Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിവേഗം പാഞ്ഞടുത്ത ലോറി കൊണ്ടു പോയത് അച്ഛനേയും സഹോദരനേയും; അമ്മയ്ക്ക് ഓർമ്മയും പോയി; നിസ്സഹായത തളം കെട്ടിയതോടെ ബന്ധുക്കളെ കണ്ടത് സ്വത്ത് തട്ടാൻ എത്തുന്ന ഗൂഢാലോചനക്കാരായി; വിചിത്രമായി പെരുമാറിയ ജാഗി അഭയം തേടിയത് ന്യൂജെൻ ലൈഫിൽ; രത്തനെ ഭർത്താവാക്കാതെ ലിവിങ് ടുഗദറിൽ ബന്ധം ഒതുക്കിയതും മനസ്സിലെ ഭയം കാരണം: മരണത്തിലൂടെ വീണ്ടും അവൾ സ്വന്തമായെന്ന് വിലപിക്കുന്ന ബന്ധുക്കളും: ടിവിയിലെ മിന്നും അവതാരിക ജാഗി ജോൺ വഴി മാറി നടന്നതിന് പിന്നിലെ കഥ

അതിവേഗം പാഞ്ഞടുത്ത ലോറി കൊണ്ടു പോയത് അച്ഛനേയും സഹോദരനേയും; അമ്മയ്ക്ക് ഓർമ്മയും പോയി; നിസ്സഹായത തളം കെട്ടിയതോടെ ബന്ധുക്കളെ കണ്ടത് സ്വത്ത് തട്ടാൻ എത്തുന്ന ഗൂഢാലോചനക്കാരായി; വിചിത്രമായി പെരുമാറിയ ജാഗി അഭയം തേടിയത് ന്യൂജെൻ ലൈഫിൽ; രത്തനെ ഭർത്താവാക്കാതെ ലിവിങ് ടുഗദറിൽ ബന്ധം ഒതുക്കിയതും മനസ്സിലെ ഭയം കാരണം: മരണത്തിലൂടെ വീണ്ടും അവൾ സ്വന്തമായെന്ന് വിലപിക്കുന്ന ബന്ധുക്കളും: ടിവിയിലെ മിന്നും അവതാരിക ജാഗി ജോൺ വഴി മാറി നടന്നതിന് പിന്നിലെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: മോഡലും അവതാരകയുമായി തിളങ്ങുന്ന ജീവിതം നയിക്കവേ ദുരൂഹമായ രീതിയിൽ മരണത്തെ പുൽകിയ ജാഗി ജോണിന്റെ ജീവിതം തകർത്തത് ഒരു വാഹനാപകടം. ഒന്നര പതിറ്റാണ്ടിനു മുൻപ് മംഗലപുരത്ത് നടന്ന ഈ വാഹനാപകടമാണ് ജാഗിയുടെയും കുടുംബത്തിന്റെയും തകർച്ചയ്ക്ക് വഴിവെച്ചത്. സ്വദേശമായ കൊട്ടാരക്കരയ്ക്ക് പോകാൻ കാറുമായി ഇറങ്ങിയപ്പോഴാണ് മംഗലപുരത്ത് വെച്ച് അപകടം നടക്കുന്നത്.

രാത്രിയിൽ ഇവരുടെ കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തിൽ ജാഗിയുടെ അച്ഛൻ ജോണും സഹോദരൻ ജേക്കബും മരിച്ചു. ജാഗിക്കും അമ്മയ്ക്കും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ അമ്മ ഗ്രേസി കുറെനാൾ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്നു. പക്ഷെ അപകടം ഇവരുടെ ഓർമ്മ നഷ്ടമാക്കി. ഈ അപകടത്തിന്റെ ആഘാതത്തിൽ നിന്നും ഗ്രേസി മോചിതയായതുമില്ല. കാര്യഗ്രഹണ ശേഷി പൂർണമായി നഷ്ടമായ നിലയിലാണ് ഗ്രേസി. അതുകൊണ്ട് തന്നെയാണ് മകൾ കൺമുന്നിൽ കുഴഞ്ഞു വീണിട്ടും ഈ അമ്മയ്ക്ക് നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാൻ കഴിയാതെ പോയത്.

മകൾ അടുക്കളയിൽ കുഴഞ്ഞുവീഴുന്നത് കണ്ടു എന്ന് മാത്രമാണ് അവ്യക്തമായി അമ്മ പൊലീസുകാരോട് പറഞ്ഞത്. ഈ വാഹനാപകടത്തിൽ ജാഗിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ജാഗിക്കും ഈ അപകടത്തിൽ നിന്നും മുക്തമാകാൻ കഴിഞ്ഞില്ല. വാഹനാപകടം നടന്നശേഷമാണ് ഇവരുടെ ജീവിതം കീഴ്‌മേൽ മറിഞ്ഞത്. അച്ഛൻ ജോൺ വിദേശത്തായിരുന്നു. കാശ് ആവശ്യത്തിലധികവും. ആഘോഷമായ ജീവിതമായിരുന്നു ഇവരുടേത്. ജോൺ വളരെ സജീവമായിരുന്നു. എല്ലാ ബന്ധുക്കളുമായും അടുപ്പവും പുലർത്തിയിരുന്നു. പള്ളിയുമായും അടുപ്പമുണ്ടായിരുന്നു. ജോണിന്റെയും ജാഗിയുടെ സഹോദരൻ ജേക്കബിന്റെയും മരണത്തോടെ കുടുംബത്തിൽ നിസ്സഹായത തളംകെട്ടി. ഓർമ്മ നശിച്ച അമ്മ. അപകടത്തിന്റെ പരുക്ക് കാരണം ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരാൻ അമ്മയ്ക്ക് കഴിയില്ലാ എന്ന് ജാഗി തന്നെ ഉറപ്പിച്ച നാളുകളിലൂടെയാണ് ഈ സമയം കടന്നു പോയത്.

ബന്ധുക്കൾ ആവശ്യം വേണ്ട ഈ ഘട്ടത്തിൽ പക്ഷെ ബന്ധുക്കളെ പാടെ മാറ്റി നിർത്തുന്ന ഒരു രീതിയാണ് ജാഗി കൈക്കൊണ്ടത്. വിചിത്രമായാണ് ജാഗി ഈ ഘട്ടത്തിൽ പെരുമാറിയത് എന്നാണ് ബന്ധുക്കൾ തന്നെ വിരൽ ചൂണ്ടുന്നത്. അമ്മ വഴിയുള്ള ബന്ധുക്കളോ അച്ഛൻ വഴിയുള്ള ബന്ധുക്കളോ വീട്ടിൽ എത്തുന്നത് വിലക്കി. ആരെങ്കിലും വന്നാൽ ജാഗിയുടെ മുഖം മാറും. തങ്ങളുടെ സ്വത്ത് തേടി എത്തുന്നു എന്ന രീതിയിൽ പ്രതികരിക്കാൻ തുടങ്ങി. ബന്ധുക്കൾ എന്തെങ്കിലും ചോദിച്ചാൽ അവരോടു ദേഷ്യത്തോടെ പെരുമാറും. ബന്ധുക്കളെ മുഖത്തോടു മുഖം കണ്ടാൽ അങ്ങിനെ ഒരാൾ ഇല്ല എന്ന രീതിയിൽ പ്രതികരിക്കും. ഇതോടെ ബന്ധുക്കളും അകന്നു. ഇതേസമയം തന്നെ പള്ളിയിൽ നിന്നും ജാഗി അകന്നു. പിന്നീട് ഒരിക്കലും ആരാധനാപരമായ വഴികളിൽ സഞ്ചരിച്ചതും ഇല്ല.

ജാഗി അവതാരകയും മോഡലിങ് താരവുമായി. അതോടെ ഈ രീതിയിലുള്ള സുഹൃദവൃന്ദം തന്നെ ജാഗിക്ക് ഒപ്പമായി. ഇവരുമായാണ് പിന്നെ അടുപ്പം വന്നത്. പുതിയ അടുപ്പക്കാരായപ്പോൾ ജാഗി പിന്നെ കുടുംബത്തിനെ തിരിഞ്ഞു നോക്കിയില്ല. ജാഗിയുടെ അച്ഛന്റെ കുടുംബവും അമ്മയുടെ കുടുംബവും ഇവരിൽ നിന്നും അകലുകയും ചെയ്തു. ഇതിന്നിടയിലാണ് ഭർത്താവുമായി ജാഗി അകന്നു തുടങ്ങിയത്. ഈ അകൽച്ച ഒടുവിൽ വിവാഹമോചനത്തിലും കലാശിച്ചു. ഇങ്ങിനെയുള്ള ജീവിതം തുടരുന്നതിന്നിടയിലാണ് കൊച്ചിയിൽ വിവിധ ബിസിനസുകൾ നടത്തുന്ന രത്തനുമായി അടുത്തത്. പഴയ വിവാഹബന്ധത്തിന്റെ ഓർമ്മകൾ നിലനിൽക്കുന്നതിനാൽ രത്തനെ വിവാഹം കഴിക്കാൻ ജാഗി തയ്യാറായില്ല എന്നാണ് അറിയുന്നത്.

ഇവർ ലിവിങ് ടുഗതർ ലൈഫ് ആണ് ജീവിച്ചു തീർത്തത്. രത്തൻ ഇടവേളകളിൽ തിരുവനന്തപുരം കുറവൻകോണത്തെ വീട്ടിലെത്തും. ഇന്നലെ ജാഗിയുടെ മരണം അറിഞ്ഞും രത്തൻ കൊച്ചിയിൽ നിന്നും സ്ഥലത്ത് വന്നിട്ടുണ്ട്. പക്ഷെ രത്തനും ജാഗിയുടെ ബന്ധുക്കളുമായി അടുപ്പം പുലർത്തുന്നില്ല എന്നാണ് ബന്ധുക്കളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇപ്പോൾ ജാഗിയുടെ ജീവിത രീതികൾക്ക് അവസാനമിട്ട് മരണം കടന്നുവന്നിരിക്കുന്നു. സ്വന്തമായി ഒരു ജീവിതം ജാഗി ജീവിച്ചു തീർത്തു-ജാഗിയുടെ ഉറ്റ ബന്ധുക്കൾ മറുനാടനോട് പ്രതികരിച്ചു.

ജാഗിക്ക് ഇങ്ങിനെ ജീവിക്കാം പക്ഷെ എന്തിനു കുടുംബത്തെ ഇവർ അകറ്റി നിർത്തി. ജോൺ ഉണ്ടായപ്പോൾ ഇങ്ങിനെയായിരുന്നില്ല. ജാഗിയുടെ ജീവിതം ഓരോ ഘട്ടങ്ങളിലും ഞങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. പക്ഷെ ഒന്നിലും ഇടപെട്ടില്ല. ദൈവത്തിൽ നിന്നും അകന്നുപോയി എന്നും ഞങ്ങൾക്ക് മനസിലായി. എന്ത് ജീവിതം ജീവിച്ചാലും ഒരു ഘട്ടത്തിൽ തിരികെ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ബന്ധുക്കളും പള്ളിയും എല്ലാം വേണ്ടതല്ലേ. വഴി തെറ്റി പോയവർ തിരികെ വരാറുണ്ട്. ഈ തിരികെ വരവ് ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ ജാഗിയിൽ നിന്നും ഈ ഒരു വരവ് ഒരിക്കലും ഉണ്ടായില്ല. ഈ ഘട്ടത്തിൽ പിന്നെ എന്ത് പറയാൻ.

ഏത് രീതിയിലുള്ള ജീവിതം നയിച്ചാലും ശരി ഇപ്പോൾ ജാഗി മരിച്ചു കഴിഞ്ഞു. മരിച്ചപ്പോൾ വീണ്ടും ജാഗി ഞങ്ങൾക്ക് സ്വന്തമയിരിക്കുന്നു. ഇനി സംസ്‌കാര ചടങ്ങുകൾ നടക്കേണ്ടതുണ്ട്. അതിനുള്ള ഒരുക്കങ്ങൾ ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ ജീവിതവും വാഹനാപകടം സൃഷ്ടിച്ച ദുരന്തവും എല്ലാം ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ കുടുംബം ഇവർക്ക് ഒപ്പമുണ്ട്-ജാഗിയുടെ ഉറ്റ ബന്ധു മറുനാടനോട് പറഞ്ഞു. .

ഇന്നലെ വൈകിട്ടാണ് ആണ് ജാഗിയുടെ മരണം പുറത്ത് അറിയുന്നത്. സുഹൃത്തായ ഡോക്ടർ വന്നു ജാഗിയെ തിരക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്. ഇവർ അയൽക്കാരോട് പറഞ്ഞപ്പോൾ അയൽക്കാർ വന്നു നോക്കി. അടുക്കളയിൽ ജാഗി വീണു കിടക്കുന്നതും കണ്ടു. ഇതിനെ തുടർന്നാണ് പൊലീസ് എത്തിയത്. മോഡലിംഗിൽ സജീവമായിരുന്ന ജാഗി ചില പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാചകകുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തമായി. ഇൻസ്റ്റാഗ്രാമിൽ ആയിരക്കണക്കിന് ആരാധകർ ജാഗിയെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ട് തന്നെ ജാഗിയെ അറിയുന്നവരെ ഈ മരണം നടുക്കിയിട്ടുണ്ട്. എന്താണ് മരണകാരണം എന്നാണ് ഇവർ തിരക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നത് വരെ കാക്കൂ എന്ന് പൊലീസും മറുപടി നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP