Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് കോടി തട്ടിപ്പ് നടത്തി എന്ന് പറയുമ്പോൾ നാല് പൈസ പോലും വീട്ടിലില്ല! കൊച്ച് വീട്ടിൽ നിന്നും പോയത് നാലുമാസം മുൻപ്; ഫിനാൻസ് തുടങ്ങിയത് ഈ സമയത്ത്; കൊന്നവരെ പിടികൂടുന്നതിനൊപ്പം തട്ടിപ്പ് നടത്തിയ പണം എവിടെ പോയി എന്നതും കണ്ടു പിടിക്കണം; ഇത് വെളിയിൽ വരാതിരിക്കാനാണ് തല്ലിക്കൊന്നത്; എസ്‌പിയേയും ഡിവൈഎസ്‌പിയും അറസ്റ്റിലാകാനും പണം പോയ വഴിയും അറിയാൻ സിബിഐ അന്വേഷണം അനിവാര്യം; നെടുങ്കണ്ടത്ത് കാക്കിയിട്ട കാപാലികർ ഉരുട്ടിക്കൊന്ന രാജ് കുമാറിന്റെ അമ്മ മറുനാടനോട്

നാല് കോടി തട്ടിപ്പ് നടത്തി എന്ന് പറയുമ്പോൾ നാല് പൈസ പോലും വീട്ടിലില്ല! കൊച്ച് വീട്ടിൽ നിന്നും പോയത് നാലുമാസം മുൻപ്; ഫിനാൻസ് തുടങ്ങിയത് ഈ സമയത്ത്; കൊന്നവരെ പിടികൂടുന്നതിനൊപ്പം തട്ടിപ്പ് നടത്തിയ പണം എവിടെ പോയി എന്നതും കണ്ടു പിടിക്കണം; ഇത് വെളിയിൽ വരാതിരിക്കാനാണ് തല്ലിക്കൊന്നത്; എസ്‌പിയേയും ഡിവൈഎസ്‌പിയും അറസ്റ്റിലാകാനും പണം പോയ വഴിയും അറിയാൻ സിബിഐ അന്വേഷണം അനിവാര്യം; നെടുങ്കണ്ടത്ത് കാക്കിയിട്ട കാപാലികർ ഉരുട്ടിക്കൊന്ന രാജ് കുമാറിന്റെ അമ്മ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: എന്റെ കൊച്ചിനെ കൊന്നവർ ആരെന്നു അറിയണം. എന്റെ മകൻ മാത്രമല്ല പ്രതിയായിട്ടുള്ളത്. ഒട്ടുവളരെ ആളുകളുണ്ട്. അവന്റെ മരണത്തിനു പിന്നിലാരെന്നു എനിക്ക് അറിയണം. പ്രതികൾ വെളിയിൽ വരണമെങ്കിൽ സിബിഐ അന്വേഷണം വരണം. അതിനാലാണ് നിയമസഭാ മാർച്ചിന് എത്തിയത്-ഇടുക്കി നെടുങ്കണ്ടത്ത് കസ്റ്റഡി മരണത്തിന്നിരയായി അതിക്രൂരമായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ 'അമ്മ കസ്തൂരി മറുനാടൻ മലയാളിയോട് പറഞ്ഞു. മകനെ നെടുങ്കണ്ടം പൊലീസുകാർ ഉരുട്ടി ഉരുട്ടികൊല്ലുകയായിരുന്നു. നെടുങ്കണ്ടത്തും പീരുമേടും കൊണ്ടുപോയി മർദ്ദിച്ചു കൊല്ലുകയായിരുന്നു. 12 ആം തീയതി കസ്റ്റഡിയിൽ എടുത്ത് 22 ആം തീയതി വരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചു തല്ലിക്കൊല്ലുകയായിരുന്നു. മരണത്തിനു പിന്നിൽ ആരായിരുന്നു എന്ന് അറിയില്ല. രണ്ടു പൊലീസുകാർ അറസ്റ്റിലായിട്ടുണ്ട്. ഇനിയുള്ളവരും അറസ്റ്റിലാകണം. പ്രതികൾ എല്ലാവരും അറസ്റ്റിൽ ആകണമെങ്കിൽ സിബിഐ അന്വേഷണം തന്നെ വരണം.

പൊലീസുകാർ മാത്രമല്ല പ്രതികൾ. വേറെയും ആളുകളുണ്ട്. ഈ സർക്കാരിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. നാലുമാസമായി രാജ്കുമാർ വീടുവിട്ടു പോയിട്ട്. ഈ നാലുമാസം എന്ത് സംഭവിച്ചു എന്ന് അറിയില്ല. അവന്റെ കയ്യിൽ തട്ടിപ്പ് നടത്തിയ പണമൊന്നുമില്ല. ഈ പണം എവിടെ പോയി എന്ന് കണ്ടുപിടിക്കണം. ആരൊക്കെയെ അവനെ മുന്നിൽ നിർത്തി തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. രാജ്കുമാറിനെ കൊന്നവർക്ക് ഒപ്പം രാജ്കുമാറിന്റെ പണം എവിടെ പോയി എന്നും കൂടി കണ്ടുപിടിക്കണം. ഈ പണം വെളിയിൽ വരാതിരിക്കാനാണോ പൊലീസുകാർ അവരെ തല്ലിക്കൊന്നത് എന്നും അറിയേണ്ടതുണ്ട്. നാല് കോടി എന്ന് പറഞ്ഞപ്പോൾ നാല് പൈസ പോലും വീട്ടിലില്ല. തട്ടിപ്പ് നടത്തിയെങ്കിൽ ഈ പണം എവിടെപ്പോയി. ഫിനാൻസുമായി ബന്ധപ്പെട്ടു ഒരു കാര്യവും ഞങ്ങൾക്ക് അറിയില്ല. മകന് പിന്നിൽ ഉന്നതർ ഉണ്ട് എന്നാണ് മകൻ തന്നെ മറ്റുള്ളവരോട് പറഞ്ഞത്. അത് ആരെന്നു ഞങ്ങൾക്ക് അറിയണം. ഇപ്പോൾ നാട്ടുകാർക്ക് മുന്നിൽ എന്റെ കൊച്ച് മാത്രമാണ് പ്രതി. അവൻ മാത്രം പ്രതി ആയാൽ മതിയോ? അവൻ കൊല്ലപ്പെട്ടു. ഇനി ഈ കേസുമായി ബന്ധപ്പെട്ടു എല്ലാവരും അറസ്റ്റിലാകട്ടെ. പൊലീസുകാരിൽ ചിലരെ മാത്രം പ്രതികളാക്കി മറ്റുള്ളവരെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്.

പൊലീസുകാർ ഭീകരമായി മർദ്ദിച്ചു. അവനു എണീറ്റ് നിൽക്കാൻ പോലും കഴിയുമായിരുന്നില്ല. മർദ്ദനത്തിനു ശേഷമായുള്ള അവന്റെ നിലവിളി പലരും കേട്ടിട്ടുണ്ട്. കൊല്ലാൻ വേണ്ടി തന്നെയാണ് മർദ്ദിച്ചത്. അങ്ങിനെ തന്നെ അവർ കൊല്ലുകയും ചെയ്തു. ജയിലിൽ പോലും വെള്ളം കിട്ടിയില്ല. ജയിലിൽ നിന്നും മരിച്ച ശേഷമാണ് പീരുമേട് ആശുപത്രിയിൽ എത്തിച്ചത്. ഓടിയപ്പോൾ താഴെ വീണ് പരിക്കുപറ്റി എന്നാണ് പൊലീസുകാർ പറഞ്ഞത്. അവനു ഓടാൻ പോലും കഴിയില്ല. മുൻപ് കാലിനു അവനു വെട്ടുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ അവനു ഓടാൻ കഴിയില്ല. അവനുമായി ബന്ധപ്പെട്ടു പൊലീസുകാർ പറഞ്ഞത് മുഴുവൻ കളവാണ്. അതിലാണ് അന്വേഷണം വേണം എന്ന് പറയുന്നത്. ന്യൂമോണിയ ആണെന്ന് പറഞ്ഞു. പിന്നെ പറഞ്ഞു പനിയാണെന്നു പറഞ്ഞു. ഹൃദയസ്തംഭനം ആണെന്നും പറഞ്ഞു. ഒന്നുമായിരുന്നില്ല. അവനെ അവർ തല്ലി തല്ലി കൊല്ലുകയായിരുന്നു.

അവന്റെ മുഖം പോലും ഞങ്ങളെ ആരെയും കാണിച്ചില്ല. എൺപത് കിലോയാണ് അവന്റെ തൂക്കം. മരിച്ചപ്പോൾ 135 കിലോയോളം തൂക്കം. അത്രമാത്രം അവന്റെ ദേഹത്ത് നീരുവെച്ചിരുന്നു. അവന്റെ പിന്നിലുള്ളവരുടെ പേര് വെളിയിൽ വരാതിരിക്കാനാണ് പൊലീസ് കൊച്ചിനെ തല്ലിക്കൊന്നത്. ശാലിനി അവന്റെ പിന്നിലുണ്ടായിരുന്നു. ശാലിനി പൊലീസ് പിടിക്കട്ടെ. ചോദ്യം ചെയ്യട്ടെ. ശാലിനി എവിടെയുണ്ടെന്ന് പോലും ആർക്കും അറിയില്ല. ഞങ്ങൾ വാഗമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പക്ഷെ പൊലീസ് ഞങ്ങളുടെ പരാതി അന്വേഷിച്ചില്ല. പണം തിരിമറി വെളിയിൽ വരാതിരിക്കാൻ വേണ്ടി, യഥാർത്ഥ പ്രതികൾ വെളിയിൽ വരാതിരിക്കാൻ വേണ്ടി പൊലീസ് കൊച്ചിനെ കൊല്ലുകയായിരുന്നു. അതാണ് ഇനി വെളിയിൽ വരേണ്ടത്. അതിനു സിബിഐ അന്വേഷണം വേണം-കസ്തൂരി പറയുന്നു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിന് ഇരയായി രാജ്കുമാർ മരിച്ച സംഭവത്തിൽ നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ ഇന്നു നിയമസഭാ മാർച്ച് നടത്തിയിരുന്നു. നിയമസഭയ്ക്ക് തൊട്ടുമുന്നിൽ ബാരിക്കേഡ് വെച്ച് മാർച്ച് പൊലീസ് തടഞ്ഞു. രാജ്കുമാറിന്റെ 'അമ്മ കസ്തൂരിക്ക് ഒപ്പം കസ്റ്റഡി മരണത്തിന്നിരയായി കൊല്ലപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ 'അമ്മ രമണി പ്രമീളയും രാജ്കുമാർ ആക്ഷൻ കൗൺസിൽ ഭാരവാഹികളും മാർച്ചിൽ പങ്കെടുത്തു. രാജ്കുമാറിന്റെ മരണത്തിൽ കണ്ണിൽ പൊടിയിടുന്ന നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതിനെതിരെയാണ് നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ നിയമസഭാ മാർച്ച് നടത്തിയത്.

നെയ്യാറ്റിൻകരയിൽ കസ്റ്റഡി മരണത്തിന്നിരയായി കൊല്ലപ്പെട്ട ശ്രീജീവിന്റെ 'അമ്മ പ്രമീള രമണിയും നിയമസഭാ മാർച്ചിൽ പങ്കെടുത്തിരുന്നു. കസ്തൂരിയും പ്രമീളയും കൂടിക്കണ്ടത് വികാരനിർഭരമായ രംഗങ്ങൾ മാർച്ചിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തു. കസ്തൂരിയെ നോക്കി പ്രമീള പൊട്ടിക്കരഞ്ഞു. കസ്തൂരിക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. നീതി തേടി ഇരു അമ്മമാരും കൈകോർക്കുകയും ചെയ്തു. ശ്രീജീവ്, മാത്രമല്ല അതിനുശേഷം ശ്രീജിത്തും ഇപ്പോൾ രാജ്കുമാറും വന്നു. പൊലീസിന്റെ കസ്റ്റഡി മരണത്തിൽ ഇനിയും യുവാക്കൾ കൊല്ലപ്പെടും.കസ്റ്റഡിയിലുള്ളവരെ കൊന്നു തീർക്കാൻ പൊലീസ് ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ്. സർക്കാരിന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്താണ് പൊലീസിലെ കാര്യങ്ങൾ. അതുകൊണ്ട് തന്നെ കസ്റ്റഡി മരണങ്ങൾ തുടർക്കഥയാകുന്നത്-പ്രമീള മറുനാടനോട് പ്രതികരിച്ചു. രാജ്കുമാർ മാത്രമല്ല ഈ സർക്കാരിന്റെ കാലത്ത് ഇനിയും കസ്റ്റഡി മരണങ്ങൾ വരും. ഇത്തരം മരണങ്ങൾക്ക് തടയിടാനാണ് ഇപ്പോൾ രാജ്കുമാറിന്റെ അമ്മയുടെ നീതീ തേടിയുള്ള ഈ സമരത്തിൽ ഞാൻ പങ്കെടുക്കുന്നത്-പ്രമീള പറഞ്ഞു.

എസ്‌പിയുടെ നിർദ്ദേശ പ്രകാരമാണ് രാജ്കുമാർ കസ്റ്റഡിയിൽ എടുക്കപ്പെട്ടത്. അതിനുശേഷം ക്രൂരമായ രീതി മർദ്ദനത്തിനു വിധേയമാകുകയും കൊല്ലപ്പെടുകയും ചെയ്തു. എസ്‌പിയുടെ നിർദ്ദേശം അതേപടി അനുസരിച്ച ഡിവൈഎസ്‌പിയും മരണത്തിനു കാരണക്കാരനായ എസ്‌പിയും ഇടുക്കിയിൽ ഡ്യൂട്ടിയിൽ തുടരുന്നു. ഡിവൈഎസ്‌പിയും ഇടുക്കിഎസ്‌പിയും അറസ്റ്റ് ചെയ്യപ്പെടണം. അതിനാണ് നിയമസഭാ മാർച്ച് നടത്തുന്നത്-രാജ്കുമാർ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവർ ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ തെളിവുകൾ അതിവേഗം നശിപ്പിക്കപ്പെടുകയാണ്. അതിനാലാണ് അടിയന്തിരമായി നിയമസഭാ മാർച്ച് നടത്തുന്നത്.

രാജ്കുമാർ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും ഞങ്ങൾ നിവേദനം നൽകിയിട്ടുണ്ട്. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടു മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുക തന്നെ വേണം. സിബിഐ അന്വേഷണം വന്നിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP