Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കണക്കിൽ ഒന്നര ലക്ഷം രൂപയുടെ വ്യത്യാസം; കരിക്കിനേത്ത് ജീവനക്കാരനെ മർദിച്ചു കൊന്നു: പ്രതികളെ രക്ഷിക്കാൻ ഉന്നത സമ്മർദ്ദം

കണക്കിൽ ഒന്നര ലക്ഷം രൂപയുടെ വ്യത്യാസം; കരിക്കിനേത്ത് ജീവനക്കാരനെ മർദിച്ചു കൊന്നു: പ്രതികളെ രക്ഷിക്കാൻ ഉന്നത സമ്മർദ്ദം

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ടയിലെ കരിക്കിനേത്ത് ടെക്‌സ്റ്റെയിൽ ജീവനക്കാരനെ വസ്ത്രശാലക്കുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികളായവരെ രക്ഷിക്കാൻ ഉന്നത ഇടപെടലെന്ന ആക്ഷേപം ശക്തമായി. ഭരണ കക്ഷിയിലെ പ്രമുഖർ സംഭവത്തിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. പത്തനംതിട്ട നഗരത്തിലെ കോളേജ് റോഡിലെ കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ബിജു പി. ജോസഫിന്റെ(39) മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് വ്യക്തമായത്.

വയറിനും കഴുത്തിനുമിടയിൽ ഏറ്റ മാരകമായ ക്ഷതങ്ങളാണ് മരണ കാരണം. ആന്തരികാവയവങ്ങളായ കരൾ, ശ്വാസകോശം എന്നിവ ഇടിയേറ്റ് ചതഞ്ഞതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അനേ്വഷണം ആരംഭിച്ചത്. നേരത്തെ അസ്വാഭാവിക മരണമെന്ന് പറഞ്ഞാണ് എഫ്‌ഐആർ തയ്യാറാക്കിയിരുന്നത്. ഇത് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ശക്തമായിരുന്നു.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം മിക്ക പത്രങ്ങളിലെയും ചരമകോളത്തിൽ ചെറിയ വാർത്തയായി മാറുകയാണ് ചെയ്തത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ ഉന്നത ബന്ധത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചത്. കഴിയുമെങ്കിൽ ഒരു കൊലപാതക കേസ് ഒഴിവാക്കാനാണ് നിവൃത്തിയില്ലെങ്കിൽ ജീവനക്കാരിൽ ആരെയെങ്കിലും ബലിയാടാക്കി കേസ് രജിസ്റ്റർ ചെയ്യാനുമാണ് നീക്കം.

കൊലപാതകവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത 12 പ്രതികളിൽ നിന്ന് രണ്ട് പേരെ കണ്ടെത്തണമെന്നും ഇന്നു നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടെ തിരക്ക് കഴിഞ്ഞ് അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറയുന്നത്. ഇവരെ ഇന്നലെ ജാമ്യത്തിൽ വിട്ടയച്ചു.

ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് കടയ്ക്കുള്ളിൽ ബിജു കൊല്ലപ്പെട്ടത്. കടയിൽ നിന്ന് കാണാതായ ഒന്നരലക്ഷം രൂപ എവിടെ ഒളിപ്പിച്ചുവെന്ന് പറയിപ്പിക്കാൻ വേണ്ടി മർദിക്കുന്നതിനിടയിലാണ് ബിജു മരിച്ചത്. മരിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് സംഭവം പൊലീസിൽ വിവരം അറിയിച്ചത്. ഈ സമയം കൊണ്ട് കൊലപാതകം നടന്ന സ്ഥലം കടയുടമയും ജീവനക്കാരും ചേർന്ന് അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തുവത്രേ.

കഴിഞ്ഞയാഴ്ചയാണ് കടയുടമയുടെ മകളുടെ വിവാഹം പരുമലയിൽ നടന്നത്. ഇതിന്റെ തിരക്കുള്ളതിനാൽ ഉടമയ്‌ക്കോ ഭാര്യയ്‌ക്കോ മക്കൾക്കോ കടയിലെ വരവ് ചെലവ് കണക്ക് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. തിരക്കുകൾ ഒഴിഞ്ഞതിന് ശേഷം കടയിലെ സ്റ്റോക്കും വരവും പരിശോധിച്ചപ്പോൾ ഒന്നര ലക്ഷം രൂപയുടെ കുറവ് കണ്ടെത്തി. അടുത്തിടെ പുതുതായി കാഷ്‌കൗണ്ടറിൽ എത്തിയ ബിജുവിനെയായിരുന്നു സംശയം. ഇയാളെക്കൊണ്ട് പണം എവിടെയാണെന്ന് പറയിക്കാനുള്ള ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്.

ബുധനാഴ്ച പുലർച്ചെ മുതൽ കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ പൊലീസും കടയുടമയും ആരംഭിച്ചുവെന്ന ആക്ഷേപവും ശക്തമാണ്. കടയ്ക്കുള്ളിൽ ഉടമയുടെയും സഹോദരന്റെയും സാന്നിധ്യത്തിലായിരുന്നു ബിജു കൊല്ലപ്പെട്ടതെന്നും പറയപ്പെടുന്നു. നഷ്ടമായ പണം കണ്ടെത്താൻ, അവർ പറഞ്ഞിട്ടാണ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് ബിജുവിനെ മർദിച്ചത്. മർദനത്തിന്റെ സാന്നിധ്യത്തിൽ കടയ്ക്കുള്ളിൽ വച്ചു തന്നെ മരണവും സംഭവിച്ചു. സാഹചര്യത്തെളിവുകൾ, പ്രകാരം പ്രഥമദൃഷ്ട്യാ തന്നെ ഒന്നും രണ്ടും പ്രതികളാകേണ്ടിയിരുന്നത് കടയുടമയും അനുജനുമായിരുന്നു. കൊലപാതകത്തിന്റെ പ്രേരണ(മോട്ടീവ് ഓഫ് മർഡർ) ഇവരുടേതാണ്. എന്നാൽ, പൊലീസിന്റെ അനേ്വഷണത്തിലൊന്നും ഇവരുടെ പേര് കേസിൽ പരാമർശിക്കപ്പെട്ടിട്ടില്ല. ഇവരെ ഒഴിവാക്കിയാണ് കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നതും.

കേസിൽ നിന്നും ഉന്നതരെ രക്ഷിക്കാനായി പൊലീസിന് മേൽ സമ്മർദ്ദവും ശക്തമാണ്. കേസിൽ തുമ്പ് തേടി ഫോറൻസിക് പരിശോധന നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇത്ര വലിയ കൊലപാതകം നടന്നിട്ടും ആരും വിഷയം കാര്യമായി ഏറ്റെടുത്തിട്ടില്ലെന്നതും ഉന്നതസമ്മർദ്ദത്തിന്റെ ഫലമാണെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ തയ്യാറായതും ബന്ധുക്കൾ സംശയം ഉന്നയിച്ചതിനെ തുടർന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP