Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതു മുന്നണിയിലേക്ക് വരാൻ പദ്ധതിയിടുന്നുവെങ്കിൽ ഉടൻ തീരുമാനം എടുക്കാൻ മാണിക്കും ഫ്രാൻസിസ് ജോർജിനും സിപിഎമ്മിന്റെ അന്ത്യശാസനം; ആരു പോയാലും യുഡിഎഫ് വിടില്ലെന്ന് തീർത്ത് പറഞ്ഞ് ജോസഫ്; പൂഞ്ഞാർ കൊടുക്കാമെന്ന് മാണി സമ്മതിച്ചപ്പോൾ ഫ്രാൻസിസ് ജോർജിന് ഇടുക്കി വേണം; കേരളാ കോൺഗ്രസ് രാഷ്ട്രീയം ഇങ്ങനെ

ഇടതു മുന്നണിയിലേക്ക് വരാൻ പദ്ധതിയിടുന്നുവെങ്കിൽ ഉടൻ തീരുമാനം എടുക്കാൻ മാണിക്കും ഫ്രാൻസിസ് ജോർജിനും സിപിഎമ്മിന്റെ അന്ത്യശാസനം; ആരു പോയാലും യുഡിഎഫ് വിടില്ലെന്ന് തീർത്ത് പറഞ്ഞ് ജോസഫ്; പൂഞ്ഞാർ കൊടുക്കാമെന്ന് മാണി സമ്മതിച്ചപ്പോൾ ഫ്രാൻസിസ് ജോർജിന് ഇടുക്കി വേണം; കേരളാ കോൺഗ്രസ് രാഷ്ട്രീയം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു മുന്നണയിലേക്ക് വരാൻ ആഗ്രഹിക്കുന്നുള്ളവർ ദിവസങ്ങൾക്കുള്ളിൽ നിലപാട് വിശദീകരിക്കണമെന്ന് സിപിഐ(എം) നേതൃത്വം. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനും ഫ്രാൻസിസ് ജോർജ് പക്ഷത്തിനുമാണ് സിപിഐ(എം) അന്ത്യശാസനം നൽകുന്നത്. യുഡിഎഫുമായി വിലപേശലിന് ഇടതു പക്ഷത്തെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് നിലപാട്. നേരത്തെ ജെഡിയുവുമായി സിപിഐ(എം) അടുക്കാൻ ശ്രമിച്ചിരുന്നു. മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി കോൺഗ്രസിൽ നിന്നും രാജ്യസഭാ സീറ്റ് ഉറപ്പിച്ചെടുക്കുകയാണ് ജെഡിയു നേതാവ് വീരേന്ദ്ര കുമാർ ചെയ്തത്. ഇത്തരം തിരിച്ചടികൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നിലപാട് എത്രയും വേഗം വ്യക്തമാക്കണമെന്നാണ് സിപിഐ(എം) നിലപാട്.

ഡൽഹിയിൽ ചർച്ചകൾ പൂർത്തിയാക്കിയ സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണും പിണറായി വിജയനും സിപിഎമ്മിന്റെ സ്ഥാനാർത്ഥിപട്ടികയ്ക്ക് രൂപം നൽകുകയാണ്. ഈ ആഴ്ച തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഈ സാഹചര്യത്തിൽ ആർക്കുമായി കാത്തിരിക്കാൻ കഴിയില്ല. യുഡിഎഫ് നൽകുന്നതിനേക്കാൾ പരിഗണന കെ എം മാണിയുടെ കേരളാ കോൺഗ്രസിന് സിപിഐ(എം) നൽകും. പാലായിലെ മാണിയുടെ സ്ഥാനാർത്ഥിത്വത്തിൽ മാത്രമാണ് ഭിന്നാഭിപ്രായമുള്ളത്. ഫ്രാൻസിസ് ജോർജാക്കട്ടെ സിപിഎമ്മുമായി ആദ്യവട്ട ചർച്ച നടത്തിക്കഴിഞ്ഞു. എന്നാൽ ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകി യുഡിഎഫിൽ നിർത്താൻ നീക്കം സജീവമാണ്. പിജെ ജോസഫ് ആകെട്ടെ എന്തുവന്നാലും ഇടതുപക്ഷത്തേക്കില്ലെന്ന നിലപാടിലും. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസിലെ ആശയക്കുഴപ്പം സിപിഐ(എം) തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ഉടൻ നിലപാട് അറിയിക്കാൻ കേരളാ കോൺഗ്രസിനും ഫ്രാൻസിസ് ജോർജിനും നിർദ്ദേശം നൽകിയത്.

വളരെ നേരത്തെ തന്നെ മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ സിപിഐ(എം) ശ്രമിച്ചിരുന്നു. അതിനിടെയാണ് ബാർ കോഴ ആരോപണങ്ങൾ എത്തിയത്. ഇതോടെ മാണിക്ക് സിപിഐ(എം) എതിരുമായി. എന്നാൽ ബാർ കോഴയിലെ ഗൂഢാലോചന തുറന്നു പറഞ്ഞ് മാണിയെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാൻ സിപിഐ(എം) ആഗ്രഹിക്കുന്നു. ഇത്തരം പരോക്ഷ ചർച്ചകൾ നടക്കുകയും ചെയ്തു. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഇടതുപക്ഷത്തിന് മുൻതൂക്കമുണ്ടാക്കാൻ കേരളാ കോൺഗ്രസിലൂടെ കഴിയുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. എന്നാൽ മാണി മനസ്സ് തുറക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇനിയും കാത്തിരിക്കുന്നത് ഇടതുമുന്നണിയിലെ സീറ്റ് ചർച്ചകളെ ബാധിക്കുമെന്ന് സിപിഐ(എം) കരുതുന്നു. അതുകൊണ്ടാണ് എത്രയും വേഗം നിലപാട് അറിയിക്കാനുള്ള നിർദ്ദേശം.

നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ പി.ജെ. ജോസഫിനെ കൈവിട്ട് പുറത്തേക്കിറങ്ങാൻ ചില ജോസഫ് ഗ്രൂപ്പ് നേതാക്കൾ ആലോചിക്കുന്നത്. എന്നാൽ യു.ഡി.എഫ് വിട്ട് വീണ്ടും മറ്റൊരു മുന്നണിയുടെ ഭാഗമാകാൻ പി.ജെ. ജോസഫിന് താൽപര്യമില്ല. യു.ഡി.എഫ് വിടില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുകയും ചെയ്യുന്നു. വീണ്ടും മുന്നണി വിട്ടാൽ അത് അവസരവാദ രാഷ്ട്രീയമായി ചിത്രീകരിക്കപ്പെടുമെന്നാണ് പി.ജെ. ജോസഫിന്റെ നിലപാടത്രേ. ഇദ്ദേഹത്തിനൊപ്പം മോൻസ് ജോസഫ്, ടി.യു. കുരുവിള എന്നിവർക്കും യു.ഡി.എഫ് വിടുന്നതിനോട് താൽപര്യമില്ല. മാണി ഗ്രൂപ്പിന്റെ ഭാഗമായപ്പോൾ കഴിഞ്ഞ തവണ ലഭിച്ചത് നാല് സീറ്റാണ്. ഇക്കുറി ജോസഫ് വിഭാഗത്തിലെ പ്രധാന നേതാക്കളായ ഫ്രാൻസിസ് ജോർജ്, ആന്റണി രാജു എന്നിവർക്ക് മത്സരിക്കാൻ രണ്ടുസീറ്റ് കൂടി വേണമെന്ന കടുത്ത നിലപാടിലാണ് ജോസഫ് വിഭാഗം.

ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ജോസഫ് ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജിനുവേണ്ടി പൂഞ്ഞാർ സീറ്റും ആന്റണി രാജുവിനുവേണ്ടി കൊല്ലത്തെ കുണ്ടറയോ തിരുവനന്തപുരത്ത് ഏതെങ്കിലും സീറ്റോ ആണ് ആദ്യം ചോദിച്ചത്. പിളർപ്പ് ഒഴിവാക്കാൻ ഫ്രാൻസിസ് ജോർജിന് പൂഞ്ഞാർ നൽകാൻ മാണി തയ്യാറുമാണ്. അപ്പോഴേക്കും തനിക്ക് ഇടുക്കി വേണമെന്നായി ഫ്രാൻസിസ് ജോർജ്. ഇതോടെ വീണ്ടും പ്രതിസന്ധി രൂക്ഷമായി. നിലപാട് ജോസഫ് വിഭാഗം കടുപ്പിച്ചതോടെ കഴിഞ്ഞദിവസം കെ.എം. മാണിയും പി.ജെ. ജോസഫും തമ്മിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ആറ് സീറ്റ് കൂടിയേ തീരൂ എന്ന് ജോസഫ് ഉറപ്പിച്ച് പറയുകയും ചെയ്തു. യു.ഡി.എഫിൽ നിന്ന് കൂടുതൽ സീറ്റുകൾ വാങ്ങിയെടുക്കാൻ ശ്രമിക്കാമെന്ന മാണി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയാണ് അവരെ തൽക്കാലം തണുപ്പിച്ചത്. ഇതിനൊപ്പമാണ് പൂഞ്ഞാറിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കാൻ മാണി തത്വത്തിൽ തീരുമാനിച്ചത്.

സീറ്റ് കിട്ടാതെ വീണ്ടും തഴയപ്പെട്ടാൽ ജോസഫ് വിഭാഗത്തിലെ ഒരുകൂട്ടം നേതാക്കൾ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നാണ് സൂചന. ഒപ്പംകൂടാൻ പി.ജെ. ജോസഫ് തയാറായില്ലെങ്കിൽ ജോസഫ് വിഭാഗത്തിൽ പ്രതിസന്ധി മൂർച്ഛിക്കും. അത് ജോസഫ് വിഭാഗത്തെ പിളർപ്പിലെത്തിക്കും. ഇത് ഒഴിവാക്കാനാണ് ജോസഫിന്റെ ശ്രമം. അതിനിടെ ആർക്കെങ്കിലുമോക്കെ സീറ്റു നൽകിയാൽ മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലെന്നാണ് ഫ്രാൻസീസ് ജോർജ്ജടക്കമുള്ളവരുടെ നിലപാട്. അതെസമയം ഇടുക്കിയടക്കം പല നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്ത്ഥി ചർച്ചകൾ ഇടതുമുന്നണി താൽകാലികമായി നിർത്തിവച്ചു.

ഫ്രാൻസിസ് ജോർജിനെ മൂവാറ്റുപുഴയിൽ മത്സരിപ്പിക്കാനാണ് സിപിഐ(എം) ആലോചിക്കുന്നത്. ഇതിനോട് ഫ്രാൻസിസ് ജോർജിനും താൽപ്പര്യമുണ്ട്. പിസി ജോസഫിന് ഇടുക്കിയും നൽകും. ആന്റണി രാജുവിന് തിരുവനന്തപുരത്തെ സീറ്റ് നൽകാനും സിപിഐ(എം) തയ്യാറാണ്. എന്നാൽ ഈ വിഭാഗം ഇപ്പോഴും അന്തിമ നിലപാട് പറയാത്തത് സിപിഎമ്മിനെ വെട്ടിലാക്കുന്നു. കേരളാ കോൺഗ്രസിനുള്ളിൽ സമവായം ഉണ്ടായാൽ കാത്തിരിപ്പ് വെറുതെയാകുമെന്നും അത് ക്ഷീണം ചെയ്യുമെന്നുമാണ് സിപിഐ(എം) വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വേഗത്തിൽ നിലപാട് അറിയിക്കാൻ ഫ്രാൻസിസ് ജോർജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP