Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ കൈയെടുത്തത് ചെന്നിത്തല; ഓടി നടന്നത് സ്വപ്‌നാ ജോർജ്; ക്രെഡിറ്റ് എടുത്ത് ബി സത്യനും; നടുറോഡിൽ പട്ടാപ്പകൽ അടിച്ചു കൊന്ന ഷബീറിന്റെ ഉമ്മയ്ക്ക് ജോലി കിട്ടയിത് ആറ്റിങ്ങൽ എംഎൽഎയുടെ ഇടപെടൽ കൊണ്ടെന്ന പ്രചരണം തെറ്റ്; സിപിഐ(എം) നേതാവ് ഒരു തുണ്ട് കടലാസ് പോലും നൽകിയില്ലെന്ന് വിവരാവകാശ രേഖ

മുൻ കൈയെടുത്തത് ചെന്നിത്തല; ഓടി നടന്നത് സ്വപ്‌നാ ജോർജ്; ക്രെഡിറ്റ് എടുത്ത് ബി സത്യനും; നടുറോഡിൽ പട്ടാപ്പകൽ അടിച്ചു കൊന്ന ഷബീറിന്റെ ഉമ്മയ്ക്ക് ജോലി കിട്ടയിത് ആറ്റിങ്ങൽ എംഎൽഎയുടെ ഇടപെടൽ കൊണ്ടെന്ന പ്രചരണം തെറ്റ്; സിപിഐ(എം) നേതാവ് ഒരു തുണ്ട് കടലാസ് പോലും നൽകിയില്ലെന്ന് വിവരാവകാശ രേഖ

അരുൺ ജയകുമാർ

തിരുവനന്തപുരം: പട്ടാപകൽ അക്രമികൾ കൊലപ്പെടുത്തിയ ഷബീറിന്റെ ഉമ്മയ്ക്ക് ജോലി ലഭിച്ചത് ആറ്റിങ്ങൽ എംഎൽഎ ബി. സത്യന്റെ നിവേദനത്തെ തുടർന്നെന്ന വാദം പൊളിയുന്നു. എംഎൽഎയുടെ നിവേദനം പരിഗണിച്ചാണ് ഷബീറിന്റെ ഉമ്മയ്ക്ക് ജോലി ലഭിച്ചതെന്ന പ്രചരണം വ്യാപകമായിരുന്നു. ഇത് സംബന്ധിച്ച പത്രവാർത്തകൽ എംഎൽഎയുടെ ഫെയ്‌സ് ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടു. മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ആറ്റിങ്ങലിൽ നിന്ന് ജയിച്ച് നിയമസഭയിൽ വീണ്ടുമെത്തിയ സത്യന്റെ ജനകീയ ഇടപെടലിന് തെളിവായി ഈ ജോലി നേട്ടത്തെ സിപിഐ(എം) അനുഭാവികളും വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് സത്യം അന്വേഷിച്ച് മറുനാടൻ മലയാളി വിവരാവകാശ നിയമപ്രകാരം ചോജ്യങ്ങൾ നൽകിയത്. ഇതനുസരിച്ച് ലഭിച്ച മറുപടിയിൽ എംഎൽഎ ഒരു തരത്തിലുള്ള നിവേദനവും നൽകിയിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

യുഡിഎഫ് ഭരണകാലത്താണ് വക്കത്തെ ഷബീറിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. ഈ വിഡിയോ വൈറലാവുകയും കുടുംബത്തിന്റെ ദുരവസ്ഥ പുറത്തുവരികയും ചെയ്തു. പിന്നീട് യുഡിഎഫ് സർക്കാർ ജോലിയും നൽകി. എന്നാൽ തെരഞ്ഞെടുപ്പ് കാലത്തിന്റെ നൂലാമാലകൾ ഉത്തരവിറങ്ങുന്നതിന് തടസ്സമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം ഡിസിസി ചില ഇടപെടലുകൾ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ സ്വപ്‌നാ ജോർജിനെ ഇതിനായി നിയോഗിക്കുകയും ചെയ്തു. കോൺഗ്രസിലെ യുവനേതാക്കൾ മുഴുവൻ സീറ്റ് മോഹവുമായി ഡൽഹിയിൽ തമ്പടിച്ചപ്പോഴും ഷബീറിന്റെ അമ്മയ്ക്ക് ജോലി ഉറപ്പാക്കാനുള്ള പരിശ്രമത്തിലായിരുന്നു സ്വപ്‌നാ ജോർജ്. ഇക്കാര്യം മറുനാടൻ അന്ന് വാർത്തയുമാക്കി. ഈ സാഹചര്യത്തിലാണ് ഷബീറിന്റെ അമ്മയുടെ നിയമന ഉത്തരവിലെ സത്യസന്ധമായി ഇടപടെൽ കണ്ടെത്താൻ മറുനാടൻ തീരുമാനിച്ചത്.

വക്കം മണക്കാട് വീട്ടിൽ ഷെബീറിന്റെ മരണത്തെ തുടർന്ന് അശരണയായ ഉമ്മ നസീമാ ബീവിക്ക് എംഎൽഎ ഇടപെട്ട് ജോലി തരപ്പെടുത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഷെബീറിന്റെ മരണത്തെതുടർന്ന് മാതാവ് നസീമാ ബീവിക്ക് വെഞ്ഞാറംമൂട് ഫയർ‌സ്റ്റേഷനിൽ പാർട് ടൈം സ്വീപ്പറായി ജോലി നൽകിയിരുന്നു. ഈ പ്രചരണത്തിന്റെ സത്യം മനസ്സിലാക്കാൻ ആഭ്യന്തര വകുപ്പിൽ വിവരാവകാശ പ്രകാരം ചോദ്യം ഉന്നയിച്ചു. ഈ രേഖകളിലാണ് സത്യമുള്ളത്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിച്ച മറുപടിയിൽ എംഎൽഎ ബി. സത്യൻ ഒരു നിവേദനവും നൽകിയതായി കാണുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഷബീറിന്റെ കൊലപാതകത്തെതുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എംഎൽഎ നൽകിയ നിവേദനത്തിന്റെ കഥയാണ് ഈ വിവരാവകാശത്തോടെ പൊളിയുന്നത്.

കഴിഞ്ഞ ജനുവരി 31നാണ് ആറ്റിങ്ങൽ വക്കം കാഞ്ഞിരവിളാകം റെയിൽവേഗേറ്റിന് സമീപം അക്രമികൾ ഷെബീറിനെ അടിച്ച് കൊലപ്പെടുത്തിയത്. വിവരാവകാശ രേഖയിൽ സൂചിപ്പിക്കുന്നത് പ്രകാരം നസീമയ്ക്ക് വെഞ്ഞാറംമൂട് ഫയർ സ്‌റ്റേഷനിൽ ജോലി നൽകുന്നതിനായി 2016 മാർച്ച് മൂന്നിന് ഫയർ ആൻഡ് റസ്‌ക്യു സർവ്വീസ് ഡയറക്ടർ ജനറലിന് സർക്കാർ അനുമതി നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത് 2016 ഫെബ്രുവരി 19ന് നസീമ ബീവി തന്നെ നേരിട്ട് നൽകിയ നിവേദനം പരിഗണിച്ചുകൊണ്ടാണെന്നും രേഖകളിൽ സൂചിപ്പിക്കുന്നു. ആലംകൊട് മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായിരുന്ന ഷെബീറിന്റെ ഏക വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്.

മാർച്ച് 3ന് ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവായെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജൂണിലാണ് അവർ ജോലിയിൽ പ്രവേശിച്ചത്. ഷെബീറിന്റെ പിതാവ് നസീമാ ബീവിയേയും ഷെബീറിനേയും ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മയ്ക്ക് ജോലി ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ജനുവരി 31ന് മർദ്ദനമേറ്റ ഷബീർ പിറ്റേന്ന് ആശുപത്രിയിൽ മരിച്ചപ്പോൾ പൊലിഞ്ഞത് ഒരു അമ്മയുടെ അവസാന ആശ്രമയായിരുന്നു. ബിരുദ പഠനം രണ്ടാം വർഷത്തിൽ അവസാനിപ്പിച്ച് കുടുംബം പോറ്റാൻ മീൻകച്ചവടത്തിനിറങ്ങിയതാണ് ഷബീർ. സഹോദരങ്ങളായ ഷമീറിന്റെയും ഷജീറിന്റെയും പഠനചെലവുകൾ വഹിച്ചിരുന്നത് ഷബീറാണ്.

ഷജീറിനെ ഗർഭം ധരിച്ചിരുന്ന കാലത്ത് ബാപ്പ കുടുംബത്തെ ഉപേക്ഷിച്ചു പോയതാണ്. ചുമടെടുത്താണ് പിന്നീട് നബീസ കുഞ്ഞുങ്ങളെ വളർത്തിയത്. വക്കം പുത്തൻനട ക്ഷേത്രസമിതി അംഗം കൂടിയായിരുന്ന ഷബീർ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. എന്നിട്ടും ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ ഷബീറിനെ നടുറോഡിൽ അടിച്ചു കൊന്നു. നബീസയുടെയും കുടുംബത്തിന്റെയും കഷ്ടപ്പാട് മനസിലാക്കിയ ഉമ്മൻ ചാണ്ടി സർക്കാർ ചിലതെല്ലാം ചെയ്യാൻ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതിന് മുന്നിട്ടെത്തി. ഫയർ ആൻഡ് റെസ്‌ക്യു സർവീസിൽ പാർട്ട് ടൈം സ്വീപ്പറായി വെഞ്ഞാറമൂട് ഫയർ‌സ്റ്റേഷനിൽ നിയമനം നൽകാൻ തീരുമാനിക്കുകയായിരുന്നു. എഴുപത് വയസുവരെ നബീസയ്ക്ക് ജോലിയിൽ തുടരാൻ കഴിയും.

എന്നാൽ തീരുമാനമെല്ലാം ചുവപ്പുനാടയിൽ കുരുങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, സാമൂഹ്യപ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുന്ന ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സ്വപ്ന ജോർജിനെ ഷബീറിന്റെ വീട്ടുകാരോട് സംസാരിക്കാൻ ചുമതലപ്പെടുത്തി. നബീസയ്ക്ക് വെഞ്ഞാറമൂട്ടിൽ പുതുതായി തുടങ്ങുന്ന ഫയർ സ്റ്റേഷനിൽ ജോലിനൽകുന്ന കാര്യം പരിഗണിക്കണമെന്ന് സ്വപ്ന ജോർജ് ആവശ്യം ഉന്നയിച്ചു. സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തി. ഇതോടെ 24 മണിക്കൂറിനുള്ളിൽ തീർപ്പുണ്ടാക്കാൻ രമേശ് ചെന്നിത്തല ഫയർഫോഴ്‌സ് മേധാവി ലോക്‌നാഥ് ബഹ്‌റയോട് ആവശ്യപ്പെട്ടു. നബീസയ്ക്ക് ജോലി ഉറപ്പാക്കാൻ ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയോടും മന്ത്രി ആവശ്യപ്പെട്ടു. തുടർന്നാണ് നബീസയുടെ ജോലി പാതി വഴി വരെ എത്തി. മന്ത്രിസഭായോഗം അംഗീകരിച്ച ദിവസം തന്നെ ജോലി നൽകിയുള്ള ഉത്തരവും പുറത്തിറക്കി.

പക്ഷേ അതുകൊണ്ട് കാര്യങ്ങൾ തീർന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം കിട്ടണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം. ഇതിനായി സർക്കാർ കത്തെഴുതി. ഇത് അംഗീകരിച്ചെടുക്കാനും സ്വപ്‌നാ ജോർജ് മുന്നിൽ നിന്നു. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കാത്തതു കൊണ്ട് അംഗീകാരം കിട്ടിയില്ലെന്നതാണ് വസ്തുത. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഉത്തരവ് യാഥാർത്ഥ്യമായി. ഇക്കാര്യത്തിലാണ് സത്യന് വേണ്ടി പ്രചരണം സജീവമായത്.

എന്നാൽ ഇതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് സ്വപ്‌നാ ജോർജ്. പാവം അമ്മയുടെ ജോലിക്കാര്യത്തിൽ രാഷ്ട്രീയ വിവാദത്തിന് ഇല്ലെന്നും സ്വപ്‌നാ ജോർജ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയുടെ നിർദ്ദേശം പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സ്വപ്‌നാ ജോർജ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP