Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം സമുദായത്തിന്റെ വൈകാരിക വിഷയമായിട്ടും മുത്തലാഖ് വോട്ടെടുപ്പ് വേളയിൽ പാർലമെന്റിൽ നിന്നും മുങ്ങി പി കെ കുഞ്ഞാലിക്കുട്ടി; ബില്ല് ലോക്‌സഭ പാസ്സാക്കുമ്പോൾ പ്രതിഷേധം ഉയർത്താനോ എതിർ വോട്ട് രേഖപ്പെടുത്താനോ നിൽക്കാതെ മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ വീട്ടിലെ സൽക്കാരത്തിൽ അഭിരമിച്ച് ലീഗിന് നേതാവ്; നിർണായക വേളയിൽ സഭയിൽ എത്താത്ത കുഞ്ഞാലിക്കുട്ടിക്കെതിരെ അണികൾക്കിടയിൽ കടുത്ത അമർഷം; ആക്ഷേപം ശക്തമാകുമ്പോൾ ഇ.ടി.യുടെ പ്രസംഗം പ്രചരിപ്പിച്ച് പിടിച്ചു നിൽക്കാൻ ശ്രമം

മുസ്ലിം സമുദായത്തിന്റെ വൈകാരിക വിഷയമായിട്ടും മുത്തലാഖ് വോട്ടെടുപ്പ് വേളയിൽ പാർലമെന്റിൽ നിന്നും മുങ്ങി പി കെ കുഞ്ഞാലിക്കുട്ടി; ബില്ല് ലോക്‌സഭ പാസ്സാക്കുമ്പോൾ പ്രതിഷേധം ഉയർത്താനോ എതിർ വോട്ട് രേഖപ്പെടുത്താനോ നിൽക്കാതെ മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ വീട്ടിലെ സൽക്കാരത്തിൽ അഭിരമിച്ച് ലീഗിന് നേതാവ്; നിർണായക വേളയിൽ സഭയിൽ എത്താത്ത കുഞ്ഞാലിക്കുട്ടിക്കെതിരെ അണികൾക്കിടയിൽ കടുത്ത അമർഷം; ആക്ഷേപം ശക്തമാകുമ്പോൾ ഇ.ടി.യുടെ പ്രസംഗം പ്രചരിപ്പിച്ച് പിടിച്ചു നിൽക്കാൻ ശ്രമം

ടി പി ഹബീബ്

കോഴിക്കോട്: തല്ലണ്ടമ്മാവാ നന്നാവൂല്ല എന്ന രീതിയിലാണ് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുത്തലാഖ് ബില്ല് പാസാക്കിയതിനെതിരെ മോദിക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്ന ലീഗ് പ്രവർത്തകർ അതേ രീതിയിൽ തങ്ങളുടെ നേതാവിനെതിരെയും പ്രതിഷേധിക്കേണ്ട ഗതികേടിലാണ്. ഏക ആശ്വാസമായി ലീഗ് അണികൾ എതിരാളികൾക്ക് മുമ്പിൽ എടുത്തുപയോഗിക്കുന്നത് ഇ.ടി.മുഹമ്മദ് ബഷീർ സാഹിബ് മുത്തലാഖ് ബില്ലിനെതിരെ കഴിഞ്ഞ ദിവസം ലോകസഭയിൽ നടത്തിയ പ്രസംഗമാണ്. ലീഗനുകൂല സോഷ്യൽ മീഡിയയിൽ ഇ.ടി.യുടെ പ്രസംഗം ഇപ്പോൾ വൈറലാണ്.

ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന മുത്തലാഖ് ബില്ല് ലോകസഭ പാസ്സാക്കുമ്പോൾ,പ്രതിപക്ഷം ഒറ്റ സ്വരത്തിൽ മുത്തലാഖ് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ശക്തിയുക്തം വാദിക്കുന്ന ഘട്ടത്തിൽ,മുസ്ലിം പുരുഷന്മാരെ മാത്രം കുറ്റക്കാരനാക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസ് അംഗം എംപി.സുധാദേവ് വാദിക്കുന്ന ഘട്ടത്തിൽ,രാഷ്ട്രീയ പ്രേരിതമായാണ് സർക്കാർ മുത്തലാഖ് ബിൽ കൊണ്ട് വന്നതെന്ന് ആർ.എസ്‌പി.നേതാവ്
എൻ കെ പ്രേമചന്ദ്രൻ എംപി.പ്രസംഗിക്കുന്ന അവസരത്തിൽ എസ്‌പി.യും,അണ്ണാ ഡി.എം.കെ.യും.ഡി.എം.കെ.യും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാതെ ഇറങ്ങിപ്പോകുന്ന ഘട്ടത്തിൽ മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം പറയുന്ന ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ വീട്ടിലെ സൽക്കാരത്തിലായിരുന്നുവെന്നതാണ് ലീഗ് അണികളുടെ പ്രതിഷേധത്തിന്റെ കാതൽ.

ആദ്യ തവണയാണ് അബദ്ധം സംഭവിച്ചതെങ്കിൽ മാപ്പ് കൊടുക്കാൻ പാകത്തിലായിരുന്നുവെന്നാണ് ലീഗ് അണികളും നേതാക്കളും പറയുന്നത്. ഭീമാബന്ധം നേരത്തെ തന്നെ ഉണ്ടായിരുന്നു. പിണറായി പേടിയിൽ നിയമസഭാ അംഗത്വം രാജിവെച്ച് മലപ്പുറത്ത് ഇ.അഹമമ്മദ് മരണപ്പെട്ടതിന്റെ ഒഴിവിൽ ലോകസഭയിലേക്ക് മൽസരക്കാൻ സ്വയം ഇറങ്ങി പുറപ്പെട്ട നേതാവായിരുന്നു കുഞ്ഞാലിക്കുട്ടി. അടുത്ത ഭരണം കോൺഗ്രസിന്റ നേതൃത്വത്തിലുള്ള യു.പി.എ.ക്കായിരിക്കുമെന്ന് മണത്തറിഞ്ഞാണ് ഒരു മുഴം മുമ്പേ ന്യൂഡൽഹിയിലേക്ക് വിമാനം കയറിയതെന്ന് ലീഗ് നേതാക്കൾ തന്നെ പറയുന്നു.

ന്യൂഡൽഹിയിലെ രാഷ്ട്രീയത്തിൽ ഒരു കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാനുള്ള നടപടികൾക്ക് ഇപ്പോഴേ ശ്രമം നടത്താനായിരുന്നു പദ്ധതി. അതിന് തടസ്സം ഉയരാൻ സാധ്യതയുള്ള ഇ.ടി.മുഹമ്മദ് ബഷീറിനെ സീനിയോരിറ്റി പറഞ്ഞും പാണക്കാട്ടെ കുടുംബത്തിൽ തനിക്കുള്ള സ്വാധീനം പറഞ്ഞ് പ്രചരിപ്പിച്ചും കേന്ദ്രമന്ത്രി സ്ഥാനത്തിലേക്കുള്ള വഴിയിൽ പരവതാനി വിരിക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പദ്ധതി.  പാർട്ടിയിൽ തനിക്ക് വിമത സ്വരമില്ലാത്തതും പാണക്കാട് കുടുംബം താൻ പറയുന്നത് പോലെ കേൾക്കുമെന്നതും കുഞ്ഞാലിക്കുട്ടിക്ക് അനുകൂല ഘടകമാണ്.

ഇന്ത്യൻ രാഷ്ട്രീയം ഏറെ ചർച്ച ചെയ്ത ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിമാനം വൈകിയെന്ന കാരണം പറഞ്ഞ വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത് നേതാക്കൾക്ക് ഉണ്ടാക്കിയ ക്ഷീണം ചില്ലറയൊന്നുമല്ല. പി.വി.അബ്ദുൽവഹാബും ,പി.കെ.കുഞ്ഞാലിക്കുട്ടിയും കയറിയ വിമാനമാണ് വൈകിയെന്ന കാരണം പറഞ്ഞ് പ്രചരിപ്പിച്ച് വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത്.  മട്ടന്നൂരിലെ നഗരസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തലായിരുന്നു കുഞ്ഞാലിക്കുട്ടിയെന്ന ചില നേതാക്കളുടെ വിശദീകരണം കുഞ്ഞാലിക്കുട്ടിയെ കൂടുതൽ അപഹാസ്യനാക്കുന്ന കാഴ്ചയാണ് കണ്ടത്. കുഞ്ഞാലിക്കുട്ടിയുടെ ലോകസഭയിലെ ആദ്യ ഫെർഫോമെൻസ് തന്നെ നിരാശയാണ് അണികൾക്ക് നൽകിയത്.അതിന് പിന്നാലെയാണ് മുത്തലാഖ് ബില്ല് നിയമമാകുന്ന ഘട്ടത്തിൽ പാർലിമെന്റിൽ ഹാജരാകാതെ മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ കല്ല്യാണ സൽക്കാരത്തിൽ പങ്കെടുത്തത്.

എന്തും ലീഗണികൾ സഹിക്കും എന്നതിന്റെ ധിക്കാരത്തോടെയുള്ള ഉത്തമ ഉദാഹരണാണിതെന്നാണ് രോഷത്തോടെ ലീഗണികൾ പ്രതികരിക്കുന്നത്. ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബും,പോക്കർ സാഹിബും, ബനാത്ത് വാലയും,സുലൈമാൻ സേട്ടു സാഹിബുമടങ്ങുന്ന ലീഗിന്റെ പാർലിമെന്റിലെ നേത്യനിര നിലപാട് രാഷ്ട്രീയം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടതെന്ന് ലീഗ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. കരളുറപ്പോടെ ശക്തമായി നിലപാട് പറയാൻ കരുത്തുള്ള നേത്യ നിരയായിരുന്നു അവർ.

പ്രത്യേക വിവാഹ നിയമബില്ല് വരുന്ന ഘട്ടത്തിൽ പാർലിമെന്റിലെ എല്ലാ അംഗങ്ങളും 'യെസ് യെസ്...'എന്ന് പറയുന്ന ഘട്ടത്തിലാണ് പാർലിമെന്റിന്റെ അകത്തളങ്ങളെ മുഴുവൻ ശ്രദ്ധയിലേക്ക് വലിച്ചെടുത്ത് പെട്ടെന്ന് ഉച്ചത്തിൽ നോ എന്ന ശബ്ദും ഉയരുന്നത്.ആ ശബ്ദം കേട്ട സ്ഥലത്തേക്ക് പണ്ഡിത് ജവഹർലാൽ നെഹ്റു നോക്കിയപ്പോൾ കണ്ടത് പോക്കർ സാഹിബിന്റെതായിരുന്നു.ആ നോ ആണ് ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ശബ്ദമായി മാറ്റിയതെന്ന് ലീഗിന്റെ ചരിത്ര പുസ്തകത്തിൽ തെളിമയാർന്ന അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്.ബനാത്ത് സാഹിബിന്റെ അനൗദ്യോദിക ബില്ല് ഓദ്യോദിക ബില്ലായി വന്ന ചരിത്രവും ലീഗണികൾ ആവേശപൂർവ്വമാണ് ഓർത്ത് വെക്കുന്നത്.

ഇന്ത്യൻ മുസ്ലിംങ്ങളുടെ ശബ്ദമായി കണ്ടിരുന്നത് ലീഗിന്റെ നിലപാടായിരുന്നുവെന്ന് ലീഗ് നേതാക്കൾ പറയുന്നു.ഇപ്പോൾ അതിൽ നിന്നും നിലപാടില്ലാത്ത, സംസാരിക്കാത്ത, പാർലിമെന്റിൽ എത്താൻ മടിക്കുന്ന,സ്ഥാനം മാത്രം ലക്ഷ്യമാക്കി നടക്കുന്ന നേതക്കളുടെ കൂട്ടമായി മാറിയിരിക്കുന്നുവെന്ന് ലീഗ് അണികൾ ചൂണ്ടിക്കാട്ടുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമാണ് നടക്കുന്നത്.എന്തിനായിരുന്നു ധ്യതിയിൽ പാർലിമെന്റിലേക്ക് പോകാൻ മനസ്സ് വെച്ചതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകണമെന്നാണ് ലീഗ് പ്രവർത്തകരുടെ ആവിശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP