Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സമ്പൂർണ്ണ സ്ത്രീ ചാനലിന്റെ തലപ്പത്ത് ഗണേശ് കുമാർ എത്തിയിട്ടും രക്ഷയില്ല; സഖിയിലെ പ്രതിസന്ധികളിൽ എന്തു ചെയ്യണമെന്ന് അറിയാതെ മുൻ മന്ത്രി; ഡ്രൈവർമാരെയെല്ലാം പിരിച്ചുവിട്ടു; ശുദ്ധികലശമെന്ന് വിശദീകരണവും

സമ്പൂർണ്ണ സ്ത്രീ ചാനലിന്റെ തലപ്പത്ത് ഗണേശ് കുമാർ എത്തിയിട്ടും രക്ഷയില്ല; സഖിയിലെ പ്രതിസന്ധികളിൽ എന്തു ചെയ്യണമെന്ന് അറിയാതെ മുൻ മന്ത്രി; ഡ്രൈവർമാരെയെല്ലാം പിരിച്ചുവിട്ടു; ശുദ്ധികലശമെന്ന് വിശദീകരണവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിലെ പ്രഥമ മലയാള വനിതാ ചാനലായ സഖി ടിവിയുടെ സിഇഒ പദവിയിൽ മുൻ മന്ത്രിയും എംഎൽഎയും നടനുമായ കെബി ഗണേശ് കുമാർ എത്തിയിട്ടും പ്രശ്‌നങ്ങൾ തീരുന്നില്ല. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സഖി ടിവിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. ചാനലിന്റെ തലപ്പത്ത് ഗണേശ് കുമാർ എത്തിയിട്ട് മാസം ഒന്നായി. എന്നാൽ പുതിയ ഫണ്ട് കണ്ടെത്താനോ പുതിയ പരിപാടികൾ ഷൂട്ട് ചെയ്യാനോ കഴിഞ്ഞിട്ടില്ല. അതിനിടെ ചാനലിലെ ഡ്രൈവർമാരെ ഗണേശ് കുമാർ പുറത്താക്കിയതും വിവാദത്തിലായി. ശമ്പളം നൽകാനില്ലാത്തതു കൊണ്ടാണ് ഇത് ചെയ്യേണ്ടി വന്നതെന്നാണ് സൂചന.

ചാനലിന്റെ മാനേജിങ് ഡയറക്ടറേയും പുറത്താക്കി. മറ്റൊരു ഡയറക്ടറേയും ഗണേശ് കുമാർ ഇടപെട്ട് മാറ്റി. അതിന് ശേഷം ചാനലിനെ മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമം ഗണേശ് തുടങ്ങിക്കഴിഞ്ഞു. എന്നാൽ സാമ്പത്തിക ക്രമക്കേടുകൾ വരുത്തി വച്ച ബാധ്യതകൾ ഗണേശിന് മുന്നിൽ വലിയ പ്രതിസന്ധിയായി ഉണ്ട്. ഈ സാഹചര്യത്തിൽ സഖി ടിവിയുടെ പൂർണ്ണ സംപ്രേഷണം തുടങ്ങാൻ ഇനിയും വൈകും. സ്ത്രീകളുടെ സമ്പൂർണ്ണ വാർത്താ ചാനൽ എന്ന പെരുമ ഉയർത്തിയെത്തിയ സഖിക്ക് ഇനിയും വാർത്താ സംപ്രേഷണത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ ശമ്പളമില്ലായ്മയെ തുടർന്ന് ചാനലിൽ നിന്ന് നാൽപതോളം ജീവനക്കാർ സ്വയം ഒഴിഞ്ഞു പോയി. ഇതിനിടെയാണ് ഗണേശ് കുമാർ ചാനലിന്റെ തലവനായി എത്തുന്നത്. എന്നാൽ പൂർണ്ണ നിരാശനാണ് ഗണേശ് എന്നാണ് സൂചന. ശുദ്ധികലശത്തിന്റെ ഭാഗമാണ് പിരിച്ചുവിടലുകളും മറ്റുമെന്നാണ് താരം നൽകുന്ന സൂചന.

ചാനലിനെ നയിച്ചിരുന്ന രണ്ടു പേരുടെ കെടുകാര്യസ്ഥതയാണ് സ്ഥാപനത്തെ തകർത്തത് എന്ന സൂചനയാണ് ഗണേശ് കുമാറിനോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. പുതിയ പ്രോഗ്രാമുകളൊന്നും ഷൂട്ട് ചെയ്യുന്നില്ല. പഴയ പരിപാടികൾ മാത്രമാണ് കാണിക്കുന്നത്. എന്നാൽ ഇഷ്ടം പോലെ ഡ്രൈവർമാരും ചാനലിന് ഉണ്ട്. പ്രോഗ്രാം ഷൂട്ടില്ലാത്ത ചാനലിന് ഡ്രൈവർമാർ എന്തിനാണെന്നാണ് ഗണേശ് ഉയർത്തുന്ന ചോദ്യം. പ്രോഗ്രാം ചീഫിനുൾപ്പെടെയുള്ളവർക്ക് വാഹനം അയക്കുന്ന പതിവും ഗണേശ് നിറുത്തി. വരുമാനം ഉണ്ടായ ശേഷം മതി ധൂർത്തെന്നാണ് ഗണേശിന്റെ നിലപാട്. കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന പ്രോഗ്രം തലവൻ ഉദയൻ അമ്പാടിയോട് സ്ഥിരമായി ഓഫീസിലെത്താൻ എത്രയും വേഗം വരുമാനം ഉണ്ടാകുന്ന പരിപാടികൾ തയ്യാറാക്കാനും ഗണേശ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഫണ്ടില്ലാതെ എങ്ങനെ പുതിയ പ്രോഗ്രാമെന്നതാണ് ചാനൽ നേരിടുന്ന പ്രതിസന്ധി.

ഡ്രൈവർമാരെ പോലെയാണ് ന്യൂസ് വിഭാഗത്തിന്റെ അവസ്ഥയും. ജീവൻ ടിവിയിൽ നിന്ന് ബനേഷിനെ വാർത്താ വിഭാഗം തലവനായി നിയമിച്ചിട്ട് മാസങ്ങൾ ഏറെയായി. അതിന് ശേഷം അമൃതാ ടിവിയിൽ നിന്ന് ന്യൂസ് എഡിറ്ററായി സജീവ് സി വാര്യരും എത്തി. അതിനപ്പുറത്തേക്ക് ഒന്നും നടന്നില്ല. ഇരുവർക്കും മാസങ്ങളോളം ശമ്പളം നൽകിയെന്നതല്ലാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും നൽകിയില്ല. ഇതുമൂലം വാർത്ത ആരംഭിക്കാനും കഴിഞ്ഞില്ല. ഇതും വലിയ സാമ്പത്തിക ബാധ്യത ചാനലിന് വരുത്തി വച്ചു. ന്യൂസ് സംപ്രേഷണം എന്ന് തുടങ്ങാനാകുമെന്ന് ആർക്കും സഖി ടിവിയിൽ പറയാൻ കഴിയുന്നില്ല. ചാനലിന്റെ തലവനായി ഗണേശ് എത്തിയപ്പോൾ ജീവനക്കാർ വലിയ പ്രതീക്ഷയിലായി. എന്നാൽ സാമ്പത്തിക അച്ചടക്കത്തിന് പിരിച്ചുവടിൽ പോലും സിഇഒ നടത്തുമ്പോൾ അവർ നിരാശയിലുമാകുന്നു.

സ്ത്രീശക്തിയുടെ സൗന്ദര്യവും സർഗ്ഗാത്മകതയും പ്രഭ ചൊരിയുന്ന പരിപാടികളോടെ എന്ന പ്രഖ്യാപനവുമായാണ് സഖി ടിവി തുടങ്ങിയത്. സ്ത്രീകൾക്കായി വേറിട്ട വിനോദ വിജ്ഞാന പരിപാടികളാണ് ലക്ഷ്യമിട്ടത്. സ്ത്രീകളുടെ സാമൂഹ്യവും വ്യക്തിപരവുമായ പ്രശ്‌നങ്ങളെ ആവിഷ്‌കരിക്കുകയും അവരുടെ സർഗ്ഗാത്മകതയെ അവതരിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ നിരവധി പരിപാടികൾ എന്ന പ്രഖ്യാപനവുമായി 2014, നവംബർ 24ന് പ്രക്ഷേപണം തുടങ്ങി. സംപ്രേഷണത്തോടൊപ്പം സാമൂഹ്യപ്രവർത്തനവും എന്നതായിരിന്നു സഖി ടിവിയുടെ സന്ദേശം. സമൂഹ വിവാഹങ്ങളും സംഘടിപ്പിച്ചു. എന്നാൽ ഈ വർഷം നടന്ന സമൂഹ വിവാഹത്തിന്റെ പേരിലും ചാനലിൽ എതിർപ്പുകൾ ഉണ്ടായി. ഇതെല്ലാമാണ് സഖി ടിവിയെ പ്രതിസന്ധിയിലാക്കിയത്. വലിയ ധൂർത്തുകൾ പഴയ എംഡി നടത്തിയെന്നാണ് കണ്ടെത്തൽ.

ഗണേശ് കുമാറിന്റെ അടുത്ത ബന്ധുവാണ് സഖി ടിവിയുടെ ചെയർമാൻ. ചാനൽ തുടങ്ങുമ്പോൾ ഗണേശ് കുമാറിന്റെ സഹോദരി അടക്കമുള്ളവർ ചാനലുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. എന്നാൽ പ്രതിസന്ധിയും സാമ്പത്തിക ക്രമക്കേടുകളും ശ്രദ്ധയിൽപ്പെട്ടപ്പോൾ അവരെല്ലാം ഒഴിവായി. വനിതാ ഫോറം രൂപീകരിച്ച് ചാനലിനായി ഫണ്ട് സ്വരൂപണത്തിന് മുൻ എംഡി നടത്തിയ നീക്കവും ഫലം കണ്ടില്ല. ജീവനക്കാരിൽ നിന്ന് കാശ് വാങ്ങി ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനും ശ്രമിച്ചു. കാര്യങ്ങൾ കൈവിട്ടു പോയപ്പോഴാണ് ചെയർമാൻ ഇടപെട്ടതും എല്ലാം നേരെയാക്കാൻ ഗണേശിനെ ഏൽപ്പിച്ചതും. സിനിമാ ലോകത്തെ ഗണേശിന്റെ പരിചയുവും രാഷ്ട്രീയ ബന്ധങ്ങളും ചാനലിനെ മുന്നോട്ട് നയിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വലിയ മുതൽമുടക്കില്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് ഗണേശും തിരിച്ചറിഞ്ഞു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP