Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അദാനി നോട്ടമിടുന്നത് കേരളത്തെ മുഴുവൻ; വിഴിഞ്ഞം പദ്ധതി ഒരു തുടക്കം മാത്രം; ഡൽഹി മോഡലിൽ കൊച്ചിയിൽ സിറ്റിഗ്യാസ് പദ്ധതി ഏറ്റെടുക്കാൻ അദാനിക്ക് അനുമതി; ടെൻഡറിൽ പങ്കെടുത്ത ആറ് കമ്പനികളിൽ അദാനി-ഐഒസി സംയുക്ത കമ്പനി മുന്നിൽ

അദാനി നോട്ടമിടുന്നത് കേരളത്തെ മുഴുവൻ; വിഴിഞ്ഞം പദ്ധതി ഒരു തുടക്കം മാത്രം; ഡൽഹി മോഡലിൽ കൊച്ചിയിൽ സിറ്റിഗ്യാസ് പദ്ധതി ഏറ്റെടുക്കാൻ അദാനിക്ക് അനുമതി; ടെൻഡറിൽ പങ്കെടുത്ത ആറ് കമ്പനികളിൽ അദാനി-ഐഒസി സംയുക്ത കമ്പനി മുന്നിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ മുതൽമുടക്കാൻ അദാനി ഇറങ്ങിപ്പുറപ്പെട്ടതു വെറുതേയല്ലെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. കേരളത്തിൽ തന്റെ വ്യവസായ സാമ്രാജ്യം വളർത്തിയെടുക്കാൻ കച്ചകെട്ടിത്തന്നെയാണ് ഗൗതം അദാനിയെന്ന ബിസിനസ് രാജാവിന്റെ വരവ്. കൊച്ചിയിൽ വീടുകളിൽ പൈപ്പ് ലൈൻ വഴി പാചകവാതകം എത്തിക്കുന്ന 'സിറ്റിഗ്യാസ്' പദ്ധതിയാണ് അദാനിയുടെ അടുത്ത നോട്ടം. പദ്ധതി ഏറ്റെടുക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്ത ആറുകമ്പനികളിൽ അദാനി-ഐഒസി സംയുക്തസംരംഭ കമ്പനിയാണ് മുന്നിൽ.

കേരളത്തിൽനിന്ന് മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമൊക്കെ ഡൽഹിയിൽ കാണാൻ ചെല്ലുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിക്കുന്ന ഒരു പ്രധാന ചോദ്യം 'കേരളത്തിലെ പ്രകൃതിവാതക പൈപ്പ് ലൈന് (എൽഎൻജി) എന്തായി' എന്നാണ്. മോദിക്ക് കേരളത്തോടുള്ള താൽപര്യത്തിന്റെ ഉദാഹരണമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പല വേദികളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ അതിനു പിന്നിലെ ഉദ്ദേശ്യം ഇപ്പോഴാണ് വെളിപ്പെടുന്നത്.

കൊച്ചിവരെയാണ് കേരളത്തിലേക്ക് എൽഎൻജി പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. മന്മോഹൻസിങ് സർക്കാർ അവസാന വർഷത്തിൽ അനുവദിച്ച എൽഎൻജി പൈപ്പ് ലൈനിന്റെ പണി ഇനിയും പൂർത്തീകരിക്കാൻ യുഡിഎഫ് സർക്കാരിനു കഴിഞ്ഞിട്ടില്ല. പൈപ്പ് ലൈൻ പൂർത്തിയായാൽ കൊച്ചിയിലെ എഫ് എ സി ടിയെ പൂർണമായും എൽഎൻജിയിൽ പ്രവർത്തിപ്പിക്കാനാകും. ഇതിലൂടെ കൊച്ചിയിലെ സിറ്റി ഗ്യാസ് പ്രോജക്ടിനുള്ള വഴി തുറക്കുകയും ചെയ്യും. അതോടെ അദാനിയുടെ കച്ചവടത്തിനും വഴിയൊരുങ്ങും. ഇതായിരുന്നു മോദിയുടെ ലക്ഷ്യമെന്നു വ്യക്തമാണ്.

അഞ്ചുമാസം മുമ്പാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം കൊച്ചിയിലെ സിറ്റി ഗ്യാസ് പദ്ധതിക്ക് ടെൻഡർ തുറന്നത്. 1,059 കോടി രൂപയുടെ പെർഫോർമൻസ് ഗ്യാരന്റിയാണ് ഇവർ ക്വാട്ട് ചെയ്തത്. കൊച്ചിനഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രകൃതിവാതകം ഗാർഹികാവശ്യത്തിനും ചെറുകിട വ്യവസായസംരംഭങ്ങൾക്കും ഹോട്ടലുകൾക്കും പൈപ്പ് ലൈൻവഴി എത്തിക്കുകയും വാഹനങ്ങളിൽ ഉപയോഗിക്കാൻ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് വിതരണം ചെയ്യുകയുമാണ് സിറ്റി ഗ്യാസ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. 40,000 ഉപയോക്താക്കൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ 14 നഗരങ്ങളിലായി സിറ്റി ഗ്യാസ് പദ്ധതിക്കുള്ള ടെൻഡറുകൾക്കാണ് പിഎൻജിആർബി അപേക്ഷ ക്ഷണിച്ചത്.

പദ്ധതി നടത്തിപ്പിന് ആറു കമ്പനികളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അദാനി ഗ്രൂപ്പ് സംരംഭത്തെക്കൂടാതെ കെഎസ്‌ഐഡിസിയും ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യയും ചേർന്നുള്ള സംയുക്തസംരംഭമായ കേരള ഗെയിൽ ഗ്യാസ് ലിമിറ്റഡ്, ബിപിസിഎൽ, ഇഐഎംസി ലിമിറ്റഡ്, സിർജീസ് സ്റ്റീൽ ലിമിറ്റഡ്, എസ്സെൽ ലിമിറ്റഡ് എന്നിവരും പങ്കെടുത്തിരുന്നു.

എന്നാൽ ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയിൽ) സഹായമില്ലാതെ ഗ്യാസ് വിതരണം അദാനി ഗ്രൂപ്പിന് അത്ര എളുപ്പമാകാനിടയില്ല. ഗ്യാസ് വിതരണം ഗെയിൽവഴി വേണ്ടെന്ന് തീരുമാനിച്ചാൽ അദാനി ഗ്രൂപ്പിന് പുതുതായി സ്വന്തമായി പൈപ്പ് ലൈൻ ഇടേണ്ടിവരും.

ആദ്യമായാണ് പ്രകൃതിവാതക വിതരണമേഖലയിലേക്ക് അദാനി ഗ്രൂപ്പ് കടക്കുന്നത്. സമ്പത്തിൽ മുൻനിരയിൽ അംബാനിയാണെങ്കിലും അതിവേഗം വളർച്ച കൈവരിച്ചവരിൽ ഇപ്പോൾ മുൻനിരയിൽ അദാനിയാണ്. മോദി അധികാരത്തിലേറും മുമ്പ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 18-ാമതായിരുന്ന അദാനി ഏതാനും മാസങ്ങൾക്കുള്ളിലാണ് മുൻനിരയിലേക്കെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP