Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിസിടിവികളിൽ കണ്ടതൊന്നും ജെസ്നയല്ല: ജെസ്ന ജീവിച്ചിരിക്കാനും മരിച്ചു പോകാനും 50 ശതമാനം വീതം സാധ്യത; അന്വേഷണവുമായി പൊരുത്തപ്പെടുന്ന മൊഴി നൽകാൻ ബന്ധുക്കളും തയാറല്ല; ലോക്കൽ പൊലീസിന്റെ പാളിയ അന്വേഷണം തെളിവുകൾ നഷ്ടമാക്കി; ബന്ധുക്കളുടെ മൊഴിയും പരസ്പര വിരുദ്ധം; ജെസ്നയുടെ തിരോധാനക്കേസിൽ ഒന്നും ചെയ്യാൻ കഴിയാതെ ക്രൈംബ്രാഞ്ചും കൈയൊഴിയുന്നു

സിസിടിവികളിൽ കണ്ടതൊന്നും ജെസ്നയല്ല: ജെസ്ന ജീവിച്ചിരിക്കാനും മരിച്ചു പോകാനും 50 ശതമാനം വീതം സാധ്യത; അന്വേഷണവുമായി പൊരുത്തപ്പെടുന്ന മൊഴി നൽകാൻ ബന്ധുക്കളും തയാറല്ല; ലോക്കൽ പൊലീസിന്റെ പാളിയ അന്വേഷണം തെളിവുകൾ നഷ്ടമാക്കി; ബന്ധുക്കളുടെ മൊഴിയും പരസ്പര വിരുദ്ധം; ജെസ്നയുടെ തിരോധാനക്കേസിൽ ഒന്നും ചെയ്യാൻ കഴിയാതെ ക്രൈംബ്രാഞ്ചും കൈയൊഴിയുന്നു

ആർ കനകൻ

കോട്ടയം: കോളിളക്കം സൃഷ്ടിച്ച ജെസ്ന മരിയ തിരോധാനക്കേസിൽ നാട്ടുകാർക്ക് പുറമേ ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസിനെ തള്ളിപ്പറയുന്നു. ഒരിക്കൽപ്പോലും ശരിയായ ദിശയിൽ അന്വേഷണം നടത്താൻ കഴിയാതെ പോയ ലോക്കൽ പൊലീസ് തെളിവുകൾ മുഴുവൻ നഷ്ടമാക്കിയെന്നും തങ്ങൾക്ക് ഇനിയൊന്നും ചെയ്യാൻ കഴിയില്ലെന്നുമുള്ള നിസഹായവസ്ഥയിലാണ് ക്രൈംബ്രാഞ്ച്.

ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ഇതുവരെ കേട്ടതും മാധ്യമങ്ങൾ എഴുതുകയും സംപ്രേഷണം ചെയ്യുകയും ചെയ്തതു മുഴുവൻ നിറം പിടിപ്പിച്ച കഥകളായിരുന്നുവെന്ന അന്തിമ നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ലോക്കൽ പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും വീഡിയോകളിലുമുള്ള ഒരാളും ജെസ്ന ആയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നിരീക്ഷിക്കുന്നു. ലോക്കൽ പൊലീസ് നൽകിയ സൂചന പ്രകാരം മാധ്യമങ്ങൾ തങ്ങൾക്കിഷ്ടമുള്ള കഥകൾ കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് സൂചിപ്പിക്കുന്നത്.

2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ ബികോം വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ സ്വന്തം വീട്ടിൽ നിന്നും കാണാതാകുന്നത്. ആഴ്ചകൾക്ക് ശേഷമാണ് ബന്ധുക്കളുടെ പരാതി പൊലീസ് ഗൗരവമായി എടുത്തത്. പിന്നീട് അന്വേഷണം ചൂടുപിടിച്ച് വന്നപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരുന്നു. കിംവദന്തികളുടെ പിന്നാലെ ഓടി ലോക്കൽ പൊലീസ് ലഭ്യമായ തെളിവുകൾ കൊണ്ടുക്കളഞ്ഞു. പിന്നീടാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മുഹമ്മദ് കബീർ റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ എവിടെയോ ജെസ്ന താമസിക്കുന്നുണ്ട് എന്നായിരുന്നു ഏറ്റവും ഒടുവിൽ കിട്ടിയ വിവരം. പതിവായി എവിടെയോ പോയി മടങ്ങുന്ന ജെസ്നയുടെ ദൃശ്യം തൊട്ടടുത്ത് ചായക്കട നടത്തുന്ന മലയാളി മൊബൈൽ ഫോണിൽ പകർത്തിയത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ തുമ്പു തേടി പോയ ക്രൈംബ്രാഞ്ചിന് നിരാശയായിരുന്നു ഫലം. വീഡിയോയിലുള്ള പെൺകുട്ടി ജെസ്ന ആയിരുന്നില്ല. തുടക്കത്തിൽ അന്വേഷിച്ച ലോക്കൽ പൊലീസ് വരുത്തിയ വീഴ്ചകളാണ് കേസ് ഇത്രയും സങ്കീർണമാകാൻ കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

ജെസ്നയുടെ സഹപാഠിയായ യുവാവിനെ മാത്രമാണ് അവർ സംശയിച്ചത്. ജെസ്നയുടെ പിതാവും സഹോദരനുമെല്ലാം ഈ യുവാവിന് നേർക്കാണ് വിരൽ ചൂണ്ടിയിരുന്നത്. എന്നാൽ, ഇയാളുമായി ജെസ്നയ്ക്ക് വെറും സൗഹൃദം മാത്രമാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ പിന്നാലെ മാത്രം നടന്ന ലോക്കൽ പൊലീസ് അതി നിർണായകമാകാമായിരുന്ന ചില തെളിവുകൾ കൈവിട്ടു കളഞ്ഞുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കരുതുന്നു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽഫോൺ കോളുകൾ തുടങ്ങി ആ കാലയളവിൽ ശേഖരിക്കേണ്ട തെളിവുകൾ ഒക്കെ പിന്നീട് ലഭിക്കാതെ പോയി. ജെസ്നയുടെ ബന്ധുക്കളുടെ മൊഴിയെടുത്തതിൽ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും തുറന്നു പറയാനും അവർ തയാറായിട്ടില്ല.

ജെസ്നയുടെ സ്വഭാവ രീതികൾ സംബന്ധിച്ച് ബന്ധുക്കൾ നൽകിയ വിവരങ്ങൾ പരിശോധിച്ചത് പലതും പരസ്പര വിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജെസ്ന തന്നെയെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിച്ച ഒരു വീഡിയോ ദൃശ്യം മറ്റാരുടെയോ ആണെന്ന് പിന്നീട് കണ്ടെത്തി. ഒരു സ്വകാര്യ ബസിന്റെ മുൻസീറ്റിലിരുന്ന പോകുന്ന പെൺകുട്ടി ജെസ്നയായിരുന്നുവെന്നാണ് ബന്ധുക്കളും സഹപാഠികളും നാട്ടുകാരും ഉറപ്പിച്ചു പറഞ്ഞത്. ഈ വീഡിയോയിൽ കാണുന്ന പെൺകുട്ടിക്കൊപ്പമിരുന്ന യാത്രക്കാരി, ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവരെ കണ്ടെത്തി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ അത് ജെസ്നയല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വീട്ടിൽ നിന്ന് ദൂരസ്ഥലങ്ങളിലേക്ക് തനിയെ പോകുന്ന സ്വഭാവം ജെസ്നയ്ക്ക് ഇല്ലായിരുന്നു. ഒരിക്കൽ പോലും അങ്ങനെ പോയിട്ടുമില്ല.

കോളജിലേക്ക് പോയിരുന്നത് സഹോദരനൊപ്പമായിരുന്നു. ആ സ്ഥിതിക്ക് ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ ബാഹ്യഇടപെടൽ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നു. അതാരാണ് എന്ന് കണ്ടെത്തുക ശ്രമകരമായ ജോലിയാണ്. ജെസ്ന ജീവിച്ചിരിക്കാനും മരിച്ചു പോകാനും 50 ശതമാനം വീതം സാധ്യത ക്രൈംബ്രാഞ്ച് കൽപിക്കുന്നു. ജെസ്ന ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാം, പക്ഷേ, മരിച്ചെന്നുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

2018 മാർച്ച് 22 ന് രാവിലെ 9.30 നാണ് ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയാ/fjgvdvg് ജെസ്‌ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസർവ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളർത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവൾ ആരോടും അവതരിപ്പിച്ചിരുന്നുമില്ല. കോളജിലേക്ക് പോകുന്നത് സഹോദരൻ ജെയ്‌സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലാണ് ജെയ്‌സ് പഠിക്കുന്നത്. ജെസ്‌ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാൽ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്‌നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്-ജെഫിമോൾ.

ഇതാണ് പശ്ചാത്തലം. 22 ന് ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. പുസ്തകവുമായി വീടിന്റെ വരാന്തയിൽ ഇരുന്ന ജെസ്‌ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയിൽ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്‌നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. പിന്നെയാണ് ജെസ്‌നയെ കാണാതായത്.

ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനിൽ പിതാവും ബന്ധുക്കളും പരാതി നൽകി. എന്നാൽ, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാൽ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്‌നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈൽ ഫോൺ അടക്കം ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല.

പിന്നെ കഥകളുടെ പ്രവാഹമായിരുന്നു. ജെസ്‌നയെ തമിഴ്‌നാട്ടിൽ കണ്ടു, ബംഗളൂരുവിൽ കണ്ടു, മലപ്പുറത്തെ പാർക്കിൽ കണ്ടു...ഇങ്ങനെ കിംവദന്തികളുടെ പിന്നാലെ പൊലീസ് നടന്നു വലഞ്ഞു. ബംഗളൂരുവിലെ ഒരു ആശ്രമത്തിൽ ജെസ്‌ന ചെന്നുവെന്ന വാർത്ത പുറത്തു വിട്ട് ആന്റോ ആന്റണി എംപിയും ഇളിഭ്യനായി. ഇതിനിടെ രണ്ടു അജ്ഞാതമൃതദേഹങ്ങൾക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നു. ഒന്ന് ഇടുക്കി മുതിരപ്പുഴയാറ്റിൽ കണ്ട യുവതിയുടെ കാലായിരുന്നു. മറ്റൊന്ന് തമിഴ്‌നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹവും. മുക്കൂട്ടുതറ, മുണ്ടക്കയം എന്നിവിടങ്ങളിലെ സിസിടിവികളിലും പലരും ജെസ്‌നയെ കണ്ടു.

പക്ഷേ, ഇതൊന്നും പൊലീസ് സ്ഥിരീകരിച്ചില്ല. ലോക്കൽ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് സൈബർ സെല്ലിനെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. സൈബർ സെൽ ലക്ഷക്കണക്കിന് കോളുകൾ പരിശോധിച്ച് ജെസ്‌ന രണ്ടാമതൊരു സിം ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. 10 ദിവസത്തിനുള്ളിൽ പിടിയിലാകുമെന്നും പറഞ്ഞു. എന്നാൽ, അവസാന നിമിഷം അവൾ വഴുതിപ്പോയി. എങ്കിലും പൊലീസ് ഒരു കാര്യം സ്ഥിരീകരിച്ചു. പെൺകുട്ടി ജീവനോടെയുണ്ട്. ജെസ്‌ന ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയയായ ജിഗിണിയിൽ താമസിക്കുന്നുവെന്നതായിരുന്നു ആ വിവരം. ഇതു ലഭിച്ചതാകട്ടെ അവസാനം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് സംഘത്തിനും. ജിഗിണിക്ക് സമീപമുള്ള റിങ് റോഡിൽ കട നടത്തുന്ന മലയാളിയാണ് ജെസ്‌നയുടെ രൂപസാദൃശ്യമുള്ള യുവതിയെ കണ്ടത്. ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഇയാൾ ശ്രദ്ധിച്ചത്. രണ്ടു തവണ പെൺകുട്ടി ഈ കടയിൽ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ പെൺകുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയിൽ നിന്ന് ഇറങ്ങിപ്പോയി.

പിറ്റേന്ന് ആ വഴി പെൺകുട്ടി വന്നപ്പോൾ അയാൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യമാണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. ഇളംനീല ജീൻസും റോസ് പ്രിന്റഡ് കുർത്തയും ധരിച്ച് കഴുത്തിൽ ഷാളും പുറത്ത് ബാഗും തൂക്കി നടന്നു പോകുന്ന യുവതിയുടെ ദൃശ്യം പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേനെ പൊലീസിന് കൈമാറി. ഇതു ജെസ്‌നയാണെന്ന് ഏതാണ്ടുറപ്പിച്ച പൊലീസ് മൂന്നുദിവസം ഈ കട കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. ഈ വിവരം എങ്ങനെയോ അറിഞ്ഞിട്ടാകണം ആ ദിവസങ്ങളിൽ പെൺകുട്ടി ഇതു വഴി എത്തിയില്ല. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജെസ്‌ന ജീവിച്ചിരിക്കുന്നത് എന്ന് ലോക്കൽ പൊലീസ് സ്ഥിരീകരിച്ചത്. ഈ കഥയ്ക്കും ഇപ്പോൾ സ്ഥിരീകരണം നൽകാൻ ക്രൈംബ്രാഞ്ചിനാകുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP