Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോക്ക് കൈവശം വച്ചതിന് പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്ത ഗുണ്ടാ നേതാവ് അനസിന് കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസുമായി ബന്ധമെന്ന് സംശയം; അധോലോക കുറ്റവാളി രവി പൂജാരി നേരിട്ട് ആസൂത്രണം ചെയ്ത വെടിവെയ്‌പ്പ് നടപ്പാക്കിയത് അനസോ? ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത് അനസിൽ നിന്നും കണ്ടെടുത്ത തോക്കിൽ നിന്നെന്ന് സംശയം; പെരുമ്പാവൂർ പൊലീസിൽ നിന്നും വിവരങ്ങൾ തിരക്കി ക്രൈംബ്രാഞ്ച് സംഘം

തോക്ക് കൈവശം വച്ചതിന് പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്ത ഗുണ്ടാ നേതാവ് അനസിന് കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസുമായി ബന്ധമെന്ന് സംശയം; അധോലോക കുറ്റവാളി രവി പൂജാരി നേരിട്ട് ആസൂത്രണം ചെയ്ത വെടിവെയ്‌പ്പ് നടപ്പാക്കിയത് അനസോ? ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത് അനസിൽ നിന്നും കണ്ടെടുത്ത തോക്കിൽ നിന്നെന്ന് സംശയം; പെരുമ്പാവൂർ പൊലീസിൽ നിന്നും വിവരങ്ങൾ തിരക്കി ക്രൈംബ്രാഞ്ച് സംഘം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കൊച്ചി നഗരമധ്യത്തിലെ ആഡംബര ബ്യൂട്ടിപാർലറിൽ പട്ടാപ്പകൽ രണ്ട് പേർ ബൈക്കിൽ തോക്കുമായി എത്തി വെടിയുതിർത്ത സംഭവത്തിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്തത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണോ എന്ന സംശയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തോക്ക് കൈവശം വച്ചതിന് പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്ത ഗുണ്ടാ നേതാവിവ് അനസിനാണ് കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് കേസ്സിൽ ബന്ധമുണ്ടെന്ന് സംശയം ഉടലെടുത്തത്.

സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി വരുന്ന ക്രൈംബ്രാഞ്ച് സംഘം പെരുംമ്പാവൂർ പൊലീസിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത് അനസ്സിൽ നിന്നും പൊലീസ് കണ്ടെടുത്ത തോക്കിൽ നിന്നാണോ എന്നാണ് പ്രധാനമായും പൊലീസ് സംശയിക്കുന്നത്. ഈ കേസിൽ അനസും ഉൾപ്പെട്ടിരിക്കാമെന്ന് അന്വഷണ സംഘത്തിന് സംശയമുണ്ട്. മുംബൈ അധോലോകത്തിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരി നേരിട്ടിടപെട്ടാണ് വെടിവയ്‌പ്പ് ആസൂത്രണം ചെയ്തതെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. അനസുമായി ബന്ധം പുലർത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നെല്ലിക്കുഴി സ്വദേശിയും പെരുമ്പാവൂർ പൊലീസിൽ ജോലി ചെയ്തുവരികയും ചെയ്യുന്ന യുവ പൊലീസ് കോൺസ്റ്റബിളിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

മംഗളൂരുവിൽ ഗുണ്ടാ നേതാവ് സി എസ് ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയാണ് അനസ്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയതത്. കളമശ്ശേരി ബസ് കത്തിക്കൽ, വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അനസെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഡിസംബർ 15-നാണ് കൊച്ചി നഗര മധ്യത്തിൽ ബ്യൂട്ടി പാർലറിന് നേരെ ആക്രമണം അരങ്ങേറിയത്.

കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ബ്യൂട്ടി പാർലർ വെടിവയ്പ് കേസുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നടപ്പാക്കിയെന്ന സംശയത്തിൽ രണ്ട് പേരെ നാല് മാസം കഴിഞ്ഞാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. അധോലോക കുറ്റവാളി രവി പൂജാരിയുമായി അടുത്ത ബന്ധമുള്ള കാസർകോട്ടെ ഒരാൾ നൽകിയ ക്വട്ടേഷൻ എറണാകുളം സ്വദേശികളായ ബിലാലും വിപിൻ വർഗീസും എടുക്കുകയായിരുന്നു. വാഗ്ദാനം ചെയ്തത് അമ്പത് ലക്ഷം രൂപയാണെന്നുമായിരുന്നു വാർത്തകൾ.

കൊച്ചി നഗരത്തിലെ സമ്പന്നർ കഴിയുന്ന ഇടമായ പനമ്പള്ളി നഗറിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്ത രണ്ടു പ്രതികളും ഡിസംബർ 15-ന് കൃത്യം നടപ്പാക്കിയതിന് ശേഷം രക്ഷപ്പെട്ടത് 'അമേരിക്ക'യിലേക്കാണ്. ഇനി അമേരിക്കയിലെ കുപ്രസിദ്ധമായ 'ഡിട്രോയിറ്റ് തെരുവിലേ'ക്കോ മറ്റോ ആണെന്ന് അദ്ഭുതപ്പെടണ്ട. കൊച്ചിയിൽത്തന്നെയായിരുന്നു ഇരുവരും. കൊച്ചിയിലെ 'അമേരിക്ക' എന്നറിയപ്പെടുന്ന ഒളി സങ്കേതത്തിലേക്കാണ് ബൈക്കുമായി പ്രതികളായ ബിലാലും വിപിൻ വർഗീസും പറന്നെത്തിയത്.

മുംബൈയിലെ അധോലോക കുറ്റവാളിയായ രവി പൂജാരിയുടെ സംഘാംഗമായ കാസർകോട് സ്വദേശി നൽകിയ ക്വട്ടേഷനാണ് എറണാകുളം സ്വദേശികളായ ബിലാലും, വിപിൻ വർഗീസും ഏറ്റെടുത്തത്. 50 ലക്ഷം രൂപയുടേതായിരുന്നു ക്വട്ടേഷൻ. ബ്യൂട്ടിപാർലറിലെത്തി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കണമെന്നതായിരുന്നു ക്വട്ടേഷൻ. പക്ഷേ കൃത്യം നടത്തിയശേഷം ഇതുവരെ ലഭിച്ചത് വെറും 45000 രൂപ മാത്രമാണെന്നാണ് ഇരുവരും ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇവർക്കൊപ്പം അനസിനും പങ്കാളിത്തമുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം പനമ്പിള്ളി നഗറിലെ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തെ ചുറ്റിപ്പറ്റി ചില സംശയങ്ങൾ പൊലീസിന് തുടക്കത്തിൽ തന്നെയുണ്ടായിരുന്നു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി 25 കോടി രൂപയാണ് രവി പൂജാരി ആവശ്യപ്പെട്ടത്. തുക നൽകാതിരുന്നപ്പോൾ വീണ്ടും നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ലീന പൊലീസിൽ ഇത് പരാതിയായി അറിയിക്കും മുൻപേ പൊലീസ് ഈ വിവരങ്ങൾ അറിഞ്ഞിരുന്നു എന്നാണ് സൂചന. രവി പൂജാരി ബ്യൂട്ടി പാർലറിൽ ക്വട്ടേഷൻ നൽകി ആക്രമണം നടത്തുമെന്നും പൊലീസിന് വിവരമുണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഒരു ഡോക്ടർ വഴിയാണ് ലീനയും രവി പൂജാരിയുമായുള്ള തർക്കം പൊലീസ് അറിഞ്ഞത്. വെടിവയ്പ് നടക്കുന്നതിന് 3 ദിവസം മുൻപ് വരെ സിറ്റിയിലെ ഷാഡോ പൊലീസ് ബ്യൂട്ടി പാർലറിന് സമീപം കാവൽ നിന്നിരുന്നു. ഈ ബഹളത്തിനിടയ്ക്ക് മികച്ച ബ്യൂട്ടിപാർലറിനുള്ള പുരസ്‌കാരം കരീന കപൂറിൽ നിന്നും ഉടമ ലീന മരിയ പോൾ ഏറ്റുവാങ്ങുന്ന ചിത്രം ദേശീയ മാധ്യമം പ്രസിദ്ധീകരിച്ചതും കൗതുകമുണർത്തിയിരുന്നു.

സംസ്ഥാനത്ത് അപൂർവമായി കണക്കാക്കുന്ന കേസുകളിലൊന്നാണ് ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്. രവി പൂജാരിയുടെയടക്കം പങ്ക് വെളിപ്പെട്ടതോടെ ഉന്നത പൊലീസ് സംഘം കേസിൽ നേരിട്ട് ശ്രദ്ധ പുലർത്തിയിരുന്നു. സെനഗലിൽ വച്ച് പൂജാരി പിടിയിലായതോടെ ആകാംക്ഷ വർദ്ധിച്ചു. കേസിൽ കേരളത്തിൽ തുമ്പുണ്ടാക്കുകയും പട്ടാപ്പകൽ കൊച്ചി പോലൊരു നഗരമധ്യത്തിൽ വെടിവയ്പ് നടത്തുകയും ചെയ്ത പ്രതികളെ പിടികൂടുകയെന്നത് സേനയുടെ അഭിമാന പ്രശ്‌നമാവുകയും ചെയ്തു.

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറായിരുന്ന പി.പി. ഷംസ് തെരഞ്ഞെടുപ്പിനെതുടർന്ന് കട്ടപ്പനയിലേക്ക് സ്ഥലം മാറിപ്പോയതിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണസംഘത്തിലടക്കം പ്രധാനിയായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോസി ചെറിയാനായി പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. ഇതു കൂടാതെ സബ് ഇൻസ്‌പെക്ടർ കെ.എക്‌സ്. സിൽവസ്റ്റർ, എസ്‌ഐമാരായ വിനായകൻ, സുരേഷ്, മധുസൂദനൻ, ജോസി. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു, അനിൽകുമാർ, ഹരികുമാർ,ഡിനിൽ, റക്‌സിൻ പൊടുത്താസ് എന്നിവരും സംഘാംഗങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP