Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതേതര മുഖമുള്ള പാർട്ടികളിൽ നുഴഞ്ഞു കയറാൻ തീവ്ര സലഫി അനുകൂലികൾ; കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും ജാഗ്രത കാട്ടണമെന്ന് നിർദ്ദേശം; അനുകൂലമായ സാഹചര്യം വരുമ്പോൾ സ്വന്തം അജണ്ട നടപ്പാക്കാനായുള്ള കാത്തിരിപ്പിൽ മലയാളികളടങ്ങിയ ഐസിസ് ഘടകം; ശ്രീലങ്കയിൽ 'കറുത്ത ഈസ്റ്റർ' ഉണ്ടാക്കിയ ട്രൈ അസറ്റോൺ ട്രൈ പെറോക്സൈഡിന്റെ ശേഖരണവും ആശങ്കപ്പെടുത്തുന്നത്; റാഷിദും ഖയൂമും കൊല്ലപ്പെട്ടങ്കിലും ഭീഷണി ഒഴിയുന്നില്ല; കേരളം കരുതൽ തുടരണമെന്ന് കേന്ദ്ര ഇന്റലിജൻസ്

മതേതര മുഖമുള്ള പാർട്ടികളിൽ നുഴഞ്ഞു കയറാൻ തീവ്ര സലഫി അനുകൂലികൾ; കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും ജാഗ്രത കാട്ടണമെന്ന് നിർദ്ദേശം; അനുകൂലമായ സാഹചര്യം വരുമ്പോൾ സ്വന്തം അജണ്ട നടപ്പാക്കാനായുള്ള കാത്തിരിപ്പിൽ മലയാളികളടങ്ങിയ ഐസിസ് ഘടകം; ശ്രീലങ്കയിൽ 'കറുത്ത ഈസ്റ്റർ' ഉണ്ടാക്കിയ ട്രൈ അസറ്റോൺ ട്രൈ പെറോക്സൈഡിന്റെ ശേഖരണവും ആശങ്കപ്പെടുത്തുന്നത്; റാഷിദും ഖയൂമും കൊല്ലപ്പെട്ടങ്കിലും ഭീഷണി ഒഴിയുന്നില്ല; കേരളം കരുതൽ തുടരണമെന്ന് കേന്ദ്ര ഇന്റലിജൻസ്

രഞ്ജിത്ത് ബാബു

കണ്ണൂർ: കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള മതഭീകരവാദ സംഘടനകൾ രാഷ്ട്രീയ പാർട്ടികളിൽ നുഴഞ്ഞ് കയറാനുള്ള നീക്കം സജീവമാക്കുന്നതായി വിവരം. മതേതര സംഘടനകളിൽ തങ്ങളുടെ അനുയായികളെ തിരികി കയറ്റുക എന്ന ലക്ഷ്യത്തിലാണ് സംഘടനകൾ. തീവ്ര സലഫി അനുകൂലികളും പോപ്പുലർ ഫ്രണ്ട് അനുഭാവികളും മതേതര മുഖമുള്ള പാർട്ടികളിൽ അണികളായി നിർത്താനാണ് തീവ്ര സംഘടനകളുടെ നീക്കം. തങ്ങൾക്ക് അനുകൂലമായ സാഹചര്യം വരുമ്പോൾ സ്വന്തം അജണ്ട നടപ്പാക്കാൻ രംഗത്ത് വരാനാണ് ഇത്തരക്കാർക്കുള്ള നിർദ്ദേശം.

കോൺഗ്രസ്സ്, സിപിഎം, മുസ്ലിം ലീഗ് എന്നീ സംഘടനകളെയാണ് ഇത്തരം കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള നീക്കം. കേന്ദ്രത്തിൽ ബിജെപി. സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ തീവ്രവാദ സംഘടകളുടെ പ്രവർത്തനം രാജ്യത്ത് നിരോധിച്ചേക്കുമോ എന്ന ഭയവും മതേതര സംഘടകളിൽ ചേക്കേറാനുള്ള കാരണങ്ങളിൽ ഒന്നാണ്. സ്വന്തം ആശയം മനസ്സിൽ സൂക്ഷിച്ച് മതേതരരെന്ന പരിവേഷം കാട്ടി രാഷ്ട്രീയ പാർട്ടികളിൽ കഴിയാനാണ് ഇത്തരക്കാരുടെ നീക്കം. ജനകീയ സമരങ്ങളിൽ പങ്കുവഹിച്ചു കൊണ്ട് തങ്ങളുടെ നിലപാട് മറ്റാരുമറിയാതെ കടുപ്പിക്കാനും ഇവർക്ക് നിർദ്ദേശം നൽകും. കേന്ദ്ര ഇന്റലിജൻസാണ് ഈ ഇടപെടൽ തിരിച്ചറിയുന്നത്.

ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരം, ദേശീയ പാതാ വികസന വിരുദ്ധ സമരം എന്നിവയിലെ കർമ്മസമിതികളിൽ സജീവ സാന്നിധ്യം ഉറപ്പു വരുത്തിയതുപോലെ രാഷ്ട്രീയ പാർട്ടികളിൽ കടന്നു കൂടി പ്രവർത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ തീവ്രവാദ പ്രസ്ഥാനത്തിൽ വിദ്യാ സമ്പന്നരും ഐ.ടി. വിദഗ്ദരും മറ്റ് സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരും നിരവധിയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണക്കു കൂട്ടൽ. മലബാറിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് കടന്നവരും ഇത്തരം വിദ്യാസമ്പന്നരാണ്.

തീവ്ര സലഫി വിഭാഗക്കാരും എസ്. ഡി.പി.ഐ. പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളിൽപെട്ടവരുമാണ് ഇവരെല്ലാം. അതുകൊണ്ടു തന്നെ അതീവ ഗൗരവമുള്ളതും ആപൽക്കരവുമായ സ്ഫോടക വസ്തുക്കളുടെ നിർമ്മാണത്തിനുള്ള സാങ്കേതിക ജ്ഞാനം ഇവർക്ക് വശമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കുകൂട്ടൽ. ഇവരുമായി നേരിട്ടും പരോക്ഷമായും ബന്ധമുള്ളവർ ഇപ്പോഴും കേരളത്തിനകത്തും പുറത്തുമുണ്ട്. ശ്രീലങ്കൻ സ്ഫോടനത്തിനുപയോഗിച്ച ' ട്രൈ അസറ്റോൺ ട്രൈ പെറോക്സൈഡ്, (ടി.എ.ടി.പി.) ' എന്ന സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കേരളത്തിലെ ചിലയിടങ്ങളിലെങ്കിലും ഉണ്ടെന്നാണ് സൂചന.

എന്നാൽ ടി.എ.ടി.പി കർശനമായ പരിശോധനയിൽ പോലും കണ്ടെത്താൻ പ്രയാസമാണ്. ഈ പഴുതുപയോഗിച്ചാണ് തീവ്രവാദികൾ ടി.എ.ടി.പി. സംഭരിക്കുന്നതും ഉപയോഗിക്കുന്നതും. അന്വേഷണ ഏജൻസികൾ, തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട സംഘടകളുടേയും നേതാക്കളുടേയും ബാങ്കിടപാടുകൾ, ഭൂമിഇടപാടുകൾ, വിദേശ യാത്രകൾ എന്നിവ സംബന്ധിച്ച വിവര ശേഖരണം നടത്തിക്കഴിഞ്ഞു. അതിനു പുറമേ കള്ളനോട്ട് , കുഴൽ പണ ഇടപാടുകൾ, ആയുധ ശേഖരണം, ഒളിസങ്കേതങ്ങൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും സിറിയ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധപ്പെട്ട് പോയവരിൽ ഭൂരിഭാഗം പേരും അവിടെ കൊല്ലപ്പെട്ടുവെങ്കിലും വിരലിലെണ്ണാവുന്നവർ ഇനിയുമുണ്ടെന്നാണ് വിവരം. എന്നാൽ കാസർഗോട്ടെ അബ്ദുൾ റാഷിദിനെ പോലെയോ കണ്ണൂർ-ചെക്കിക്കുളത്തെ അബ്ദുൾ ഖയൂമിനെ പോലെയോ റിക്രൂട്ട്മെന്റ് നടത്തുന്നവർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാണുന്നില്ല. ഇവർ രണ്ടു പേരും കൊല്ലപ്പെട്ടുവെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.

ശ്രീലങ്കയിൽ 359 പേരെ കൊന്നൊടുക്കിയ ചാവേറാക്രമണങ്ങളുടെ സൂത്രധാരൻ 38 കാരനായ, കടുത്ത മത തീവ്രവാദിയായ ഹാഷിം മൗലവിയാണെന്ന് കണ്ടെത്തിയിരുന്നു. ബട്ടിക്കലോവ സ്വദേശിയായ സഹ്‌റാൻ ഹാഷിം തന്നെയാണ് നാഷണൽ തൗഹീദ് ജമാഅത്തിന്റെ സ്ഥാപകനെന്നും സ്ഥിരീകരിച്ചു. ഇയാളും ഒരു ചാവേറായിരുന്നുവെന്നാണ് സൂചന. സ്വന്തമായി മോസ്‌ക്കും മദ്രസയും നടത്തിയിരുന്ന ഹാഷിം കടുത്ത വർഗീയ പരാമർശങ്ങൾ നടത്തുകയും വിദ്വേഷം പടർത്തുകയും ചെയ്തിരുന്നു. ശരിയത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ ഇയാളുടെ സ്വാധീനത്താലാണ് കഴിഞ്ഞ വർഷം രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ബുദ്ധപ്രതിമകൾ തകർത്തത്. ഷാങ്ങ്രില റസ്റ്ററന്റിൽ സ്‌ഫോടനം നടത്തിയത് ഇയാളെന്നാണ് വിവരം. ഇയാൾക്ക് കേരളത്തിലുള്ള ഐസിസ് അനുഭാവികളുമായി ബന്ധമുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സഹ്‌റാൻ ഹാഷിമിന് കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഐസിസ് അനുകൂലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ഫെയ്സ് ബുക്കിലൂടേയും യൂടൂബിലൂടേയും മൂന്ന് കൊല്ലമായി സഹ്റാൻ ഹാഷിം ആശയ വിനിമയം നടത്തുന്നുണ്ട്. മുഹമ്മദ് ആഷിഖ്, ഇസ്മായിൽ. ഷംസുദീൻ, ജാഫർ സിദ്ദിഖ് അലി, ഷാഹുൽ ഹമീദ് എന്നിവരെ എൻ ഐ എ പിടികൂടിയിരുന്നു. ഇവർക്ക് ഹാഷിമുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ ചിലരുമായി ഹാഷിമിന്റെ അടുപ്പക്കാർക്കും ബന്ധമുണ്ടായിരുന്നു. ഹാഷിമിന്റെ പ്രഭാഷണങ്ങൾക്ക് കേരളത്തിലെ സലഫി നേതാക്കളുടെ പ്രസംഗങ്ങളോടാണ് കൂടുതൽ സാമ്യം. ഇരുവരും പ്രചരിപ്പിക്കുന്നത് അവിശ്വാസികൾക്കൊപ്പം മുസ്ലീങ്ങൾ ജീവിക്കുന്നതിലെ അപകടമാണ്. ഹാഷിമിന്റെ ഇത്തരം പ്രസംഗങ്ങളും കേരളത്തിൽ നിന്നുള്ള സ്വാധീന ഫലമാണെന്ന് എൻ ഐ എ വിശ്വസിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ വിശദീകരിക്കുന്നു. കാഫിറുകളിൽ നിന്ന് അകലം പാലിക്കാനാണ് ലങ്കയിലെ മുസ്ലീങ്ങളെ ഹാഷിമും ആഹ്വാനം ചെയ്തിരുന്നത്.

കേരളത്തിൽ നിന്ന ഐസിസിലേക്ക് ചേരാനായി പോയവർ ശ്രീലങ്കയിലും എത്തിയിരുന്നു. ഹാദീസ് സ്റ്റഡി സെന്റിൽ എത്തിയ അവർ ഐസിസ് ആശയങ്ങളെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യ സെന്റർ നടത്തുന്ന സലപി ആചാര്യനായ നവാസ് അൽ ഹിന്ദി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ നിന്നാണ് അഫ്ഗാനിലേക്ക് മലയാളികൾ പോയത്. അതായത് ശ്രീലങ്കയിൽ നിന്ന് മലയാളികളുടെ ഐസിസ് ശക്തി കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്ക് പിന്നിൽ ഹാഷിമിന്റെ ഇടപെടലുണ്ടോ എന്നും സംശയമുണ്ട്. കേരളത്തിൽ നിന്ന് ഭീകര സംഘടനയായ ഐഎസിൽ ചേരാൻ പോയവർക്ക് സഹ്‌റാൻ ഹാഷിം, നാഷണൽ തൗഹീദ് ജമാഅത്ത് എന്നിവയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സൂചനയും ഉണ്ട്. കാസർകോട് സ്വദേശി അഷ്ഫാക്ക് മജീദും കോഴിക്കോട്ടുനിന്ന് അബ്ദുൾ റാഷീദ് അബ്ദുള്ളയും അയാളുടെ ഭാര്യയും മകളും, പാലക്കാട് സ്വദേശി മതം മാറിയ ബെസ്റ്റിൻ വിൻസെന്റുമാണ് ഐഎസിൽ ചേരാൻ ലങ്ക വഴി പോയവരിൽ ചിലർ. ഇതിൽ അഷ്ഫാഖ് 2016 ഫെബ്രുവരിയിലും റാഷീദും ഭാര്യയും മകളും 2016ലും ബെസ്റ്റിൻ 2016 ഡിസംബറിലുമാണ് ശ്രീലങ്കയ്ക്ക് പോയത്. ശ്രീലങ്കയിലെ തൗഹീദും തമിഴ്‌നാട്ടിലെ തൗഹീദും തമ്മിൽ നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്ക് അന്വേഷണം നീളുന്നത്.

ഐസിസ് കേസിൽ അറസ്റ്റിലായ മലയാളികളടക്കമുള്ളവരുടെ മൊഴിപ്രകാരം നൂറോളം സോഷ്യൽമീഡിയ ഐഡികളും ഗ്രൂപ്പുകളും നിരീക്ഷണത്തിലായിരുന്നു. വാട്‌സ്ആപ്പ്, ടെലഗ്രാം, ഫേസ്‌ബുക്ക് എന്നീ സാമൂഹ്യ മാധ്യമങ്ങളാണ് പ്രധാനമായും നിരീക്ഷിച്ചിരുന്നു. ശ്രീലങ്കയിലെ ഐസിസ് അനുഭാവികളും ഈ ഗ്രൂപ്പുകളിൽ സജീവ സാന്നിധ്യമായിരുന്നു. കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേരാനെത്തിയവരെ കൈയോടെ പിടികൂടി അറസ്റ്റു ചെയ്യാൻ എൻ.ഐ.എക്ക് സഹായകരമായത് ഇവരുടെ സോഷ്യൽ മീഡിയാ സംഭാഷണങ്ങളും കൈമാറിയ സന്ദേശങ്ങളുമായിരുന്നു. അറസ്റ്റിന് ദിവസങ്ങൾക്ക് മുമ്പ്തന്നെ ഇവർ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുണ്ട്. എന്നാൽ ഫേസ്‌ബുക്കിലടക്കം ആശയസാമ്യത പുലർത്തുന്ന നൂറുകണക്കിന് അക്കൗണ്ടുകളുള്ളതായി കണ്ടെത്തിയിരുന്നു. കേരളത്തിലെ ചില സലഫി പണ്ഡിതർ എഴുതുന്ന ലേഖനങ്ങളും മറ്റു സന്ദേശങ്ങളും ഇവരുടെ അക്കൗണ്ടുകളിൽ നിന്നും കണ്ടെത്തയിരുന്നു. ഇതെല്ലാം ശ്രീലങ്കയിലുള്ളവരേയും സ്വാധീനിച്ചിരുന്നു. ഇസ്ലാം മതം അതിന്റെ ആദിമ രൂപത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് സലഫി വിശ്വാസികൾ. കേരളത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഇരുപതോളം പേർ ഒരു പ്രത്യേക സലഫി സന്ന്യാസ ധാരയിൽ അകപ്പെട്ടതാണെന്ന നിഗമനം ശക്തമാണ്.

കാസർകോട് പടന്നയിൽ നിന്നും പാലക്കാട് യാക്കരയിൽ നിന്നും കാണാതായവരുടെ സലഫി ബന്ധങ്ങൾ ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കാസർകോട് ജില്ലയിൽ നിന്നു കാണാതായ അഭ്യസ്ഥവിദ്യരായ യുവാക്കളും യുവതികളും സലഫി പ്രസ്ഥാനത്തിൽ ആകൃഷ്ടരായിരുന്നു. മൂന്ന് കുട്ടികളടക്കം 16 പേരെയാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇവിടെ നിന്നു കാണാതായത്. ഇവരിൽ രണ്ട് ഡോക്ടർ ദമ്പതികളും, രണ്ട് എൻജിനീയർ ദമ്പതികളും ഉൾപ്പെടുന്നു. ഒരു യുവാവ് എംബിഎക്കാരനും അദ്ദേഹത്തിന്റെ ഭാര്യ ഉന്നത ബിരുദധാരിണിയുമാണ്. പരമ്പരാഗത സുന്നി കുടുംബത്തിൽ ജനിച്ച ഇവർ ഉയർന്ന വിദ്യാഭ്യാസം നേടിയ ശേഷമാണ് സലഫി ചിന്തയിൽ അണിചേർന്നത്. ഇവരിൽ പലരും സിറിയയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് സൂചന. ജാറവും അമ്പലവും പൊളിക്കാൻ കാസർകോട് നിന്ന് പോയ മലയാളി ഐ.എസ് നേതാവ് അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ ആഹ്വാനം ഏറെ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP