Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ.എം.ഷാജിയെ കുടുക്കിയ വിവാദ ലഘുലേഖ തന്റെ വീട്ടിൽ നിന്ന് കിട്ടിയെന്നത് കെട്ടിച്ചമച്ച കഥയെന്ന് പഞ്ചായത്ത് പ്രസിഡണ്ട്; ഹൈന്ദവ ആചാര പ്രകാരം ജീവിക്കുന്ന താൻ ഇത്തരമൊരു നോട്ടീസ് വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നത് എന്ത് അർത്ഥത്തിൽ; പൊലീസും സിപിഎമ്മും മുൻകൂട്ടി നിശ്ചയിച്ച് ഒരുക്കിയ കെണിയെന്ന് വളപട്ടം പഞ്ചായത്ത് പ്രസിഡന്റ് മനോരമ മറുനാടനോട് ; കേസ് ബോധപൂർവ്വം സിപിഎം. സൃഷ്ടിച്ചതെന്ന് മുസ്ലിം ലീഗും; വിവാദ നോട്ടീസിനെ ചൊല്ലി കണ്ണൂരിൽ രാഷ്ട്രീയ യുദ്ധം മുറുകുന്നു

കെ.എം.ഷാജിയെ കുടുക്കിയ വിവാദ ലഘുലേഖ തന്റെ വീട്ടിൽ നിന്ന് കിട്ടിയെന്നത് കെട്ടിച്ചമച്ച കഥയെന്ന് പഞ്ചായത്ത് പ്രസിഡണ്ട്; ഹൈന്ദവ ആചാര പ്രകാരം ജീവിക്കുന്ന താൻ ഇത്തരമൊരു നോട്ടീസ് വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നത് എന്ത് അർത്ഥത്തിൽ; പൊലീസും സിപിഎമ്മും മുൻകൂട്ടി നിശ്ചയിച്ച് ഒരുക്കിയ കെണിയെന്ന് വളപട്ടം പഞ്ചായത്ത് പ്രസിഡന്റ് മനോരമ മറുനാടനോട് ; കേസ് ബോധപൂർവ്വം സിപിഎം. സൃഷ്ടിച്ചതെന്ന് മുസ്ലിം ലീഗും; വിവാദ നോട്ടീസിനെ ചൊല്ലി കണ്ണൂരിൽ രാഷ്ട്രീയ യുദ്ധം മുറുകുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കെ.എം.ഷാജി എംഎൽഎ യെ സിപിഎം ബോധപൂർവ്വം കേസിൽ കുടുക്കിയതാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി. മതപരമായി മുസ്ലീങ്ങൾ വോട്ട് ചെയ്യണമെന്ന് അഴീക്കോട് മണ്ഡലത്തിലെ 20 ശതമാനത്തിൽ താഴെ വരുന്ന മുസ്ലീങ്ങളോട് ആവശ്യപ്പെട്ടുവെന്നത് ബാലിശമായ വാദമാണ്. ബോധപൂർവ്വം സിപിഎം സൃഷ്ടിച്ച നാടകമാണ്. തെരഞ്ഞെടുപ്പ് കേസിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ചേലേരി പറഞ്ഞു. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി മനോരമയുടെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത പോസ്റ്ററിലും അഭ്യർത്ഥനയിലും ഇത്തരമൊരു നോട്ടീസ് ഉണ്ടായിരുന്നില്ല. മനോരമ പറയുന്നത് ഇങ്ങനെ:

ഹൈന്ദവ ആചാര പ്രകാരം ജീവിക്കുന്ന താൻ ഇത്തരമൊരു നോട്ടീസ് വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ്. പൊലീസും സിപിഎമ്മും മുൻകൂട്ടി നിശ്ചയിച്ച് ഒരുക്കിയ കെണിയായിരുന്നു അത്. എന്റെ വീട്ടിന് മുന്നിൽ ഒരു കൂട്ടം ഡിവൈഎഫ്ഐക്കാർ നിൽക്കുന്നത് കണ്ട് താൻ കാര്യങ്ങൾ അന്വേഷിച്ചു. അതിനിടെ തന്നെ വീട് പരിശോധിക്കാൻ പൊലീസ് എത്തി. ഒപ്പം ഒരു കൂട്ടം സിപിഎം. നേതാക്കളും. വരാന്തയിൽ നിന്നും കെഎം ഷാജിയുടെ പോസ്റ്ററും അഭ്യർത്ഥനാ നോട്ടീസും എടുത്ത് ചാക്കിൽ കെട്ടി. വീടിന്റെ ജനാലക്കരികിൽ നിന്നും ചിലർ നോട്ടീസ് അകത്തേക്കെറിയുന്നത് കണ്ടു. ഈ സമയം പാർട്ടി ചാനൽ ചിത്രീകരിക്കാനെത്തുകയും ചെയ്തു. ഇവരെല്ലാം ഒരുമിച്ചെത്തിയത് ദുരുദ്ദേശത്തോടുകൂടിയാണെന്ന് വ്യക്തമാണെന്ന് മനോരമ പറയുന്നു.

കെഎം ഷാജിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ കയ്യിൽ ഒരു കൂട്ടം ആളുകൾ നൽകിയതായിരുന്നു ഇത്തരം നോട്ടീസ്. കെണി ഒരുക്കി പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. എല്ലാം പറഞ്ഞുറപ്പിച്ച് തയ്യാറാക്കിയ തിരക്കഥയാണിതിന് പിന്നിൽ എന്നാണ് മുസ്ലിം ലീഗ് പറയുന്നത്. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടലായി തെരുവിൽ കെഎം ഷാജിക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ പതിക്കപ്പെട്ടിരുന്നു. ആയിഷയുടേയും ബീരാന്റേയും മകൻ കെ. മുഹമ്മദ് ഷാജിക്ക് വോട്ട് ചെയ്യുക എന്നായിരുന്നു പോസ്റ്ററിലെ വാചകം. ഈ പോസ്റ്ററിന് പിറകിൽ ആരാണെന്ന് ഞങ്ങൾക്കറിയാം. ഇങ്ങനെ ഒരു പോസ്റ്റർ മുസ്ലിം ലീഗോ യു.ഡി.എഫോ ഇറക്കിയിട്ടില്ല.

ഷാജി മുസ്ലീമാണെന്ന് വെളിപ്പെടുത്താൻ വേണ്ടി ഹിന്ദുക്കൾ മാത്രമുള്ള പ്രദേശത്താണ് ഇത്തരമൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഏതായാലും നീതിക്ക് വേണ്ടി ഏതറ്റം വരേയും മുസ്ലിം ലീഗ് പോകുമെന്ന് നേതൃത്വം പറയുന്നു. അതേ സമയം മുസ്ലിം ലീഗ് നേതാവ് ഷാജിക്കേറ്റ പരാജയം തെരഞ്ഞെടുപ്പ് കേസിനെ സഗൗരവം കണ്ട് പ്രവർത്തിച്ചില്ലെന്ന ആരോപണം ലീഗിനകത്ത് ഉയരുന്നുണ്ട്. പാർട്ടിയുമായി കേസിനെ ബന്ധപ്പെടുത്താതെ സ്വന്തം നിലക്ക് കേസുമായി പോയി. സാക്ഷികളെ വിസ്തരിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തില്ല. വക്കാലത്ത് നൽകിയ വക്കീലിന് യഥാസമയം വിവരങ്ങൾ കൈമാറിയില്ല തുടങ്ങിയ ആരോപണങ്ങൾ മുസ്ലിം ലീഗിനകത്തും പുകയുന്നുണ്ട്.നേരത്തെ കോൺഗ്രസ് നേതാവ് കെ സുധാകരനും കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചിരുന്നു.

കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ കിട്ടിയിട്ടുണ്ട്. ഇന്ന് രാവിലെ വിധി പുറപ്പെടുവിച്ച അതേ ബെഞ്ചിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിന്റെ ഭാഗമായി സ്റ്റേ നൽകണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്. ഇനി ചൊവ്വാഴ്‌ച്ച വാദം കേട്ട് വിശദമായ വാദം നടത്തും. അമ്പതിനായിരം കോടതിയിൽ കെട്ടിവെക്കാൻ കോടതി നിർദ്ദേശിച്ചു. അതേസമയം സ്വഭാവിക നടപടി ക്രമങ്ങളുടെ ഭാഗമായാണ് സ്റ്റേയെന്നും സുപ്രീംകോടതിയിൽ നിന്നും അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നികേഷ് കുമാർ പ്രതികരിച്ചു.

അതേസമയം ഷാജി നൽകിയ അപ്പീലിൽ, സ്റ്റേ നൽകുന്നതിനെ നികേഷ് കുമാറിന്റെ അഭിഭാഷകൻ എതിർത്തു. ഔദ്യോഗിക ചുമതലകൾ വഹിക്കാൻ ഷാജിയെ അനുവദിക്കരുന്ന് നികേഷിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും. ഈ ആവശ്യം പി ഡി രാജന്റെ ബെഞ്ച് പരിഗണിച്ചില്ല. അയോഗ്യതനാക്കിയ കോടതി വിധിക്കെതിരെ തന്റെ വാദങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു എന്നാണ് ഷാജി കോടതിയെ ചൂണ്ടിക്കാട്ടിയത്.

ഉടൻ തന്നെ മേൽകോടതിയിൽ ഹരജി സമർപ്പിക്കും. കോടതി ഉത്തരവ് നടപ്പായാൽ തന്റെ നിയമസഭാ മണ്ഡലത്തിൽ പ്രതിനിധി ഇല്ലാതാകും. ഈ സാഹചര്യം സംജാതമാകുന്നത് ഒഴിവാക്കാൻ താൽകാലിക സ്റ്റേ അനുവദിക്കണമെന്നും ഹരജിയിൽ ഷാജി ചൂണ്ടിക്കാട്ടിയത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി നികേഷ് കുമാർ നൽകിയ തെരഞ്ഞെടുപ്പ് ചട്ടലംഘന കേസിലാണ് കെ.എം. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കൂടാതെ, കേസ് നടത്തിപ്പ് ചെലവായി 50,000 രൂപ നികേഷിന് നൽകാനും ജസ്റ്റിസ് പി.ഡി രാജൻ ഉത്തരവിട്ടിരുന്നു.

എന്നാൽ, യു.ഡി.എഫ് സ്ഥാനാർത്ഥിയെ അയോഗ്യനാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. വിധിയിൽ തുടർനടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനും സ്പീക്കർക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി നികേഷ് കുമാറിനെ 2287 വോട്ടിനാണ് കെ.എം ഷാജി പരാജയപ്പെടുത്തിയത്. കെ.എം ഷാജിക്ക് 63082 വോട്ടും നികേഷിന് 60795 വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ അഡ്വ. എ.വി കേശവൻ മൂന്നാം സ്ഥാനത്തെത്തി.

അതേസമയം ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നും ഷാജി ആരോപിക്കുന്നു. വ്യക്തമായ മതേതര നിലപാട് മാത്രമാണ് താൻ എപ്പോഴും ഉയർത്തിപ്പിടിച്ചതെന്നും ഷാജി പരയുന്നു. സിപിഎമ്മിന്റെ കോട്ടയിൽ വെന്നിക്കൊടി പാറിച്ച എംഎൽഎയെ അയോഗ്യനാക്കിയത് യുഡിഎഫ് കേന്ദ്രങ്ങളിൽ അങ്കലാപ്പിന് ഇടയാക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് യുഡിഎഫിനെതിരായി മത്സരിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയും മാധ്യമപ്രവർത്തകനുമായ എം.വി നികേഷ് കുമാർ അമുസ്ലിമാണെന്നും, അതിനാൽ മുസ്ലിങ്ങൾ നികേഷിന് വോട്ട് ചെയ്യരുതെന്നും ഷാജിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ച് വിതരണം ചെയ്ത നോട്ടീസ് പൊലീസ് പിടിച്ചെടുത്തിരുന്നു.വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മനോരമ, മറ്റ് യുഡിഎഫ് പ്രവർത്തകർ എന്നിവരുടെ വീട്ടിൽ നിന്നാണ് നൂറോളം നോട്ടീസുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.വീടുകളിൽ വിതരണം ചെയ്ത ശേഷം ബാക്കി വന്നവയായായിരുന്നു ഇവ. ഇതാണ് ലീഗ് നേതാവിന് തിരിച്ചടിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP