Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപേക്ഷ ക്ഷണിക്കലും അഭിമുഖവും എല്ലാം വെറും പ്രഹസനം; കണ്ണൂർ വിമാനത്താവളത്തിലെ നിയമനങ്ങൾക്കെല്ലാം അടിസ്ഥാന യോഗ്യത രാഷ്ട്രീയ ബന്ധം തന്നെ; അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിച്ചത് മുഖ്യമന്ത്രിയുമായും പി കെ ശ്രീമതിയുമായും അടുപ്പമുള്ള യുവതിയെ എന്ന് ആക്ഷേപം; എയർപോർട്ട് എക്‌സ്പീരിയൻസ് അധിക യോഗ്യതയുള്ളവരെ തഴഞ്ഞതായി പരാതി; ആരോപണങ്ങൾ അടിസ്ഥാന രഹിതരമെന്നും എയർപോർട്ട് നിയമനത്തിൽ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും കണ്ണൂർ എംപി ശ്രീമതിയും

അപേക്ഷ ക്ഷണിക്കലും അഭിമുഖവും എല്ലാം വെറും പ്രഹസനം; കണ്ണൂർ വിമാനത്താവളത്തിലെ നിയമനങ്ങൾക്കെല്ലാം അടിസ്ഥാന യോഗ്യത രാഷ്ട്രീയ ബന്ധം തന്നെ; അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിച്ചത് മുഖ്യമന്ത്രിയുമായും പി കെ ശ്രീമതിയുമായും അടുപ്പമുള്ള യുവതിയെ എന്ന് ആക്ഷേപം; എയർപോർട്ട് എക്‌സ്പീരിയൻസ് അധിക യോഗ്യതയുള്ളവരെ തഴഞ്ഞതായി പരാതി; ആരോപണങ്ങൾ അടിസ്ഥാന രഹിതരമെന്നും എയർപോർട്ട് നിയമനത്തിൽ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും കണ്ണൂർ എംപി ശ്രീമതിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നടത്തിയ തൊണ്ണൂറ് ശതമാനം നിയമനങ്ങളും രാഷ്ട്രീയ അടിസ്ഥാനത്തിൽ ആയിരുന്നു എന്നാണ് ഈ നിയമങ്ങളെ ചൊല്ലി ഉയരുന്ന പ്രധാന ആക്ഷേപം. യോഗ്യതയുള്ളവർ തഴയപ്പെടുകയും അയോഗ്യരായവർ അവർക്ക് അനുസരിച്ചുള്ള യോഗ്യതകൾ പ്രകാരം പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എല്ലാ നിയമനങ്ങളെയും അടിത്തട്ടിൽ നിന്ന് നിയന്ത്രിച്ചത് സിപിഎം രാഷ്ട്രീയമായിരുന്നു. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് വേണ്ടി നടത്തിയ ഒരു നിയമനം പോലും ഈ രാഷ്ട്രീയത്തിൽ നിന്നും വിമുക്തമായില്ലാ എന്നാണ് ഈ നിയമനത്തിന്റെ പേരിൽ ഇപ്പോൾ ഉയരുന്ന ആക്ഷേപം.

അഭിമുഖം നടത്തി ഷോട്ട് ലിസ്റ്റ് ചെയ്താണ് അസിസ്റ്റന്റ് മാനേജരെ കണ്ണൂർ എയർപോർട്ടിൽ നിയമിച്ചത്. ഈ നിയമനവും മുഖ്യമന്ത്രി പിണറായി വിജയനുമായും പി.കെ.ശ്രീമതി ടീച്ചർ അടുപ്പമുള്ള വനിതയ്ക്കായി മാറ്റിവെക്കപ്പെട്ടു എന്ന് തന്നെയാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ കണ്ണൂർ എയർപോർട്ട് എംഡി തുളസീദാസ് അടക്കമുള്ളവർ നേരിട്ട് വന്നാണ് ഈ പോസ്റ്റിലേക്കുള്ള അഭിമുഖം നടത്തിയത്. ഒൻപത് പേരാണ് ഈ അഭിമുഖത്തിനു ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇവർ കൃത്യമായി ഇന്റർവ്യൂ ബോർഡിന് മുന്നിൽ ഹാജരാകുകയും ചെയ്തു.

കഴിഞ്ഞ നവംബർ നവംബർ 21, 22 തിയ്യതികളിലായാണ് അഭിമുഖം നടന്നത്. അഭിമുഖത്തിനായി ആദ്യം വിളിച്ചത് ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിവ്യ എംപിയെ ആയിരുന്നു. ഇവർക്ക് വളരെ വിശാലമായ സ്വീകരണം തന്നെയാണ് അഭിമുഖ വേളയിൽ നൽകപ്പെട്ടത്. സമയം എടുത്തു ഇവരെ അഭിമുഖം നടത്തിയപ്പോൾ അഭിമുഖത്തിന്നെത്തിയ മറ്റുള്ളവർക്ക് ഒരു വഴിപാട് മാത്രമായി അഭിമുഖം മാറുകയും ചെയ്തു. ഉദ്യോഗാർത്ഥികൾ ഭയന്നത് പോലെ ദിവ്യ എംപിക്ക് നിയമനം നൽകപ്പെടുകയും ചെയ്തു. ദിവ്യ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ദിവ്യയുടെ ഭർത്താവ് മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം നിൽക്കുന്ന ചിത്രവും നിയമനം നേടിയ ദിവ്യ പി.കെ.ശ്രീമതി ടീച്ചർ എംപിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും വെളിയിൽ വരുകയും ചെയ്തു. ഇതോടെയാണ് ഈ നിയമനവും രാഷ്ട്രീയ നിയമനമായി മാറി എന്ന് അഭിമുഖത്തിന് എത്തിയ ഉദ്യോഗാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നത്. അതേസമയം, തനിക്കൊപ്പം ചിത്രമെടുത്തവർ ആരാണെന്ന് പോലും അറിയില്ലെന്നും ഏതെങ്കിലും സന്ദർഭത്തിൽ തനിക്കൊപ്പം എടുത്ത സെൽഫിയാണ് പരിചയമുണ്ടെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നും പികെ ശ്രീമതി മറുനാടനോട് വ്യക്തമാക്കി.

അഭിമുഖം നടക്കുമ്പോൾ തസ്തികക്ക് ആവശ്യമായ യോഗ്യത എംബിഎ ആണ് എന്ന് പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ എയർ പോർട്ട് എക്സ്പീരിയൻസ് അധിക യോഗ്യതയായി കണക്കാക്കും എന്ന് നോട്ടിഫിക്കേഷനിൽ രേഖപ്പെടുത്തിയിരുന്നു. ദിവ്യ പങ്കെടുത്ത അഭിമുഖത്തിൽ എത്തിയവരിൽ ചിലർക്ക് ഈ യോഗ്യതകൾ ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. വൈകുന്നേരം ഏഴുമണിയോടെയാണ് അഭിമുഖം നടന്നത്. അഭിമുഖ വേളയിൽ തന്നെ അഭിമുഖം പ്രഹസനമാകും എന്ന തോന്നൽ ഉദ്യോഗാർത്ഥികളിൽ വളർന്നിരുന്നു. ആ രീതിയിലായിരുന്നു അഭിമുഖത്തിന് എത്തിയവരുടെ സമീപനം. തൊഴിൽ പരിചയം സംബന്ധിച്ചോ തൊഴിൽ സംബന്ധമായോ യാതൊരു ചോദ്യങ്ങളും ഉണ്ടായില്ല ,എങ്ങിനെയെങ്കിലും ഇന്റർവ്യു തീർക്കുക എന്ന വ്യഗ്രതയുള്ളതായാണ് അനുഭവപ്പെട്ടത് എന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.

ഇന്റർവ്യൂ പ്രഹസനമായിരുന്നു എന്നും നിയമിക്കേണ്ട ഉദ്യോഗാർത്ഥിയെ മുൻകൂട്ടി തീരുമാനിച്ചതായി ഫീൽ ചെയ്തതായും ഉദ്യോഗാർത്ഥികൾ തന്നെ പരസ്പരം പറഞ്ഞു. അഭിമുഖത്തിന്റെ ഫലം വന്നപ്പോൾ ആ സംശയം ശരിയെന്നു തെളിയുകയും ചെയ്തു. ആദ്യമായി ഈ പോസ്റ്റിനു അഭിമുഖം ചെയ്യപ്പെട്ട ദിവ്യയ്ക്ക് നിയമനം ലഭിക്കുകയും ചെയ്തു. കണ്ണൂർ എയർപോർട്ടിലെ തൊണ്ണൂറു ശതമാനം നിയമനങ്ങളും രാഷ്ട്രീയ നിയമങ്ങളാണ് എന്നാണു ആരോപണം ഉയർന്നത്. സിപിഎമ്മിൽ നിന്ന് തന്നെ ഈ ആരോപണം ഉയർന്നു എന്ന് വരുമ്പോൾ ആ ആരോപണങ്ങൾക്ക് കുറച്ചുകൂടി സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു.

കണ്ണൂർ എയർപോർട്ട് നിയമനങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു നിയമനമായിരുന്നു ഈ സർക്കാരിലെ മന്ത്രിയുടെ പുത്രന്റെ നിയമനം. മന്ത്രി പുത്രന് 35 ആം റാങ്കായിരുന്നു ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ലഭിച്ചത്. ഈ മുപ്പത്തിയഞ്ചാം റാങ്കിന് ഒന്നാം റാങ്കിന്റെ മൂല്യമുണ്ടായിരുന്നുവെന്നു പിന്നീട് അഭിമുഖ വേളയിൽ തെളിഞ്ഞു. 35 ആം റാങ്ക് ഒൻപതാം റാങ്ക് ആയാണ് അഭിമുഖ വേളയിൽ ഉയർന്നത്. ഈ ഒൻപതാം റാങ്ക് പിന്നീട് ഒന്നാം റാങ്കായി ഉയരുകയും ചെയ്തു. മന്ത്രി പുത്രന് നിയമനം ലഭിക്കുകയും ചെയ്തു.

ഇങ്ങിനെ സിപിഎമ്മിന്റെ അടുപ്പക്കാർക്ക് വാരിക്കോരി നിയമനം നൽകിയപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ മക്കൾ ,സ്ഥാപനവുമായി അടുപ്പമുള്ളവർ , രാഷ്ടീയ നേതാക്കളുടെ ഇഷ്ടക്കാർ , വിമാനത്താവള നിർമ്മാണത്തിന്റെ കൺസൾട്ടൻസിയിലെ ജീവനക്കാരൻ തുടങ്ങി ഒട്ടേറെപ്പേർക്ക് വഴിയേ നിയമനവും വന്നു. ഇതുകൊണ്ട് തന്നെ പല രഹസ്യങ്ങളും പുറത്തവരാതെ ഒളിപ്പിക്കാൻ എയർപോർട്ടുമായി ബന്ധപ്പെട്ടവർക്ക് കഴിഞ്ഞു. എന്നിട്ടുപോലും അനധികൃത നിയമനങ്ങളുടെ വിവരങ്ങൾ പുറത്ത് വന്നു എന്നത് മറ്റൊരു കാര്യം. ദിവ്യ എംപിയുടെ നിയമനവും പുറത്ത് വന്നത് ഈ വിധം തന്നെയാണ്.

കണ്ണൂർ എയർപോർട്ട് നിയമനങ്ങളുടെ കാര്യത്തിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടു. സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഒരു കമ്പനിയിലാണ് ഇത്തരം നഗ്‌നമായ നിയമലംഘനങ്ങൾ നടന്നത്. കിയാൽ ഒരു സർക്കാർ കമ്പനിയല്ല എന്ന് കണ്ണൂർ എയർപോർട്ട് എംഡി തുളസീദാസ് അടക്കമുള്ളവർ പറയുന്നുണ്ടെങ്കിലും സിഎജി റിപ്പോർട്ടിൽ കിയാൽ സർക്കാർ കമ്പനി തന്നെയാണ് എന്നാണ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നിയമന അഴിമതികൾ നടന്നിരിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള കിയാലിൽ തന്നെയാണ്. കിയാൽ സർക്കാർ ഉടമസ്ഥതിയിൽ ആണ് എന്ന് വ്യക്തമാക്കാൻ സിഎജി ഈ കാര്യമാണ് വിരൽ ചൂണ്ടുന്നത്. കേരള സർക്കാരിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 70% ഷെയർ കിയാലിലുണ്ട്. അതുകൊണ്ട് തന്നെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ ) ഒരു സർക്കാർ : കമ്പനിയാണ് എന്ന് സിഎജിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. ഇത്തരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിലാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് അനധികൃത നിയമങ്ങൾ ഒരു പരമ്പര പോലെ നടന്നുവരുന്നത്.

തനിക്ക് നിയമനങ്ങളിൽ ഒരു ബന്ധവുമില്ലെന്ന് പി കെ ശ്രീമതി

അതേസമയം, നിയമനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഒട്ടും കഴമ്പില്ലെന്ന് പികെ ശ്രീമതി എംപി മറുനാടനോട് വ്യക്തമാക്കി. എയർപോർട്ടുമായി ബന്ധപ്പെട്ട് ഒരു നിയമനത്തിലും ആർക്കുവേണ്ടിയും ആരോടും സംസാരിച്ചിട്ടില്ല. ആ ചിത്രത്തിൽ വന്ന പെൺകുട്ടിയാരാണെന്നു പോലും മനസ്സിലാകുന്നില്ല. ആരാണ് ഫോട്ടോ എടുത്തത് എന്നതും അറിയില്ല. ഏതെങ്കിലും സന്ദർഭത്തിൽ പരിചയപ്പെടാൻ എത്തി എടുത്ത സെൽഫിയാകാം. മകന്റെ കാര്യത്തിൽ വിഷയം ഉണ്ടായശേഷം ഇത്തരത്തിൽ ഒരു കാര്യത്തിലും ഇടപെടാറില്ല. - കണ്ണൂർ എംപി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP