Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിയുടെ മുമ്പിൽ നല്ലപിള്ള ചമയാൻ രാജിനാടകം കളിച്ച ഉണ്ണിയാടനെ അമേരിക്കയിൽ വച്ച് ജോൺ ബ്രിട്ടാസ് വെള്ളം കുടിപ്പിച്ചു; എംഎൽഎയാണോ ചീഫ് വിപ്പാണോ എന്ന് ചോദിച്ച് പൊതുവേദിയിൽ വച്ച് വിചാരണ ചെയ്ത കൈരളി ടി വി എംഡിയുടെ മുമ്പിൽ ചീഫ് വിപ്പ് ബ്ബ..ബ്ബ..ബ്ബ വച്ചത് ഇങ്ങനെ

മാണിയുടെ മുമ്പിൽ നല്ലപിള്ള ചമയാൻ രാജിനാടകം കളിച്ച ഉണ്ണിയാടനെ അമേരിക്കയിൽ വച്ച് ജോൺ ബ്രിട്ടാസ് വെള്ളം കുടിപ്പിച്ചു; എംഎൽഎയാണോ ചീഫ് വിപ്പാണോ എന്ന് ചോദിച്ച് പൊതുവേദിയിൽ വച്ച് വിചാരണ ചെയ്ത കൈരളി ടി വി എംഡിയുടെ മുമ്പിൽ ചീഫ് വിപ്പ് ബ്ബ..ബ്ബ..ബ്ബ വച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴ കേസിൽ കോടതി പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച കെ എം മാണിയുടെ കൂടെ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കുന്നു എന്ന് തോമസ് ഉണ്ണിയാടൻ പ്രഖ്യാപിച്ചപ്പോൾ തന്നെ വ്യക്തമായത് ഒരു കാര്യമായിരുന്നു. ഉണ്ണിയാടൻ ആഗ്രഹിക്കുന്നത് വെറും ചീഫ് വിപ്പ് സ്ഥാനമല്ല, ഒരു മന്ത്രിപദം തന്നെയാണെന്ന്. ഇന്നല്ലെങ്കിൽ നാളെ അത് തന്നെ തേടിയെത്തുമെന്ന് ഉറപ്പാക്കാൻ ഉണ്ണിയാടൻ കളിച്ച നാടകമായിരുന്നു ഈ രാജി. കേരളത്തിലെ മാദ്ധ്യമങ്ങളെല്ലാം ഒരുപോലെ ഉറ്റുനോക്കിയ ആ ദിവസം ഉണ്ണിയാടനും അങ്ങനെ മാണിക്ക് മുമ്പിൽ 'നല്ലവനായ ഉണ്ണി'യായി.

മുഖ്യമന്ത്രി തന്റെ രാജിസ്വീകരിക്കില്ലെന്ന് ഉറപ്പിച്ച ശേഷമായിരുന്നു തോമസ് ഉണ്ണിയാടൻ നല്ലപിള്ള ചമയാൻ നാടകം കളിച്ചത് എന്നത് വ്യക്തമായിരുന്നു. ഈ നാടകത്തിന്റെ ഒരു തിരശ്ശീലയാണ് ഇന്നലെ വീണതും. ഉണ്ണിയാടന്റെ രാജി സ്വീകരിക്കേണ്ടെന്നും ചീഫ് വിപ്പ് സ്ഥാനത്ത് തുടരാനുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നു. എന്തായാലും രാജിവച്ച ശേഷം അമേരിക്കയിലെ ഷിക്കാഗോയിലേക്ക് പോയ തോമസ് ഉണ്ണിയാടന്റെ നാടകം കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ് ശരിക്കും പൊളിച്ചടുക്കി.

രാജിവച്ച ശേഷം ഷിക്കാഗോയ്ക്ക് ഉണ്ണിയാടൻ പോയത് തന്നെ മാദ്ധ്യമങ്ങളിൽ നിന്നും ഒളിച്ചു കടക്കാനും സമ്മർദ്ദങ്ങൾ ഒഴിവാക്കാനുമായിരുന്നു. എന്നാൽ അവിടെ ഷിക്കാഗോയിൽ വച്ച് നടന്ന ഇന്ത്യൻ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സമ്മേളന വേദിയിൽ വച്ച് ഉണ്ണിയാടനെ ജോൺ ബ്രിട്ടാസ് ശരിക്കും കളിയാക്കുകയായിരുന്നു. . കേരളത്തിൽ കളിച്ചത് നാടകമായിരുന്നെന്ന് ഉണ്ണിയാടന് ഇതോടെ വ്യക്തമാക്കേണ്ടിയും വന്നു. ബ്രിട്ടാസിന്റെ പ്രസംഗത്തിനിടെയിലെ പരിഹാസത്തിൽ ഉണ്ണിയാടൻ വീഴുകയായിരുന്നു.

ഉണ്ണിയാടൻ ഇവിടെ എംഎൽഎ ആയിട്ടാണോ അതോ ചീഫ് വിപ്പ് ആയിട്ടാണോ അവതരിച്ചത് എന്നതായിരുന്നു പ്രസംഗത്തിനിടെ ജോൺ ബ്രിട്ടാസ് ചോദിച്ചത്. ആദ്യമൊക്കെ ചോദ്യത്തിൽ നിന്ന് കുതറി മാറിയെങ്കിലും ഒരു മറുപടി ആവശ്യമാണെന്നു ശഠിച്ചപ്പോൾ ഉണ്ണിയാടൻ തന്റെ നിലപാട് വ്യക്തമാക്കി- 'രാജിവച്ചിട്ടാണ് വന്നത്, അതിൽനിന്ന് പിൻവാങ്ങുന്ന പ്രശ്‌നമില്ല. എന്നാൽ അവിടം കൊണ്ടും ബ്രിട്ടാസ് വിട്ടില്ല. ചോദ്യങ്ങൾ പിന്നെയും എത്തി.

പിന്നീട് കെ എം മാണി അകാരണമായി വേട്ടയാടപ്പെടുന്നുവെന്നായിരുന്നു ഉണ്ണിയാടന്റെ രോദനം. ഇതും ബ്രിട്ടാസ് ഖണ്ഡിച്ചു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ തീക്ഷ്ണമായി വിചാരണകൾക്ക് വിധേയമാകുന്നത് ഇത് ആദ്യമല്ലെന്ന് പറഞ്ഞ് കെ കരുണാകരൻ മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ഉദാഹരണങ്ങൾ ബ്രിട്ടാസ് എടുത്തുകാട്ടി. ഇവരൊക്കെ സംയമനം പാലിച്ചിരുന്നു. മാദ്ധ്യമ വിചാരണയിൽ ഇത്രമാത്രം അങ്കലാപ്പ് കെ എം മാണിയും കേരള കോൺഗ്രസും കാണിക്കേണ്ടതുണ്ടായിരുന്നോയെന്ന് എടുത്തു ചോദിച്ചപ്പോൾ 'ശരിയാണ്, അത് വേണ്ടിയിരുന്നില്ല' എന്ന് പറഞ്ഞ് ഉണ്ണിയാടൻ ബ്രിട്ടാസിനോട് യോജിച്ചു.

ടെലിവൈസ്ഡ് രാഷ്ട്രീയ യുഗത്തിൽ ശരീരഭാഷയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ബ്രിട്ടാസ് വീണ്ടും ഉണ്ണിയാടന്റെ നേർക്ക് തിരിഞ്ഞു. കെ എം മാണി പത്രസമ്മേളനം നടത്തിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തെ പിൻതിരിപ്പിക്കാൻ റോഷി അഗസ്റ്റിനും പിടി തോമസും കൂടെക്കൂടെ മാണിയുടെ തോളത്ത് തോണ്ടിക്കൊണ്ടിരുന്നത് ശരിയായോ ഉണ്ണിയാടാ എന്ന ചോദ്യത്തിന് 'ഒട്ടും ശരിയായില്ല, അവരത് ചെയ്യാൻ പാടില്ലാത്തതായിരുന്നു 'എന്നായിരുന്നു ചീഫ് വിപ്പിന്റെ പ്രതികരണം.

ജനാധിപത്യത്തിൽ ഉദ്യോഗസ്ഥരുടെ സ്ഥാനത്തെക്കുറിച്ച് പരാമർശിച്ച ബ്രിട്ടാസ് തെരുവുനായ് പ്രശ്‌നത്തിൽ ഡിജിപി സെൻകുമാർ സ്വീകരിച്ച സമീപനത്തെക്കുറിച്ച് ഉണ്ണിയാടന്റെ അഭിപ്രായം ആരാഞ്ഞു. 'താങ്കളെപ്പോലുള്ള ഒരു ജനപ്രതിനിധിയെ പരസ്യമായി ഖണ്ഡിക്കാൻ രംഗത്തുവന്ന സെൻകുമാറിനെ എന്തുകൊണ്ട് നിയന്ത്രിച്ചില്ല' എന്ന് ബ്രിട്ടാസ് ചോദിച്ചപ്പോൾ 'സെൻകുമാർ ചെയ്തത് ഒട്ടും ശരിയായില്ല, ഇതൊക്കെ നിയന്ത്രിക്കപ്പെടണം'എന്ന് ഉണ്ണിയാടൻ പ്രതികരിച്ചു.

ചുരുക്കത്തിൽ സമ്മേളന വേദിയിൽ വച്ച് ഉണ്ണിയാടന്റെ പൊള്ളത്തരങ്ങളെ പരസ്യമായി തന്നെ ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുകയായിരുന്നു. ഷിക്കാഗോയിൽ ഉണ്ണിയാടൻ സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ തന്നെ ചീഫ് വിപ്പിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നു എന്നതും ഉണ്ണിയാടന്റെ രാജിനാടകം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. അമേരിക്കൻ സന്ദർശനത്തിന്റെ മറവിൽ സർക്കാർ ബോർഡ് വച്ച കാറ് സൗകര്യങ്ങളും തനിക്ക് നഷ്ടമാകില്ലെന്ന് ഉണ്ണിയാടന് ഉറപ്പിക്കുകയായിരുന്നു. കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ രാജി സ്വീകരിക്കണമെന്ന ആവശ്യവുമായി വീണ്ടും കത്ത് നൽകാമായിരുന്നു. കേരളം വിട്ട് തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ഉണ്ണിയാടൻ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP