Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഡോസൾഫാൻ ദുരിതബാധിതരെ ബജറ്റും മറന്നു; മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത സഹായം ഇനിയും ലഭിച്ചിട്ടില്ല; ദുരിതബാധിതർ നിയമസഭയുടെ മുന്നിൽ സമരം ആരംഭിക്കുന്നു

എൻഡോസൾഫാൻ ദുരിതബാധിതരെ ബജറ്റും മറന്നു; മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത സഹായം ഇനിയും ലഭിച്ചിട്ടില്ല; ദുരിതബാധിതർ നിയമസഭയുടെ മുന്നിൽ സമരം ആരംഭിക്കുന്നു

കാസർഗോഡ്: എൻഡോസൾഫാൻ ദുരന്തബാധിതർക്ക് സർക്കാർ നല്കിയ ഉറപ്പുകൾ പാഴ്‌വാക്കാവുന്നു. സംസ്ഥാന ബജറ്റും ആ പാവങ്ങളെ മറന്നു. എൻഡോസൾഫാൻ എന്ന വിഷരാക്ഷസൻ വിതച്ച മാരകരോഗങ്ങളിൽപ്പെട്ട് നരകയാതന അനുഭവിക്കുന്ന പതിനായിരക്കണക്കിന് ഇരകളോട് സർക്കാർ കാണിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. ഇപ്പോഴും കാസർഗോഡ് ജില്ലയിലെ പതിനൊന്നോളം പഞ്ചായത്തുകളിൽ ജനിക്കുന്ന കുട്ടികളിൽ പലരും ജനിതകവൈകല്യം വന്നവരോ നാഡീസംബന്ധമായ വൈകല്യം വന്നവരോ ആണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

അതിർത്തികൾ പരിഗണിക്കാതെ മുഴുവൻ ദുരിതവാധിതർക്കും അർഹത അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ചെയ്ത സാമ്പത്തിക സഹായം വിതരണം ചെയ്യാമെന്ന് സർക്കാർ ഉറപ്പുനൽകിയതാണ്. എന്നാൽ പട്ടികയിൽപ്പെട്ട 5837 പേരിൽ 3016 പേർക്ക് ഇനിയും ആനുകൂല്യം ലഭ്യമായിട്ടില്ല. ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്ത്തള്ളുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. പലരുടെയും കടബാധ്യതകൾ ജപ്തിനടപടികളിലേയ്ക്ക് നീങ്ങിത്തുടങ്ങി.

വർഷത്തിലൊരിക്കൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തി ദുരിതബാധിതരെ കണ്ടെത്തി സഹായം ലഭ്യമാക്കുമെന്ന ഉറപ്പും ഇതുവരെയും നടപ്പായിട്ടില്ല. 2013 ഓഗസ്റ്റ് 21-നാണ് അവസാനമായി പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തിയത്. അന്ന് മൂവായിരത്തോളം കുട്ടികൾക്ക് ചികിത്സയും, സഹായങ്ങളും ആവശ്യമാണെന്നു കണ്ടെത്തിയിരുന്നു. എന്നാൽ വിദഗ്ധചികിത്സപോലും നൽകാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

അതുപോലെ മാനസികവെല്ലുവിളി നേരിടുന്നവരും ശാരീരിക വൈകല്യങ്ങളുള്ളവരുമായ കുട്ടികൾക്കുവേണ്ടി ആരംഭിച്ച ബഡ്‌സ് സ്‌കൂളുകളുടെ ശോചനീയാവസ്ഥയ്ക്കും പരിഹാരമായില്ല. ആവശ്യമായ കെട്ടിടങ്ങളോ, കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിന് വാഹനസൗകര്യമോ മറ്റു ഭൗതിക സൗകര്യങ്ങളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 272 കുട്ടികൾ ഇത്തരം സ്‌കൂളുകളിൽ വരാനുണ്ടെങ്കിലും സൗകര്യമില്ലാത്തതിനാൽ കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുന്നു. സർക്കാർ സ്‌പോൺസേഡ് ദുരന്തത്തിന്റെ ഇരകളാണ് ഇവരെന്ന് ഓർക്കേണ്ടതാണ്.

എന്നാൽ മന്ത്രിമാരുടെ പ്രഖ്യാപനങ്ങൾക്ക് യാതൊരു കുറവുമില്ല. ദുരിതബാധിതരുടെ പൂനരധിവാസത്തിന് 25 കോടി അനുവദിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനമാണ് ഏറ്റവും ഒടുവിലത്തേത്. എന്നാൽ പ്രഖ്യാപനം നടത്തി വർഷം ഒന്നുകഴിഞ്ഞിട്ടും ടോക്കൺ തുക പോലും അനുവദിച്ചിട്ടില്ല. കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ സൂക്ഷിച്ച എൻഡോസൾഫാൻ നീക്കം ചെയ്ത് നിർവീര്യമാക്കുമെന്നതും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ അതും നടന്നിട്ടില്ല.

2011 മെയ് എട്ടാം തീയതി എൻഡോസൾഫാൻ ബാധിച്ച ഒരു കുടുംബത്തിലെ നവജാതശിശു മരിച്ചു. അദൂർ കൈത്തോടിലെ മമതയുടെയും നാരായണന്റെയും കുഞ്ഞാണ് പ്രസവിച്ച ഉടൻ മരിച്ചത്. കുട്ടിക്ക് പൂർണവളർച്ച ഉണ്ടായിരുന്നില്ല. ആ കുഞ്ഞിന്റെ അമ്മയുടെ വിലാപം മലയാളി സമൂഹത്തിന്റെ ഹൃദയത്തിൽ ഇന്നും നൊമ്പരമായി മുഴങ്ങുന്നുണ്ട്. ' എന്റെ കുഞ്ഞിന്റെ ഒരു കണ്ണ് സർക്കാർകൊണ്ടുപോയി. വിഷം അടിച്ചുകേറ്റി തല വലുതാക്കി തന്നു. കഴുത്തിന് നിറച്ചും വിഷത്തിന്റെ മുഴ. ശരീരത്തിന്റെ തോല് മുഴുവൻ എൻഡോസൾഫാൻ വിഷം അടർത്തിമാറ്റിയതുപോലെ.. ഇനി എനിക്ക് പ്രസവിക്കാൻ കഴിയൂലാ' ആയിരക്കണക്കിന് അമ്മമാരുടെ അവസാനവാക്യമാണിത്. ഗർഭം ധരിച്ചപ്പോൾ മുതൽ ആശങ്കകളും ഉത്കണ്ഠകളുമായി കഴിയുന്ന ഈ അമ്മമാരുടെ രോദനം കേൾക്കാൻ മനസും മനസ്സാക്ഷിയുമുള്ള ഒരു ഭരണകൂടം വേണം.

എൻഡോസൾഫാൻ ദുരിതബാധിതർക്കായി കോടികൾ സർക്കാർ ചെലവഴിക്കുന്നുവെന്നാണ് വയ്പ്. എന്നാൽ അർഹരായവരുടെ കൈകളിലേയ്ക്ക് ഇനിയും അത് എത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ദുരന്തം അനുഭവിക്കേണ്ടി വരുന്നവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ നിയമസഭയ്ക്കുമുമ്പിൽ അനിശ്ചിതകാലസത്യാഗ്രഹത്തിന് തയ്യാറെടുക്കുകയാണ് എൻഡോസൾഫാൻ പീഡിത മുന്നണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP