Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

100 രൂപയുടെ രജിസ്ട്രേഷൻ ഫീസിന് പകരം ഈടാക്കുന്നത് 2000 രൂപ; ഫർണിഷിങിന്റെ പേരിൽ ഈടാക്കുന്നത് മൂന്ന് ലക്ഷം വരെ; 108 സ്റ്റോറുകൾ അനുവദിച്ചിട്ടും 22ൽ നിയന്ത്രിക്കുന്നത് ലേലം വിളി തുടരാൻ; പണം പിടിങ്ങുന്നത് സർക്കാർ ബാങ്ക് അക്കൗണ്ടിൽ എന്ന് തെറ്റിധരിപ്പിച്ച്; പാവങ്ങൾക്ക് വില കുറഞ്ഞ് മരുന്നുകൾ നൽകാൻ മോദി സർക്കാർ ഉണ്ടാക്കിയ ജൻ ഔഷധിയുടെ പേരിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ കീശ വീർപ്പിക്കുന്നത് ഇങ്ങനെ

100 രൂപയുടെ രജിസ്ട്രേഷൻ ഫീസിന് പകരം ഈടാക്കുന്നത് 2000 രൂപ; ഫർണിഷിങിന്റെ പേരിൽ ഈടാക്കുന്നത് മൂന്ന് ലക്ഷം വരെ; 108 സ്റ്റോറുകൾ അനുവദിച്ചിട്ടും 22ൽ നിയന്ത്രിക്കുന്നത് ലേലം വിളി തുടരാൻ; പണം പിടിങ്ങുന്നത് സർക്കാർ ബാങ്ക് അക്കൗണ്ടിൽ എന്ന് തെറ്റിധരിപ്പിച്ച്; പാവങ്ങൾക്ക് വില കുറഞ്ഞ് മരുന്നുകൾ നൽകാൻ മോദി സർക്കാർ ഉണ്ടാക്കിയ ജൻ ഔഷധിയുടെ പേരിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ കീശ വീർപ്പിക്കുന്നത് ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: ബിജെപിയെ പിടിച്ചുലക്കിയ വിവാദമായിരുന്നു മെഡിക്കൽ കോഴ. വർക്കല എസ് ആർ കോളേജിലെ അഴിമതിക്കഥ ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് പുറത്തായതോടെ ബിജെപി വലിയ പ്രതിരോധത്തിലേക്ക് പോയി. ഇതിന് സമാനമായ മറ്റൊരു അഴിമതിയാണ് ജൻ ഔഷദിയുടെ ഇടപാടിലും നടക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പൂർണ്ണിമാ എസ് നായർ നടത്തിയെന്ന് ആരോപിക്കുന്ന തട്ടിപ്പിന്റെ  കഥ കഴിഞ്ഞ ദിവസം മറുനാടൻ പുറത്തു വിട്ടിരുന്നു. കാശ് ചോദിക്കുന്ന സംഭാഷണം ഉൾപ്പെടെയായിരുന്നു അത്. ഇതിന് പിന്നാലെ മധ്യ കേരളത്തിലെ ജൻ ഔഷധിയിലെ അഴിമതിയും പുറത്തുവിടുകയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ വമ്പൻ സ്രാവാണ് ഇവിടെ പ്രതിസ്ഥാനത്ത്. അതുകൊണ്ട് തന്നെ മെഡിക്കൽ കോഴയിൽ ഉലയുന്ന നേതൃത്വത്തിന് മറ്റൊരു പ്രതിസന്ധിയാകും ഈ റിപ്പോർട്ടും.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ എന്ന കൊച്ചി കേന്ദ്രമായ സംഘടന ജൻ ഔഷധി പദ്ധതിയുടെ മറവിൽ നടത്തിയ 'ഫർണിഷിങ്ങ് അഴിമതി ' യുടെ വിശദാംശങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ അരംഭിക്കുന്നതിന്റെ മറവിലാണ് കോടികളുടെ അഴിമതിക്ക് ബിജെപി സംസ്ഥാന നേതാവ് കളമൊരുക്കിയത്. ഒരു സ്റ്റോർ ആരംഭിക്കുന്നതിനായി ഒരു ലക്ഷത്തി പതിനേഴായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപ വരെയാണ് എഎൻ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സംഘടന അപേക്ഷകരോട് ആവശ്യപ്പെടുന്നത്.

സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ(സൈൻ) വഴി അപേക്ഷിക്കുമ്പോൾ വാർഷിക വിറ്റുവരവിന്റെ രണ്ട് ശതമാനം സൊസൈറ്റിയക്ക് നൽകണമെന്നും ഇവർ വ്യവസ്ഥ വെയ്ക്കുന്നുണ്ട്. ജൻ ഔഷധി പദ്ധതിയുടെ മറവിൽ വൻ അഴിമതി നടക്കുന്നുണ്ടെന്ന് എറണാകുളത്തെ ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് മറുനാടൻ മലയാളി കൊച്ചി ബ്യൂറോ തുടക്കം കുറിച്ചത്. കുറഞ്ഞ ചെലവിൽ പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷ മരുന്നുകൾ ഉൾപ്പടെയുള്ളവ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമിട്ടാണ് ജൻ ഔഷധി പദ്ധതി വിപുലപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ നീക്കം തുടങ്ങിയത്. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് അയ്യായിരത്തോളം ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാനായിരുന്നു ലക്ഷ്യം. ഇതിന്റെ ചുവട് പിടിച്ചാണ് രണ്ടായിരത്തി പതിനഞ്ചിൽ രൂപീകരിച്ച സൈൻ എന്ന ചുരക്കപ്പേരിലുള്ള, സംഘടന 2016 ൽ ബിപിപിഐയിൽ (ബ്യൂറോ ഓഫ് ഫാർമ പബ്ലിക്ക് സെക്ടർ അണ്ടർടേക്കിംങ്സ് ഓഫ് ഇന്ത്യ) അപേക്ഷ സമർപ്പിക്കുന്നത്. ഇത് പ്രകാരം 2016 ഓഗസ്റ്റ് 24 ന് അന്നത്തെ പദ്ധതിയുടെ ലൈസൺ ഓഫീസർ സുനിൽ ശർമ്മ 108 ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകി.

BPPI/06/KER/1183/2016/JAS എന്ന നമ്പറിലുള്ള കത്തിലൂടെയാണ് 108 ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള അനുമതി എ.എൻ രാധാകൃഷ്ണൻ , ചെയർമാൻ ഓഫ് സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ, കൊച്ചി എന്ന അഡ്രസിൽ നൽകിയത്. പിന്നീട് ഇടപ്പള്ളിയിലെ 28/446, പാലാഴി, ഫസ്റ്റ് ഫ്ലോർ,ഗിരിനഗർ ക്ലബ്ബ് റോഡ് , കടവന്ത്ര, കൊച്ചി, കേരള, 682020 എന്ന അഡ്രസ്സിൽ വെച്ച് ബിപിപിഐ സിഇഒയുമായി കരാർ ഒപ്പുവെച്ചു. (നിലവിൽ ഈ അഡ്രസ്സിൽ ഓഫീസ് പ്രവർത്തിക്കുന്നില്ല, ഇടപ്പള്ളിയിലാണ് സൈൻ ഓഫീസ്) ഇതോടെയാണ് തട്ടിപ്പിനുള്ള വിശാലമായ കളം ഒരുങ്ങിയത്. കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് അറിവില്ലാത്തവരെയായിരുന്നു, എ.എൻ രാധാകൃഷ്ണൻ ചെയർമാനും ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരൻ നായർ ജനറൽ സെക്രട്ടറിയുമായ സൈൻ ലക്ഷ്യം വെച്ചിരുന്നത്. അപേക്ഷകരിൽ നിന്ന് 2000 രൂപ രജിസ്ട്രേഷൻ ചാർജ്ജ് വാങ്ങുകയാണ് ആദ്യപടി. (പദ്ധതി അനുവദിച്ച് കിട്ടുന്നതിനുള്ള നിലവിലെ ചാർജ്ജ് നൂറു രൂപയാണ്. പദ്ധതിക്കായി നേരിട്ട് ആർക്കും അപേക്ഷിക്കാം)

പിന്നാലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ഫർണിഷിംങ് (അലമാരികളും മറ്റും നിർമ്മിക്കുന്നത് സംബന്ധിച്ച്) ജോലികൾ സംബന്ധിച്ച് ബിപിപിഐയുടെ കണ്ടീഷൻസ് ഉണ്ടെന്ന് അപേക്ഷകനെ തെറ്റിദ്ധരിപ്പിക്കുകയാണ് അടുത്തപടി. ഇതിൽ വീഴുന്ന അപേക്ഷനിൽ നിന്ന് ഒരു ലക്ഷത്തി പതിനയ്യായിരം മുതൽ മൂന്നര ലക്ഷം രൂപ വരെ ഫർണിഷിങ് ചാർജ്ജ് വാങ്ങിയാണ് ഇവർ അപേക്ഷകരെ തട്ടിപ്പിനിരയാക്കുന്നത്. ഇത്തരത്തിൽ പണം നൽകിയിട്ടും ജൻ ഔഷധി സ്റ്റോർ ആരംഭിക്കാൻ കഴിയാത്ത മധ്യകേരളത്തിലെ പ്രമുഖ ഡോക്ടറുമായി മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ പണം പോയ കാര്യം അവർ സ്ഥിരീകരിച്ചു. പക്ഷെ വാർത്തയിൽ പേര് നൽകരുതെന്നും വിജിലൻസ് പോലുള്ള അന്വേഷണ സംഘങ്ങൾ വന്നാൽ വിവരങ്ങൾ കൈമാറമെന്നും അവർ ഉറപ്പ് നൽകി. അപേക്ഷ നൽകിയ എറണാകുളത്തെ ഒരു സംഘടന നേതാവുമായും ഞങ്ങൾ ബന്ധപ്പെട്ടു. അവർ പ്രാഥമികമായി നൽകേണ്ട 200 രൂപ മാത്രമാണ് നൽകിയിരുന്നത്. യൂണിഫോമൽ ഫർണിഷിംഗിനായി ഒരു ലക്ഷത്തി പതിനയ്യായിരം രൂപയാണ് ഇവരോടും എ എൻ രാധാകൃഷ്ണൻ നേരിട്ട് ആവശ്യപ്പെട്ടത്.

എന്നാൽ സ്വന്തമായി ഫർണിഷിങ് നടത്തിക്കൊളാം എന്ന് സംഘടന നേതാവ് പറഞ്ഞതോടെ എഎൻ രാധാകൃഷ്ണനും കൂട്ടർക്കും ആ അപേക്ഷകനോട് താൽപര്യം ഇല്ലാതെയായി. പദ്ധതിയുടെ പേരിൽ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് താൻ ജൻ ഔഷധി കേന്ദ്രം തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിൻവലിഞ്ഞതെന്ന് പ്രമുഖ സംഘടന നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. തട്ടിപ്പിന്റെ രേഖകൾ ലേഖകനെ കാണിച്ചെങ്കിലും, അന്വേഷണ ഏജൻസികൾക്ക് മാത്രമേ ഇവ നൽകുവെന്ന് അവർ നിലപാട് സ്വീകരിച്ചു. ഏത് അന്വേഷണം വന്നാലും രേഖകൾ ഹാജരാക്കാമെന്ന ഡോക്ടറും സംഘടന നേതാവും മറുനാടൻ മലയാളിക്ക ഉറപ്പ് നൽകി. ഇതോടെയാണ് ജൻ ഔഷധിയുടെ പേരിൽ നടത്തുന്ന വൻ അഴിമതി പുറത്തുകൊണ്ടുവരാൻ എഡിറ്റോറിയൽ ബോർഡ് തീരുമാനമെടുത്തത്.

108 ജൻ ഔഷധി കേന്ദ്രങ്ങൾ സൈൻ എന്ന സംഘടനയ്ക്ക് അനുവദിച്ചെങ്കിലും ഇതുവരെ 22 സ്റ്റോറുകൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. ജൻ ഔഷധി സ്റ്റോറുകൾ തമ്മിൽ അഞ്ച് കിലോമീറ്റർ ദൂരം ഉണ്ടായിരിക്കണമെന്ന നിയമം ലംഘിച്ചും ഇവർ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപവും, ആലപ്പുഴ കെഎസ്ആർടിസി യ്ക്ക് സമീപവുമാണ് ദൂര പരിധി ലംഘിച്ച് ജൻ ഔഷധി കേന്ദ്രങ്ങൾ സൈൻ വഴി ആരംഭിച്ചത്. തൃശ്ശൂർ ജില്ലയിലെ പുത്തൻപീടിക, അങ്കമാലി എന്നിവിടങ്ങളിൽ ഒരു ജൻ ഔഷധി നിലനിൽക്കെ, ദൂര പരിധി ലംഘിച്ച് മറ്റൊരു സ്റ്റോർ അനുവദിച്ച് കിട്ടുന്നതിനായി നോഡൽ ഓഫീസർമാരിലും ഡൽഹിയിലെ ഓഫീസിലും സമ്മദ്ധം ചെലുത്തുകയാണ്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരൻ നായരാണ് ഇതിനായി ഉദ്യോഗസ്ഥരെ വ്യാഴാഴ്ച (03.07.2017) രാത്രി വരെ വിളിച്ചത്. ഇക്കാര്യം ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടും സ്ഥിരീകരിച്ചു.

ജൻ ഔഷധി സ്റ്റോറുകൾ തുടങ്ങുന്നതിനായി ഫർണിഷിങ് ചാർജ്ജ് വാങ്ങുന്നത് രണ്ട് അക്കൗണ്ടുകൾ മുഖേനയും നേരിട്ട് പണമായുമാണ്. ഇടപ്പള്ളിയിലെ 16860200002284 എന്ന ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കും, gov jan aushadhi ( സർക്കാർ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയതാണിത്. എന്നാൽ ഏത് ബാങ്ക് അക്കൗണ്ടാണെന്നോ, അക്കൗണ്ട് നമ്പറോ അന്വേഷണത്തിൽ ലഭിച്ചില്ല) എന്ന മറ്റൊരു അക്കൗണ്ടിലേക്കുമാണ് പണം അപേക്ഷരെക്കൊണ്ട കൈമാറ്റം ചെയ്യിക്കുന്നത്. മൊത്തം വരുമാനത്തിന്റെ രണ്ട് ശതമാനം സൈൻ എന്ന സംഘടനയ്ക്ക് നൽകണമെന്നും നെയിം ബോർഡിൽ സൈൻ എന്ന സംഘടനയുടെ ലോഗോ പതിപ്പിക്കണമെന്നും എഎൻ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. ജൻ ഔഷധി സ്റ്റോറുകൾ ശക്തമായ മരുന്ന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, സൈൻ വഴി സ്റ്റോറുകൾ ആരംഭിക്കുന്നവർക്ക് ഡൽഹിയിൽ നിന്ന് നേരിട്ട് മരുന്നുകൾ എത്തിച്ചുനൽകാമെന്നും ഇവർ വാഗ്ധാനം ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP