Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സണ്ണി ഡയമണ്ട് ഗ്രൂപ്പിന് വേണ്ടി സർക്കാരിലെ വകുപ്പുകളും ഒത്തുകളിച്ചു; ഹൈക്കോടതിയിൽ ചീഫ് ഇലക്ട്രിക്കൽ ഓഫീസർ എടുത്തത് അലൈന്മെന്റ് മാറ്റിയാലും കുഴപ്പമില്ലെന്ന നിലപാട്; അതിരൂക്ഷമായ പവർ ക്രൈസിസിനിടെ അത്യന്താപേക്ഷിതമായ കൂടംകുളം ലൈൻ മുടങ്ങിയതിന് പിന്നിലെ കാരണങ്ങൾ മറുനാടനോട് വിശദീകരിച്ച് കെഎസ്ഇബി ചെയർമാൻ; സുപ്രീംകോടതിയിലെ കേസിൽ വൈദ്യുതി ബോർഡും കക്ഷി ചേരും; ചർച്ചയാകുന്നത് രത്ന വ്യാപാരി പൗലോസ് സണ്ണിക്ക് വേണ്ടി നടന്ന അണിയറയിലെ കള്ളകളികൾ

സണ്ണി ഡയമണ്ട് ഗ്രൂപ്പിന് വേണ്ടി സർക്കാരിലെ വകുപ്പുകളും ഒത്തുകളിച്ചു; ഹൈക്കോടതിയിൽ ചീഫ് ഇലക്ട്രിക്കൽ ഓഫീസർ എടുത്തത് അലൈന്മെന്റ് മാറ്റിയാലും കുഴപ്പമില്ലെന്ന നിലപാട്; അതിരൂക്ഷമായ പവർ ക്രൈസിസിനിടെ അത്യന്താപേക്ഷിതമായ കൂടംകുളം ലൈൻ മുടങ്ങിയതിന് പിന്നിലെ കാരണങ്ങൾ മറുനാടനോട് വിശദീകരിച്ച് കെഎസ്ഇബി ചെയർമാൻ; സുപ്രീംകോടതിയിലെ കേസിൽ വൈദ്യുതി ബോർഡും കക്ഷി ചേരും; ചർച്ചയാകുന്നത് രത്ന വ്യാപാരി പൗലോസ് സണ്ണിക്ക് വേണ്ടി നടന്ന അണിയറയിലെ കള്ളകളികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കൂടംകുളം ലൈനുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ കക്ഷി ചേരുമെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ്‌പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. കേസിൽ കെഎസ്ഇബി കക്ഷിയല്ല. അതിനാൽ ഈ കേസിൽ കേരളത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് കക്ഷിചേരാനാണ് തീരുമാനം. സർക്കാരിലെ ചിലരാണ് ഇതിന് പിന്നിലാെന്നാണ് എൻ എസ് പിള്ള നൽകുന്ന സൂചന. സണ്ണി ഡയമണ്ട് ഉടമയുടെ കോടതിയിലെ ഇടപെടലാണ് ഇതിന് കാരണം. 

കേരളത്തിൽ അതിരൂക്ഷമായ പവർ ക്രൈസിസ് നിലനിൽക്കുകയാണ്. പവർ കേരളത്തിൽ എത്തിക്കാൻ നിലവിലെ സാഹചര്യത്തിൽ കൂടംകുളം ലൈൻ അത്യന്താപേക്ഷിതമാണ്. പക്ഷെ കേസ് സുപ്രീംകോടതിയിലാണ്. കേന്ദ്രത്തിന്റെ പവർ ഗ്രിഡും കേരളത്തിലെ സ്വകാര്യ വ്യക്തിയും തമ്മിലുള്ള കേസ് ആണ് നടക്കുന്നത്. കേസ് ഹൈക്കോടതിയിൽ വന്നപ്പോൾ ഹൈക്കോടതി സ്വകാര്യ വ്യക്തിക്ക് അനുകൂലമായാണ് വിധി നൽകിയത്. കൂടംകുളം ലൈൻ അലൈന്മെന്റ് മാറ്റണം എന്നാണ് ഹൈക്കോടതി വിധിച്ചത്. അതിനു കേരള സർക്കാരിലെ ചില വകുപ്പുകൾ നൽകിയ അനുകൂല നിലപാട് കൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി ആ രൂപത്തിൽ വന്നത്. കേരളത്തിലെ ചീഫ് ഇലക്ട്രിക്കൽ ഓഫീസും വേണമെങ്കിൽ അലൈന്റ്‌മെന്റ് മാറ്റാം എന്നാണ് ഹൈക്കോടതിയിൽ പറഞ്ഞത്. ഇത് അലൈന്മെന്റ് മാറ്റത്തിന് സ്വകാര്യ വ്യക്തിക്ക് തുണയായി-കെ എസ് ഇ ബി ചെയർമാൻ പറയുന്നു.

അലൈന്മെന്റ് മാറ്റുമ്പോൾ വരുന്ന ചെലവ് മുഴുവൻ സ്വകാര്യ വ്യക്തി വഹിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സണ്ണി ഡയമണ്ട്‌സ് ആണ് പരാതിക്കാർ. എത്ര കോടി ഈ കാര്യത്തിൽ ചെലവ് വന്നാലും ഇവർ തന്നെ അത് വഹിക്കേണ്ടി വരും. അലൈന്റ്‌മെന്റ് മാറ്റിയാൽ ഉള്ള കുഴപ്പം അറിയാവുന്നതിനാൽ പവർഗ്രിഡ് നേരെ സുപ്രീംകോടതിയിൽ പോയി. ചില സാങ്കേതിക കാര്യങ്ങൾ ഉള്ളതിനാൽ കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിട്ടില്ല. സാങ്കേതിക കാര്യങ്ങൾ പരിഹരിച്ചു ഈ കേസ് വീണ്ടും സുപ്രീംകോടതിക്ക് മുന്നിൽ വരും. അപ്പോഴേക്കും കേസിൽ കക്ഷിചേരാനാണ് കെഎസ്ഇബിയുടെ തീരുമാനം. പക്ഷെ റൂൾ അനുസരിച്ച് അലൈന്മെന്റ് മാറ്റുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് പവർഗ്രിഡ് നേരെ സുപ്രീംകോടതിയിൽ പോയത്. ഈ കേസ് അടുത്ത് തന്നെ സുപ്രീംകോടതി ലിസ്റ്റ് ചെയ്യും. അപ്പോൾ കെഎസ്ഇബി കൂടി കക്ഷി ചേരും. കേരളത്തിൽ അതിരൂക്ഷമായ വൈദ്യുതി ക്ഷാമം നിലനിൽക്കുകയാണ്-ചെയർമാൻ പറയുന്നു. സർക്കാരിന് കീഴിലെ ഒരു വകുപ്പാണ് ചീഫ് ഇലക്ട്രിക്കൽ ഓഫീസ്. വൈദ്യുതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ഈ വകുപ്പാണ്. ഈ സാഹചര്യത്തിലാണ് സണ്ണി ഡയമണ്ട് ഗ്രൂപ്പിന് അനുകൂലമായ വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിട്ടത്.

വെറും 600 മീറ്റർ ലൈൻ പൂർത്തിയാകാത്ത പ്രശ്‌നമാണ് കൂടംകുളം ലൈനിൽ നിലനിൽക്കുന്നത്. അതുവരെ രണ്ടു വശത്തു നിന്നും ലൈൻ പൂർത്തിയായിട്ടുണ്ട്. കേരളത്തിലെ വൈദ്യുതിക്ഷാമം പരിഗണിച്ച് കേസ് എത്രയും വേഗം പൂർത്തിയാക്കാനാണ് കെഎസ്ഇബി നോക്കുന്നത്. കേരളത്തിലെ ഡാമുകളിൽ 15 ശതമാനത്തിൽ താഴെയേ വെള്ളമുള്ളൂ. ആഭ്യന്തര ഉത്പാദനം കുറച്ചിരിക്കുകയാണ്. അപ്പോൾ കൂടംകുളം ലൈൻ വഴി നമുക്ക് വൈദ്യുതി വേണം. അതിനുള്ള തടസങ്ങൾ അതിവേഗം മാറണം. ഇതാണ് കെഎസ്ഇബിയുടെ ലക്ഷ്യം. അലൈന്മെന്റ് മാറ്റാൻ കാലതാമസം എടുക്കും എന്ന് ഹൈക്കോടതിയിൽ തന്നെ വ്യക്തമായ കാര്യമാണ്. 148 ടവറിൽ 147 ഉം തീർന്നു. വെറും 600 മീറ്റർ മാത്രമേ ബാക്കിയുള്ളൂ. അതിനാൽ തടസങ്ങൾ എത്രയും വേഗം മാറണം. കേരളം ലോഡ് ഷെഡ്ഡിംഗിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ കേസിൽ കെഎസ്ഇബി കക്ഷി ചേരും-എൻ.എസ്‌പിള്ള പറയുന്നു.

കെഎസ്ഇബി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം അതിരൂക്ഷമായ വൈദ്യുതി ക്ഷാമമാണ് കേരളം നേരിടുന്നത്. ഡാമുകളിൽ വെള്ളമില്ല, നീരൊഴുക്കുമില്ല. ഇടുക്കി, ശബരിഗിരി, ഇടമലയാർ, കുറ്റ്യാടി, ഷോളയാർ എന്നീ ഡാമുകളിലെ നിലവിലെ അവസ്ഥയാണിത്. ഇതാണ് കെഎസ്ഇബിയുടെ പ്രധാന റിസർവോയറുകൾ. പതിനഞ്ച് ശതമാനത്തിൽ താഴെമാത്രമാണ് ഡാമുകളിൽ വെള്ളമുള്ളത്. ജൂലൈ നാലുമുതൽ പതിനാലാം തീയതിമുതൽ നീരൊഴുക്ക് ശരാശരി 13.6 ദശലക്ഷം യൂണിറ്റാണ്. ജലവൈദ്യുതിയുടെ ഉപഭോഗം 5.8 ദശലക്ഷം യൂണിറ്റും കൂടുതൽ 10.07 ദക്ഷലക്ഷം യൂണിറ്റുമാണ്. ഇപ്പോൾ ആഭ്യന്തര ഉത്പാദനം കുറച്ചുകൊണ്ടാണ് കെഎസ്ഇബി മുന്നോട്ടു പോകുന്നത്. ഉപയോഗിക്കുന്നത് മുഴുവൻ പുറത്തു നിന്നുള്ള വൈദ്യുതിയാണ്. 70 ദശലക്ഷം മില്യൺ യൂണിറ്റ് ആണ് ശരാശരി ഉപഭോഗം. അഞ്ച്-ആറ് ദശലക്ഷം മില്യൺ യൂണിറ്റ് മാത്രമാണ് ആഭ്യന്തര ഉത്പാദനം. ബാക്കി 64 ദശലക്ഷം മില്യൺ യൂണിറ്റും ഇപ്പോൾ പുറത്തുനിന്നു കൊണ്ടുവരികയാണ് ചെയ്യുന്നത്. കൊണ്ടുവരാനുള്ള കപ്പാസിറ്റിയും 64 ദശലക്ഷം മില്യൺ യൂണിറ്റ് മാത്രവുമാണ്. ഇവിടെയാണ് കൂടംകുളം ലൈനിന്റെ പ്രാധാന്യം വരുന്നത്.

കൂടംകുളം ലൈൻ പൂർത്തിയായാൽ കേരളത്തിന് 800 മെഗാവാട്ട് വൈദ്യുതി കൂടംകുളത്ത് നിന്നും എത്തിക്കാം. കൂടംകുളം ലൈൻ വന്നാൽ ലോഡ്‌ഷെഡ്ഡിങ് പവർകട്ട് എന്നിവ ഏർപ്പെടുത്താതെ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയും-കെഎസ്ഇബി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഉത്പാദനമായ അഞ്ച്-ആറ് ദശലക്ഷം മില്യൺ യൂണിറ്റ് കൊണ്ട് അമ്പത്-അറുപത് ദിവസങ്ങൾ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയൂ. മഴ കിട്ടിയില്ലെങ്കിൽ സ്ഥിതി പരിതാപകരവുമാകും. നിലവിലെ മൺസൂൺ ആണ് കേരളത്തിന് മഴ ലഭിക്കുന്നത്. പക്ഷെ ഇക്കുറി മഴയില്ല. മഴ കിട്ടിയില്ലെങ്കിൽ മുന്നോട്ടു പോവുക പ്രയാസവുമാകും. മഴ കിട്ടിയില്ലെങ്കിൽ 450-500 മെഗാവാട്ട് വരെ വൈദ്യുതി കേരളത്തിന് കുറവ് വരും. ഈ ഘട്ടത്തിലാണ് പവർകട്ട്-ലോഡ്‌ഷെഡ്ഡിങ് തീരുമാനം എടുക്കാൻ സാധ്യത വരുന്നത്-കെ എസ് ഇ ബി വിശദീകരിക്കുന്നത്.

വികസനത്തിന് ശാന്തിവനം വൈദ്യുത മന്ത്രി എം എം മണിക്ക് തടസ്സമല്ല. ജൈവസമ്പത്തിനെ തകർത്തെറിഞ്ഞ് വൈദ്യുതി ലൈനുമായി മുമ്പോട്ട് പോകും. ഇവിടെ ഉടുമ്പചോലക്കാരൻ പുലിയാണ്. എന്നാൽ കൂടംകുളം ലൈനിന് തടസ്സം നിൽക്കുന്ന മുതലാളിയുടെ പേരു പോലും പറയില്ല. ഇതിനൊപ്പമാണ് സർക്കാർ വകുപ്പുകളും മുതലാളിക്ക് വേണ്ടി കളിച്ചുവെന്ന സൂചനകൾ കെ എസ് ഇ ബി പുറത്തു വിടുന്നത്. സണ്ണി ഡയമണ്ട് മുതലാളിയുടെ സ്ഥലത്തു കൂടി ലൈൻ വലിക്കുന്നത് തടഞ്ഞതോടെ 99.5 ശതമാനവും പൂർത്തിയായ ഇടമൺ-കൊച്ചി ലൈനിന്റെ നിർമ്മാണം സ്തംഭിച്ചു. 148 കിലോമീറ്ററുള്ള ലൈനിൽ ഇനി പൂർത്തിയാകാനുള്ളത് 644 മീറ്റർ മാത്രമാണ്. ഇതു പൂർത്തിയായിരുന്നുവെങ്കിൽ മഴയില്ലെങ്കിലും ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ കൂടുംകുളത്തുനിന്നും വൈദ്യുതി എത്തിക്കാൻ കഴിയുമായിരുന്നു. കൂടംകുളം ആണവ നിലയത്തിൽ നിന്നും കേരളത്തിനു വൈദ്യുതി എത്തിക്കുന്നതിനായി ആസൂത്രണം ചെയ്ത പ്രസരണ ശൃംഖലയാണ് കൊച്ചി-ഇടമൺ ലൈൻ.

തമിഴ്‌നാട്ടിലെ തിരുനൽവേലി- കൊല്ലം ജില്ലയിലെ ഇടമൺ-കൊച്ചി-മാടക്കത്തറ-അരീക്കോട്-മൈസൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പവർഗ്രിഡ് കോർപ്പറേഷൻ 400 കെവി ലൈൻ നിർമ്മിക്കുന്നത്. സ്ഥലം ഉടമകളുടെ എതിർപ്പുമൂലം 13 വർഷമായി മുടങ്ങിക്കിടന്ന 148 കിലോമീറ്റർ ദൈർഘ്യവും 447 ടവറുകളുമുള്ള ഈ പദ്ധതി 2019 മാർച്ച് 30നു 99.5 ശതമാനവും പൂർത്തീകരിച്ചു. എന്നാൽ എറണാകുളം ജില്ലയിലെ കാണിനാട്ടിൽ ടവറിന്റെ അടിസ്ഥാന ജോലികൾ പൂർത്തിയാക്കി ടവർ നിർമ്മിക്കാൻ ആരംഭിച്ചപ്പോൾ സ്ഥലമുടമ എതിർപ്പുമായി രംഗത്തെത്തി. തന്റെ പുരയടിത്തിൽ കൂടി ലൈൻ വലിക്കാൻ അനുവദിക്കില്ലെന്നാണ് സംസ്ഥാനത്തെ പ്രമുഖ രത്ന വ്യാപാരിയായ ഇദ്ദേഹം വ്യക്തമാക്കിയത്. പവർ ഗ്രിഡ് കോർപ്പറേഷൻ ഇദ്ദേഹവുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കോടതിയെ സമീപിച്ചതോടെ കൊച്ചി-ഇടമൺ ലൈൻ പൂർണമായും സ്തംഭിച്ചു.

സണ്ണി ഡയമണ്ട് ഉടമയുടെ പേര് പൗലോസ് സണ്ണി എന്നാണ്. യോഹന്നാൻ എന്ന ആളിൽ നിന്ന് വാങ്ങിയതാണ് ഈ വിവാദ ഭൂമി. ഈ ലൈനിന്റെ അലൈന്മെന്റ് ആദ്യം തീരുമാനിച്ചത് യോഹന്നാന്റെ വീട്ടിന് മുമ്പിലൂടെയായിരുന്നു. ഇത് മനസ്സിലാക്കി യോഹന്നാൻ എഡിഎമ്മിന് മുമ്പിൽ പരാതിയുമായി പോയി. ഈ പരാതിയിൽ തീരുമാനം യോഹന്നാണ് അനുകൂലമായി. ഇതിനിടെയാണ് പൗലോസ് സണ്ണിക്ക് യോഹന്നാൻ വസ്തു കൈമാറിയത്. വൈദ്യുത ലൈനിന്റെ അറിഞ്ഞതോടെ എഡിഎമ്മിന് പൗലോസ് സണ്ണിയും പരാതി നൽകി. ആദ്യം അത് അനുവദിച്ചു. എന്നാൽ പിന്നീടെത്തിയ എഡിഎം ഇതിൽ വികസന അജണ്ട മുൻനിർത്തി തീരുമാനമെടുത്തു. ഇതോടെ ലൈനിന് കാര്യങ്ങൾ അനുകൂലമായി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ് സണ്ണി ഡയമണ്ട് ഉടമ ചെയ്തത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ലൈനിന് അനുകൂലമായിരുന്നു. തുടർന്ന് ഡിവിഷൻ ബഞ്ചിലെത്തി. ഡിവിഷൻ ബഞ്ച് സണ്ണി ഡയമണ്ടിന് അനുകൂലമായി തീരുമാനം എടുത്തു. ഇതോടെയാണ് പണി മുടങ്ങിയത്.

തിരുനൽവേലി മുതൽ മൈസൂർ വരെ എല്ലാ ടവറുകളും പൂർത്തിയായിക്കഴിഞ്ഞു. ഇതിൽ സണ്ണി ഡയമണ്ടിന്റെ സ്ഥലത്തുള്ള ഒരു ടവർ മാത്രമാണ് പൂർത്തിയാകാനുള്ളത്. സ്ഥലമുടമകൾക്ക് കെ.എസ്.ഇ.ബിയും സർക്കാരും പവർഗ്രിഡ് കോർപ്പറേഷനും ചേർന്ന് മികച്ച നഷ്ടപരിഹാരപാക്കേജ് നൽകിയതോടെ ലൈൻ സംബന്ധിച്ച 99 ശതമാനം കേസുകളും ഒത്തുതീർന്നിരുന്നു. എന്നാൽ വ്യക്തിപരമായ വൈരാഗ്യം കാരണം സണ്ണി ഡയമണ്ട് ഉടമ കേസുമായി മുമ്പോട്ട് പോയി. ഈ ലൈനിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ പുറത്ത് നിന്നും 2000 മെഗാവാട്ട് വൈദ്യുതി വരെ എത്തിക്കാൻ കഴിയും. കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള തിരുനൽവേലി ഇടമൺ കൊച്ചി വൈദ്യുതി ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയും കൂടും. പ്രസരണ നഷ്ടവും പ്രസരണ ഫീസും കുറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP