കമ്പനികളുടെ സർവീസുമായി ഇടപാടുമായും താരതമ്യം ചെയ്യുമ്പോൾ ഇരട്ടി തുകയ്ക്കാണ് ഹെലികോപ്റ്റർ വരുത്തിയിരിക്കുന്നത്. ഹൈദ്രബാദ് ആസ്ഥാനമാക്കിയ വിങ്‌സ് ഏവിയേഷൻ ഹെലികോപ്പ്റ്റർ വാടകയ്ക്ക് നൽകാൻ നേരത്തെ തന്നെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഒരു താത്പര്യവും സർക്കാർ ഈ കാര്യങ്ങളിൽ കൈക്കൊണ്ടില്ല. ഹെലികോപ്റ്ററും എയർക്രാഫ്റ്റും എയർ ആംബുലൻസും വാടകയ്ക്ക് നൽകുന്ന കമ്പനിയാണിത്. 11 സീറ്റുകളുള്ള ഹെലികോപ്റ്റർ ആണ് ഇവർ വാടകയ്ക്ക് നൽകാൻ ഉദ്ദേശിച്ചത്. ബെൽ കമ്പനിയുടെ ഹെലികോപ്റ്റർ ആണിത്.

തീരെ താത്പര്യമില്ലാത്ത രീതിയിലാണ് വിങ്‌സ് ഏവിയേഷനോട് സർക്കാർ പ്രതികരിച്ചത്. മാസങ്ങൾക്ക് മുൻപ് തന്നെ ഈ കാര്യവുമായി ബന്ധപ്പെട്ടു കമ്പനി സർക്കാരിനെ സമീപിച്ചിരുന്നു. 25 മണിക്കൂറും മാസവാടക 75 ലക്ഷം രൂപയും എന്നാണ് വിഗ്‌സ് എവിയേഷൻ സർക്കാരിനു മുന്നിൽ പ്രൊപ്പോസൽ വെച്ചത്. ഈ തുക തന്നെ വളരെ കൂടുതൽ എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. ഇതേ സർക്കാർ തന്നെയാണ് 20 മണിക്കൂർ പറത്താൻ ഒന്നേ മുക്കാൽ കോടി നൽകി പവൻ ഹംസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. വിങ്‌സ് ഏവിയേഷൻ ഛത്തീസ്‌ഗഡ് സർക്കാരിനു ഹെലികോപ്റ്റർ നൽകിയിട്ടുണ്ട്.

അത് മാസം 25 മണിക്കൂർ പറത്താൻ 75 ലക്ഷം രൂപയ്ക്കാണ് നൽകിയിരിക്കുന്നത്. ഇതേ രീതിയിൽ തന്നെയുള്ള പ്രോജക്റ്റ് ആണ് ഇവർ സംസ്ഥാന സർക്കാരിനും നൽകിയിരിക്കുന്നത്. ഛത്തീസ്‌ഗഡ് സർക്കാർ ഹെലികോപ്റ്റർ സ്വീകരിച്ചതിലും ഇരട്ടി തുകയ്ക്കാണ് കേരളത്തിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇവർ നൽകിയ ഹെലികോപ്റ്റർ ഛത്തീസ്‌ഗഡ് സർക്കാർ ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്.

വിങ്‌സ് ഏവിയേഷന്റെ ഉമേഷ് കാമത്തിന്റെ പ്രതികരണം:

ഹൈദരാബാദ് ആസ്ഥാനമാക്കിയ കമ്പനിയാണിത്. ഛത്തീസ്‌ഗഡ് സർക്കാർ ഹെലികോപ്റ്റർ നൽകിയ കമ്പനിയാണ് ഞങ്ങളുടേത്. പല കമ്പനികൾക്കും ഞങ്ങൾ ഹെലികോപ്റ്റർ നൽകുന്നുമുണ്ട്. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ സർക്കാരിനു പദ്ധതിയുണ്ട് എന്ന് അറിഞ്ഞാണ് ഞങ്ങൾ സർക്കാരിനു സമീപിക്കുന്നത്. മാസം 20 മണിക്കൂർ പറത്തുന്നതിനാണ് ഇവർ കരാർ എടുത്തിരിക്കുന്നത്. ഞങ്ങൾ സർക്കാരിനു മുൻപേ തന്നെ നൽകിയ പ്രോപ്പോസലിൽ 25 മണിക്കൂർ എന്നാണ് ചൂണ്ടിക്കാട്ടിയത്. ഇരുപത് മണിക്കൂർ ആണെങ്കിൽ 60 ലക്ഷത്തോളം രൂപയിലേക്ക് തുക കുറയുകയും ചെയ്യും. ഇരുപത്തിയഞ്ചു മണിക്കൂറുകൾക്ക് 78 ലക്ഷവും ടാക്‌സും ആണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഇപ്പോൾ സർക്കാർ എടുത്തിരിക്കുന്നത് ഞങ്ങൾ പറഞ്ഞതിലും ഇരട്ടി തുകയ്ക്ക് ആണ്. അതേസമയം കുറഞ്ഞ മണിക്കൂറുമാണ്. ഒന്നേമുക്കാൽ കോടി രൂപയ്ക്കാണ് ഹെലികോപ്റ്റർ ഇപ്പോൾ എടുത്തിരിക്കുന്നത്. 20 മണിക്കൂർ മാത്രവും. ഞങ്ങൾ അഞ്ചു മണിക്കൂർ അധികമുള്ള പ്രൊപ്പോസൽ ആണ് നൽകിയിരുന്നത്. ഞങ്ങളുടെ പ്രൊപ്പോസലിനോട് സർക്കാർ അനുകൂല രീതിയിൽ പ്രതികരിച്ചില്ല. റേറ്റ് കൂടുതൽ എന്ന രീതിലുള്ള പ്രതികരണമാണ് ഞങ്ങൾക്ക് നൽകിയത്. മറ്റു കമ്പനികളും സർക്കാരിനെ സമീപിച്ചിരുന്നു. അവരോടും അന്ന് അതേ സമീപനമാണ് പിന്തുടർന്നത് എന്നാണ് ഞങ്ങൾക്ക് മനസിലാകുന്നത്. ഇപ്പോൾ ടെൻഡർ വിളിച്ചില്ല. സർക്കാർ ഒരു കമ്പനിക്ക് നേരിട്ട് നൽകുകയാണ് ചെയ്തത്-ഉമേഷ് കാമത്ത് പറയുന്നു.

അതേ സമയം ചിപ്‌സൻ ഏവിയേഷനും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ചിപ്‌സൻ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷൻ പരിഗണിച്ചില്ല എന്ന ആരോപണമാണ് ഉയരുന്നത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റർ നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഹെലികോപ്റ്റർ സർക്കാർ വാടകയ്‌ക്കെടുക്കുന്നത് കൂടുതൽ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞെന്നാണ് തെളിയുന്നത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സൻ ഏവിയേഷൻ കമ്പനി വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനവും സർക്കാർ സ്വീകരിച്ചിരുന്നില്ല. അതേസമയം തുമ്പി ഏവിയേഷനും സർക്കാരിനെ സമീപിച്ചിരുന്നതായി സൂചനയുണ്ട്. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം ആകാശക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചിട്ടുണ്ട്. തീരുമാനം ആകാശക്കൊള്ളയെന്നു ചെന്നിത്തല പറഞ്ഞപ്പോൾ നടപടി വെറും ധൂർത്താണെന്നും മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും സഞ്ചരിക്കാനുള്ള വാഹനമായി ഇത് മാറുമെന്നുമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആക്ഷേപിച്ചത്. മൂന്നര വർഷം കൊണ്ട് പിണറായി സർക്കാർ നടത്തിയത് ആയിരം കോടി രൂപയുടെ ധൂർത്താണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രളയസമയത്തു മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതു വിവാദമായിരുന്നു. രക്ഷാപ്രവർത്തനങ്ങളിൽ സേനയ്ക്കു ഫലപ്രദമായി ഇടപെടാൻ ഹെലികോപ്റ്റർ വാങ്ങുകയോ സ്ഥിരമായി വാടകയ്ക്ക് എടുക്കുകയോ വേണമെന്നു ആ സമയം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചിരുന്നു. പ്രളയവും മാവോയിസ്റ്റ് ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഈ രീതിയിലുള്ള ആവശ്യം ഡിജിപി ഉയർത്തിയത്. ഈ തീരുമാനപ്രകാരമാണ് ഹെലികോപ്റ്റർ വരുന്നത്. പക്ഷെ ഇൻഡസ്ട്രിയിൽ നിലവിലുള്ള ഇരട്ടി തുകയ്ക്ക് വാടകയ്ക്ക് എടുക്കാനുള്ള തീരുമാനമാണ് വിവാദത്തിന്റെ നിറം പകർന്നു ഇപ്പോൾ സർക്കാരിനു തലവേദനയായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP