Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്യാൺ മുതലാളിയുടെ മുമ്പിൽ കുനിഞ്ഞ് മടുത്ത് കേരള പൊലീസ്; ഇടുക്കി എസ്‌പിയുടെയും തൃശൂർ എസ്‌പിയുടെയും നോട്ടീസിന് പിന്നാലെ വാർത്ത നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈടെക് ക്രൈം പൊലീസിന്റെ ഇണ്ടാസും: സ്‌നേഹപൂർവ്വം നിരസിച്ച് മറുനാടൻ

കല്യാൺ മുതലാളിയുടെ മുമ്പിൽ കുനിഞ്ഞ് മടുത്ത് കേരള പൊലീസ്; ഇടുക്കി എസ്‌പിയുടെയും തൃശൂർ എസ്‌പിയുടെയും നോട്ടീസിന് പിന്നാലെ വാർത്ത നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈടെക് ക്രൈം പൊലീസിന്റെ ഇണ്ടാസും: സ്‌നേഹപൂർവ്വം നിരസിച്ച് മറുനാടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമ്പന്നനും പാവപ്പെട്ടവനും രണ്ട് തരം നീതി എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാവുകയാണ് കല്യാൺ സിൽക്‌സിന് വേണ്ടിയുള്ള നിരന്തരമായ പൊലീസ് ഇടപെടൽ. കല്യാൺ സിൽക്‌സിന്റെ ഡിസ്‌കൗണ്ട് സെയിലിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന വാർത്ത പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് വാർത്ത നീക്കം ചെയ്യാനുള്ള പരാമർശവുമായി രംഗത്തെത്തിയത്. ഇടുക്കി എസ്‌പി, തൃശൂർ എസ്‌പി എന്നിവർ മറുനാടന് അയച്ച നോട്ടീസിനും അതിന് മറുനാടൻ നൽകിയ മറുപടിയിലും കഴിഞ്ഞ ദിവസങ്ങളിൽ വായനക്കാർ കണ്ടുകാണുമല്ലോ?

ഏറ്റവും ഒടുവിൽ ഈ വിഷയത്തിൽ മറുനാടനെ തേടി എത്തിയത് തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ പ്രവർത്തിക്കുന്ന ഹൈടെക് ക്രൈം സെല്ലിന്റെ അസിസ്റ്റന്റ് കമാന്റെന്റാണ്. യാതൊരു അന്വേഷണവും നടത്താതെ തന്നെ കല്യാണിനൊപ്പം ചേർന്ന് വാർത്ത വ്യാജം ആണ് എന്ന നിഗമനത്തിൽ എത്തിയ ഹൈടെക്ക് ക്രൈം സെൽ ചീഫ് വിനയകുമാർ നായർ എത്രയും വേഗം വാർത്ത നീക്കം ചെയ്യണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈടെക് അസിസ്റ്റന്റ് കമാന്റൻഡിന്റെ കത്ത് നിയമവിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടി മറുനാടൻ എഡിറ്റർ മറുപടിയും അയച്ചു.

മുഖ്യമന്ത്രിക്കോ ഡിജിപിക്കോ ഹൈടെക് ക്രൈം സംബന്ധിച്ച് ഒരു പരാതി ലഭിച്ചാൽ അതേക്കുറിച്ച് അന്വേഷണം ചുമതലപ്പെടുത്തുന്ന ഓഫീസാണ് ഹൈടെക് ക്രൈം സെൽ. പരാതിക്കാരനെയും കുറ്റാരോപിതനെയും വിളിച്ച് വരുത്തി തെളിവെടുപ്പ് നടത്തി പ്രാഥമിക അന്വേഷണം നടത്തി ഐടി ആക്ട് പ്രകാരം കേസ് നിലനിൽക്കുമോ എന്ന് തീരുമാനിക്കാനുള്ള ചുമതല മാത്രമാണ് ഹൈടെക് സെല്ലിന് ഉള്ളത്. കേസ് നിലനിൽക്കും എന്ന് കണ്ടെത്തിയാൽ സൈബർ പൊലീസ് സ്റ്റേഷൻ ആണ് കേസ് രജിസ്റ്റർ ചെയ്യേണ്ടതും വിശദമായി അന്വേഷിക്കേണ്ടതും.

ഇതൊക്കെ വ്യക്തമായിരിക്കവേ വാർത്ത നീക്കം ചെയ്യണം എന്ന നിയമവിരുദ്ധമായ ആവശ്യം ഹൈടെക് സെൽ അസിസ്റ്റന്റ് കമാന്റന്റ് ഉന്നയിച്ചിരിക്കുകയാണ്. വാർത്ത നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഏത് നിയമപ്രകാരം ആണ് എന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട് മറുനാടൻ മലയാളി പൊലീസിന് എഴുതിയിട്ടുണ്ട്. ആ കത്തിന്റെ കോപ്പിയാണ് ഇതോടൊപ്പം ചേർക്കുന്നത്. നിയമവിരുദ്ധമായ ഈ നോട്ടീസിന്റെ പുറത്ത് വാർത്ത നീക്കം ചെയ്യില്ല എന്ന് മറുനാടൻ എഡിറ്റർ അറിയിച്ചു.

നേരത്തെ ഇതേ വാർത്തയുമായി ബന്ധപ്പെട്ട് രണ്ട് എസ്‌പിമാരാണ് മറുനാടൻ മലയാളിക്ക് ഇമെയ്ൽ അയച്ചത്. ഡിസ്‌കൗണ്ട് സെയിലിന്റെ പേരിൽ കല്യാൺ സാരീസിന്റെ തൊടുപുഴ ശാഖയിൽ നടന്ന തട്ടിപ്പ് ചൂണ്ടിക്കാട്ടിയുള്ള മറുനാടൻ വാർത്ത നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് ഇടുക്കി എസ് പിയായിരുന്നു. മറുനാടൻ വാർത്ത നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇടുക്കി എസ്‌പിയുടെ നോട്ടീസ്. എന്നാൽ പൊലീസിന്റെ ഭീഷണിക്ക് വഴങ്ങി വാർത്ത നീക്കം ചെയ്യില്ലെന്നും നിയമം അനുസരിക്കുന്ന നടപടി ക്രമങ്ങളിലൂടെ മാത്രമേ അത് ചെയ്യൂ എന്നും മറുനാടൻ മലയാളി എഡിറ്റർ മറുപടി അയയ്ക്കുകും ചെയ്തു.

''വാർത്ത നീക്കം ചെയ്യാനുള്ള എസ്‌പിയുടെ നോട്ടീസ് പൂർണ്ണമായും നിയമ വിരുദ്ധവും പത്ര സ്വാതന്ത്ര്യത്തിന് എതിരുമാണ്. ഒരു കാരണവശാലും അതിന് വഴങ്ങുകയില്ല. ഒരു സിവൽ തർക്കത്തിൽ പൊലീസ് ഇടപെട്ടതിന്റെ കാരണം പോലും വ്യക്തമല്ല. ഈ വാർത്ത അപമാനകരം ആണെങ്കിൽ സിവിൽ കോടതിയെ സമീപിച്ച് നീതി തേടാൻ കല്ല്യാൺ സിൽക്‌സിന് അവകാശം ഉണ്ടായിരിക്കെ പൊലീസിനെ ഉപയോഗിക്കുന്നത് പൂർണ്ണമായ അധികാര ദുർ വിനോയോഗം ആണ്. ഇതിനെതിരെ ഡിജിപിക്കും പൊലീസ് കംപ്ലയിന്റ് കമ്മീഷനും പരാതി നൽകും' മറുനാടൻ മലയാളി എഡിറ്റർ മറുപടിയിൽ വിശദീകരിച്ചത്.

ഇടുക്കി എസ്‌പിക്ക് മറുപടി നൽകി അടുത്ത ദിവസം തന്നെയാണ് വാർത്ത നീക്കം ചെയ്യണമെന്നും അഡ്രസ് നൽകണമെന്നും ആവശ്യപ്പെട്ട് തൃശൂർ എസ്‌പി സൈമൺ മറുനാടൻ മലയാളിക്ക് നോട്ടീസ് അയച്ചത്. അന്വേഷണം ഒന്നും നടത്താതെ വാർത്ത വ്യാജം ആണ് എന്ന നിഗമനത്തിൽ എത്തിയാണ് തൃശൂർ എസ് പി എം ജി സൈമണും നോട്ടീസ് നൽകിയത്. ഒരു കേസ് അന്വേഷണത്തിന് ആവശ്യമായ രേഖ ഹാജരാക്കാൻ ഏതൊരാൾക്കും നോട്ടീസ് അയക്കാനുള്ള അനുമതിയായ സിആർപിസിയിലെ 91ാം വകുപ്പ് ദുരുപയോഗം ചെയ്താണ് മറുനാടന് നോട്ടീസ് ലഭിച്ചത്. ഇടുക്കി എസ്‌പിക്ക് നൽകിയതു പോലെ വിശദമായ മറുപടിയാണ് തൃശ്ശൂർ എസ്‌പിക്കും മറുനാടൻ എഡിറ്റർ നൽകിയത്.

സിവിൽ കേസിൽ മധ്യസ്ഥം വഹിക്കരുന്നത് എന്ന് ഡിജിപി ഇറക്കിയ ഉത്തരവ്, ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്, മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്, കേരള പൊലീസ് ആർട്ടിക്കിൾ ചട്ടം എന്നിവ എടുത്തുകാട്ടിയാണ് മറുനാടൻ എസ്്പിക്ക് മറുപടി നൽകിയത്. തികച്ചും സത്യസന്ധമായ മാദ്ധ്യമ പ്രവർത്തനം നടത്തുന്ന മറുനാടനെ നിശബ്ദമാക്കാൻ പൊലീസ് ശ്രമത്തിന് വഴങ്ങില്ല എന്നും മറുപടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ വിധത്തിൽ ഹൈടെക് ക്രൈം സെല്ലിന് സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടിയാണ് മറുനാടൻ ഇപ്പോഴും മറുപടി നൽകിയത്.

കല്യാൺ സിൽക്‌സിന്റെ തൊടുപുഴ ഷോറൂമിൽ നിന്നും വാങ്ങിയ 2230 രൂപയുടെ ചുരിദാർ 30 ശതമാനം ഡിസ്‌കൗണ്ടിൽ 1561 രൂപയ്ക്ക് വാങ്ങിയ തൊടുപുഴ ടൗണിൽ കൺസൽട്ടന്റ് സ്ഥാപനം നടത്തുന്ന ജോണി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് മറുനാടൻ വാർത്ത നൽകിയത്. വീട്ടിൽ എത്തി ചുരിദാർ തുറന്ന് നോക്കിയപ്പോൾ ഇതിന്റെ യഥാർത്ഥ വില 945 രൂപ എന്ന് എഴുതിയിരിക്കുന്ന ബാർകോഡുകൂടി ലഭിച്ചതാണ് പരാതിക്ക് കാരണമായത്. മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചതോടെ പഴയ ചുരിദാർ തിരിച്ച് വാങ്ങി പണം നൽകി കല്യാൺ പുലിവാൽ ഒഴിവാക്കിയിരുന്നു. എന്നാൽ ഉന്നതമായ സ്വാധീനം മൂലം പൊലീസിനെ ഉപയോഗപ്പെടുത്തി വാർത്ത നീക്കം ചെയ്യാനുള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്. ആദ്യം ഇടുക്കി എസ്‌പിയെക്കൊണ്ട് കത്തെഴുതിച്ച കല്യാൺ മറുനാടൻ അതിന് വഴങ്ങാതെ വന്നപ്പോൾ ആണ് തൃശൂർ എസിപിയെക്കൊണ്ട് നോട്ടീസ് അയപ്പിച്ചത്. പിന്നാലെ ഹൈടെക് സെൽ വഴി നോട്ടീസ് അയച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP