Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇടുക്കി ജില്ലാ ഭരണകൂടം തയാറാക്കിയ കയ്യേറ്റക്കാരുടെ പട്ടിക ചോർന്നതിൽ രഹസ്യാന്വേഷണത്തിന് ഉത്തരവിട്ട് ഇന്റലിജൻസ് മേധാവി; മുദ്രവച്ച കവർ മുഖ്യമന്ത്രി തുറക്കും മുമ്പ് മാധ്യമങ്ങൾക്കു ചോർന്നുകിട്ടി; സംശയമുന നീളുന്നത് ഇടുക്കി ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും നേർക്ക്; മാധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ

ഇടുക്കി ജില്ലാ ഭരണകൂടം തയാറാക്കിയ കയ്യേറ്റക്കാരുടെ പട്ടിക ചോർന്നതിൽ രഹസ്യാന്വേഷണത്തിന് ഉത്തരവിട്ട് ഇന്റലിജൻസ് മേധാവി; മുദ്രവച്ച കവർ മുഖ്യമന്ത്രി തുറക്കും മുമ്പ് മാധ്യമങ്ങൾക്കു ചോർന്നുകിട്ടി; സംശയമുന നീളുന്നത് ഇടുക്കി ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും നേർക്ക്; മാധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇടുക്കിയിലെ വൻകിട-ചെറുകിട കൈയേറ്റക്കാരുടെ പട്ടിക ചോർന്നതിനെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷവിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇന്റലിജൻസ് മേധാവി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുദ്രവെച്ച കവറിൽ എത്തിയ വിവരങ്ങൾ എങ്ങനെ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയെന്നതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഉടുമ്പൻചോല, ദേവികുളം,പീരുമേട് താലൂക്കുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ കളക്റ്റ്രേറ്റിന്റെ അടച്ചിട്ട മുറിയിൽ രണ്ട് തവണ യോഗം ചേർന്ന്, ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തുടർന്ന് സൂപ്രണ്ട് തസ്തികയിലുള്ള റവന്യു ഉദ്യോഗസ്ഥനും മറ്റൊരു ഉദ്യോഗസ്ഥനും ചേർന്ന് ഇന്നലെയാണ് റിപ്പോർട്ട് തിരുവനന്തപുരത്ത് എത്തിച്ചത്.

ഇവടെവച്ചാണ് ജില്ലാ കളക്ടറും, സബ് കളക്ടറും ചേർന്ന് റിപ്പോർട്ടിന്റെ അന്തിമരൂപം തയ്യാറാക്കിയത്. വളരെ രഹസ്യസ്വഭാവത്തോടെയാണ് ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കൈമാറിയത്. മുദ്രവെച്ച കവറുകൾ മുഖ്യമന്ത്രിക്ക് മാത്രമാണ് തുറന്ന് വായിക്കാനുള്ള അധികാരമുള്ളത്. എന്നാൽ മുഖ്യമന്ത്രി തുറക്കുംമുമ്പേ ഈ റിപ്പോർട്ട് ഇന്ന് മാധ്യമങ്ങൾ പുറത്ത് വിട്ടു. നിലവിൽ മുഖ്യമന്ത്രി തലസ്ഥാനത്ത് ഇല്ല. തിങ്കളാഴ്ചയേ എത്തുകയുള്ളു. ഏത് ഘട്ടത്തിൽ വച്ചാണ് വിവരങ്ങൾ ചോർന്നതെന്നാണ് പ്രധാനമായും രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചുവരുന്നത്.

താലൂക്ക് തലത്തിൽ വച്ചാണോ അതോ കളക്റ്റ്രേറ്റിൽ ചേർന്ന ക്രോഡീകരണ യോഗത്തിലാണോ, അതുമല്ലെങ്കിൽ തലസ്ഥാനത്ത് വെച്ച് നടന്ന അന്തിമ യോഗത്തിലാണോ ലിസ്റ്റ് ചോർന്നതെന്നാണ് അന്വേഷിക്കുന്നത്. ഇന്ന് രാവിലെ മുതൽ തന്നെ ഇടുക്കി കളക്ടറും സബ് കളക്ടറും തലസ്ഥാനത്തുണ്ട്. ഇവർ അറിയാതെ റിപ്പോർട്ട് ചോരില്ലെന്നാണ് ഇന്റലിജൻസ് പ്രഥമികമായി കരുതുന്നത്. ഇവർക്ക് അടുപ്പമുള്ള മാധ്യമപ്രവർത്തകനും നിരീക്ഷണത്തിലാണ്. ഈ മാധ്യമപ്രവർത്തകനും സബ് കളക്ടറും തമ്മിലുള്ള കൂട്ടുകെട്ട് ശരിയല്ലെന്ന് നേരത്തെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരമനും തുറന്നടിച്ചിരുന്നു.

പട്ടികയിൽ പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാർ മേഖലയിൽ മാത്രം 154 കൈയേറ്റങ്ങൾ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ടെന്നാണ് മാധ്യമ വാർത്ത. ഏറ്റവും കൂടുതൽ സ്ഥലം കൈയേറിയിട്ടുള്ളത് ചിന്നക്കനാലിലെ സക്കറിയ എന്നയാളുടെ കുടുംബമാണെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. 27 പേരുടെ പട്ടികയാണ് പ്രാഥമികമായി തയാറാക്കിയിരിക്കുന്നത്. മന്ത്രി എം.എം.മണിയുടെ സഹോദരൻ എം.എം.ലംബോധരന്റെ മകൻ ലിജീഷ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏഴ് ഏക്കർ ലിജീഷ് കൈയേറിയെന്നാണ് റിപ്പോർട്ടിലുള്ളത്. ടോമിൻ തച്ചങ്കരി ഐപിഎസിന്റെ സഹോദരനും മൂന്നാറിലെ വൻകിട കൈയേറ്റക്കാരുടെ ലിസ്റ്റിലുണ്ട്. ചിന്നക്കനാൽ, ദേവികുളം എന്നീ പ്രദേശങ്ങളിലെ സി.പി.എം പ്രാദേശിക നേതാക്കളും റവന്യൂവകുപ്പിന്റെ പട്ടികപ്രകാരം വൻകിട കൈയേറ്റക്കാരാണ്.

അതേസമയം കൈയേറ്റം നടത്തിയെന്ന ആരോപണം നേരിടുന്ന സി.പി.എം എംഎൽഎ എസ്.രാജേന്ദ്രന്റെ പേര് പ്രാഥമിക പട്ടികയിലില്ല. നേരത്തെ, രാജേന്ദ്രന്റെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കെഎസ്ഇബിയുടെ 100 ഏക്കറിലേറെ ഭൂമിയും കൈയേറിയിട്ടുണ്ടെന്നാണ് വിവരം. കെഎസ്ഇബിയുടേത് ഉൾപ്പടെ അഞ്ച് സർക്കാർ വകുപ്പുകളുടെ ഭൂമിയും അന്യാധീനപ്പെട്ടിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പരിശോധനയിൽ ബോധ്യപ്പെട്ടിരിക്കുന്നത്. അതേസമയം കൊട്ടക്കമ്പൂർ, വട്ടവട വില്ലേജുകളിലെ കൈയേറ്റം സംബന്ധിച്ച് പട്ടികയിൽ പരാമർശങ്ങളൊന്നും തന്നെയില്ലെന്നാണ് വിവരം

എന്നാൽ വട്ടവട, കാന്തല്ലൂർ മറയൂർ എന്നിവടങ്ങളിലെ വൻകിട കൈയേറ്റക്കാരുടെ പട്ടിക ഉൾപ്പെടുത്തിയിട്ടില്ലെന്നും വാർത്തയിൽ വ്യാക്തമാക്കിന്നു. പുറത്ത് വന്ന വാർത്തകളിൽ നിന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും ജില്ലാ കളക്ടർ ശേഖരിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. മൂന്നാർ, ചിന്നക്കനാൽ മേഖലകളിലെ കൈയേറ്റങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ പ്രതിബാധിക്കുന്നതെന്നും, റിപ്പോർട്ട് ചോർത്തിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP