Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിലെ പുക അനന്തപുരിക്ക് ആശ്വാസം! ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ഹോം ഗ്രൗണ്ടായി കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം മാറിയേക്കും; വിഷപ്പുകയിൽ ലങ്കൻ താരങ്ങൾ തളർന്ന് വീണതോടെ ഫിറോഷാ കോട്‌ലയെ തേടി വിലക്ക് വന്നേക്കും; കുട്ടി ക്രിക്കറ്റിൽ രാത്രിമത്സരങ്ങൾ രാജ്യ തലസ്ഥാനത്ത് അസാധ്യമെന്ന് വിദഗ്ദ്ധർ; തിരുവനന്തപുരത്ത് ഐപിഎൽ എത്തിക്കാൻ കരുക്കൾ നീക്കി കെസിഎ; സഞ്ജുവിന്റെ മോഹം സഫലമാകുമോ?

ഡൽഹിയിലെ പുക അനന്തപുരിക്ക് ആശ്വാസം! ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ഹോം ഗ്രൗണ്ടായി കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം മാറിയേക്കും; വിഷപ്പുകയിൽ ലങ്കൻ താരങ്ങൾ തളർന്ന് വീണതോടെ ഫിറോഷാ കോട്‌ലയെ തേടി വിലക്ക് വന്നേക്കും; കുട്ടി ക്രിക്കറ്റിൽ രാത്രിമത്സരങ്ങൾ രാജ്യ തലസ്ഥാനത്ത് അസാധ്യമെന്ന് വിദഗ്ദ്ധർ; തിരുവനന്തപുരത്ത് ഐപിഎൽ എത്തിക്കാൻ കരുക്കൾ നീക്കി കെസിഎ; സഞ്ജുവിന്റെ മോഹം സഫലമാകുമോ?

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് പ്രതീക്ഷയാണ് സഞ്ജു വി സാംസൺ. ഐപിഎല്ലിൽ തിരുവനന്തപുരത്ത് പാഡ് അണിയുകയെന്നതാണ് സഞ്ജുവിന്റെ മോഹം. തന്റെ ടീമായ ഡൽഹി ഡെയർ ഡെവിൾസിനോട് ഇക്കാര്യം സൂചിപ്പിക്കുമെന്ന് സഞ്ജു വ്യക്തമാക്കുകയും ചെയ്തിരുന്നു. ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം അതിഗംഭീരമാക്കിയിരുന്നു സഞ്ജുവിനെ പോലെ തിരുവനന്തപുത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും. ഇന്ത്യാ-ന്യൂസിലണ്ട് കളികാണാൻ മഴയത്തും ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. സ്റ്റേഡിയത്തിലെ സംവിധാനങ്ങൾ അതിഗംഭീരം. കോലിയുടെ പ്രശംസയിൽ കാര്യവട്ടത്തിന്റെ മഹിമ ക്രിക്കറ്റ് ലോകമാകെ ചർച്ചയായി. ഇത് ഗുണകരാമാക്കാനാണ് കെസിഎയുടെ ശ്രമം. 

ഡൽഹി ഫിറോസ് ഷാ കോട്ലാ മൈതാനത്തിൽ ഇപ്പോൾ നടക്കുന്ന ഇന്ത്യാ-ശ്രീലങ്ക ടെസ്റ്റ് മത്സരം ഉപേക്ഷിക്കണമെന്ന വാദം ശക്തിയായികൊണ്ടിരിക്കുന്നതിനിടെ ഡൽഹിയിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് എല്ലാം തന്നെ വിലക്ക് വന്നേക്കുമെന്ന് സൂചന. മലിനീകരണ തോത് ക്രമാതീതമായി വർധിച്ച് ശ്വാസ കോശത്തിന് അപകടകരമായ അണുക്കൾ ബാധിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഇത്രയും പ്രശ്നങ്ങളുള്ള സ്ഥലത്ത് അന്താരാഷ്ട്ര മത്സരം സംഘടിപ്പിച്ച ബിസിസിഐക്കെതിരെ ഫിഫ ഉൾപ്പടെയുള്ള സംഘടനകൾ രംഗതെത്തിക്കഴിഞ്ഞു. മത്സരത്തിനിടയിൽ മാസ്‌ക് ധരിച്ച് കളിക്കേണ്ടി വന്ന ശ്രീലങ്കൻ താരങ്ങളിൽ പലരും ഇന്ന് ഗ്രൗണ്ടിൽ ശർദ്ദിക്കുന്ന അവസ്ഥയിലേക്കെത്തിയതോടെ പണി പാളുമെന്ന് ബിസിസിഐ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഈ സാഹചര്യമാണ് തിരുവനന്തപുരത്തെ ഗ്രൗണ്ടിനെ വീണ്ടും ചർച്ചകളിലെത്തിക്കുന്നത്.

ഡൽഹിയിലെ കാലാവസ്ഥയിൽ കളിക്കാനാകാതെ ആദ്യ ഇന്നിങ്ങസിൽ ലങ്കൻ താരങ്ങൾ ഫീൽഡ് ചെയ്യാതെ മടങ്ങിയത് വിവാദമായിരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിലെ മലിനീകരണത്തന്റെ ഉയർന്ന തോത് ഇതുവരെ ഇന്ത്യയ്ക്കുള്ളിൽ ചർച്ച ചെയ്യുന്ന പ്രശ്‌നം മാത്രം ആയിരുന്നെങ്കിൽ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരം നടന്നതോടെ അതിന് ആഗോള ശ്രദ്ധ തന്നെ കൈവരിച്ചിരിക്കുകയാണ്. 140 വർഷത്തെ ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് താരങ്ങൾ മുഖംമൂടി അണിഞ്ഞിറങ്ങിയതാണ് ഇതിന് ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നത്. ടൂറിസം ഭൂപടത്തിൽ ഇതോടെ ഡൽഹിയുടേയും ഇന്ത്യയുടേയും സ്ഥാനം തന്നെ ഒരുപക്ഷെ പരുങ്ങലിലായേക്കും. പുകമഞ്ഞും മലിനീകരണവും ഡൽഹിയിൽ ക്രിക്കറ്റ് അസാധ്യമാക്കിയിരിക്കുകയാണെന്നാണ് ഒരു വിഭാഗം ലങ്കൻ കാണികളുടെ അഭിപ്രായം.

ഐഎസിസിക്കടക്കം ഇത്തരം പരാതികൾ ലഭിച്ചിട്ടുള്ളതായാണ് സൂചന. ഇക്കാര്യത്തിൽ ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട് എന്തെന്ന് വ്യക്തമല്ല. രണ്ടാം ദിവസം പുകമഞ്ഞ് കാരണം 26 മിനിറ്റാണ് കളി മുടങ്ങിയത്. രണ്ടു ലങ്കൻ താരങ്ങൾ കളിക്കിടെ മൈതാനം വിട്ടുപോയി. 123ാം ഓവറിൽ മൂന്നു പന്തെറിഞ്ഞതിനുശേഷം പേസർ ലഹിരു ഗമാജെ ബോളിങ് നിർത്തി. തുടർന്ന് ലങ്കൻ ക്യാപ്റ്റൻ അമ്പയറെ സമീപിച്ചതോടെ കളി നിർത്തിവച്ചു. 125ാം ഓവറിൽ വീണ്ടും പന്തെറിയാനെത്തിയ ഗമാജെ അശ്വിന്റെ വിക്കറ്റുനേടിയശേഷം ഓവർ പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടുപോയി. പിന്നാലെ പേസർ സുരംഗ ലക്മലും മടങ്ങി. പകരക്കാരെ ഇറക്കാത്തതിനു കാരണം തിരക്കിയ അംപയർക്കു മുൻപിൽ ലങ്കൻ താരങ്ങൾ ഫീൽഡ് ചെയ്യാനാകുന്നില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു.

ഇത്തരമൊരു ഗ്രൗണ്ടിൽ ഐപിഎൽ മത്സരങ്ങൾ എങ്ങനെ നടക്കുമെന്നാണ് ഉയരുന്ന ചോദ്യം. രാത്രിയിലെ കുട്ടിക്രിക്കറ്റിന് പുകമഞ്ഞ് വലിയ ഭീഷണിയാകും. ഡൽഹിയിലെ അന്തരീക്ഷത്തിൽ പൊടിപടലങ്ങളുടെ നിരക്ക് ഇന്നലെ കൂടുതലായിരുന്നെന്നാണു റിപ്പോർട്ട്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്ററുകളുടെ അളവിൽ വർധനയുണ്ടായി.സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് (സിഎസ്ഇ) എന്ന സംഘടന നടത്തിയ പരിശോധനകളിൽ ഫിറോസ്ഷാ കോട്ല പരിസരത്ത് രാവിലെയും വൈകുന്നേരവും വായുശുദ്ധി അത്യാപൽക്കരമെന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ദീർഘനേരം ഈ വായു ശ്വസിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു കാരണമായേക്കാമെന്നും സിഎസ്ഇയുടെ പ്രസ്താവനയിൽ പറയുന്നു. ഇതെല്ലാം ക്രിക്കറ്റ് ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

കായിക മത്സരങ്ങൾ ആരോഗ്യം സംരക്ഷിക്കാനുള്ളതാണെന്നും ആരോഗ്യം നശിപ്പിക്കാനുള്ളതല്ലെന്നും കാലാവസ്ഥ കണക്കിലെടുത്താണ് അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ പോലും നേരത്തെയാക്കി നിശ്ചയിച്ചതെന്ന് 17 ലോകകപ്പ ഡയറക്ടർ ഹാവിയർ സിപ്പി പറഞ്ഞിരുന്നു. മുൻപ് ശ്രീലങ്കയ്ക്കെതിരെ പിച്ചിന് നിലവാരമില്ലാതിരുന്നതിന്റെ പേരിൽ നീണ്ട കാലം വിലക്ക് നേരിട്ട കഥയും പറയാനുണ്ട് ഡൽഹി മൈതാനത്തിന്. ഇപ്പോൾ നടക്കുന്ന മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ പോലും ഭാവിയിൽ ഡൽഹിക്ക് മത്സരങ്ങൾ അനുവദിക്കുന്നതിന് തടസ്സങ്ങളുണ്ടായേക്കും. ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ ഇത് ഡൽഹിക്ക് വലിയ തിരിച്ചടിയാണ്.

ഡൽഹിയിലെ മത്സരങ്ങൾ മറ്റ് വേദിയിലേക്ക് മാറ്റേണ്ടി വരും. രാജ്യാന്തര താരങ്ങൾ ഉൾപ്പടെ കളിക്കുന്ന ഐപിഎല്ലിൽ താരങ്ങളുടെ ആരോഗ്യ പ്രശ്നമുണ്ടാകുന്ന സ്ഥിതിയിലേക്ക് പോകാൻ അനുവദിക്കില്ല. ഈ മാസം ചേരുന്ന ഐപിഎൽ ടീം ഉടമകളുടെ യോഗത്തിലും വിഷയം ചർച്ചയാകും. മറ്റൊരു വേദി എന്നതാണ് പകരം വരുന്ന തീരുമാനമെങ്കിൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് നറുക്ക് വീണേക്കും. ഡൽഹി ടീമിൽ മലയാളിതാരം സഞ്ജു സാംസൺ ഉൾപ്പടെ കളിക്കുന്നതിനാൽ ടീമിന് തദ്ദേശിയരുടെ പിന്തുണയും ലഭിക്കും. ഒന്നോ രണ്ടോ മലയാളി താരങ്ങളെ കൂടി ടീമിലെടുത്താൽ ഡൽഹി ബ്രാൻഡിന് കേരളത്തിലും ആരാധകരെ സജീവമാക്കാം. ഡൽഹിയുടെ പരിശീലകൻ രാഹുൽ ദ്രാവിഡാണ്. ദ്രാവിഡിനും കേരളത്തിൽ ആരാധകർ ഏറെയാണ്. ഇതിനൊപ്പം കാണികൾ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തും. ഇതെല്ലാം ഡൽഹിയുടെ വരുമാന സാധ്യതകളും കൂട്ടും.

കഴിഞ്ഞ മാസം 7ന് ന്യൂസിലാൻഡിനെതിരായ ട്വന്റി ട്വന്റി മത്സരം നടക്കേണ്ട ദിവസം കനത്ത മഴ പെയ്തിട്ടും മത്സരം നടത്താനായതിലൂടെ സ്റ്റേഡിയം രാജ്യം മുവുവൻ പ്രശസ്തി നേടിയിരുന്നു. നാല് മണിക്കൂറോളം കനത്ത മഴ പെയ്തിട്ടും ഒരു കാണി പോലും സ്റ്റേഡിയം വട്ട് പോകാതിരുന്നതും ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഈ കാണികളെ കണ്ടിട്ടും സ്റ്റേഡിയം കണ്ടിട്ടും തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് സാക്ഷാൽ വിരാട് കോലി തന്നെ പ്രശംസിച്ച മൈതാനത്തിലേക്ക് ഐപിഎൽ മത്സരങ്ങൾ വന്നേക്കുമെന്ന് തന്നെയാണ് കെസിഎ ഭാരവാഹികളും മറുനാടനോട് പറഞ്ഞത്. ഡൽഹി ഡെയർ ഡെവിൾസിനെ കേരളത്തിലേക്ക് അടുപ്പിക്കാനാണ് നീക്കം. നേരത്തെ കേരളത്തിന് സ്വന്തമായുണ്ടായിരുന്ന കൊച്ചിൻ ടസ്‌കേഴ്‌സ് വിവാദങ്ങളിൽ പെട്ട് ഇല്ലാതാവുകയായിരുന്നു. അതിന് ശേഷം വീണ്ടും ഐപിഎൽ ആവേശം കേരളത്തിൽ നിറയ്ക്കാനുള്ള സാധ്യതകളാണ് ഡൽഹി ഡെയർഡെവിൾസിലൂടെ കെസിഎ ശ്രമിക്കുന്നത്. ഇത് നടന്നാൽ സഞ്ജുവിന് സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാനാകും.

ഡൽഹിയിലെ കാലാവസ്ഥ പ്രശ്നങ്ങളെ കുറിച്ചോ വേദി മാറ്റത്തെക്കുറിച്ചോ പറയാൻ തങ്ങൾക്ക് കഴിയില്ല. ഈ വർഷത്തെ ഐപിഎൽ മത്സരങ്ങളിൽ ഏതെങ്കിലും ടീമുകളുടെ മത്സരത്തിന് അനുമതി ചോദിച്ച് നേരത്തെ കെസിഎ ബിസിസിഐയെ സമീപിച്ചിരുന്നു.ഏകദിന വേദിയാക്കുന്നതുൾപ്പടെ ബിസിസിഐ പരിഗണനിലുമുണ്ട്. രാജ്യത്ത് ഇന്നുള്ള ഏറ്റവും മികച്ച സ്റ്റേഡിയത്തിലേക്ക് ഒരു മത്സരമെങ്കിലും നടത്തണമെന്ന് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്ന് സഞ്ജു സാംസണും പറഞ്ഞിരുന്നു. എന്തായാലും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആരവങ്ങൾ ഉയരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP