Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിരമിച്ച ഉദ്യോഗസ്ഥനെ വലിയ ശമ്പളത്തിൽ നിയമിക്കണം; ഏറെ നാളായി ജോലി നോക്കുന്ന വിശ്വസ്തർക്ക് പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു ജോലി കിട്ടുകയുമില്ല; ചലച്ചിത്ര വികസന കോർപ്പറേഷനെ കറവപശുവാക്കാൻ കള്ളക്കളികളുമായി ലെനിൻ രാജേന്ദ്രൻ; ചികിൽസയ്ക്ക് 30ലക്ഷം ഖജനാവിൽ നിന്ന് വാങ്ങിയ ചെയർമാന്റെ നടപടികൾ കോർപ്പറേഷനെ മുടിക്കുന്നത്; പരാതിയുമായി മന്ത്രി കടകംപള്ളിയുടെ യൂണിയനും

വിരമിച്ച ഉദ്യോഗസ്ഥനെ വലിയ ശമ്പളത്തിൽ നിയമിക്കണം; ഏറെ നാളായി ജോലി നോക്കുന്ന വിശ്വസ്തർക്ക് പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു ജോലി കിട്ടുകയുമില്ല; ചലച്ചിത്ര വികസന കോർപ്പറേഷനെ കറവപശുവാക്കാൻ കള്ളക്കളികളുമായി ലെനിൻ രാജേന്ദ്രൻ; ചികിൽസയ്ക്ക് 30ലക്ഷം ഖജനാവിൽ നിന്ന് വാങ്ങിയ ചെയർമാന്റെ നടപടികൾ കോർപ്പറേഷനെ മുടിക്കുന്നത്; പരാതിയുമായി മന്ത്രി കടകംപള്ളിയുടെ യൂണിയനും

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. കെടു കാര്യസ്ഥതയും സാമ്പത്തിക ദുർവിനിയോഗവും കാരണം നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ചെയർമാൻ ലെനിൻ രാജേന്ദ്രന്റെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താൻ അണിയറ നീക്കം. ഇതിന്റെ ഭാഗമായി കോർപ്പറേഷനിൽ ജോലി ചെയ്യുന്ന അഞ്ചു പേരെ സ്ഥിരപ്പെടുത്താൻ അനുമതി തേടി ഈ മാസം എഴാം തിയ്യതി ചെയർമാൻ ലെനിൻരാജേന്ദ്രൻ തന്നെ സാംസ്കാരിക വകുപ്പ്് മന്ത്രിക്ക് കത്ത് നൽകി. സാംസ്കാരിക മന്ത്രിയുടെ ഓഫീസിൽ കിട്ടിയ കത്തിൽ പറയുന്നത് ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിവിധ യൂണീറ്റുകളിൽ കഴിഞ്ഞ 7 വർഷമായി ജോലി നോക്കുന്ന എം കെ കരീം, എസ് മണികണ്ഠൻ, വി ആർ ബെന്നി, വി കെ അംബിക, ജി. നളിനി, എന്നിവർ ദീർഘ നാളായി കോർപ്പറേഷനിൽ ജോലി നോക്കുകയാണന്നും പ്രായ പരിധി കഴിഞ്ഞതിനാൽ മറ്റൊരു ജോലി ഇനി ഇവർക്ക് ലഭിക്കില്ലന്നും അതിനാൽ സർവ്വീസിൽ സ്ഥിരപ്പെടുത്തണമെന്ന് ഇവർ അപേക്ഷിച്ചിട്ടുണ്ടെന്നുമാണ്.

ഈ ജീവനക്കാർഅച്ചടക്കത്തോടെയും ആത്മാർത്ഥതയോടെയും സേവനം അനുഷ്ടിച്ചു വരുന്നവരാണ് . ഇവരിൽ കൂടുതൽ പേരും പത്തു വർഷത്തിലധികമായി ഇവിടെ ജോലി ചെയ്തു വരുന്നവരാണ് അതിനാൽ ഇവരുടെ വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും അടിസ്ഥനമാക്കി കോർപ്പറേഷനിൽ ഒഴിവുള്ള തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിനുള്ള അനുമതി നൽകണം. കത്ത് നൽകിയ ശേഷം ഈ ആവിശ്യം ഉന്നയിച്ച് ചെയർമാൻ ലെനിൻ രാജേന്ദ്രൻ തന്നെ രണ്ടു വട്ടം മന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചിരുന്നു. മന്ത്രിയുടെ തിരക്കും ലെനിൻ രാജേന്ദ്രന്റെ ആരോഗ്യ പ്രശ്നങ്ങളും കാരണം കൂടിക്കാഴ്ച നടന്നില്ല. ചെയർമാൻ സ്ഥിരപ്പെടുത്താൻ നല്കിയ ലിസ്റ്റിൽ ഉള്ള മണികണ്ഠൻ ഇദ്ദേഹത്തിന്റെ താൽക്കാലിക ഡ്രൈവറാണ്. ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെ ജോലിയും കഴിഞ്ഞാണ് മണികണ്ഠൻ മടങ്ങുന്നതെന്ന് സഹ പ്രവർത്തകർ പറയുന്നു. അതായത് ചെയർമാന്റെ വീട്ടിലെ ഡ്രൈവറായും തോട്ടക്കാരനായും ഒക്കെ മണികണ്ഠൻ വേഷമിടാറുണ്ട്.

ഉദ്ദിഷ്ടക്കാര്യത്തിന് ഉപകാരസ്മരണയെന്നോണം മണികണ്ഠനെ മാത്രം സ്ഥിരപ്പെടുത്തിയാൽ മറ്റു താൽക്കാലിക ജീവനക്കാർ പ്രശ്നം ഉണ്ടാക്കുമെന്ന് മനസിലാക്കിയാണ് സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചെയർമാൻ പ്രത്യേക താൽപര്യമെടുത്ത് അഞ്ചു പേരെ സ്ഥിരപ്പെടുത്താൻ നടപടി തുടങ്ങിയിരിക്കുന്നത്. വിരമിച്ചവരെ നിയമിക്കരുത് എന്ന സർക്കാർ ഉത്തരവും കോർപ്പറേഷനിൽ ചെയർമാൻ ഇടപെട്ട് അട്ടിമറിച്ചു.വിരമിച്ച ജീവനക്കാരനെ അൻപതിനായിരം രൂപ പ്രതിമാസ ശമ്പളത്തിൽ ഫിനാൻസ് ഓഫീസറായി നിയമിച്ചു. ഈ നിയമനത്തിന് സർക്കാർ അനുമതി തേടിയില്ല. കാരണം വിരമിച്ചവരെ വീണ്ടും നിയമിക്കരുതെന്ന് മന്ത്രി ഓഫീസ് തന്നെ എം.ഡിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ചെയർമാന്റെ ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേരെ സ്ഥിരപ്പെടുത്തുന്നുവെന്ന് മനസിലാക്കി ഇവിടെത്തെ ജീവനക്കാരുടെ ഭരണ പക്ഷ സംഘടനയായ കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോർപ്പറേഷൻ എംപ്ലോയിസ് യൂണിയൻ മന്ത്രി എ കെ ബാലന് കത്ത് നൽകി.

79മുതൽ ഇവിടെത്തെ നിയമനങ്ങൾ പി എസ് സി ക്ക് വിട്ടതാണന്നും ഒക്ടോബറിൽ കൂടിയ കോർപ്പറേഷൻ ഭരണസമിതി ഇതിന് വിരുദ്ധമായി ചില നീക്കങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടന്നും ഒരു കാരണവശാലും അത് അനുവദിക്കരുതെന്നും കത്തിൽ പറയുന്നു. കെ എസ് എഫ് ഡി സി മാനേജ്മെന്റിനെ ഇക്കാര്യം അറിയിച്ചുവെങ്കിലും ചെവികൊണ്ടില്ലന്നും കത്തിലുണ്ട്. ഈ പിൻവാതിൽ നിമനത്തിന് പിന്നിൽ അഴിമതി ഉണ്ടെന്നും ഇഷ്ടക്കാരുടെ സ്ഥിര നിയമനത്തിന് വേണ്ടി മാനേജ്മന്റ് നടത്തുന്ന നീക്കങ്ങൾ നിർത്തിവെയ്ക്കാൻ മന്ത്രി ഇടപടെണമെന്നുമാണ് കത്തിലുള്ളത്. ചെയർമാൻ ലെനിൻ രാജേന്ദ്രൻ മന്ത്രിക്ക് കത്ത് നൽകിയ ദിവസം തന്നെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രക്ഷാധികാരിയായ സി ഐ ടി യു നിയന്ത്രണത്തിലുള്ള സംഘടനയും മന്ത്രിക്ക് കത്ത് നൽകിയത്. ചലച്ചിത്ര വികസന കോർപ്പേറഷനിൽ കഴിഞ്ഞ മാസം ശമ്പളം നൽകിയതു തന്നെ ഏറെ പണിപ്പെട്ടാണ് സാമ്പത്തിക വരുമാനം തുലോ തുച്ഛമായി ചെയർമാന്റെ പല നവീകരണ നടപടികളും പാളി ഇതും കോർപ്പറേഷന്റെ സാമ്പത്തിക ബാധ്യത കൂട്ടി. ഈ മാസം കോർപ്പറേഷനിലെ ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകുമെന്ന് ബന്ധപ്പെട്ട ജീവനക്കാർക്ക് നിശ്ചയമില്ല സാമ്പത്തിക പ്രതിസന്ധി അത്രയ്ക്ക് രൂക്ഷമാണ്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ ഇതുവരെ നല്കിയിട്ടില്ല. ആനുകൂല്യത്തിനായി ഓഫീസ് കയറി ഇറങ്ങുന്നവരോടു ഒഴിവു കഴിവു പറഞ്ഞ് മടുത്തിരിക്കയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ. കൂടാതെ ശമ്പളവർദ്ധനവ് നടപ്പിലാക്കണമെന്ന ശുപാർശ കോർപ്പറേഷന് മുന്നിലുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് കോർപ്പറേഷനിലെ ഇടതു വലതു യൂണിയനുകളെ എം ഡി അറിയിച്ചു കഴിഞ്ഞു.ഈ പ്രതിസന്ധിക്കിടെയാണ് ചെയർമാന് ചികിത്സ ചെലവിന് കോർപ്പേറഷൻ ഫണ്ടിൽ നിന്നും തന്നെ രണ്ടാഴ്ച മുൻപ് 30 ലക്ഷം അനുവദിച്ചത്. ഇക്കാര്യം മറുനാടൻ നേരെത്തെ റിപ്പോർട്ടു ചെയ്തിരുന്നു. മുഖ്യമന്ത്രി പ്രത്യേക അജണ്ടയായി വിഷയം മന്ത്രി സഭയിൽ വച്ചാണ് തുക നല്കാൻ അനുമതി നല്കിയത്. കരൾ രോഗത്തിന് ചികിത്സയിലുള്ള ലെനിൻ രാജേന്ദ്രൻ തന്റെ ചികിത്സക്കായി ആദ്യം ചലച്ചിത്ര വികസന കോർപ്പറേഷന്റെ ബോർഡു യോഗത്തിൽ പ്രത്യേക അജണ്ടയായി വെച്ച് നാലു ലക്ഷം പാസാക്കിയിരുന്നു.. ഇത് കൈപറ്റുകയും ചെയ്തു.

ഇതിന് പുറമെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പോകാൻ 30 ലക്ഷം അനുവദിക്കണമെന്ന് അപേക്ഷിച്ച് ലെനിൻ രാജേന്ദ്രൻ നേരിട്ടും എംഡി മുഖേനയും മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ മന്ത്രിക്കും നിവേദനം നല്കിയിരുന്നു. ചെയർമാന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് വഴി രണ്ടു ലക്ഷം കിട്ടുമെന്നും അതിന് പുറമെ ചെലവാകുന്ന തുക ചലച്ചിത്ര വികസന കോർപ്പറേഷൻ വഹിക്കുമെന്നും ഇതനായി ഏപ്രിൽ മാസത്തെ ബോർഡ് യോഗം തീരുമാനം എടുത്തുവെന്നും നിവേദനത്തിൽ പറയുന്നു. സ്ഥിരം ജീവനക്കാർക്ക് ശമ്പളത്തോടൊപ്പം ചികിത്സാനുകൂല്യം നൽകി വരുന്നു. എന്നാൽ ചെയർമാന് ആ ആനുകൂല്യം ലഭിക്കുന്നില്ല. ജീവനക്കാർക്ക്' ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. കരൾ മാറ്റിവെയ്ക്കുന്നതിന് 30 ലക്ഷം രൂപ ചെലവ് വരുമെന്ന് അപ്പോള' ആശുപത്രി അറിയിച്ചിട്ടുണ്ട്. അത് എം ഡി ക്ക് അനുവദിക്കാവുന്നതിലും ഉയർന്ന തുകയാണ്. ആയതിനാൽ ഈ തുക അനുവദിക്കാനുള്ള അനുമതി തരണമെന്നാണ് എം ഡി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

ഇതിന് പുറമെ ലെനിൻ രാജേന്ദ്രന്റെ സമ്മർദ്ദം കൂടിയായപ്പോൾ മന്ത്രിസഭ തീരുമാനം എടുത്ത ശേഷം മുഖ്യമന്ത്രി ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡിയോടു ഈ തുക അനുവദിക്കാൻ നിർദ്ദേശം നല്കുകയായിരുന്നു.. ഒപ്പം ചെയർമാന്റെ ഭാരിച്ച ചികിത്സ ചെലവ് കോർപ്പറേഷനിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ലന്ന കാര്യവും രേഖാമുലം അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. പ്രളയം ഏല്പിച്ച ആഘാതത്തിൽ നിന്നും കരകയറാൻ സാലറി ചലഞ്ച് അടക്കം പലവഴികൾ സർക്കാർ തേടുമ്പോഴാണ് കോർപ്പറേഷൻ ചെയർമാന് ചികിത്സക്കായുള്ള ധൂർത്തിന് സർക്കാർ തന്നെ കൂട്ടു നിന്നത്. പ്രതിസന്ധിക്കിടയിലും ഈ വർഷം തന്നെ ചെയർമാൻ നിരവധി പദ്ധതികളാണ പ്രഖ്യാപിച്ചത്.100 ആധുനിക സിനിമാ തീയേറ്ററുകൾ തുടങ്ങാൻ പദ്ധതിയിടുന്നുവെന്നായിരുന്നു അദ്ദേഹതത്തിന്റെ ഒരു പ്രഖ്യാപനം. പ്രധാന നഗരങ്ങളിൽ തുടങ്ങുന്ന സിനിമ തിയേറ്ററുകൾക്കു പുറമെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് മൂന്നു സിനിമാ ഹൗസുകൾ നിർമ്മിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോ 150 കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും.പദ്ധതിക്കായി കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽനിന്നും 100 കോടി രൂപ വായ്പ തേടും.

സിനിമ തിയേറ്റർ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 30 തീയേറ്ററുകൾ ആധുനികമാക്കും. . കൂടുതൽ തീയേറ്ററുകൾ നിർമ്മിക്കാൻ പൊതുസ്വകാര്യ പങ്കാളിത്തത്തെക്കുറിച്ചും ആലോചിക്കുന്നു. ഗവണ്മെന്റിന്റെ പദ്ധതിക്ക് പ്രത്യേകിച്ചും പ്രവാസി കേരളീയരുടെ സഹകരണം ഉണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങൾ ഭൂമി നൽകിയാൽ കൂടുതൽ തിയേറ്ററുകൾ നിർമ്മിക്കാൻ കെഎസ്എഫ്ഡിസി സന്നദ്ധമാണ്. രണ്ടു തീയേറ്ററുകളുള്ള ഒരു സമുച്ചയം നിർമ്മിക്കാൻ 50 സെന്റ് സ്ഥലം ആവശ്യമാണ്. മൂന്നു തിയേറ്ററുകളുടെ സമുച്ചയം നിർമ്മിക്കാൻ 80 സെന്റ് സ്ഥലം മതിയാകും. പുതിയ സിനിമകൾ ലഭിക്കാത്തതു കാരണം ഗ്രാമീണ മേഖലയിലെ തീയേറ്ററുകൾ അടച്ചുപൂട്ടുന്നതിനുള്ള പരിഹാരമെന്ന നിലയിലാണ് ലെനിൻ രാജേന്ദ്രൻ ഇത്തരം നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്. എന്നാൽ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞു വെങ്കിലും ഒന്നു പോലും നടന്നിട്ടല്ലായെന്നതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP