Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശീന്ദ്രൻ എന്റെ ബിഎസ്എൻഎൽ നമ്പറിൽ വിളിച്ച് അസഭ്യം പറഞ്ഞത് 2017 ഫെബ്രുവരി 1ന്; ചാനലുകളിൽ സംഭാഷണം എത്തിയതിനാൽ മാനഹാനി ഉണ്ടായത് എനിക്കും എന്റെ കുടുംബത്തിനും; 25 കോടി കിട്ടിയേ മതിയാകൂ; മംഗളം ചാനലിനെ പിടിച്ചുലച്ച ഹണിട്രാപ്പ് കേസിന് പുത്തന്മാനം നൽകി ആലപ്പുഴക്കാരൻ രമേശന്റെ പരാതി ക്രൈംബ്രാഞ്ചിന്; ആരോപണങ്ങളിൽ വ്യക്തത വന്നാൽ ശശീന്ദ്രന് വീണ്ടും മന്ത്രിക്കുപ്പായം ഊരേണ്ടി വരും; മന്ത്രിയെ വിടാതെ പിന്തുടർന്ന് അശ്ലീല ഫോൺവിളി വിവാദം

ശശീന്ദ്രൻ എന്റെ ബിഎസ്എൻഎൽ നമ്പറിൽ വിളിച്ച് അസഭ്യം പറഞ്ഞത് 2017 ഫെബ്രുവരി 1ന്; ചാനലുകളിൽ സംഭാഷണം എത്തിയതിനാൽ മാനഹാനി ഉണ്ടായത് എനിക്കും എന്റെ കുടുംബത്തിനും; 25 കോടി കിട്ടിയേ മതിയാകൂ; മംഗളം ചാനലിനെ പിടിച്ചുലച്ച ഹണിട്രാപ്പ് കേസിന് പുത്തന്മാനം നൽകി ആലപ്പുഴക്കാരൻ രമേശന്റെ പരാതി ക്രൈംബ്രാഞ്ചിന്; ആരോപണങ്ങളിൽ വ്യക്തത വന്നാൽ ശശീന്ദ്രന് വീണ്ടും മന്ത്രിക്കുപ്പായം ഊരേണ്ടി വരും; മന്ത്രിയെ വിടാതെ പിന്തുടർന്ന് അശ്ലീല ഫോൺവിളി വിവാദം

എം മനോജ് കുമാർ

തിരുവനന്തപുരം: മംഗളം ഹണി ട്രാപ്പ് കേസിൽ കുരുങ്ങിയ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അന്ന് അശ്ലീല സംഭാഷണം നടത്തിയത് ആരുടെ ഫോണിൽ? കേസുമായി ബന്ധപ്പെട്ടു വന്ന വാർത്തകളിലും മാധ്യമ പ്രവർത്തകയുടെ മൊഴിയിലും എല്ലാം തന്നെ പറഞ്ഞിരിക്കുന്നത് മാധ്യമ പ്രവർത്തകയുടെ ഫോണിൽ വിളിച്ചാണ് മന്ത്രി അശ്ലീല സംഭാഷണം നടത്തിയത് എന്നാണ്. എന്നാൽ മാധ്യമ പ്രവർത്തകയുടെ ഫോണിലല്ല തന്റെ ഫോണിൽ വിളിച്ചാണ് മന്ത്രി അശ്ലീല സംഭാഷണം നടത്തിയത് എന്നാണ് പുതിയ പരാതി വന്നിരിക്കുന്നത്. ഹണിട്രാപ്പ് കേസിലെ നാൾ വഴികളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പരാതിയാണ് ഈ കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് സിബിസിഐഡിക്ക് മുൻപാകെയുള്ളത്. ഇതോടെ മന്ത്രിസ്ഥാനത്ത് നിന്ന് ശശീന്ദ്രന് വീണ്ടും രാജിവയ്‌ക്കേണ്ടി വരുമെന്ന ചർച്ച സജീവമാകുകയാണ്.

ഹണിട്രാപ്പ് ആരോപണത്തെ തുടർന്ന് ശശീന്ദ്രൻ നേരത്തെ രാജിവച്ചിരുന്നു. തുടർന്ന് നടന്ന ജ്യൂഡീഷ്യൽ അന്വേഷണം ശശീന്ദ്രന് അനുകൂലമായി മാറി. ഇതിനിടെ ശശീന്ദ്രന്റെ പകരക്കാരനായി മന്ത്രിസഭയിലെത്തിയ തോമസ് ചാണ്ടി ഭൂമി കൈയേറ്റ വിവാദത്തിൽ കുടുങ്ങി രാജിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ശശീന്ദ്രനെ വീണ്ടും പിണറായി മന്ത്രിയാക്കി. വളരെ കരുതലോടെ മുന്നോട്ട് പോകുമ്പോഴാണ് പുതിയ പരാതി എത്തുന്നത്. ഇത് കടുത്താൽ വീണ്ടും ശശീന്ദ്രന് കുടുക്കായി മാറും. മന്ത്രിസഭയിൽ നിന്നും രണ്ടാമതും രാജിവയ്‌ക്കേണ്ടി വരുന്ന സാഹചര്യം ശശീന്ദ്രന് വരുമെന്നും വിലയിരുത്തലുണ്ട്. ഏതായാലും പരാതി വിശദമായി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും തലകീഴായി മറിക്കുന്ന പരാതി കൂടിയാണിത്. ആലപ്പുഴ സ്വദേശിയായ രമേശ് ആണ് ശശീന്ദ്രനെതിരെ ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഈ കാര്യത്തിൽ രമേശ് പരാതി നൽകിയിട്ടുണ്ട് എന്നാണ് അറിയുന്നത്. തന്റെ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിൽ വിളിച്ചാണ് മുൻപ് മന്ത്രിയായിരുന്ന വേളയിൽ ശശീന്ദ്രൻ അശ്ളീല സംഭാഷണം നടത്തിയത് എന്നാണ് പരാതി. . ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ 2017 ഫെബ്രുവരി മാസം 1 ന് എന്റെ ബി.എസ്.എൻ എൽ നമ്പറിൽ വിളിച്ച് അസഭ്യം പറഞ്ഞു. അത് ചാനലുകളിൽ സംപ്രേഷണം ചെയ്യപ്പെട്ടു. ഇത് എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും മാനഹാനി ഉണ്ടാക്കി. ശശീന്ദ്രനു സൈബർ കുറ്റത്തിന് നൽകാവുന്ന പരമാവധി ശിക്ഷ നൽകണമെന്നു പരാതിയിൽ പറയുന്നു.

അശ്ലീല സംഭാഷണം നടത്തി മാനഹാനി ഉണ്ടാക്കിയതിന് എ.കെ ശശീന്ദ്രനിൽ നിന്ന് 25 കോടി രൂപയും മാനനഷ്ടത്തിന് ഈടാക്കി നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഷാനവാസ് ശശീന്ദ്രൻ വിളിച്ചത് തന്റെ നമ്പറിൽ നിന്നാണ് എന്ന കാര്യം ഫോൺ സംഭാഷണ വേളയിൽ സ്ഥിരീകരിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഈ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കൂടി പരാതിക്ക് ഒപ്പം നൽകിയിട്ടുണ്ട്. ഇത്തരം ഒരു പരാതി നൽകിയ കാര്യം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായിരുന്ന ഷാനവാസ് മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു.

പരാതി ലഭിച്ചത് ഒരാഴ്ചയ്ക്ക് മുൻപാണ്. ഈ കാര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് മുന്നോട്ടു നീക്കുന്നതേയുള്ളൂ. ക്രൈംബ്രാഞ്ചിൽ നിന്ന് സ്ഥലംമാറിയ ശേഷം ഇപ്പോൾ അഡീഷണൽ എസ്‌പിയായ ഷാനവാസ് പറഞ്ഞു. ഹണിട്രാപ്പ് കേസിൽ നിന്ന് കോടതിവിധി വഴി തലയൂരിയ ശേഷം മന്ത്രി പദവി തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിൽ മുന്നോട്ടു പോകുമ്പോഴാണ് മന്ത്രി എ.കെ.ശശീന്ദ്രന് അലോസരമുണ്ടാക്കി പുതിയ പരാതി പിറവിയെടുത്തിരിക്കുന്നത്. അടിമുടി ദുരൂഹത നിറഞ്ഞ കേസ് ആയിരുന്നു ഹണിട്രാപ് കേസ്. ഹണി ട്രാപ്പ് കേസിന്റെ ഓരോ വിശദാശങ്ങളിലും പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത് ഈ ദുരൂഹതകൾ തന്നെയായിരുന്നു.

ഒരു വീട്ടമ്മയ്ക്കു നേരെ മന്ത്രി ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തി എന്നാണ് ഈ അശ്ലീല ഫോൺ സംഭാഷണം ആദ്യം പുറത്തു വിട്ട മംഗളം ചാനൽ അവകാശപ്പെട്ടത്. പക്ഷെ വിവാദം കത്തിയപ്പോൾ ശശീന്ദ്രൻ സംഭാഷണം നടത്തിയത് മംഗളം ചാനലിലെ മാധ്യമ പ്രവർത്തകയുമായാണ് എന്ന രീതിയിൽ പിന്നീട് മംഗളം ചുവടുമാറ്റം നടത്തി. ഒരു സ്റ്റിങ് ഓപ്പറേഷൻ വഴി ശശീന്ദ്രനെ കുരുക്കി എന്നാണ് പിന്നീട് മംഗളം പറഞ്ഞത്. ഇതിനു ശേഷമാണ് മംഗളം ശശീന്ദ്രനെ ഹണിട്രാപ്പിൽ കുരുക്കുകയായിരുന്നു എന്ന് വ്യക്തമായത്. ഇതോടെയാണ് മംഗളം ചാനലിലെ ഉന്നതർക്ക് ജയിലിൽ കഴിയേണ്ട അവസ്ഥ വന്നത്. ഇവർക്ക് ജാമ്യം കിട്ടിയെങ്കിലും കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്. വാർത്ത നൽകിയ മംഗളം ചാനലിലെ ഉന്നതർ അവർ തന്നെ പുറത്തു കൊണ്ടുവന്ന ഹണി ട്രാപ്പ് കേസിൽ പ്രതികളായ മാറിയത് മലയാള മാധ്യമ ചരിത്രത്തിൽ തന്നെ പുതു അധ്യായമായിരുന്നു. ഹണിട്രാപ്പുമായി ബന്ധപ്പെട്ടു അന്നും ഇന്നും മംഗളം പറയാത്ത കാര്യമാണ് പുതിയ പരാതി വഴി ഉയർന്നുവന്നിരിക്കുന്നത്.

ഇതുവരെ ഹണിട്രാപ്പിലെ ഫോൺ സംഭാഷണം മാധ്യമ പ്രവർത്തകയുടെ ഫോണിൽ കൂടിയാണ് നടന്നത് എന്നാണ് അറിഞ്ഞിരുന്നത്. മാധ്യമ പ്രവർത്തകയും ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തിയത് തന്റെ ഫോണിൽ കൂടിയാണ് എന്നാണ് പറഞ്ഞിരുന്നത്. കോടതിയിൽ കൊടുത്ത മൊഴിയിലും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും എല്ലാം തന്നെ മാധ്യമ പ്രവർത്തകയുടെ ഫോണിലാണ് ശശീന്ദ്രൻ വിളിച്ചത് എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പുതിയ പരാതിയോടെ ഈ കേസിൽ വീണ്ടും ദുരൂഹത വർദ്ധിക്കുകയാണ്. പരാതിയിൽ പറയുന്നത് തന്റെ രജിസ്ട്രേഡ് മൊബൈൽ ഫോണിൽ വിളിച്ചാണ് മന്ത്രി അശ്ളീല സംഭാഷണം നടത്തിയത് എന്നാണ്. ആ ഫോൺ ആരാണ് അപ്പോൾ ഉപയോഗിച്ച് കൊണ്ടിരുന്നത് എന്ന് പരാതിയിൽ വ്യക്തമല്ല. ശശീന്ദ്രന്റെ മാധ്യമ പ്രവർത്തകയുമായുള്ള സംഭാഷണം മംഗളം ചാനൽ തന്നെ മുൻപ് സംപ്രേഷണം ചെയ്തതാണ്. ഫോൺ തന്റേത് ആയിരുന്നു ആ നമ്പർ തന്റെ ഐഡിയിൽ എടുത്തതാണ് എന്നാണ് രമേഷ് പറയുന്നത്. ഹണിട്രാപ്പ് കേസിൽ ഈ പരാതിയോടെ വീണ്ടും ദുരൂഹത വർദ്ധിക്കുകയാണ്. : ചാനൽ പ്രവർത്തകയോട് ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്ന കേസിൽ മന്ത്രി എ.കെ. ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചാനൽ പ്രവർത്തക ശശീന്ദ്രനനുകൂലമായി മൊഴി നൽകിയതിനെതുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി ശശീന്ദ്രനെ കുറ്റമുക്തനാക്കിയത്. ഇതോടെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രിയായി തിരികെ വരാൻ കഴിഞ്ഞത്.

എന്താണ് ഹണിട്രാപ്പ് കേസ് ?

കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ കേസ് ആയിരുന്നു ഹണിട്രാപ്പ് കേസ്. ഒരു മന്ത്രിയും ഒരു മാധ്യമ സ്ഥാപവും കേസിന്റെ കേസിന്റെ രണ്ടു വശങ്ങളിൽ വരുകയും ചെയ്തു. കെഎസ് ആർടിസി വാർത്തയുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മംഗളം ചാനൽ പ്രവർത്തകയോട് മന്ത്രിയായിരുന്ന ശശീന്ദ്രൻ അശ്ളീല സംഭാഷണം നടത്തി എന്നായിരുന്നു പരാതി പുറത്തു വന്നത്. ശശീന്ദ്രനും ഒരു യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണം മംഗളം ചാനൽ സംപ്രേഷണവും ചെയ്തു. യുവതി മംഗളത്തിലെ മാധ്യമ പ്രവർത്തകയായിരുന്നു എന്ന് മംഗളം പിന്നെ വെളിപ്പെടുത്തുകയും ചെയ്തു. സംഭവം വിവാദമായതിനെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 26ന് ശശീന്ദ്രൻ രാജിവയ്ക്കുകയായിരുന്നു. തുടർന്ന് മന്ത്രിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും ചാനൽ മേധാവി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അന്വേഷണം മുന്നോട്ടു നീങ്ങിയപ്പോൾ ഒമ്പതാം പ്രതിയായിരുന്നു ചാനൽപ്രവർത്തക തുടർന്ന് ശശീന്ദ്രനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ ശശീന്ദ്രന് എതിരെ കേസ് വന്നു. പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്ന് സാക്ഷികളും മുൻ മന്ത്രി അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണ് മൊഴി നൽകിയത്. മാസങ്ങൾക്ക് ശേഷം പരാതിക്കാരി കേസ് പിൻവലിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ ശശീന്ദ്രൻ ഉപാധികളോടെ കോടതിയിൽനിന്ന് ജാമ്യവും നേടിയിരുന്നു. തുടർന്ന് വാദം കഴിഞ്ഞ ശേഷം എ.കെ. ശശീന്ദ്രനെ കുറ്റവിമുക്തനായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. പരാതിയില്ലെന്ന ചാനൽ പ്രവർത്തകയുടെ മൊഴി പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. . ഫോൺ വിളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച മുൻ ജില്ല ജഡ്ജി പി.എ. ആന്റണി കമീഷനും ശശീന്ദ്രനെ കുറ്റമുക്തനാക്കിയ റിപ്പോർട്ടാണ് സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP