Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിഡ്‌നി രോഗം കൊണ്ട് വലഞ്ഞിട്ടും കുഞ്ഞമ്മ മരിച്ചിട്ടും വീട്ടിലേക്ക് വിടാതെ തൊഴിലുടമ; രോഗം മൂർച്ഛിച്ച് മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് മുന്നിലെ വഴിയെന്ന് പറഞ്ഞ് കരഞ്ഞ് ബാബുവെന്ന തൊഴിലാളി; നാട്ടിലേക്ക് വിടണമെന്ന് പറഞ്ഞ് സഹായം തേടി എത്തിയിട്ടും അനങ്ങാതെ എംബസി അധികൃതർ; സ്‌കില്ലോ ടെക് റിക്രൂട്ടിങ് ഏജൻസിയുടെ ചതിയിൽപെട്ട് അലയുന്ന മലയാളികളെ തേടി മറുനാടൻ പ്രതിനിധി ദുബായിലെ ലേബർ ക്യാമ്പിൽ ചെന്നപ്പോൾ കണ്ടത് ദയനീയ കാഴ്ചകൾ

കിഡ്‌നി രോഗം കൊണ്ട് വലഞ്ഞിട്ടും കുഞ്ഞമ്മ മരിച്ചിട്ടും വീട്ടിലേക്ക് വിടാതെ തൊഴിലുടമ; രോഗം മൂർച്ഛിച്ച് മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് മുന്നിലെ വഴിയെന്ന് പറഞ്ഞ് കരഞ്ഞ് ബാബുവെന്ന തൊഴിലാളി; നാട്ടിലേക്ക് വിടണമെന്ന് പറഞ്ഞ് സഹായം തേടി എത്തിയിട്ടും അനങ്ങാതെ എംബസി അധികൃതർ; സ്‌കില്ലോ ടെക് റിക്രൂട്ടിങ് ഏജൻസിയുടെ ചതിയിൽപെട്ട് അലയുന്ന മലയാളികളെ തേടി മറുനാടൻ പ്രതിനിധി ദുബായിലെ ലേബർ ക്യാമ്പിൽ ചെന്നപ്പോൾ കണ്ടത് ദയനീയ കാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ് : വാഗ്ദാനം ചെയ്ത വേതനം നൽകാതെ തൊഴിലാളികളെ വഞ്ചിക്കുകയും മനുഷ്യത്വരഹിതമായി പെരുമാറുകയും ചെയ്യുന്ന ചില കമ്പനികളുടെ ചതിയിൽ മലയാളി ഇപ്പോഴും കുടുങ്ങുന്നു. ഇതിന് മാറ്റം വരുത്താൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലുകൾക്കും കഴിയുന്നില്ല. മലയാളികളെ പറഞ്ഞു പറ്റിച്ച് വിദേശത്തേക്ക് കൊണ്ടു പോയി ലക്ഷങ്ങൾ തട്ടുന്ന ഏജൻസികൾ ഇപ്പോഴുമുണ്ട്. ഇങ്ങനെ ദുബായിലെത്തുന്നവരുടെ ദുരിത ജീവിതം മറുനാടൻ മലയാളി പലപ്പോഴും തുറന്നു കാട്ടിയിരുന്നു. ദുബായിലെ ഇ അർമ എലക്രോപാങ്ക എന്ന കമ്പനിയിലെ ഷിബുവിന്റെ വേദന മറുനാടൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ഈ കമ്പനിയുടെ ലേബർ ക്യാമ്പിലെത്തിയ മറുനാടൻ പ്രതിനിധിക്ക് കാണാനായത് ഞെട്ടിക്കുന്ന കഥകളാണ്.

പാവം തൊഴിലാളികളുടെ നിസ്സഹായാവസ്ഥയാണ് നാട്ടിലും വിദേശത്തും റിക്രൂട്ടിങ് ഏജൻസികളും തൊഴിൽ വാഗ്ദാനം ചെയ്യുന്ന കമ്പനികളും ചൂഷണം ചെയ്യുന്നത്. ദുബായിലെ ഇ അർമ എലക്രോപാങ്ക എന്ന കമ്പനിയാണ് തൊഴിലാളികളോട് കൊടുംക്രൂരത കാട്ടുന്നത്. ഈ കമ്പനിയിൽ ഒരുവർഷത്തോളമായി ഇന്ത്യൻ തൊഴിലാളികൾ ശമ്പളമില്ലാതെയും, വിസ പുതുക്കാതെയും ദുരിതത്തിൽ കഴിയുകയാണ്. 50 ഓളം മലയാളികളും ഇവരിൽ പെടുന്നു. ഇതിലൊരളാണ് കൊണ്ടോട്ടിക്കാരനായ ബാബു. ബാബു എറണാകുളത്തെ സ്‌കില്ലോ ടെക് എന്ന റിക്രൂട്ട്മെന്റ് ഏജൻസി വഴിയാണ് ദുബായിലെ അ അർമ കമ്പനിയിൽ ഫോർമാനായി ജോലിക്ക് അപേക്ഷിട്ടത്. അന്ന് മുതൽ ദുരിത ജീവിതമാണ്. കിഡ്‌നിക്ക് രോഗം വന്നിട്ടും ചികിൽസിക്കാൻ പോലും കഴിയാത്ത അവസ്ഥ.

ഇത്തരത്തിൽ ഇന്ത്യൻ തൊഴിലാളികളെ ചൂഷണം ചെയുന്ന കമ്പനികളെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് ഉടൻ കരിമ്പട്ടികയിൽ പെടുത്തുകയും അവർക്കു വേണ്ടി റിക്രൂട്ട്മെന്റ് നടത്തുന്ന ഏജൻസിയുടെ ലൈസെൻസ് സസ്പെൻഡ് ചെയേണ്ടതുമാണ്. എന്നാൽ ചെയ്യേണ്ടവർ പാവപ്പെട്ടവരുടെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ തട്ടിപ്പുകാർക്ക് നല്ലകാലവും. ദുബായിലെ ഇന്ത്യൻ എംബസിയും തട്ടിപ്പിൽ പെടുന്നവരുടെ കണ്ണുനീർ കാണുന്നില്ല. ഇതോടെ വിസ ഇല്ലാതെ പോലും ദുബായിൽ കഴിയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. സർക്കാർ ഏജൻസികൾ വഴി മാത്രമേ റിക്രൂട്ട്‌മെന്റുകൾ പാടുള്ളൂവെന്ന വ്യവസ്ഥകൾ അട്ടിമറിക്കുന്നതാണ് ഇതിനെല്ലാം കാരണം. ബാബുവിന്റെ ദുരിതവും ഇതിന് തെളിവാണ്.

ബാബു ദുബായിൽ എത്തിയതു മുതൽ കഷ്ടകാലമാണ്. ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിനിടെയിൽ കിഡ്‌നി രോഗമെത്തി. ചികിൽസാ ചെലവ് വളരെ കൂടുതലാണ് ഇവിടെ. അതുകൊണ്ട് തന്നെ ചികിൽസിക്കാൻ കഴിയുന്നതുമില്ല. ഈ സാഹചര്യത്തിൽ എങ്ങനേയും നാട്ടിലെത്തുകയാണ് ഏക മാർഗ്ഗം. ഇതിന് കമ്പനിയും റിക്രൂട്ട്‌മെന്റ് ഏജൻസിയും ഒന്നും സൗകര്യമൊരുക്കുന്നില്ല. ദുബായിലെ പണച്ചെലവ് കണക്കിലെടുത്ത് നാട്ടിൽ പോയി ചികിൽസിക്കുന്നതാണ് നല്ലതെന്ന ഡോക്ടർമാർ ഉപദേശിച്ചു കഴിഞ്ഞു. പക്ഷേ എംബസി പോലും കൈമടക്കുമ്പോൾ ബാബുവിന് ദുബായിൽ നരകജീവിതമാണ് ബാക്കി.

വിസയില്ലാതെയാണ് അഞ്ച് മാസമായി ബാബു കഴിയുന്നത്. അതുകൊണ്ട് തന്നെ ജോലിയും ഇല്ല. ശമ്പളമില്ല. ഓഫീസിൽ പോകുമ്പോൾ ആരും ഒന്നും പറയുന്നില്ല. കിഡ്‌നിക്ക് രോഗമുണ്ടെന്ന് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചിട്ടും ആരും ഒന്നും ചെയ്തില്ല. ഉടൻ ചികിൽസ തുടങ്ങണം. ഇല്ലെങ്കിൽ നാട്ടിൽ പോയി ചികിൽസിക്കാനാണ് ഡോക്ടർ പറയുന്നത്. ഹോട്ടലിൽ നാല് മാസമേ താമസിക്കാനാകു. അങ്ങനെ ദുരിതങ്ങൾ മാത്രമേ മറുനാടനോട് ബാബുവിന് പങ്കുവയ്ക്കാനുള്ളൂ. കണ്ണീരുമായി ബാബു പറയുന്നത് പക്ഷേ അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

കിഡ്‌നി രോഗം സ്ഥിരീകരിക്കുന്നത് ദുബായിലെ ആശുപത്രിയാണ്. അതുകൊണ്ട് തന്നെ ബാബു കള്ളം പറയുന്നില്ലെന്ന് ഏവർക്കും മനസ്സിലാകുന്നതുമാണ്. എന്നിട്ടും ആരും എടപ്പാളുകാരന്റെ ജീവൻ രക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ല. സമാന വേദനകളുമായി നിരവധി പേരാണ് ഈ കമ്പനിയുടെ ലേബർ ക്യാമ്പിലുള്ളത്. ദുബായിലെ തൊഴിൽ പ്രശ്‌നങ്ങളിൽ ലേബർ കോർട്ടിൽ പോയാൽ കേസ് തീരാൻ മാസങ്ങളെടുക്കും. ഈ സാഹചര്യത്തിൽ ബാബു സഹായിക്കാൻ ദുബായിലെ ഇന്ത്യൻ ഏംബസിക്ക് മാത്രമേ സാധിക്കുകയുള്ളു. ഇത് ഉദ്യോഗസ്ഥരും മനസ്സിലാക്കുന്നില്ല. ബാബുവിനെ പോലെ ഒരുപാട് ഇന്ത്യൻ തൊഴിലാളികൾ ഈ കമ്പനിയിൽ ശമ്പളവും വിസയും ഇല്ലാതെ ദുരിതം അനുഭവിക്കുന്നുണ്ട്. ഇതിൽ ഷിബുവിനെ കുറിച്ച് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സ്‌കില്ലോ ടെക് റിക്രൂട്ടിങ് ഏജൻസിയുടെ തൃശൂർ ബ്രാഞ്ച് വഴിയാണ് ഷിബു ദുബായിലെത്തിയത്. ബാബുവിനെ എത്തിച്ചത് എറണാകുളത്തെ ബ്രാഞ്ചും. ഷിബുവിനെയും ബാബുവിനേയും ചതിച്ച സ്‌കില്ലോ ടെക് റിക്രൂട്ടിങ് ഏജൻസി വഴിയും മറ്റുഏജൻസികൾ വഴിയും അ അർമ കമ്പനി ഇപ്പോളും ഇന്ത്യയിൽ നിന്ന് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. പുതിയ തൊഴിലാളികൾ വന്നാൽ രണ്ടുവർഷത്തേക്ക് അവരെ ഉപയോഗിക്കാം എന്നത് മാത്രമല്ല പഴയ ജീവനക്കാർക്ക് ശമ്പളം കൊടുക്കാതിരിക്കുകയും ചെയ്യാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെ തൊഴിൽ തട്ടിപ്പുകൾ തടയാൻ കേന്ദ്ര സർക്കാർ ഇ മൈഗ്രേറ്റ് സംവിധാനം നടപ്പാക്കിയിരുന്നു. ഇത് ഫലം കണ്ടില്ലെന്നാണ് ബാബുവിന്റെ കഥ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP