Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിയിൽ നിന്ന് അവധി എടുക്കാൻ കോടിയേരി സന്നദ്ധൻ; മറ്റെന്നാൾ ചേരുന്ന യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും സാധ്യത; ബാർ ഡാൻസറുടെ പരാതിയിൽ മകൻ കുടുങ്ങിയെന്ന് ഉറപ്പായപ്പോൾ ഓടിയെത്തിയത് പിണറായിയുടെ അടുത്ത്; അവധി എടുക്കാമെന്ന് അറിയിച്ചപ്പോൾ മുഖ്യൻ നൽകിയത് കാത്തിരിക്കാനുള്ള ഉപദേശം; നാണക്കേടിൽ നിന്ന് തലയൂരാൻ കടുത്ത നടപടി വേണമെന്ന് കേന്ദ്ര നേതൃത്വവും; പുതിയ സെക്രട്ടറിയെ കണ്ടെത്താൻ ആലോചന സജീവം; ബിനോയ് കേസിൽ സിപിഎം പ്രതിരോധത്തിൽ തന്നെ

പാർട്ടിയിൽ നിന്ന് അവധി എടുക്കാൻ കോടിയേരി സന്നദ്ധൻ; മറ്റെന്നാൾ ചേരുന്ന യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും സാധ്യത; ബാർ ഡാൻസറുടെ പരാതിയിൽ മകൻ കുടുങ്ങിയെന്ന് ഉറപ്പായപ്പോൾ ഓടിയെത്തിയത് പിണറായിയുടെ അടുത്ത്; അവധി എടുക്കാമെന്ന് അറിയിച്ചപ്പോൾ മുഖ്യൻ നൽകിയത് കാത്തിരിക്കാനുള്ള ഉപദേശം; നാണക്കേടിൽ നിന്ന് തലയൂരാൻ കടുത്ത നടപടി വേണമെന്ന് കേന്ദ്ര നേതൃത്വവും; പുതിയ സെക്രട്ടറിയെ കണ്ടെത്താൻ ആലോചന സജീവം; ബിനോയ് കേസിൽ സിപിഎം പ്രതിരോധത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി സൂചന. മകൻ ബിനോയ് കോടിയേരിക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കേസെടുത്തപ്പോൾ തന്നെ പാർട്ടിയിൽ നിന്ന് അവധിയെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ കോടിയേരി അറിയിച്ചു. എന്നാൽ താൽകാലം കടുത്ത നടപടികൾ വേണ്ടെന്നായിരുന്നു പിണറായി വിജയൻ നൽകിയ ഉപദേശം. അവധിയെടുത്താൽ പിന്നീട് സെക്രട്ടറി സ്ഥാനവും പോളിറ്റ് ബ്യൂറോ അംഗത്വവുമെല്ലാം തിരിച്ചു കിട്ടുക പ്രയാസമായിരിക്കുമെന്നും പിണറായി വിശദീകരിച്ചു. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി പോളിറ്റ് ബ്യൂറോയിൽ തുടരും വിധം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്‌ന പരിഹാരമാണ് പിണറായി ലക്ഷ്യമിടുന്നത്. കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചില്ലെങ്കിൽ കോടിയേരിയെ തുടരാനും അനുവദിക്കും. പകരക്കാനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. കോടിയേരി സ്ഥാനമൊഴിഞ്ഞാൽ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കൽപ്പിച്ചിരുന്നത് എംവി ഗോവിന്ദനാണ്. എന്നാൽ ആന്തൂർ നഗരസഭയിലെ സാജൻ പാറയിലിന്റെ ആത്മഹത്യ എം വി ഗോവിന്ദനേയും വിവാദത്തിലാക്കി. ഇതോടെ കോടിയേരിയെ കൈവിട്ടാൽ പകരക്കാനെ എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക പിണറായി വിജയനുണ്ട്.

ബലാത്സംഗ പരാതിയിൽ ബിനോയ് കോടിയേരി എല്ലാ അർത്ഥത്തിലും കുടുങ്ങുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് ജൂൺ 13 നാണ് കേസെടുത്തത്. ഇതിലെ വിവരങ്ങൾ അറിഞ്ഞപ്പോൾ തന്നെ പ്രശ്‌നങ്ങൾ തുടങ്ങി. നേരത്തെ യുവതിയുടെ കത്ത് ബിനോയിക്ക് വന്നതും വലിയ ചർച്ചയായി. ഒത്തുതീർപ്പ് സാധ്യതകൾ ഇല്ലാത്തതു കൊണ്ടാണ് ഈ പരാതി പൊലീസിന് ബിനോയ് കൈമാറിയതും. ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ കണ്ടായിരുന്നു ഇത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. തനിക്കെതിരെയുള്ള ലോബികൾ കേസിൽ ഇടപെട്ടതായി കോടിയേരി കരുതുന്നു. അതുകൊണ്ടാണ് ബിനോയിയ്‌ക്കെതിരായ പരാതി ഇത്രയധികം ചർച്ചയാക്കിയത്. ദുബായിലെ പണം തട്ടിപ്പ് കേസും ഇത്തരം ഗൂഢാലോചനയുടെ ഫലമാണെന്ന് കോടിയേരി പറഞ്ഞിരുന്നു. എന്നാൽ പ്രതിരോധിക്കാൻ കഴിയാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നത്. അതുകൊണ്ട് വിനയാകുമെന്ന് കോടിയേരി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചത്. കാത്തിരുന്ന് തീരുമാനം എടുക്കാമെന്ന ഉപദേശമാണ് പിണറായി നൽകിയത്. അന്ന് പ്രതീക്ഷിച്ചതിലും അധികം നാണക്കേട് വിവാദം ഉണ്ടാക്കി. ഇതുകൊണ്ട് തന്നെ ഇനി സെക്രട്ടറിയായി തുടരുക പ്രയാസമാണെന്ന് കോടിയേരിയും തിരിച്ചറിയുന്നു.

പിണറായിയുടെ പിൻഗാമിയായി മുഖ്യമന്ത്രി കസേരയാണ് കോടിയേരി ലക്ഷ്യമിട്ടിരുന്നത്. ഇതിന് ഏറ്റ വലിയ തിരിച്ചടിയാണ് മകന്റെ കേസ്. രാഷ്ട്രീയ വനവാസത്തിലേക്ക് ഈ കേസ് തള്ളി വിടും. മാധ്യമങ്ങളെ ഒഴിവാക്കാനാണ് ശാന്തിഗി ആശുപത്രയിൽ ചികിൽസ തേടിയത്. ആശ്രമത്തിന്റെ ഭാഗമായുള്ള ഈ ആയുർവേദ ആശുപത്രിയിൽ എത്തിയതും വിനയായി. പൂജയും പൂമുടലും വീട്ടിലെ ശത്രു സംഹാര പൂജയും പോലെ ഇതും വിവാദത്തിലെത്തി. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ നടക്കുന്ന പാർട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും കോടിയേരി പങ്കെടുക്കില്ലെന്നാണ് സൂചന. മാധ്യമങ്ങളെ ഒഴിവാക്കാൻ കൂടിയാണ് ഇത്. കോടിയേരി മാറി നിൽക്കുന്ന സാഹചര്യത്തിൽ യോഗം മാറ്റി വയ്ക്കാനും സാധ്യത ഏറെയാണ്. ഇക്കാര്യത്തിൽ എല്ലാം എകെജി സെന്ററിൽ സർവ്വത്ര ആശയക്കുഴപ്പമാണ്. ശാന്തിഗിരിയിൽ സുഖചികിൽസയിലാണ് കോടിയേരി എന്നാണ് പുറത്തു വരുന്ന വിവരം. അതുകൊണ്ട് തന്നെ സംസ്ഥാന സമിതി വിളിച്ചാൽ അത് പുതിയ പ്രശ്‌നമായി മാറും. യോഗം വിളിച്ച സെക്രട്ടറി സുഖചികിൽസയ്ക്ക് പോയെന്ന വാദങ്ങളും ചർച്ചയാകും. സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയുടെ വ്യക്തിപരമായ വിഷയങ്ങൾ പാർട്ടിയെ ബാധിക്കുന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐപിസി 376, 376(2) ( ബലാൽസംഗം), 420 (വഞ്ചന), 504( മനപ്പൂർവം അപമാനിക്കൽ), 506 (ഭീഷണി) തുടങ്ങിയ വകുപ്പുകളാണ് മഹാരാഷ്ട്രാ പൊലീസ് ചുമത്തിയിട്ടുള്ളത്. ഇതിൽ പാർട്ടിക്കും പരാതി കിട്ടിയിരുന്നു. ഇതോടെ വിഷയം എങ്ങനേയും പറഞ്ഞ് തീർക്കാനും ശ്രമം നടന്നു. എന്നാൽ ഒന്നും നടന്നില്ല. ഇതോടെ തന്നെ പ്രശ്‌നം വഷളാകുമെന്ന് കോടിയേരിയും ഭാര്യയയും തിരിച്ചറിഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ വാർത്തയുടെ പിന്നാലെ മലയാള മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ബ്ലാക് മെയിൽ വാദമുയർത്തി പ്രതിരോധിക്കാൻ ബിനോയ് ശ്രമിച്ചു. എന്നാൽ ഡി എൻ എ ടെസ്റ്റും മറ്റും പ്രശ്‌നമാകുമെന്ന ചർച്ചയും സജീവമായി. ഇതോടെ കൈവിട്ട കളിയാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് മൂന്ന് ദിവസം മുമ്പ് കോടിയേരിയും ഭാര്യയും ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചത്. ബിജെപി നേതൃത്വത്തെ ഉപയോഗിച്ച് കേസ് തേച്ച് മാച്ച് കളയാനും ചില നീക്കമുണ്ടായി. ഇതൊന്നും ഫലം കണ്ടില്ല. വിഷയത്തിൽ ഇടപെടരുതെന്ന് ബന്ധപ്പെട്ട ബിജെപി നേതാക്കൾക്ക് ആർഎസ്എസ് നേതൃത്വം താക്കീതും നൽകി. ഇതോടെയാണ് ബിനോയിയുടെ കുരുക്ക് മുറുകിയതും.

മകനെ രക്ഷിക്കാനുള്ള നീക്കം പാളിയെന്ന് ഉറപ്പായപ്പോൾ കോടിയേരി ഓടിയെത്തിയത് പിണറായിയെ കാണാനായിരുന്നു. അവധിയെടുക്കാമെന്ന് മുഖ്യനോട് പറഞ്ഞപ്പോൾ ലഭിച്ചത് തൽകാലം വേണ്ടെന്ന ഉപദേശമാണെങ്കിലും സെക്രട്ടറി സ്ഥാനത്തിന് വെല്ലുവിളി ഉയരുമെന്ന് കോടിയേരി അപ്പോഴെ തിരിച്ചറിഞ്ഞിരുന്നു. ബീഹാറുകാരിയായ ബാർ ഡാൻസറുടെ ആരോപണം തകർക്കുന്നത് കോടിയേരിയുടെ രാഷ്ട്രീയ മോഹങ്ങൾ ആണെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങളും നൽകുന്നത്. പാർട്ടിയുടെ ദൈനംദിന പ്രവർത്തനത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് വിവാദം മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടിയേരിയുടെ വിവാദത്തിൽ പാർട്ടിക്കും അധിക നാൾ ഒളിച്ചു കളിക്കാൻ കഴിയില്ല. ശബരിമല വിവാദം പാർട്ടിയെ ബാധിച്ചിട്ടുണ്ട്. ആറിടത്ത് ഉപതെരഞ്ഞെടുപ്പും വരുന്നു. അതുകൊണ്ട് ത്‌ന്നെ കരുതലോടെ തീരുമാനം എടുക്കാനാണ് പിണറായി ശ്രമിക്കുന്നത്.

ലൈംഗികാരോപണ കേസിൽ ബിനോയ് കോടിയേരിക്കെതിരെ തെളിവുണ്ടെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതി നൽകിയ യുവതിയുടെ മൊഴിയെടുത്തു. മുംബൈ ഒഷിവാര സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. ബിനോയിയും യുവതിയും ഒരുമിച്ച് താമസിച്ചതിന്റെ തെളിവ് ലഭിച്ചു. ഫ്‌ളാറ്റിലും ഹോട്ടലിലും ഇരുവരും ഒരുമിച്ച് താമസിച്ചുവെന്ന് പൊലീസ്. യുവതിയിൽനിന്ന് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കും. അതേസമയം, ബിനോയി കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസിന് ഇതുവരെ സാധിച്ചില്ല. ഇന്നലെ കണ്ണൂരിലെത്തിയ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിക്ക് നോട്ടിസ് നൽകി. തലശേരി കോടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടിസ് നൽകിയത്. ഒളിച്ചുകളി തുടരുന്നതിനാൽ കടുത്ത നടപടികളിലേക്ക് മുബൈ പൊലീസ് നീങ്ങിയേക്കും. ഇത് മനസ്സിലാക്കിയാണ് കോടിയേരിയുടെ നീക്കങ്ങളും.

ഇന്നലെ കണ്ണൂരിലെത്തിയെ അന്വേഷണ ഉദ്യോഗസ്ഥർ ന്യൂ മാഹി പൊലീസ് സ്റ്റേഷനിൽ എത്തിയതിന് ശേഷമാണ് ബിനോയ് കോടിയേരിയുടെ വീട്ടിലേക്ക് പോയത്. തലശേരി കോടിയേരിയിലുള്ള വീട്ടിലെത്തി നോട്ടിസ് നൽകുകയായിരുന്നു. ബിനോയി വീട്ടിലുണ്ടായിരുന്നില്ല. മൂഴിക്കരയിലെ വീട്ടിലും ഉദ്യോഗസ്ഥർ അന്വേഷണം നടത്തി. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്നാണ് നിർദ്ദേശം. നിരവധി തവണ ബിനോയ് കോടിയേരിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ബിനോയിയെ കണ്ടെത്തുന്നതടക്കമുള്ള കേസിന്റെ തുടർ നടപടികൾക്ക് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുത് എന്നതടക്കമുള്ള കർശന നിർദ്ദേശങ്ങൾ മംബൈയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർക്ക് കേരള പൊലീസും നൽകിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാൽ ബിനോയി കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കുമെന്നും സൂചനയുണ്ട്.

 ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതിയിൽ കേന്ദ്ര നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന അവെയ്ലബിൾ പൊളിറ്റ് ബ്യൂറോയ്ക്ക് ശേഷമാണ് സിപിഎം തീരുമാനം. മാധ്യമവാർത്തകളെ കുറിച്ച് മാത്രമേ നേതാക്കൾക്ക് അറിവുള്ളുവെന്നും പിബി യിൽ നേതാക്കൾ അറിയിച്ചു. പാർട്ടി നേതൃസ്ഥാനമോ, പാർലമെന്ററി പദവിയോ വഹിക്കാത്ത സ്വകാര്യ വ്യക്തിക്കെതിരെ ഉയർന്ന ആരോപണത്തിൽ പാർട്ടി പ്രതികരിക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇതും കോടിയേരിയെ സംരക്ഷിക്കില്ലെന്ന സൂചന പാർട്ടി നൽകുന്നതിന് തെളിവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP