Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനെ തിരിച്ചെടുക്കുമോ എന്ന് ചോദിച്ച് ഊർമിളാ ഉണ്ണി; പുറത്താക്കിയത് നിയമപരമല്ലെന്ന് മറുപടിയുമായി ഇടവേള ബാബു; പ്രത്യേക സാഹചര്യത്തിലെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്താൽ സംഘടന കുടുങ്ങുമെന്നും പുതുതായി ചുമതലയേറ്റ ജനറൽ സെക്രട്ടറി; മോഹൻലാലിനേയും മമ്മൂട്ടിയേയും വേദിയിലിരുത്തി തീരുമാനം പുനപരിശോധിക്കുമന്ന് പ്രഖ്യാപനം; ആവശ്യമെങ്കിൽ മാത്രം സസ്‌പെൻഷൻ; ജനപ്രിയ നായകൻ ഇപ്പോഴും താരസംഘടനയിലെ അംഗം തന്നെ; ക്രൗൺ പ്ലാസിലെ രഹസ്യ യോഗത്തിലെ ചർച്ച ഇങ്ങനെ

ദിലീപിനെ തിരിച്ചെടുക്കുമോ എന്ന് ചോദിച്ച് ഊർമിളാ ഉണ്ണി; പുറത്താക്കിയത് നിയമപരമല്ലെന്ന് മറുപടിയുമായി ഇടവേള ബാബു; പ്രത്യേക സാഹചര്യത്തിലെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്താൽ സംഘടന കുടുങ്ങുമെന്നും പുതുതായി ചുമതലയേറ്റ ജനറൽ സെക്രട്ടറി; മോഹൻലാലിനേയും മമ്മൂട്ടിയേയും വേദിയിലിരുത്തി തീരുമാനം പുനപരിശോധിക്കുമന്ന് പ്രഖ്യാപനം; ആവശ്യമെങ്കിൽ മാത്രം സസ്‌പെൻഷൻ; ജനപ്രിയ നായകൻ ഇപ്പോഴും താരസംഘടനയിലെ അംഗം തന്നെ; ക്രൗൺ പ്ലാസിലെ രഹസ്യ യോഗത്തിലെ ചർച്ച ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: ഉച്ചഭക്ഷണത്തിന് തൊട്ട് മുമ്പാണ് ദിലീപ് വിഷയം സദസിൽ നിന്ന് ഉയർന്നത്. ഇതോടെ മറുപടി പറയാൻ താര സംഘടനയുടെ പുതുതായി ചുമതലയേറ്റെടുത്ത ജനറൽ സെക്രട്ടറി ഇടവേശ ബാബു എഴുന്നേറ്റു. ദിലീപിനെ പുറത്താക്കിയത് നിയമപരമല്ലെന്ന മറുപടിയാണ് ഇടവേള ബാബു നൽകിത്. ദിലീപിനെ പുറത്താക്കിയ അവൈലബിൾ എക്‌സിക്യൂട്ടീവിലെ തീരുമാനം പ്രഖ്യാപിച്ച മമ്മൂട്ടിയെ സദസ്സിലിരുത്തിയായിരുന്നു ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്. അവലൈബിൾ എക്‌സിക്യൂട്ടീവിൽ തന്ത്രപരമായ നിലപാട് എടുത്ത മോഹൻലാലും പ്രസിഡന്റായി ചുമതലയേറ്റിരുന്നു. രണ്ട് സൂപ്പർതാരങ്ങളെ സാക്ഷിയാക്കി ജനപ്രിയ നായകൻ ഇപ്പോഴും അമ്മയുടെ അംഗമാണെന്ന സൂചനയാണ് ഇടവേള ബാബു നൽകിയത്.

ദിലീപിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യം വനിതാ അംഗമായ ഊർമിളാ ഉണ്ണിയെ കൊണ്ടാണ് വേദിയിൽ ഉയർത്തിയത്. ഇതിന് പുറത്താക്കിയത് നിയമപരമല്ലെന്നും ദിലീപ് കോടതിയിൽ പോയാൽ സംഘടന കുടുങ്ങുമെന്നും പറഞ്ഞു. നേരത്തെ ഇത്തരത്തിൽ ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉണ്ടായപ്പോൾ സസ്‌പെന്റ് ചെയ്യുകയാണ് ചെയ്തത്. പുറത്താക്കണമെങ്കിൽ അതിന് സങ്കീർണ്ണമായ നടപടികളുണ്ട്. ആദ്യം കുറ്റപത്രം തയ്യാറാക്കണം. അതിന് ശേഷം ദിലീപിൽ നിന്ന് വിശദീകരണം ചോദിക്കണം. വിശദീകരണം പിരശോധിച്ച് തീരുമാനം എടുക്കണം. ഇവിടെ ആരും കുറ്റപത്രം നൽകിയില്ല. വിശദീകരണവും കിട്ടിയില്ല. അതുകൊണ്ട് അമ്മയുടെ ചട്ടപ്രകാരമല്ല തീരുമാനം എടുത്തത്. പ്രത്യേക സാഹചര്യത്തിലെ ഈ നടപടി അമ്മയുടെ പുതിയ എക്‌സിക്യൂട്ടിവ് പുനപരിശോധിക്കുമെന്നായിരുന്നു ഇടവേള ബാബു വിശദീകരിച്ചത്.

ദിലീപിന്റെ പുറത്താക്കലിനെ എക്‌സിക്യൂട്ടീവ് അസാധുവാക്കുമന്ന സൂചനയും നൽകി. തൽകാലം വിവാദം ഒഴിവാക്കാൻ ദിലീപിനെ സസ്‌പെൻഷനിൽ നിർത്തും. വിചാരണ കഴിഞ്ഞ് കോടതി കുറ്റവിമുക്തനാക്കിയാൽ സ്വീകരിക്കുകയും ചെയ്യും. ഇതാണ് തീരുമാനം. അമ്മയുടെ പുതിയ എക്‌സിക്യൂട്ടീവിൽ ദിലീപിനെ പിന്തുണയ്ക്കുന്നവർക്കാണ് ഭൂരിപക്ഷം. മമ്മൂട്ടിയും പൃഥ്വിരാജും രമ്യാ നമ്പീശനും പുറത്തായി. ഈ സാഹചര്യത്തിൽ ദിലീപ് അനുകൂലികൾ മാത്രമുള്ള എക്‌സിക്യൂട്ടീവ് പുറത്താക്കൽ തീരുമാനം റദ്ദാക്കും. അതിന് ശേഷം സസ്‌പെൻഷനും. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദിലീപിന്റെ പേരുണ്ട്. അതുകൊണ്ട് തന്നെ ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് വരുത്താനായി ദിലീപിനെ സസ്‌പെന്റ് ചെയ്യും. അങ്ങനെ സസ്‌പെന്റ് ചെയ്താൽ കുറ്റപത്രം പോലും കൊടുക്കേണ്ടി വരില്ല. വിചാരണ തീരും വരെ അത് തുടരാനാണ് നീക്കം. ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന്റെ പിടിവാശിയാണെന്ന് വരുത്താനാണ് നീക്കം.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ താരമായത് പൃഥ്വിരാജായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ താര സംഘടന പിളരുമെന്ന സൂചനയാണ് നടൻ നൽകിയത്. ചർച്ച തുടങ്ങിയപ്പോൾ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. സംഘടനയുടെ ബൈലോ ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങൾ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു. ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

അങ്ങനെയാണെങ്കിൽ ഭരണഘടനയനുസിരിച്ച് പല പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും തന്റെ സിനിമകൾ കൂവി തോൽപ്പിച്ചതും ഡിസ്ട്രിബ്യൂട്ടർമാരെ സ്വാധീനിച്ച വിഷയങ്ങളും പൃഥ്വി ഉയർത്തി. നിങ്ങൾ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാൻ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാമെന്നും പൃഥ്വി തുറന്നടിച്ചു. ഇതോടെ തർക്കത്തിൽ ഇടപ്പെട്ട മോഹൻലാൽ, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് വേഗത്തിൽ പ്രസ്താവന ഇറക്കാനും തീരുമാനിച്ചു. നടിക്കുള്ള പിന്തുണ മാധ്യമങ്ങളോട് നേരിട്ട് അറിയിക്കണമെന്ന ആവശ്യവും മമ്മൂട്ടി അംഗീകരിച്ചു. അങ്ങനെയാണ് പുറത്താക്കൽ തീരുമാനം വന്നത്. എട്ട് പേർ മാത്രമാണ് ഈ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷ തീരുമാനമായി എത് കണക്കാക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ട്.

ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ അമ്മയുടെ നേതൃത്വത്തിൽ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കിയത്. ആസിഫ് അലിയെ മാത്രം നിലനിർത്തി. രമ്യാ നമ്പീശനും ഇല്ല. ദിലീപിന്റെ വിശ്വസ്തരെ മാത്രമാണ് ഉൾപ്പെടുത്തിയത്. മമ്മൂട്ടിയും പുറത്തേക്ക് പോയി. ഇടവേള ബാബുവിനെ ജനറൽ സെക്രട്ടറിയാക്കിയതോടെ അമ്മയുടെ നിയന്ത്രണം ദിലീപിലേക്ക് വരികയാണ്. അതിനിടെ ദിലീപിനെതിരെ മൊഴി കൊടുത്ത താരങ്ങൾ ആരും അമ്മയുടെ യോഗത്തിൽ സജീവമായി പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഇനി ഒരിക്കലും അമ്മയിലേക്കില്ലെന്ന നിലപാടിലാണ് ദിലീപ് ഉറച്ച് നിൽക്കുന്നത്. എന്നാലും തനിക്ക് അവിടെ ഭൂരിപക്ഷം ഉണ്ടെന്ന് താരങ്ങളെ ദിലീപ് ഓർമിപ്പിക്കുന്നുണ്ട്. ജഗദീഷ് ട്രഷററായതും ദിലീപിന്റെ പിന്തുണയോടെയാണ്.

ടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ ദിലീപിനെതിരെ അന്വേഷണ സംഘം സമർപ്പിച്ചത് പഴുതടച്ചുള്ള കുറ്റപത്രമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധം തകർത്ത നടിയോടുള്ള ദിലീപിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്ന വാദത്തെ പിന്തുണച്ച് മഞ്ജുവാര്യർ മുഖ്യസാക്ഷിയായി എത്തുമ്പോൾ ദിലീപിന്റെ നില കൂടുതൽ പരുങ്ങലിലാവുമെന്നാണ് വിലയിരുത്തൽ. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് ദിലീപ് അന്വേഷണത്തിന്റെ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ദിലീപ് പല സ്ഥലങ്ങളിൽവച്ച് പൾസർ സുനിയെ കണ്ടകാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ വിചാരണവേളയിൽ ഓരോ തവണയും എന്തിനാണ് സുനിയെ കണ്ടതെന്ന ചോദ്യത്തിന് ദിലീപ് മറുപടി നൽകേണ്ടി വരും. പൾസർ സുനിയാണ് കൃത്യം ചെയ്തതെന്ന് വ്യക്തമാണെന്നിരിക്കെ ഇയാളും ദിലീപും തമ്മിലുള്ള ബന്ധം നിർണായകമാണ്. ഇയാളെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കാൻ കുറ്റപത്രത്തിൽ സാഹചര്യ തെളിവുകൾ ഏറെയുണ്ട്.

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത് സിനിമാക്കാരുടെ മുഴുവൻ പിന്തുണയോടെയാണ്. അമ്മയുടെ വാർഷിക ജനറൽ ബോഡി ഈ മാസം കൊച്ചിയിൽ നടക്കും. പുതിയ ഭാരവാഹികളെല്ലാം ദിലീപിന്റെ ഇഷ്ടക്കാരും അടുപ്പക്കാരും. പൃഥ്വിരാജിനേയും രമ്യാ നമ്പീശനേയും മോഹൻലാൽ പാനലിൽ നിന്ന് ഒഴിവാക്കിയും ദിലീപിന്റെ മനസ്സറിഞ്ഞാണ്. ഇവിടെയൊന്നും ദിലീപ് നേരിട്ട് ഇടപെട്ടിരുന്നില്ല. എന്നാൽ എല്ലാത്തിനും ദിലീപിന്റെ അദൃശ്യകരങ്ങളായിരുന്നു കാരണം. മോഹൻലാലിനെ കൊണ്ട് തന്ത്രപരമായി പൃഥ്വിയെ ഒഴിവാക്കുകയായിരുന്നു. സിനിമാക്കാരുടെ മനസ്സ് അനുകൂലമാക്കിയാണ് ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിന് ദിലീപ് എത്തുന്നത്.

ദിലീപിന് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു എന്ന് കൃത്യമായി വെളിവാകുന്ന മൊഴികളാണ് ഇരുവരുടേയും അടുത്ത സഹപ്രവർത്തകരായ പലരും നൽകിയതെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെ നടന് എതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം പൊലീസിന് അനായാസം സ്ഥാപിച്ചെടുക്കാനാകും എന്ന വാദമാണ് ഉയരുന്നത്. മഞ്ജു വാരിയർ, കാവ്യ മാധവൻ, കുഞ്ചാക്കോ ബോബൻ, റിമി ടോമി, സംയുക്ത വർമ്മ, നടൻ സിദ്ദിഖ്, ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ തുടങ്ങിയവരുടെ മൊഴിപ്പകർപ്പുകളാണ് പുറത്തുവന്നത്. ദിലീപുമായി അടുപ്പമുള്ളവരുടെ മൊഴികളിൽ പോലും നടിയോട് ദിലീപിന് വിരോധമുണ്ടാകാൻ കാരണമായ സംഭവങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും റിമി ടോമിയുടേയും കാവ്യയുടേയും മൊഴികളിൽപോലും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വിവരിച്ചിട്ടുണ്ട് എന്നതാണ് ചർച്ചയാകുന്നത്. അതുകൊണ്ട് കൂടിയാണ് സിനിമാ ലോകത്ത് കരുതലോടെ ദിലീപ് പിടിമുറുക്കുന്നതും. നിയമപോരാട്ടം ജയിക്കാൻ ഇത് അനിവാര്യമാണെന്ന് നടനും വിലയിരുത്തുന്നു.

നടിയും ദിലീപും തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാൽ പ്രശ്നത്തിൽ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നുമാണ് മുകേഷിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് സിദ്ദിഖ്, മുകേഷ്, ഗണേശ്കുമാർ എന്നിവരുടെ ഇടപെടലുകളും പ്രതികരണങ്ങളും സജീവ ചർച്ചയായിരുന്നു. ഇതിനിടെയാണ് ഇവരുടെയെല്ലാം മൊഴികൾ പുറത്തുവരുന്നത്. ദിലീപുമായും കാവ്യയുമായും അടുത്ത ബന്ധമുള്ള നടിയും ഗായികയുമായ റിമി ടോമിയുടെ മൊഴിയിലും ഇവരുടെ കാവ്യയുടേയും ദിലീപിന്റേയും വിവാഹപൂർവ ബന്ധങ്ങൾ വ്യക്തമാക്കുന്നുണ്ട്. കാവ്യയുടെ മൊഴിയിലും സമാനമായ പ്രതികരണം ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ദിലീപ് അറസ്റ്റിലായ ദിവസം ഫോണിൽ മിസ്‌കോൾ കണ്ടിരുന്നുവെന്നും എന്നാൽ ആവശ്യമില്ലാതെ ദിലീപിനെ വിളിക്കാറില്ലെന്നുമാണ് മുകേഷ് മൊഴി നൽകിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് അവരെ വിളിച്ചിരുന്നു. പിന്നീട് നടിക്ക് നീതി കിട്ടണമെന്ന ആവശ്യം ഉയർന്നു വന്നപ്പോഴും വിളിച്ചു. എന്നാൽ പരാതിയില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് പൾസർ സുനിയാണ് തന്റെ ഡ്രൈവർ. എന്നാൽ, സുനിക്ക് പരിപാടിയുടെ വിഐപി ടിക്കറ്റ് നൽകിയിട്ടില്ല.

കാർ അപകടത്തിൽപ്പെട്ടതിന് ശേഷമാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. അതിന്ശേഷം സുനി ഏർപ്പാടാക്കിയ ഡ്രൈവർ ഒരുലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷിന്റെ മൊഴിയിലുണ്ട്. അമ്മയുടെ ഷോ നടക്കുമ്പോഴായിരുന്നു നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. അതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സുനിക്ക് വിഐപി ടിക്കറ്റ് നൽകിയില്ലെന്ന മറുപടി മുകേഷ് നൽകിയത്. ഇത്തരം മൊഴികൾ കോടതിയിലെത്തിയാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP