Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ ബന്ധം നമുക്ക് പറ്റിയതല്ലന്നും നിങ്ങൾ ഒരു വാക്ക് പറഞ്ഞാൽ മതി അവനെ പൊക്കിക്കൊണ്ടുവരാമെന്നും നിലപാട് എടുത്തു; ചാക്കോയും രഹനയും മൗനം പാലിച്ചപ്പോൾ ഷാനുവിനേയും കൂട്ടി തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തതും ഡിവൈഎഫ്‌ഐ നേതാവ്; മരുമകന്റെ ജീവത സാഹചര്യങ്ങൾ നീനുവിന്റെ കുടുംബത്തെ ധരിപ്പിച്ചതും രഹനയുടെ അടുത്ത ബന്ധു; ദുരഭിമാനക്കൊലയിലെ മുഖ്യ ആസൂത്രകൻ നിയാസെന്ന് കോട്ടയം എസ് പി മറുനാടനോട്; ഗൂഢാലോചനയിൽ രഹനയ്ക്ക് പങ്കുള്ളതിന് തെളിവില്ലെന്നും പൊലീസ്; കെവിന്റേതുകൊലപാതകം തന്നെ

ഈ ബന്ധം നമുക്ക് പറ്റിയതല്ലന്നും നിങ്ങൾ ഒരു വാക്ക് പറഞ്ഞാൽ മതി അവനെ പൊക്കിക്കൊണ്ടുവരാമെന്നും നിലപാട് എടുത്തു; ചാക്കോയും രഹനയും മൗനം പാലിച്ചപ്പോൾ ഷാനുവിനേയും കൂട്ടി തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തതും ഡിവൈഎഫ്‌ഐ നേതാവ്; മരുമകന്റെ ജീവത സാഹചര്യങ്ങൾ നീനുവിന്റെ കുടുംബത്തെ ധരിപ്പിച്ചതും രഹനയുടെ അടുത്ത ബന്ധു; ദുരഭിമാനക്കൊലയിലെ മുഖ്യ ആസൂത്രകൻ നിയാസെന്ന് കോട്ടയം എസ് പി മറുനാടനോട്; ഗൂഢാലോചനയിൽ രഹനയ്ക്ക് പങ്കുള്ളതിന് തെളിവില്ലെന്നും പൊലീസ്; കെവിന്റേതുകൊലപാതകം തന്നെ

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: കെവിന്റെ മരണത്തിൽ കലാശിച്ച തട്ടിക്കൊണ്ടുപോകലിനും പിന്നാലെയുള്ള സംഭവ പരമ്പരകൾക്കും വഴിതെളിച്ചത് രഹനയുടെ ബന്ധു നിയാസിന്റെ ഇടപെടലെന്ന് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളെ ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും നടത്തിയ ചോദ്യം ചെയ്യലിലാണ് അന്വേഷക സംഘത്തിന് ഇക്കാര്യം വ്യക്തമായത്. ഡിവൈഎഫ് ഐ നേതാവായിരുന്നു നിയാസ്.

കെവിന്റെ ജീവിത സാഹചര്യങ്ങൾ ബോദ്ധ്യപ്പെട്ട ശേഷം നീനുവിന്റെ വീട്ടിലെത്തിയ നിയാസ് 'ഈ ബന്ധം നമുക്ക് പറ്റിയതല്ലന്നും നിങ്ങൾ ഒരു വാക്ക് പറഞ്ഞാൽ മതി അവനെ ഞാൻ പൊക്കിക്കൊണ്ടുവരാമെന്ന് മാതാപിതാക്കളോട് പറഞ്ഞെന്നും ഇവർ മൗനം പാലിച്ചപ്പോൾ ഷാനു ഉൾപ്പെടെയുള്ളവരെയും കൂട്ടി ഇയാൾ തട്ടിക്കൊണ്ടുവരൽ ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ മറുനാടനോട് വ്യക്തമാക്കി.

ഇതുവരെയുള്ള അന്വേഷണത്തിൽ നീനുവിന്റെ മാതാവ് രഹനയെ പ്രതിയാക്കത്തക്ക തെളിവുകളോ മൊഴികളോ ലഭിച്ചിട്ടില്ല. വീട്ടിൽ നടന്ന ചർച്ചകൾ അവർ അറിഞ്ഞിരുന്നെന്നും എന്നാൽ ഇവർ കൃത്യത്തിൽ പങ്കാളിയാവാൻ വീട് വിട്ട് പുറത്തിറങ്ങിയതിന് തെളിവ് ലഭിച്ചിട്ടില്ലന്നും പൊലീസ് പറയുന്നു. കൃത്യത്തിൽ ഇവർക്ക് പങ്കുണ്ടോ എന്നറിയാൻ പൊലീസ് കസ്റ്റഡിയിലുള്ള ഇവരുടെ ഭർത്താവ് ചാക്കോയെ ഒരുവട്ടംകൂടി ചോദ്യം ചെയ്യുമെന്നും എസ് പി പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ച ഉടനെ ഗാന്ധിനഗർ സ്‌റ്റേഷനിൽ നിന്നും ചാക്കോയെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയിൽ പോകുകയാണെന്ന് അയൽക്കാരെ അറിയിച്ച ശേഷം രഹനയെയും കൂട്ടി ചാക്കോ സ്ഥലം വിടുകയായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കേസിൽ പ്രതിയാക്കുമെന്നുള്ള സംശയത്താലാവാം ഇവർ മാറി നിൽക്കുന്നതെന്നും ഇവരെ കണ്ടെത്തി നോട്ടീസ് നൽകി ചോദ്യം ചെയ്യുന്നതിനായി ഹാജരാക്കാൻ പുനലൂർ ഡി വൈ എസ് പി യെ ചുമതലപ്പെടുത്തിയായും എസ് പി അറിയിച്ചു. പൊലീസിന്റെ ഈ കണ്ടെത്തൽ കേസിലെ നിർണ്ണായ വഴിത്തിരിവാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. മകളെ തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ട് വിദേശത്തായിരുന്ന മകനെ രഹന വിളിച്ചുവരുത്തിയെന്നും കെവിന്റെ താമസ്ഥലം കണ്ടെത്തി വിവരങ്ങൾ കൈമാറിയെന്നും മറ്റുമായിരുന്നു ഇവർക്കെതിരെ ഉയർന്നിരുന്ന പ്രധാന ആരോപണം. ഇപ്പോഴത്തെ പൊലീസ് കണ്ടെത്തൽ പ്രകാരം പരോക്ഷമായിപ്പോലും ഈ കൃത്യത്തിൽ ഇവർക്ക് പങ്കില്ലന്ന് സ്ഥിരീകരിക്കപ്പെട്ടതായിട്ടാണ് പൊലീസ് പറയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിയ്‌ക്കേണ്ടതുണ്ടെന്നും ഇതിനായിട്ടാണ് നോട്ടീസ് നൽകി വിളിപ്പിക്കുന്നതെന്നും തെളിവ് ലഭിക്കുന്ന ഘട്ടമെത്തിയാൽ ഇവരെ കേസിൽ പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസന്വേഷണത്തിന്റെ പ്രാഥമീക ഘട്ടം പൂർണ്ണമാവുമെന്നാണ് സൂചന. കെവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി വന്ന ശേഷമേ കേസിൽ കൂടുതൽ ആന്വേഷണം ആവശ്യമുണ്ടോ എന്നകാര്യം തീരുമാനിക്കു എന്നാണ് അറിയുന്നത്. കെവിൻ മരണപ്പെട്ടത് വെള്ളം ഉള്ളിൽച്ചെന്നാണ് എന്നു മാത്രമാണ് ഇപ്പോൾ സ്ഥിരീകരണമായിട്ടുള്ളു. ഓടി രക്ഷപെടുമ്പോൾ പുഴയിൽ പതിച്ചതാണോ ആരെങ്കിലും വെള്ളിത്തിൽ മുക്കി കൊലപ്പെടുത്തിയതാണോ എന്നിങ്ങനെയുള്ള സംശയങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്തുക എന്നതാണ് ഇനിയുള്ള അന്വേഷക സംഘത്തിന്റെ പ്രധാന ദൗത്യം.

ഇന്നലെ പ്രതികളുമായി എത്തി നടത്തിയ തെളിവെടുപ്പിൽ ഈ രണ്ട് സാദ്ധ്യതകളും അന്വേഷക സംഘം വിലയിരുത്തി. ചെങ്കുത്തായ പ്രദേശത്തുകൂടി രക്ഷപെടുന്നതിനിടെ കെവിൻ പുഴയിൽ പതിച്ചതാവുമെന്ന അനുമാനത്തിനാണ് അന്വേഷക സംഘം കൂടുതൽ പരിഗണന നൽകുന്നതെന്നാണ് ലഭ്യമായ വിവരം. കെവിന്റെ ദേഹത്ത് കണ്ടെത്തിയ ഉരഞ്ഞ പാടുകളും മൃതദ്ദേഹം കണ്ടെത്തിയ പുഴയും റോഡും തമ്മിലുള്ള ദൂരവും പ്രദേശത്തിന്റെ ചരിഞ്ഞ അവസ്ഥയുമെല്ലാം കണക്കിലെടുത്താണ് അന്വേഷക സംഘം ഈ നിഗമനത്തിലെത്തിയതെ ന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP