Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണത്തിനുള്ളിൽ മെഴുകു നിറച്ചു വിറ്റ കല്യാൺ ജൂവലേഴ്‌സിന്റെ തട്ടിപ്പ് പുറത്തെത്തിയത് തമ്പാനൂർ പൊലീസ് സ്‌റ്റേഷൻ വഴി; മുതലാളിയെ നാറ്റിച്ചതിന് എസ് ഐയെ സ്ഥലംമാറ്റി അധികാരികളുടെ പ്രതികാരം; സിപിഎമ്മിന്റെ വിശ്വസ്തനായ എസ് ഐ സമ്പത്തിനെ സ്ഥലം മാറ്റുന്നതിന് ട്രാവൻകൂർ മാളിലെ കട ഉദ്ഘാടനം ചെയ്ത പൊലീസിലെ ഉന്നതനോ? സത്യം പുറത്തറിയിച്ച ഉദ്യോഗസ്ഥനെ കുടുക്കുന്നതിൽ പൊലീസിൽ അമർഷം അതിശക്തം; സമ്പത്ത് സ്റ്റേഷനൊഴിയുമ്പോൾ കല്ല്യാണിനെതിരെ ബെഹ്‌റയുടെ പൊലീസ് കേസെടുക്കുമോ?

സ്വർണ്ണത്തിനുള്ളിൽ മെഴുകു നിറച്ചു വിറ്റ കല്യാൺ ജൂവലേഴ്‌സിന്റെ തട്ടിപ്പ് പുറത്തെത്തിയത് തമ്പാനൂർ പൊലീസ് സ്‌റ്റേഷൻ വഴി; മുതലാളിയെ നാറ്റിച്ചതിന് എസ് ഐയെ  സ്ഥലംമാറ്റി അധികാരികളുടെ പ്രതികാരം; സിപിഎമ്മിന്റെ വിശ്വസ്തനായ എസ് ഐ സമ്പത്തിനെ സ്ഥലം മാറ്റുന്നതിന് ട്രാവൻകൂർ മാളിലെ കട ഉദ്ഘാടനം ചെയ്ത പൊലീസിലെ ഉന്നതനോ? സത്യം പുറത്തറിയിച്ച ഉദ്യോഗസ്ഥനെ കുടുക്കുന്നതിൽ പൊലീസിൽ അമർഷം അതിശക്തം; സമ്പത്ത് സ്റ്റേഷനൊഴിയുമ്പോൾ കല്ല്യാണിനെതിരെ ബെഹ്‌റയുടെ പൊലീസ് കേസെടുക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കല്യാൺ ജുവല്ലേഴ്സിൽ നിന്ന് വാങ്ങിച്ച അഞ്ചരപ്പവൻ സ്വർണ്ണത്തിൽ മെഴുക് കണ്ടെത്തിയ സംഭവത്തിൽ തമ്പാനൂർ എസ്‌ഐക്ക് സ്ഥലംമാറ്റം. ആരുമറിയാതെ ഒത്തുതീർപ്പാകാൻ കല്യാൺ ആഗ്രഹിച്ച വാർത്ത പുറംലോകത്ത് എത്തിയതായിരുന്നു ഇതിന് കാരണമെന്നാണ് സൂചന. മെഴുക് കണ്ടെത്തിയ വാർത്ത മറുനാടൻ മാത്രമാണ് നൽകിയത്. തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള സ്ഥിരീകരണമായിരുന്നു റിപ്പോർട്ടിങിന്റെ കാതൽ. ഇതിനെ പ്രതിരോധിക്കാൻ ദുബായിലെ പഴയ കേസ് പോലും കല്യാൺ ചർച്ചയാക്കി. തമ്പാനൂരിൽ കേസുണ്ടായിരുന്നില്ലെന്ന് വരുത്താനും ബോധപൂർവ്വമായ ഇടപെടൽ നടന്നു. എന്നാൽ എസ് ഐ സമ്പത്ത് നിലപാടിൽ ഉറച്ചു നിന്നു. ഇതിന് പ്രതികാരമായാണ് സമ്പത്തിനെ സ്ഥലം മാറ്റുന്നതെന്നാണ് സൂചന. ഇതിനായി സ്‌പെഷ്യൽ ബ്രാഞ്ചിനെ ബോധപൂർവ്വമായി ഇടെപടുവിക്കുകയും ചെയ്തു.

സ്വർണ്ണത്തിൽ മെഴുകു കണ്ടെത്തിയ സംഭവത്തിൽ പണം വാങ്ങി പ്രശ്‌നം ഒത്തുതീർപ്പാക്കി. മാർച്ച് 21ന് കല്യാൺ ജ്വവല്ലറി സ്റ്റാഫ് എത്തി പരാതിക്കാരിൽ നിന്ന് വാങ്ങിയ മുഴുവൻ പണവും തിരിച്ചുനൽകുക ആയിരുന്നു. പിന്നീട് ഈ വിവരം പരാതിക്കാർ ഫേസ്‌ബുക്ക് വഴിയും വാട്ട്സാപ്പ് വഴിയും പ്രചരിപ്പിച്ചു. സംഭവം വിവാദമായി, ഇതോടെ സ്പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷണം നടത്തി. പരാതിയിൽ കേസെടുക്കാതിരുന്നത് ഗുരുതര വീഴ്‌ച്ച ആണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. കേസെടുക്കേണ്ടന്ന ധാരണയിലാണ് പരാതിക്കാരും കല്യാൺ സ്റ്റാഫും പോയത് ഇതുകൊണ്ടാണ് എസ് ഐ കേസെടുക്കാത്തത്. ഇത് മറച്ചുവച്ച് സമ്പത്തിനെ കുടുക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. വാർത്ത പുറത്തുവന്നതിന്റെ പ്രതികാരം തീർക്കുകയായിരുന്നു സമ്പത്തിനെ മാറ്റുന്നതിലൂടെ ചെയ്യുന്നതെന്നാണ് സൂചന.

കല്യാണിൽ നിന്നും അഞ്ചുവർഷം മുമ്പ് വാങ്ങിയ അഞ്ചരപ്പവൻ സ്വർണം പണയംവെയ്ക്കാൻ കൊണ്ടുപോയപ്പോൾ അതിൽ ഒന്നരപ്പവൻ മാത്രമായിരുന്നു സ്വർണം. ബാക്കി മുഴുവൻ മെഴുക് ആയിരുന്നുവെന്നും. നാലുപവൻ സ്വർണ്ണത്തിന്റെ എന്ന് കരുതി നൽകിയ പണം മെഴുകിന് ആയിരുന്നുവെന്നുമുള്ള പരാതിയാണ് നെയ്യാറ്റിൻകര സ്വദേശികൾ ഉന്നയിച്ചത്. തിരുവനന്തപുരം നഗരത്തിലെ കല്യാൺ ജുവല്ലേഴ്സിൽ നിന്നും വാങ്ങിയ സ്വർണ്ണത്തിലാണ് വൻതോതിൽ മെഴുക് കണ്ടെത്തിയത്. സംഭവത്തിൽ പരാതിയുമായി നെയ്യാറ്റിൻകര സ്വദേശികൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി. പണം മടക്കി വേണമെന്നായിരുന്നു ആവശ്യം. അത് ഒത്തുതീർപ്പിലൂടെ എസ് ഐ സാധിച്ചു കൊടുക്കുകയും ചെയ്തു. പരാതിക്കാരുടെ ആവശ്യം നിറവേറ്റിയതു കൊണ്ട് കേസെടുത്തില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ വാർത്ത എത്തിയപ്പോൾ ഇത് സ്ഥിരീകരിക്കാനും തമ്പാനൂർ പൊലീസ് തയ്യാറായി. എന്നാൽ സി ഐ അടക്കമുള്ളവർ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.

തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ നിന്ന് സ്ഥിരീകരണം കിട്ടിയതു കൊണ്ടാണ് ഈ വിഷയത്തിൽ മറുനാടൻ വാർത്ത നൽകിയതെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് എസ് ഐയെ കുടുക്കാൻ ബോധപൂർവ്വം ശ്രമം നടന്നത്. പണം നൽകാമെന്ന ധാരണയിൽ എത്തിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തില്ലെന്ന വസ്തുത മറച്ചുവച്ചാണ് എസ് ഐയ്‌ക്കെതിരെ നടപടി എടുക്കുന്നത്. 2013 ൽ 1,49,000 രൂപ നൽകിയാണ് ലളിത എന്നയാളുടെ പേരിൽ ബിൽ നൽകി സ്വർണം വിറ്റത്. തെളിവായി ബിൽ സൂക്ഷിച്ചിരുന്നു. 45.580 ഗ്രാം ആന്റിക് മോഡൽ നെക്ലസ് ആണ് വാങ്ങിയത്. ഇതിൽ കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം (ഏകദേശം 5.5 പവൻ) ഉണ്ടെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ സ്വർണം 2018 മാർച്ച് 17ന് ബാങ്കിൽ പണയംവെയ്ക്കാൻ കൊടുത്തപ്പോൾ ബാങ്ക് അപ്രൈസരുടെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അതിലെ സ്വർണം വെറും 12 ഗ്രാം മാത്രമാണ്. അതായത് ഒന്നരപ്പവൻ.

സ്വർണ്ണാഭരണത്തിന്റെ അകഭാഗത്ത് മെഴുക് കട്ടകൾ നിറച്ചുവെച്ചിരിക്കുകയായിരുന്നു അങ്ങനെ ബാക്കി നാല് പവന്റെ ആഭരണത്തിന്റെ അകത്ത് നിറച്ചിരുന്ന മെഴുകിനായിരുന്നു പണം നൽകിയത്. ഇതോടെ ആഭരണം വാങ്ങിയ കല്യാൺ ജുവല്ലറിയിൽ തിരിച്ചുകൊണ്ട് ചെന്നപ്പോൾ ബ്രാഞ്ച് മാനേജർ സ്വാബിൻ പറഞ്ഞത് ഇത്തരം ആഭരണം മെഴുകിലാണ് നിർമ്മിക്കുന്നതെന്നും അത് എല്ലാവർക്കും അറിയുന്ന കാര്യം ആണെന്നുമാണ്. ഏതായാലും മെഴുകിന് സ്വർണ്ണത്തിന്റെ വില നൽകാൻ തയ്യാറുള്ള ആരെങ്കിലും ഉണ്ടാകുമോ എന്നുള്ള ചോദ്യം കസ്റ്റമർ തിരിച്ചുചോദിച്ചു. ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെയെടുത്ത് നിലവിലുള്ള സ്വർണ്ണത്തിന്റെ കാശ് തരാമെന്ന് കല്യാൺ ജുവല്ലറി അറിയിച്ചു. ഇത് അംഗീകരിച്ചില്ല. ബില്ലിലുള്ള സ്വർണ്ണത്തിന്റെ മുഴുവൻ പണവും വേണമെന്ന് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് തമ്പാനൂർ പൊലീസിൽ കാര്യങ്ങളെത്തിയത്.

ഇവിടെ കേസെടുത്തില്ലെന്നതാണ് സമ്പത്തിനെതിരായ ആരോപണം. അതുകൊണ്ട് തന്നെ സമ്പത്തിനെ സ്ഥലം മാറ്റുന്ന കേരളാ പൊലീസിലെ ഉന്നതർ കല്യാണിനെതിരെ കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതുണ്ടായില്ലെങ്കിൽ സമ്പത്തിനെ സ്ഥലം മാറ്റിയത് വാർത്ത പുറത്തുവന്നതുകൊണ്ടാണെന്ന് വിലയിരുത്തേണ്ടി വരും. സിപിഎമ്മിന്റെ അതിവിശ്വസ്തനായ പൊലീസ് ഉദ്യോഗസ്ഥനാണ് സമ്പത്ത്. എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു. അത്തരത്തിലൊരു ഉദ്യോഗസ്ഥനെയാണ് കല്യാൺ ജൂവലേഴ്‌സിന് വേണ്ടി ബലിയാടാക്കുന്നത്. അതുകൊണ്ട് തന്നെ കല്യാണിനെതിരെ കേസെടുക്കണമെന്ന ആവശ്യം പൊലീസിൽ ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP