Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ അനുഭവിക്കാത്ത വേദനകൾ ഇല്ല.. കരയാൻ ഇനി കണ്ണുനീർ ഇല്ല; പരസ്ത്രീയെന്ന് നസീമ പറഞ്ഞ സ്ത്രീ എന്റെ ഭാര്യ; നഷ്ടപരിഹാരം ചോദിച്ചത് മൂന്നു കോടി; ഭാര്യയെ തലാഖ് ചൊല്ലിയ സംഭവത്തെക്കുറിച്ച് അഡ്വ. ടി സിദ്ദിഖ് മറുനാടനോട് മനസ്സ് തുറക്കുന്നു

ഞാൻ അനുഭവിക്കാത്ത വേദനകൾ ഇല്ല.. കരയാൻ ഇനി കണ്ണുനീർ ഇല്ല; പരസ്ത്രീയെന്ന് നസീമ പറഞ്ഞ സ്ത്രീ എന്റെ ഭാര്യ; നഷ്ടപരിഹാരം ചോദിച്ചത് മൂന്നു കോടി; ഭാര്യയെ തലാഖ് ചൊല്ലിയ സംഭവത്തെക്കുറിച്ച് അഡ്വ. ടി സിദ്ദിഖ് മറുനാടനോട് മനസ്സ് തുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തനിക്കെതരെ ഭാര്യ നസീമ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടി സിദ്ദിഖ് രംഗത്തെത്തി. കാൻസർ ബാധിച്ചതുകൊണ്ടാണ് താൻ ഭാര്യയെ ഉപേക്ഷിച്ചതെന്ന നസീമയുടെ ആരോപണങ്ങൾ പൂർണ്ണമായും സിദ്ദിഖ് തള്ളിക്കളഞ്ഞു. രോഗിയായിരുന്ന വേളയിൽ നസീമയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് താനായിരുന്നു. ഭാര്യയുടെ സംശയരോഗം സഹിക്കാൻ കഴിയാത്ത ഘട്ടത്തിലാണ് താൻ അവരെ മൊഴിചൊല്ലിയതെന്നും സിദ്ദിഖ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. പരസ്ത്രീയെന്ന് നസീമ ആരോപിച്ച് പെൺകുട്ടി ഇപ്പോൾ തന്റെ ഭാര്യയാണെന്ന് പറഞ്ഞ സിദ്ദിഖ് താൻ വിവാഹിതനായ കാര്യവും മറുനാടൻ മലയാളിയിലൂടെ ലോകത്തെ അറിയിച്ചു. കണ്ണൂർ സ്വദേശിനിയായി പി വി ഷറഫുന്നീസയെയാണ് സിദ്ദിഖ് വിവാഹം കഴിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇരുവരുടെയും നിക്കാഹ് നടന്നത്. വാർത്തക്കൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത് സിദ്ദിഖിന്റെ ഭാര്യയുടെ ചിത്രമാണ്. എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയും കൂടിയാണ് ഷറഫുന്നീസ. 

നസീമയെ മൊഴിചൊല്ലാൻ കാരണം അവരുടെ മോശം സ്വഭാവമാണെന്നും സിദ്ദിഖ് ആരോപിച്ചു. ഇത്രയും കാലം കൊടിയ പീഡനങ്ങൾ സഹിച്ചാണ് നസീമയ്‌ക്കൊപ്പം ജീവിച്ചതെന്നും സിദ്ദിഖ് മറുനാടൻ മലയാളിയോട് പറഞ്ഞു. കുട്ടികളുടെ ഭാവിയെ ഓർത്താണ് താൻ കൂടുതലൊന്നും പറയാൻ തയ്യാറാകാത്തത്. നസീമ ഇരട്ട വ്യക്തിത്വത്തിന് ഉടമയാണ്. പേഴ്‌സണാലിറ്റി ഡിസ്ഓർഡറാണ് അവർക്ക്. മൂന്ന് കോടി രൂപ കൊടുത്താൽ പ്രശ്‌നം തീർക്കാമെന്നാണ് നസീമ പറഞ്ഞത്. എന്നാൽ തന്റെ കൈയിൽ ഇതിനുള്ള പണമില്ല. അതുകൊണ്ടാണ് മൊഴി ചൊല്ലാൻ തീരുമാനിച്ചത്. 11 വർഷത്തോളം അവർക്കൊപ്പം കഴിഞ്ഞത് ഏറെ സഹിച്ചുകൊണ്ടാണ്. എന്നെ വളർത്തി വലുതാക്കിയ എന്റെ ഉപ്പയെയും ഉമ്മയും എന്റെ സഹോദരിയെയും വരെ എന്നിൽ നിന്നും അകറ്റിയെന്നു സിദ്ദിഖ് പറഞ്ഞു.

പരസ്പ്പരം സമ്മതത്തോടെ പിരിയാനാണ് താൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ നസീമയുടെ തന്റേടത്തോടെയുള്ള സ്വഭാവം കാരണം അതിന് സാധിച്ചില്ല. സ്വന്തം കുടുംബക്കാരെയും എന്റെ വീട്ടുകാരെയും അനുസരിക്കാൻ അവർ തയ്യാറായിരുന്നില്ല. ഒമ്പത് മാസമായി നസീമയുമായി പിണങ്ങി കഴിയുകയായിരുന്നു താൻ. ഇനിയും ഒത്തുപോകാൻ സാധിക്കില്ലെന്ന ഘട്ടത്തിലാണ് പിരിയാൻ തീരുമാനം എടുത്തത്. ഇത് പ്രകാരം രണ്ട് കുടുംബക്കാരുടെയം മഹല്ല് കമ്മറ്റികൾക്ക് കത്തു നൽകിയിരുന്നു. എന്നാൽ, ഒത്തുതീർപ്പ് ഫോർമുല അംഗീകരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഇവർ അവസാന നിമിഷം പിന്മാറുകയായിരുന്നു. അതുകൊണ്ടാണ് മുസ്ലിം മതപ്രകാരം മൊഴിചൊല്ലിയത്. രണ്ട് പേരുടെയും സമ്മതത്തോടെ മൊഴി ചൊല്ലാൻ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു.

തന്നെ കണ്ണീരു കുടിപ്പിക്കുമെന്നും നരകയാതന അനുഭവിപ്പിക്കുമെന്നുമാണ് നസീമ പറഞ്ഞിരുന്നത്. കാൻസർ രോഗത്തിന്റെ പേര് പറഞ്ഞ് വോട്ട് നേടാൻ ശ്രമിച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങൾ തീർത്തും തെറ്റായതാണ്. താൻ രാഷ്ട്രീയം കൊണ്ട് ഒന്നും സമ്പാദിക്കാൻ സാധിക്കാത്ത വ്യക്തിയാണ്. എന്നാൽ എന്നെ വിവാഹം ചെയ്തതുകൊണ്ട് നസീമയ്ക്ക് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. റഹ്മാനിയ സ്‌കൂളിൽ നയാപൈസ കൊടുക്കാതെ ഹയർസെക്കണ്ടറി ടീച്ചറുടെ ജോലി നസീമയ്ക്ക് വാങ്ങിക്കൊടുത്തത് താനാണ്. ഇവരുടെ ചികിത്സക്കായി സ്വന്തം കുടുംബക്കാർ പോലും വന്നിരുന്നില്ല. കോൺഗ്രസിലെ തന്റെ അടുത്ത സുഹൃത്തുക്കളാണ് എല്ലാ സഹായവും ചെയ്തുകൊടുത്തത്. ചികിത്സിക്കാൻ പണമില്ലാത്തതുകൊണ്ട് സുഹൃത്തുക്കളുടെ കൈയിൽ നിന്നും പണം കടം വാങ്ങുകയായിരുന്നു- സിദ്ദിഖ് പറയുന്നു.

തന്നെക്കുറിച്ച് ഇവർ ഷാനിമോൾ ഉസ്മാൻ അടക്കമുള്ള നേതാക്കളോട് ഇല്ലാത്ത കഥകൾ പറഞ്ഞു നടക്കുകയായിരുന്നു. നസീമയുടെ രണ്ടാം വിവാഹമായിരുന്നു താനുമായുള്ളത്. പ്രശ്‌നങ്ങൾ പുറംലോകം അറിയാതിരിക്കാനാണ് താൻ ആദ്യം മുതൽ ശ്രമിച്ചത്. എന്നാൽ അവർ തന്നെ എല്ലാം വഷളാക്കുകയായിരുന്നു. താൻ മക്കളെ നോക്കുന്നില്ലെന്ന ആരോപണം തീർത്തും തെറ്റാണ്. ആഴ്‌ച്ചയിൽ മൂന്ന് നാല് ദിവസം മക്കളോടൊപ്പം ചിലവഴിക്കാൻ ശ്രമിക്കാറുണ്ട്. കുട്ടികളെ വിട്ടുകിട്ടാൻ വേണ്ടി കോഴിക്കോട് കോടതിയിൽ ഇപ്പോൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

27ാം വയസിലായിരുന്നു നസീമയുമായുള്ള വിവാഹം. എല്ലാവരെയും പോലും ഏറെ പ്രതീക്ഷകളോടെയാണ് താനും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചത്. എന്നാൽ നസീമയുടെ പെരുമാറ്റം കൊണ്ട് എല്ലാം തകരുന്ന അവസ്ഥയാണ് ഉണ്ടായത്. നസീമയുടെ സ്വഭാവദൂഷ്യം കൊണ്ട് വിവാഹം ചെയ്ത് മൂന്ന് മാസത്തിന് ശേഷം തനിക്ക് താമസം മാറേണ്ടി വന്നിരുന്നു. എന്റെ കുടുംബക്കാരോടും എല്ലാവരോടും ദേഷ്യത്തോടു കൂടിയാണ് അവർ പെരുമാറിയിരുന്നത്. തന്റേടത്തോടെ പെരുമാറുന്ന വ്യക്തിത്വമായിരുന്നു അവരുടേത്. എന്റെ മാതാപിതാക്കളോടും സഹോദരിയോടും വെറുപ്പോടെയായിരുന്നു പെരുമാറ്റം. അതുകൊണ്ടാണ് മധുവിധു തീരും മുമ്പ് തന്നെ തറവാട്ടിൽ നിന്നും മാറി താമസിക്കേണ്ടി വന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിലും നസീമ തന്നെ ഏറെ ബുദ്ധിമുട്ടിച്ചു. വോട്ടെടുപ്പിന്റെ ദിവസം വോട്ട് ചെയ്യാൻ ബൂത്തിലേക്ക് വരാൻ പോലും നസീമ തയ്യാറായില്ല. ഏറെ നിർബന്ധിച്ച ശേഷമാണ് പിടിവാശി ഉപേക്ഷിക്കാൻ ഇവർ തയ്യാറായത്. ഇതൊക്കെ ഒരു ഭർത്താവിനെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയാത്ത വിധത്തിലുള്ള കാര്യങ്ങളാണ്. തെരഞ്ഞെടുപ്പിന് ശേഷം ശേഷം കാർ വാങ്ങണം എന്ന് വാശിപിടിച്ചത് നസീമയായിരുന്നു. ഇതിനായി എന്നോട് നിരന്തരം ഇവർ വഴക്കിട്ടു.

ഇവർക്ക് വീട്ടുകാർ നൽകിയ സ്വർണം മുഴുവൻ അവർ തന്നെ സ്വന്തം ആവശ്യങ്ങൾക്കായി ചിലവഴിക്കുകയായിരുന്നു. അവരുടെ പേരിൽ കോഴിക്കോട് ജില്ലയിൽ 24 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇതിന് പണംതികയാതെ വന്നപ്പോൾ താൻ പലരോടായി കടംവാങ്ങി നൽകുകയായിരുന്നു. കൂടാതെ ലോണെടുക്കുകയും ചെയ്തു. ഈ സ്ഥലം ഇപ്പോഴും അവരുടെ പേരിലാണ്. ഇത്രയും കാലം അവർ ജോലി ചെയ്ത ശമ്പളം പോലും താൻ അവരിൽ നിന്നും ചോദിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ഭാസ്‌ക്കരൻ നായർ മുഖാന്തിരം അവരെന്നെ വിളിച്ചു മൂന്നുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തന്റെ പക്കൽ പണമില്ലാത്തതിനാൽ നൽകാൻ സാധിക്കില്ലെന്ന് പറയുകയായിരുന്നു ഞാൻ. നസീമയുടെ കുടുംബക്കാരുമായി ബന്ധപ്പെട്ട് തന്നെയാണ് ഒടുവിൽ വിവാഹ മോചനം നേടാൻ ശ്രമിച്ചത്. എന്നാൽ അവർ തന്നെയാണ് ഇതിൽ നിന്നും പിൻവാങ്ങാൻ കൂട്ടാക്കാതിരുന്നത്. അതിനു വഴങ്ങാത്ത പക്ഷം തന്നെ തകർക്കാനും തേജോവധം ചെയ്യാനും പരിശ്രമിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും സിദ്ദിഖ് മറുനാടൻ മലയാളിയോട് പറഞ്ഞു.

വിവാഹ മോചനത്തിനെതിരെ കേസ് ഫയൽ ചെയ്യാനാണ് നസീമയുടെ നീക്കം. അവർ കേസ് ഫയൽ ചെയ്താൽ അതിനെ നിയമപരമായി നേരിടാൻ തയ്യാറാണെന്നും സിദ്ദിഖ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. എന്നെ സ്‌നേഹിക്കുന്ന എന്നെ വിശ്വസിക്കുന്ന അനേകം പേരുണ്ട്. അവരുടെ മുന്നിൽ തന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്നത് തന്നെപ്പോലൊരു പൊതുപ്രവർത്തകന്റെ കടമ കൂടിയാണ് അതുകൊണ്ടാണ് വ്യക്തിപരമായ കാര്യമായിരുന്നിട്ടു കൂടി ഇത് വിശദീകരിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

നസീമ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചതോടെയാണ് സിദ്ദിഖിന്റെ വിവാഹ മോചന വാർത്ത പുറംലോകം അറിയുന്നത്. ഫീലിങ് പോയി തുലയെടാ.. എന്നു പറഞ്ഞ് ജീവിതം എന്താണെന്നും എങ്ങനെ കാണിച്ചു തരാമെന്നും കുട്ടികളുടെ ചിത്രം സഹിതം നസീമ പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് തിരക്കിയ മറുനാടൻ മലയാളിയോട് സിദ്ദിഖ് കാൻസറിന്റെ പേരിൽ തന്നെ ഉപേക്ഷിച്ചെനാണ് നസീമ പറഞ്ഞിരുന്നത്. വാർത്ത പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP