Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാവപ്പെട്ടവന്റെ ജീവൻ പോയാലും കണ്ടില്ലെന്ന് നടിക്കുന്ന പൊലീസിന് കല്ല്യാൺ മുതലാളിയെ തൊട്ടപ്പോൾ പൊള്ളി; ചുരിദാർ വാങ്ങി കബളിപ്പിക്കപ്പെട്ട ഇടപാടുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച്‌ ഭീഷണി; വാർത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകൾ കഴിയും മുൻപ് മറുനാടന് പൊലീസ് നോട്ടീസ്

പാവപ്പെട്ടവന്റെ ജീവൻ പോയാലും കണ്ടില്ലെന്ന് നടിക്കുന്ന പൊലീസിന് കല്ല്യാൺ മുതലാളിയെ തൊട്ടപ്പോൾ പൊള്ളി; ചുരിദാർ വാങ്ങി കബളിപ്പിക്കപ്പെട്ട ഇടപാടുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച്‌ ഭീഷണി; വാർത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകൾ കഴിയും മുൻപ് മറുനാടന് പൊലീസ് നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പൊലീസിൽ ഒരു പരാതി കൊണ്ട് കൊടുത്താൽ എന്തെങ്കിലും ഒരു മറുപടി കിട്ടണമെങ്കിൽ എത്ര നാൾ എടുക്കുമെന്ന് പരാതി കൊടുത്തവർക്കെല്ലാം അറിയാം. മറുനാടൻ മലയാളിയുടെ ഓഫീസ് ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ തല്ലിപൊളിച്ചിട്ടു കൊടുത്ത പരാതി വർഷം ഒന്നു കഴിഞ്ഞിട്ടും തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. സാധാരണക്കാരുടെ കാര്യം പറയുകയേ വേണ്ട. സ്വത്തിനും ജീവനും ഭീഷണി ഉണ്ടായാൽ പോലും പൊലീസ് തിരിഞ്ഞ് നോക്കില്ല.

എന്നാൽ മുതലാളിമാർക്ക് നൊന്താൽ പൊലീസ് ആ നിമിഷം ഉണർന്നെണീക്കും. കല്ല്യാൺ സിൽക്‌സിന്റെ തൊടുപുഴ ഷോറൂമിൽ നിന്നും തൊടുപുഴയിൽ കൺസൾട്ടൻസി നടത്തുന്ന ജോണി എന്നയാൾ വാങ്ങിയ ചുരിദാറിലെ ഡിസ്‌കൗണ്ട് തട്ടിപ്പിനെ കുറിച്ച് മറുനാടനെ വിവരം അറിയിക്കുകയും ആ വിവരം വാർത്തയാക്കുകുയും ചെയ്തപ്പോൾ പൊലീസ് നടത്തിയ ഇടപെടലിന്റെ വേഗത മാത്രം മതി അതിന്റെ ഉദാഹരണത്തിന്. സംഭവം ഉണ്ടാവുകയും അതിന്റെ പേരിൽ നഷ്ടപരിഹാരം ചോദിച്ച് ചെല്ലുകയും ഒക്കെ ചെയ്തിട്ട് കുറെ ദിവസങ്ങൾ ആയെങ്കിലും അനങ്ങാതിരുന്ന പൊലീസും തുണിക്കട ഉടമയും ഇന്നലെ ശരവേഗത്തിൽ ആയിരുന്നു ഇടപെടലുകൾ നടത്തിയത്.

വാർത്ത പ്രസിദ്ധീകരിച്ച് മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഇടുക്കി എസ്‌പിയുടെ പേരിൽ മറുനാടന് വാർത്ത നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു എന്നു മാത്രമല്ല കബളിപ്പിക്കപ്പെടലിന് ഇരയായ ജോണിയെ വൈകുന്നേരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകാൻ ആയിരുന്നു പൊലീസ് ജോണിയോട് പറഞ്ഞത്. ജോണി വിവരം അറിയിച്ചതിനെ തുടർന്ന് മറുനാടൻ മലയാളി ഉന്നത പൊലീസ് വൃത്തങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ട് വലിയ ഭീഷണി ഇല്ലാതെ ഒഴിഞ്ഞുവെന്ന് മാത്രം.

സ്റ്റേഷനിൽ എത്തിയ ജോണിയോട് വ്യാജ രേഖ ഉണ്ടാക്കുകയും വ്യാജ വാർത്ത സൃഷ്ടിക്കുയും ചെയ്തതിന് നടപടി ഉണ്ടാവുമെന്ന് സബ് ഇൻസ്‌പെക്ടറുടെ ചുമതലയിലുണ്ടായിരുന്ന അഡീഷണൽ സബ് ഇൻസ്‌പെക്ടർ അറിയിച്ചു. ഭീഷണിക്ക് വഴങ്ങാത്ത ജോണിക്കെതിരെ നിയമ നടപടിയുമായി മുൻപോട്ട് പോകുമെന്ന് കല്ല്യാണിന്റെ മാനേജരും അറിയിച്ചു. സത്യം തുറന്ന് പറയാൻ ഒരു മടിയും ഉണ്ടാവില്ലെന്ന് ജോണി മറുനാടനോട് പറഞ്ഞു. വാർത്ത വ്യാജം ആണെന്നും ഉടൻ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ നിയമനടപടികൾ എടുക്കുമെന്നുമാണ് മറുനാടന് എസ്‌പി അയച്ച ഇമെയിലിൽ പറയുന്നത്.

സിവിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു പാരാതി അനുസരിച്ച് ജില്ലാ പൊലീസ് മേധാവി നടപടി ആരംഭിച്ചത് നടുക്കത്തോടെയാണ് നിയമ വൃത്തങ്ങൾ കാണുന്നത്. വാർത്ത അഥവാ വ്യാജം ആണെങ്കിൽ കൂടി (മറുനാടൻ നൂറ് ശതമാനം ആധികാരികത ഉറപ്പ് വരുത്തിയ ശേഷമാണ് പ്രസിദ്ധീകരിച്ചത്) പൊലീസിന് ഇതിൽ ഇടപെടാൻ യാതൊരു അവകാശവും ഇല്ലാതിരിക്കവെയാണ് നിയമം ലംഘിച്ച് എസ്‌പി നോട്ടീസ് അയച്ചത്. വാർത്ത നീക്കം ചെയ്യാനുള്ള പൊലീസിന്റെ ആവശ്യം ഭരണ ഘടന വിരുദ്ധം ആണ് എന്നറിയാതെയായിരിക്കില്ല എസ്‌പി ഇത് ചെയ്തത്. കല്ല്യാൺ ഉടമകളുമായുള്ള ബന്ധം മാത്രമാണ് നിയമം പോലും നോക്കാതെ എസ്‌പിയെ കൊണ്ട് ഇങ്ങനെ ഒരു നോട്ടീസ് അയപ്പിച്ചതെന്ന് വേണം കരുതാൻ.

നോട്ടീസ് അയച്ചത് ഏത് ചട്ട പ്രകാരം ആണ് എന്ന് വിശദീകരിക്കണം എന്നും ക്രിമിനൽ നിയമത്തിലെ ഏത് ചട്ടം ആണ് മറുനാടൻ ലംഘിച്ചതായി പൊലീസ് കരുതുന്നതെന്ന് വ്യക്തമാക്കി കൂടുതൽ വ്യക്തതയുള്ള നോട്ടീസ് അയക്കണം എന്നും ആവശ്യപ്പെട്ട് മറുനാടൻ എസ്‌പിക്ക് മറുപടിയും അയച്ചു. നോട്ടീസ് ലഭിച്ച ഉടൻ കൂടുതൽ വിശദാംശം തേടി എസ്‌പിയെ വിളിച്ചെങ്കിലും എസ്‌പി പ്രതികരിക്കാൻ വിസമ്മതിച്ചു. തൊടുപുഴ എസ് ഐ പരിശീലനത്തിൽ ആയിരുന്നതിനാൽ എസ്‌ഐയും വിവരം അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. സ്റ്റേഷൻ ചുമതലയിലുള്ള അഡീഷണൽ എസ്‌ഐ ആണ് ജോണിയെ വിളിപ്പിച്ചതും മൊഴി എടുപ്പിച്ചതും.

പൊലീസിന്റെ ഭീഷണിക്ക് വഴങ്ങി വാർത്ത നീക്കം ചെയ്യില്ലെന്നും നിയമം അനുസരിക്കുന്ന നടപടി ക്രമങ്ങളിലൂടെ മാത്രമേ അത് ചെയ്യൂ എന്നും മറുനാടൻ മലയാളി എഡിറ്റർ അറിയിച്ചു. ''വാർത്ത നീക്കം ചെയ്യാനുള്ള എസ്‌പിയുടെ നോട്ടീസ് പൂർണ്ണമായും നിയമ വിരുദ്ധവും പത്ര സ്വാതന്ത്ര്യത്തിന് എതിരുമാണ്. ഒരു കാരണവശാലും അതിന് വഴങ്ങുകയില്ല. ഒരു സിവൽ തർക്കത്തിൽ പൊലീസ് ഇടപെട്ടതിന്റെ കാരണം പോലും വ്യക്തമല്ല. ഈ വാർത്ത അപമാനകരം ആണെങ്കിൽ സിവിൽ കോടതിയെ സമീപിച്ച് നീതി തേടാൻ കല്ല്യാൺ സിൽക്‌സിന് അവകാശം ഉണ്ടായിരിക്കെ പൊലീസിനെ ഉപയോഗിക്കുന്നത് പൂർണ്ണമായ അധികാര ദുർ വിനോയോഗം ആണ്. ഇതിനെതിരെ ഡിജിപിക്കും പൊലീസ് കംപ്ലയിന്റ് കമ്മീഷനും പരാതി നൽകും" മറുനാടൻ മലയാളി എഡിറ്റർ വിശദീകരിച്ചു.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത വാർത്ത മറുനാടൻ പ്രസിദ്ധീകരിച്ചത്. തൊടുപുഴയിലെ കല്ല്യാൺ സിൽക്കിൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ജോണി കുടുംബവുമായാണ് തുണി വാങ്ങിക്കാനെത്തിയത്. ഇവിടെ ഓരോ സാധനത്തിനും പ്രത്യേകം ബിൽ നൽകുന്നതാണ് രീതി. മുപ്പത് ശതമാനം ഡിസ്‌കൗണ്ടിൽ തുണി വാങ്ങാമെന്ന മോഹവുമായെത്തി കടയാകെ ചുറ്റിക്കറങ്ങി തുണിയെടുത്തു. എടുത്ത എല്ലാത്തിനും ബില്ലും കിട്ടി. ഇതുമായി വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. 1561 രൂപ നൽകി വാങ്ങിയ തുണിക്കുള്ളിൽ 945 രൂപയുടെ മറ്റൊരു പ്രൈസ് ടാഗ്. അതായത് 945 രൂപയുടെ സാധനം 2230 രൂപ വിലയുണ്ടെന്ന് തെറ്റിധരിപ്പിച്ച് മുപ്പ്ത് ശതമാനം വിലക്കുറവിൽ എന്ന് വരുത്തി 1561 രൂപയ്ക്ക് നൽകിയിരിക്കുന്നു.

പ്രൈസ് ടാഗ് കണ്ടതോടെ കള്ളക്കളി ജോണി തിരിച്ചറിഞ്ഞു. ഉടൻ തന്നെ ചുരിദാറുമായി കല്ല്യാൺ സിൽക്കിലെത്തി. എന്നാൽ വളരെ മോശമായ രീതിയിലായിരുന്നു പെരുമാറ്റം. മറ്റേതെങ്കിലും തുണിയിലെ പ്രൈസ് ടാഗ് താനെ വന്ന് ചുരിദാറിൽ ഒട്ടിപ്പിടിച്ചതായിരിക്കുമെന്ന തരത്തിൽ ജീവനക്കാരുടെ പെരുമാറ്റം. ഒരു അസ്വാഭാവികതയുമില്ലെന്ന വാദവും. എല്ലാത്തിനും ഉപരി ഒരിക്കൽ വിൽക്കുന്ന സാധനം തിരിച്ചെടുക്കില്ലെന്ന ന്യായവും. ബില്ലിൽ തന്നെ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാൽ ചതി തിരിച്ചറിഞ്ഞ ജോണി അധികമായ തുക തിരിച്ചു നൽകിയേ മതിയാകൂവെന്ന് വിശദീകരിച്ചു. പോയി പിന്നീട് വരാനായിരുന്നു നിർദ്ദേശം.

അങ്ങനെ അധികമായി ഈടാക്കിയ തുകയ്ക്കായി മൂന്ന് തവണ തൊടുപുഴയിലെ കടയിൽ ജോണിയെത്തി. ഇതിനിടെയിൽ വിറ്റതൊന്നും തിരിച്ചെടുക്കില്ലെന്ന വാദത്തിന് നിയമസാധുതയില്ലെന്ന് ജോണി തിരിച്ചറിഞ്ഞു. ബില്ലിൽ അങ്ങനെ രേഖപ്പെടുത്തുന്നത് തന്നെ നിയമവിരുദ്ധമാണെന്ന കോടതി വിധി സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞതോടെ അതും ചോദ്യം ചെയ്തു. ഇതിന് വ്യക്തമായ മറുപടി നൽകാൻ കല്ല്യാൺ സിൽക്കിൽ ആർക്കും കഴിഞ്ഞതുമില്ല. ഗുഡ്‌സ് വൺസ് സോൾഡ് വിൽ നോട്ട് ബീ ടെക്കൺ ബാക്ക് എന്നെഴുതിയ ബിൽ പുലിവാലാകുമെന്ന് കല്ല്യാൺ സിൽക്കും തിരിച്ചറിഞ്ഞു. ഇതോടെ പണമെല്ലാം മടക്കികൊടുക്കാമെന്നും തുണിക്കട അറിയിച്ചു. എന്നാൽ പണം വാങ്ങി ഒത്തുതീർപ്പിന് ജോണി തയ്യാറായില്ല.

നിയമപോരാട്ടത്തിലൂടെ ഡിസ്‌കൗണ്ട് കച്ചവടത്തിലെ കള്ളത്തരം പുറത്തുകൊണ്ടു വരാനാണ് തീരുമാനം. ഇതിനൊപ്പം വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന നിയമവിരുദ്ധത പുറംലോകത്ത് ചർച്ചയാക്കാനും ആഗ്രഹിച്ചു. കൺസ്യൂമർ കോടതിയുടെ ശ്രദ്ധിയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് തീരുമാനം. അതുകൊണ്ട് കൂടിയാണ് അധികമായി ഈടാക്കിയ തുക തിരിച്ചു വാങ്ങേണ്ടെന്ന് ജോണി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പകർപ്പ് കിട്ടിയാൽ ഉടൻ നിയമനടപടി തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ഡിസ്‌കൗണ്ടിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളുടെ നേർചിത്രമായി ഇതിനെ ഉയർത്തിക്കാട്ടാനാണ് ശ്രമം. ഇതാണ് പ്രസ്തുത ബിൽ സഹിതം മറുനാടൻ വാർത്തയാക്കിയത്. 

മറുനാടൻ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറി. മറുനാടനിൽ നിന്നും നേരിട്ട് ഷെയർ ചെയ്തത് 40,000ത്തോളം പേരാണ്. വാട്‌സ്ആപ്, ഫേസ്‌ബുക്ക് മുതലായ ഇടങ്ങളിലൂടെ നടന്ന ഷെയർ കണക്കിലെടുക്കാതെയാണിത്. അപൂർവ്വമായി മാത്രമെ ചില വാർത്തകൾ ഇങ്ങനെ വൈറലായി പടരാറുള്ളു. കലാഭവൻ മണിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണ് എന്ന് ആദ്യം മറുനാടൻ പുറത്തുവിട്ടപ്പോൾ ഒന്നരലക്ഷത്തോളം ഷെയർ നടന്നിരുന്നു.

ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP