Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന കമ്മറ്റി വിളിക്കാതെ താൽകാലിക ചെയർമാൻ പദവിയിൽ തന്നെ തുടരാൻ നീക്കങ്ങളുമായി ജോസഫ് മുന്നോട്ട്; നാലിലൊന്നു പേർ ഒപ്പിട്ട് അപേക്ഷിച്ചാൽ യോഗം വിളിക്കണമെന്ന നിബന്ധന നടപ്പിലാക്കാൻ ഒപ്പു ശേഖരണവുമായി ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരും; സംസ്ഥാന കമ്മറ്റി വിളിച്ചു ചേർത്തു തെരഞ്ഞെടുപ്പ് നടത്താൻ ജോസഫ് ഭയപ്പെടുത്തുന്നത് എന്തിനാ എന്ന ചോദ്യം ഉയർത്തി മാണിയുടെ മകനും സംഘവും; കേരളാ കോൺഗ്രസിൽ ഒരുങ്ങുന്നത് കൂട്ടയടിക്കുള്ള സാഹചര്യങ്ങൾ

സംസ്ഥാന കമ്മറ്റി വിളിക്കാതെ താൽകാലിക ചെയർമാൻ പദവിയിൽ തന്നെ തുടരാൻ നീക്കങ്ങളുമായി ജോസഫ് മുന്നോട്ട്; നാലിലൊന്നു പേർ ഒപ്പിട്ട് അപേക്ഷിച്ചാൽ യോഗം വിളിക്കണമെന്ന നിബന്ധന നടപ്പിലാക്കാൻ ഒപ്പു ശേഖരണവുമായി ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരും; സംസ്ഥാന കമ്മറ്റി വിളിച്ചു ചേർത്തു തെരഞ്ഞെടുപ്പ് നടത്താൻ ജോസഫ് ഭയപ്പെടുത്തുന്നത് എന്തിനാ എന്ന ചോദ്യം ഉയർത്തി മാണിയുടെ മകനും സംഘവും; കേരളാ കോൺഗ്രസിൽ ഒരുങ്ങുന്നത് കൂട്ടയടിക്കുള്ള സാഹചര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസിലെ അടുത്ത ചെയർമാനെ ചൊല്ലിയുള്ള പ്രതിസന്ധി തീരുന്നില്ല. എങ്ങനേയും ചെയർമാൻ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് പിജെ ജോസഫിന്റെ ശ്രമം. കെ എം മാണിയുടെ മരണത്തിന് മുമ്പ് വർക്കിങ് ചെയർമാനായിരുന്നു ജോസഫ്. മാണിയുടെ മരണത്തോടെ ഈ പഴുതുപയോഗിച്ച് ജോസഫ് ചെയർമാന്റെ ചുമതല ഏറ്റെടുത്തു. കേരളാ കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയായ ജോയി എബ്രഹാമിനെ കൂട്ടുപിടിച്ചായിരുന്നു ഇത്. ഇതോടെ സംസ്ഥാന സമിതി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായി. എന്നാൽ സംസ്ഥാന സമിതിയിലെ ബഹുഭൂരിഭാഗവും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നുവെന്ന തിരിച്ചറിവിൽ ജോസഫ് തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോവുകയാണ്. ഇതാണ് കേരളാ കോൺഗ്രസിലെ ഭരണ പ്രതിസന്ധിക്ക് കാരണം.

സംസ്ഥാന സമിതിയിൽ 400 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 300 പേരും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരാണ്. ഭരണ ഘടന അനുസരിച്ച് സംസ്ഥാന സമിതി വേണം ചെയർമാനെ കണ്ടെത്താൻ. സംസ്ഥാന സമിതി വിളിക്കേണ്ടത് ചെയർമാന്റെ നിർദ്ദേശം അനുസരിച്ച് സംഘടനാ ജനറൽ സെക്രട്ടറിയാണ്. മാണിയുടെ അതിവിശ്വസ്തനായിരുന്നു ജോയി എബ്രഹാം. രാജ്യസഭാ അംഗവുമായി. എന്നാൽ മാണിയുടെ മരണത്തോടെ പാലാ സീറ്റിലാണ് ജോയി എബ്രഹാമിന്റെ കണ്ണ്. ഇതിന് വേണ്ടിയാണ് ജോസ് കെ മാണിയെ ജോയി എബ്രഹാം തള്ളിപ്പറയുന്നത്. ഇതോടെ പിജെ ജോസഫിനൊപ്പം കൂടി അട്ടിമറിയും തുടങ്ങി. ജോസഫിനെ താൽകാലിക ചെയർമാനായി പ്രഖ്യാപിക്കാനുള്ള സാഹചര്യം ഒരുക്കിയത് ജോയി എബ്രഹാമാണ്. എങ്ങനേയും സംസ്ഥാന കമ്മറ്റി വിളിക്കാതെ താൽകാലിക ചെയർമാൻ പദവിയിൽ തന്നെ തുടരാൻ നീക്കങ്ങളുമായി ജോസഫ് മുന്നോട്ട് പോകുന്നുവെന്നാണ് റിപ്പോർട്ട്.

സംഘടനാ ജനറൽ സെക്രട്ടറി യോഗം വിളിക്കാത്ത സാഹചര്യത്തിൽ ബദൽ മാർഗ്ഗത്തെ കുറിച്ചും പാർട്ടി ഭരണ ഘടന വിശദീകരിക്കുന്നുണ്ട്. സംസ്ഥാന സമിതിയിലെ നാലിലൊന്ന് അംഗങ്ങൾ നോട്ടീസ് നൽകിയാൽ സംഘടനാ ജനറൽ സെക്രട്ടറിക്ക് സംസ്ഥാന സമിതി വിളിക്കേണ്ടി വരും. അതായത് 400 അംഗങ്ങളിൽ 100 പേർ ഒപ്പിട്ട കത്ത് നൽകിയാൽ മാത്രം ഇതിന് മതിയാകും. ഇത്തരത്തിലൊരു നടപടിയുണ്ടായിട്ടും സംഘടനാ ജനറൽ സെക്രട്ടറി യോഗം വിളിച്ചില്ലെങ്കിൽ മറ്റേതെങ്കിലും ജനറൽ സെക്രട്ടറിക്ക് ഇടപെടാം. അദ്ദേഹത്തിന് യോഗം വിളിക്കുകയും ചെയ്യാം. നിലവിൽ കേരളാ കോൺഗ്രസിന് 25 ജനറൽ സെക്രട്ടറിമാരാണുള്ളത്. ഇതിൽ ബഹുഭൂരിഭാഗവും ജോസ് കെ മാണിയുടെ പക്ഷക്കാരാണ്. അതുകൊണ്ടാണ് സംസ്ഥാന സമിതിയിലെ ഭൂരിഭാഗത്തിന്റെ ഒപ്പുമായി കത്ത് നൽകാൻ ജോസ് കെ മാണി വിഭാഗം നീക്കം ശക്തമാക്കിയത്. വിമത യോഗം വിളിക്കാതെ എല്ലാവരേയും നേരിട്ട് കണ്ട് ഒറ്റയ്‌ക്കൊറ്റയ്ക്ക് ഒപ്പിടിപ്പിക്കാനാണ് നീക്കം. 300 പേർ ഒപ്പിട്ട കത്ത് പാർട്ടി ചെയർമാനും ജോയി എബ്രഹാമിനും പിന്നെ വൈസ് ചെയർമാനായ സിഎഫ് തോമസിനും നൽകും.

എന്നിട്ടും യോഗം വിളിച്ചില്ലെങ്കിൽ ജോസ് കെ മാണി പക്ഷത്തെ ജനറൽ സെക്രട്ടറി യോഗം വിളിക്കും. ഈ യോഗം ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്യും. ഇത്തരമൊരു യോഗത്തിലേക്ക് ജോസഫും കൂട്ടരും എത്താനും സാധ്യതയുണ്ട്. എങ്ങനേയും ഈ യോഗത്തെ സംഘർഷത്തിലാക്കി വീണ്ടും തീരുമാനം നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം. എന്നാൽ എന്ത് വിലകൊടുത്തും യോഗം നടത്താനാണ് ജോസ് കെ മാണിയുടെ പക്ഷം തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സമിതി വിളിച്ചാൽ പാർട്ടിയിൽ നിന്ന് എല്ലാ പദവികളും ജോസഫിന് നഷ്ടമാകും. വീണ്ടും പുതിയ പാർട്ടിയും ഉണ്ടാക്കേണ്ടി വരും. ഇത് തീരെ ചെറിയ പാർട്ടിയുമാകും. ഈ സാഹചര്യത്തിലാണ് സിഎഫ് തോമസിനേയും ജോയി എബ്രഹാമിനേയും കൂടെ നിർത്തി പാർട്ടിയിൽ ഭിന്നതയുണ്ടാക്കാനും മാണിയുടെ വിശ്വസ്തരെ അടർത്തിയെടുക്കാനും ശ്രമിച്ചത്. എന്നാൽ നേതാക്കളെ മാത്രമേ ജോസഫിന് കിട്ടിയൂള്ളൂ. സംസ്ഥാന സമിതി അംഗങ്ങൾ പോലും ജോസ് കെ മാണിക്കൊപ്പം അടിയുറച്ച് നിൽക്കുകയാണ്.

പാർട്ടി ചെയർമാൻസ്ഥാനം, നിയമസഭാകക്ഷി നേതൃസ്ഥാനം എന്നിവ വിട്ടുനൽകാൻ മാണിഗ്രൂപ്പിന് താത്പര്യമില്ല. ജോസ് കെ. മാണി ചെയർമാനും സി. എഫ്. തോമസ് നിയമസഭാകക്ഷി നേതാവുമാകട്ടെയെന്നാണ് മാണിഗ്രൂപ്പിന്റെ ആദ്യ താത്പര്യം. എന്നാൽ സിഎഫിനെ ഒഴിവാക്കുന്നതും ഇപ്പോൾ ചർച്ചയിലാണ്. പി.ജെ. ജോസഫ് ചെയർമാനാകണമെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നു. സി എഫ് തോമസിന് പാർട്ടി ലീഡർ സ്ഥാനവും. അങ്ങനെ രണ്ടിടത്തും സി എഫ് തോമസിന് സ്ഥാനമുണ്ട്. സി എഫിനും ക്യാൻസർ രോഗമാണ്. അസുഖം നേതാവിനെ നന്നായി ബാധിച്ചിട്ടുമുണ്ട്. അപ്പോഴും അധികാരത്തിന് വേണ്ടി തന്ത്രപരമായ നീക്കമാണ് സിഎഫ് നടത്തുന്നത്. രണ്ടിടത്തും നിൽക്കാതെയുള്ള കളി. ഇതും കേരളാ കോൺഗ്രസിന് ബാധിക്കുന്നുണ്ട്. ജോസ് കെ മാണിക്കൊപ്പമാണെന്നാണ് അണികളോട് സിഎഫ് പറയുന്നത്. എന്നാൽ പാർട്ടിയിലെ പ്രതിസന്ധി തീർക്കും വിധം ഇടപെടലുകൾ സിഎഫ് നടത്തുന്നുമില്ല. പരോക്ഷമായി ജോസഫിനൊപ്പമാണ് സിഎഫ് എന്ന സംശയം പാർട്ടിക്കാർക്കുണ്ട്.

ലോക്സഭാ സീറ്റിന് വേണ്ടി ജോസഫ് പല നീക്കവും നടത്തി. അന്നും ഇതേ സമീപനമായിരുന്നു സിഎഫ് എടുത്തത്. എന്നാൽ മാണിയുടെ ചടുലമായ നീക്കങ്ങൾ ജോസഫിനെ തകർത്തു. അന്ന് തന്നെ മാണിക്ക് രോഗമുണ്ടെന്ന് ജോസഫ് തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ പതിയെ പിന്നോട്ട് വലിഞ്ഞു. എന്നാൽ മാണി മരിച്ചതോടെ കളികളും തുടങ്ങി. ഇതിന് വേണ്ടി മാണിയുടെ വിശ്വസ്തനായ ജോയി എബ്രഹാമിനെ കൂടെ കൂട്ടി. പാലാ സീറ്റിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനമാണ് ജോയി എബ്രഹാമിന് നൽകിയത്. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ജോയി എബ്രഹാം. തീരുമാനങ്ങൾ എടുക്കുന്നതിലെ നിർണ്ണായക ഘടകം. ഈ പദവി ഉപയോഗിച്ചാണ് മാണിയുടെ മരണത്തെ തുടർന്ന് വർക്കിങ് ചെയർമാനായ ജോസഫ് പാർട്ടിയുടെ താൽകാലിക ചെയർമാനായത്. അതിന് ശേഷം മാണി അനുസ്മരണം തിരുവനന്തപുരത്ത് ചേർന്നു. എങ്ങനേയും ചെയർമാൻ പദവിയിൽ എത്തി ജോസ് കെ മാണിയെ വെട്ടുകയാണ് ജോസഫ് ലക്ഷ്യമിട്ടത്. കോടതി ഉത്തരവിലൂടെ ഇത് മാണി ഗ്രൂപ്പ് തടഞ്ഞു.

ഒത്തുതീർപ്പ് ഫോർമുലയിൽ യോജിച്ചശേഷം പാർട്ടി ഉന്നതാധികാരസമിതി, സംസ്ഥാനകമ്മിറ്റി തുടങ്ങിയ യോഗങ്ങൾ വിളിച്ചുചേർക്കാനാണ് ജോയി എബ്രഹാം ഉദ്ദേശിക്കുന്നത്. എന്നാൽ, സമവായസാധ്യതകൾ നീണ്ടുപോകുന്നതിനാൽ പാർട്ടിസമിതികൾ ചേരുന്നതും നീണ്ടുപോകും. അങ്ങനെ വന്നാൽ പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതുവരെ പി.ജെ. ജോസഫ് ചെയർമാൻസ്ഥാനത്തു തുടരും. ഇതിലും മാണിഗ്രൂപ്പ് അസ്വസ്ഥരാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതി ചേരാൻ ഒപ്പു ശേഖരണം നടത്തുന്നത്. ചെയർമാൻ സ്ഥാനത്തേക്ക് സി. എഫ് തോമസിനെ കൊണ്ട് വരുന്നതിനോട് പി.ജെ ജോസഫിന് താല്പര്യമുണ്ട്. അങ്ങനെ വന്നാൽ പാർലിമെന്ററി പാർട്ടി സ്ഥാനവും ഡപ്യൂട്ടി ചെയർമാൻ സ്ഥാനവും സ്വന്തമാക്കാൻ സാധിക്കുമെന്നും ഇവർ കണക്ക് കൂട്ടുന്നു. മാണി വിഭാഗക്കാരായ നേതാക്കളെ ഒപ്പം നിർത്തുന്നതിലൂടെ ഇത് സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ചെയർമാന്റെ അസാന്നിധ്യത്തിൽ വൈസ് ചെയർമാന് അധികാരമുണ്ടെന്ന് ജോയ് എബ്രഹാം വ്യക്തമാക്കിയതോടെ ചെയർമാനെ തെരഞ്ഞെടുക്കാനുള്ള ശ്രമം ജോസഫ് വിഭാഗം നടത്തി. എന്നാൽ കോടതി വിധി നേടിയാണ് ഇതിനെ മാണി വിഭാഗം തടഞ്ഞിരിക്കുന്നത്. സി.എഫ് തോമസിനെ ചെയർമാനായി കൊണ്ടു വന്നാലും പാർട്ടി കൈവിട്ട് പോകുമെന്നാണ് ജോസ് കെ മാണിവിഭാഗംപറയുന്നത്. അത്‌കൊണ്ട്തന്നെ സംസ്ഥാന സമിതിയിലും സ്റ്റിയിറിങ് കമ്മിറ്റിയിലുമുള്ള ഭൂരിപക്ഷം ഉപയോഗിച്ച് കരുക്കൾ നീക്കാനാണ് ജോസ് കെ മാണി വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാന സമിതിയിലും ഇവർക്ക് ഭൂരിപക്ഷം ഉണ്ട്.

മാണി രോഗാവസ്ഥയിലായപ്പോൾ പാർട്ടി പിടിക്കാൻ രംഗത്തിറക്കിയ പിജെ ജോസഫിനെ തള്ളി കേരളാ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം എത്തുമ്പോൾ ആ വികാരം സിഎഫ് ഉൾക്കൊണ്ടു. ഇതോടെ സിഎഫ് തോമസിനെ മുമ്പിൽ നിർത്തി കളിക്കാനുള്ള ജോസഫിന്റെ നീക്കം പൊളിഞ്ഞു. അങ്ങനെ പാർട്ടിയിൽ സാങ്കേതികമായി മുതിർന്ന നേതാവ് ഒറ്റപ്പെടുകയാണ്. മാണിയുടെ രാഷ്ട്രീയ തന്ത്രമാണ് ഇതിനെല്ലാം കാരണം. ഇടതുപക്ഷത്ത് നിന്ന് മാണിക്കൊപ്പം ജോസഫ് എത്തിയത് കോട്ടയത്തും ഇടുക്കിയിലും കരുത്ത് കൂട്ടാനുള്ള കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കമായിരുന്നു. ഇങ്ങനെ ജോസഫ് എത്തിയപ്പോഴും മാണി വേണ്ട കരുതലെടുത്തു. സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഭാരവാഹിത്വങ്ങളിലുമെല്ലാം 30 ശതമാനം മാത്രമാണ് ജോസഫിന് നൽകിയത്. നിയമസഭയിലേക്ക് ജോസഫിനും മോൻസിനും ടിയു കുരുവിളയ്ക്കും മത്സരിക്കാൻ അവസരവും നൽകി. ഇതിൽ ടിയു കുരുവിള തോറ്റതോടെ പാർലമെന്ററീ പാർട്ടിയിലും പിന്തുണ മാണിക്കായി. റോഷി അഗസ്റ്റിനും ജയരാജനും ജോസ് കെ മാണിക്കൊപ്പമാണ്. അതിനാൽ പാർട്ടി ലീഡർ പദവിയും ജോസഫിന് കിട്ടില്ല.

സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. അതിനാൽ നിഷ്പ്രയാസം ജോസ് കെ മാണി ചെയർമാനാകും. പാലായിലെ സ്ഥാനാർത്ഥിയേയും ജോസ് കെ മാണി നിശ്ചയിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി സീറ്റ് ഒഴിയാൻ സന്നദ്ധമാകുന്നവർക്കാകും സീറ്റ് നൽകുകയെന്നാണ് സൂചന. അങ്ങനെ എല്ലാ അർത്ഥത്തിലും ജോസ് കെ മാണി പാർട്ടിയിൽ പിടിമുറുക്കുകയാണ്. കോട്ടയത്തെ ലോക്സഭയിൽ മത്സരിക്കാൻ പിജെ ജോസഫ് ശ്രമം നടത്തിയപ്പോൾ പൊളിച്ചത് മാണിയുടെ തന്ത്രമായിരുന്നു തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കി കോട്ടയം സീറ്റ് മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇതിനൊപ്പം ഇടുക്കി ലോക്സഭാ സീറ്റ് ജോസഫിന് കിട്ടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP