Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എൻഐടിയിൽ പ്രൊഫസറെന്ന് പറഞ്ഞ ബ്യൂട്ടി പാർലർ നടത്തിപ്പുകാരി; കോളേജിലെ വ്യാജ ഐഡന്റിറ്റി കാർഡുപയോഗിച്ച് പറ്റിച്ചത് കൂടത്തായിക്കാരെ മുഴുവൻ; ഭർത്താവിന്റെ കസിനുമായി ഉണ്ടായിരുന്നത് അസ്ഥിയിൽ പിടിച്ച പ്രണയം; സ്വത്ത് മോഹിച്ച കാമുകൻ അതിവിദഗ്ധമായി പദ്ധതി ഒരുക്കിയപ്പോൾ എല്ലാം കിറു കൃത്യമായി നടപ്പാക്കി കട്ടപ്പനക്കാരി; സംശയമുന്നയിച്ച മാത്യുവിനെ കൊന്നത് പ്രതികരാഗ്നിയിൽ; റോജോയേയും സഹോദരിയേയും കൊല്ലാനാകാത്തത് കള്ളി പൊളിച്ചു: ജോളിയും ഷാജു സ്‌കറിയയും വില്ലനും വില്ലത്തിയുമാകുമ്പോൾ

എൻഐടിയിൽ പ്രൊഫസറെന്ന് പറഞ്ഞ ബ്യൂട്ടി പാർലർ നടത്തിപ്പുകാരി; കോളേജിലെ വ്യാജ ഐഡന്റിറ്റി കാർഡുപയോഗിച്ച് പറ്റിച്ചത് കൂടത്തായിക്കാരെ മുഴുവൻ; ഭർത്താവിന്റെ കസിനുമായി ഉണ്ടായിരുന്നത് അസ്ഥിയിൽ പിടിച്ച പ്രണയം; സ്വത്ത് മോഹിച്ച കാമുകൻ അതിവിദഗ്ധമായി പദ്ധതി ഒരുക്കിയപ്പോൾ എല്ലാം കിറു കൃത്യമായി നടപ്പാക്കി കട്ടപ്പനക്കാരി; സംശയമുന്നയിച്ച മാത്യുവിനെ കൊന്നത് പ്രതികരാഗ്നിയിൽ; റോജോയേയും സഹോദരിയേയും കൊല്ലാനാകാത്തത് കള്ളി പൊളിച്ചു: ജോളിയും ഷാജു സ്‌കറിയയും വില്ലനും വില്ലത്തിയുമാകുമ്പോൾ

എം മനോജ് കുമാർ

കോഴിക്കോട്: കൂടത്തായിയിൽ സമാനതകളില്ലാത്ത കൊലപാതക പരമ്പരയുടെ പിന്നിലെ ചാലക ശക്തി ഷാജു സ്‌കറിയയോ കൊല്ലപ്പെട്ട റോയി തോമസിന്റെ ഭാര്യയായിരുന്ന ജോളിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. ടോം തോമസും കുടുംബവുമാണ് ഇല്ലായ്മ ചെയ്യപ്പെട്ടത്. ടോം തോമസിന്റെ സ്വത്തിൽ കണ്ണുവച്ചുള്ള കൊലപാതക പരമ്പരയാണ് നടന്നത്. ഇതിന് ഷാജു സ്‌കറിയെ കണ്ടെത്തിയത് ടോം ജോസിന്റെ മകന്റെ ഭാര്യയായ ജോളിയെയാണ്. ജോളിയുടെ കള്ളക്കളികൾ ഷാജു തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും തമ്മിലെ അടുപ്പം തുടങ്ങുന്നത്. ഇത് എത്തിയത് ഒരു കുടുംബത്തെ നശിപ്പിക്കുന്നതിലേക്കും.

ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നൽകിയ പരാതിയിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ജോളി പിന്നീട് ടോമിന്റെ സഹോദരപുത്രൻ ഷാജുവിനെ വിവാഹം കഴിച്ചിരുന്നു. വീട്ടിൽ കയറുന്നതിൽ നിന്നും ടോം തോമസ് വിലക്കിയ ആളാണ് ഷാജു. ഇത് റോജോയിൽ സംശയമുണ്ടാക്കിയിരുന്നു. ഇതാണ് പരാതി നൽകാൻ കാരണമായത്. വ്യാജ ഓസ്യത്ത് എഴുതി ടോം ജോസിന്റെ സ്വത്തുക്കൾ ജോളി തന്റെ പേരിലാക്കിയിരുന്നു. ഈ കരാർ പിന്നീട് റദ്ദാക്കി. ഇതിനെ തുടർന്നാണ് കൊലപാതകത്തിലെ ചുരുൾ അഴിഞ്ഞത്. കൃത്യമായി ആസൂത്രണം നടത്തി പലപ്പോഴായി സയനൈഡ് നൽകിയായിരുന്നു കൊലപാതകങ്ങളെന്നാണ് സൂചന. റോയി തോമസിന്റെ അമ്മയായ അന്നാമ്മയാണ് ആദ്യം മരിച്ചത്. ആട്ടിൻ സൂപ്പ് കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണാണ് അന്നാമ്മ മരിക്കുന്നത്. ഇതിന് ശേഷം ഭർതൃപിതാവ് ടോം തോമസ്, ഭർത്താവ് റോയി തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ ഫിലി, മകൾ അൽഫൈൻ എന്നിവരാണ് പലപ്പോഴായി ഒരേ രീതിയിൽ ഛർദിച്ച് കുഴഞ്ഞുവീണ് മരിച്ചത്.

ഷാജുവിനെ വീട്ടിൽ കയറുന്നതിനെ ടോം തോമസ് വിലക്കിയിരുന്നു. ഷാജുവിന്റെയും ജോളിയുടെയും വിവാഹത്തിനെ അടുത്ത ബന്ധുക്കളും ഇടവക വികാരിയും എതിർത്തിരുന്നു. തുടർന്ന് മറ്റൊരു പള്ളിയിലെത്തിയാണ് വിവാഹം കഴിച്ചത്. അന്നമ്മയുടെയും ടോം തോമസിന്റെയും മരണത്തിന് പിന്നാലെ ടോമിന്റെ ഡയറി വീട്ടിൽ നിന്നും കാണാതായതായും റിപ്പോർട്ടുണ്ട്. റോയിയുടെ അമ്മാവനും തൊട്ടടുത്ത് താമസക്കാരനുമായ മാത്യു മഞ്ചാടിയിൽ ദുരൂഹ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു. മാത്യുവിന്റെ നിർബന്ധത്തെത്തുടർന്നാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. പോസ്റ്റ്മോർട്ടത്തിൽ റോയിയുടെ ശരീരത്തിൽ സയനൈഡ് ചെന്നിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ സയനൈഡ് എവിടെ നിന്നാണ് എത്തിയതെന്ന് പൊലീസ് അന്വേഷിച്ചിരുന്നുമില്ല. റോയിയുടേത് ആത്മഹത്യയാണെന്നും, ഇക്കാര്യം കുത്തിപ്പൊക്കിയാൽ കുടുംബത്തിന് ചീത്തപ്പേരുണ്ടാകുമെന്നും ജോളി കുടുംബാംഗങ്ങളെ സ്നേഹപൂർവം വിലക്കി.

മരണങ്ങളിൽ സംശയം തുടർന്ന അമ്മാവൻ മാത്യു ഭീഷണിയാകുമെന്ന് ജോളി ഭയന്നു. മാത്യുവിനെയും വകവരുത്താൻ തീരുമാനിച്ചു. കൃത്യമായ ആസൂത്രണം നടത്തിയ ജോളി, മാത്യുവിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ചെല്ലുകയും ഭക്ഷണത്തിൽ വിഷം കലർത്തുകയുമായിരുന്നു. മരച്ചീനിയിൽ വിഷം കലർത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജോളിയും ഷാജുവുമായി വർഷങ്ങളായി അവിഹിത ബന്ധം ഉണ്ടായിരുന്നതായാണ് സൂചന. ഷാജുവുമായി പിരിയാനാകാത്ത വിധം അടുത്ത ജോളി, പിന്നീട് ജീവിതത്തിൽ ഒരുമിക്കുന്നതിനായി ഷാജുവിന്റെ ഭാര്യയെയും മകളെയും കൊലപ്പെടുത്തി. എന്നാൽ ഇതെല്ലാം ഷാജുവിന്റെ നിർബന്ധപ്രകാരമാണെന്നാണ് സൂചന. ജോളി ഭാര്യയാകുന്നതോടെ ജോളിയുടെ പേരിലെ സ്വത്തിന്റെ ഉടമയായി ഷാജു മാറും. ഇതിന് വേണ്ടിയാണ് എല്ലാം നടന്നതെന്നാണ് സൂചന. വ്യാജ ഓസ്യത്തുണ്ടാക്കിയതും ഷാജുവിന്റെ അറിവും പിന്തുണയോടെയുമാണ്.

ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളി എംകോം ബിരുദധാരിണിയാണെന്നാണ് വിവഹസമയത്ത് ബന്ധുക്കളോട് പറഞ്ഞിരുന്നത്. 1998 ലായിരുന്നു ജോളിയും റോയിയും തമ്മിൽ വിവാഹം നടന്നത്. കോഴിക്കോട് എൻഐടിയിൽ ഏറെനാൾ അദ്ധ്യാപികയായിരുന്നുവെന്നും ജോളി പറഞ്ഞിരുന്നു. എന്നാൽ അത് കളവാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. എൻഐടിയുടെ വ്യാജ ഐഡന്റിറ്റി കാർഡ് ഉണ്ടാക്കിയത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോളി നേരത്തെ ബ്യൂട്ടി പാർലറും വിദ്യാഭ്യാസ സ്ഥാപനവും നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. ഇവിടെ ഷാജുവും നിത്യ സന്ദർശകനായിരുന്നു. ജോളിയെ സംബന്ധിച്ച വിശദാംശങ്ങൾകട്ടപ്പനയിൽ അടക്കം എത്തി ക്രൈംബ്രാഞ്ച് സംഘം തെളിവുകൾ ശേഖരിച്ചിരുന്നു. രണ്ടരമാസത്തോളം ക്രൈംബ്രാഞ്ച് സംഘം അതീവ രഹസ്യമായി വിവരങ്ങൾ ശേഖരിച്ചുവരികയായിരുന്നു.

ജോളിയുടെ ആദ്യഭർത്താവായ റോയി തോമസിന്റെ അമ്മ അന്നമ്മ, അച്ഛൻ ടോം തോമസ്, ഭർത്താവ് റോയി തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ ഫിലി, മകൾ അൽഫൈൻ എന്നിവരാണ് പലപ്പോഴായി ഒരേ രീതിയിൽ ഛർദിച്ച് കുഴഞ്ഞുവീണ് മരിച്ചത്. ഇതിന് പുറമെ, റോയിയുടെ സഹോദരിയെയും ജോളി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. ഇതിനായി ശ്രമിച്ചിരുന്നതായും ജോളി പൊലീസിനോട് വെളിപ്പെടുത്തി. ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നൽകിയ പരാതിയിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. റോജോയെ കൊല്ലാനും പദ്ധതിയിട്ടിരുന്നു. ഈ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നുവെങ്കിൽ മുഴുവൻ സ്വത്തും ഷാജുവിനും ജോളിക്കും സ്വന്തമാകുമായിരുന്നു. റോജോ അമേരിക്കയിലായതാണ് പദ്ധതികൾ പൊളിച്ചത്. ഇതിനൊപ്പം കൊല്ലപ്പെട്ട മാത്യു ഉന്നയിച്ച സംശയങ്ങൾ കാരണം റോയിയുടെ സഹോദരങ്ങൾ ജോളിയിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു.

അന്വേഷണ തുടക്കത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും കുടുംബവുമായി അടുത്തിടപഴകുന്ന ആളുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നൂറിലധികം പേരെയാണ് ചോദ്യം ചെയ്തത്. രണ്ടാമത് നടന്ന ചോദ്യം ചെയ്യലിൽ ജോളി കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതിനെ തുടർന്നാണ് മരണമുണ്ടായതെന്ന് മോഴി ലഭിച്ചിട്ടുണ്ട്. ഒന്നിലധികമാളുകൾ കുറ്റകൃത്യത്തിലുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. വ്യാജ വിൽപത്രമുണ്ടാക്കിയ ആളുകളെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ടോം തോമസിന്റെ കുടുംബത്തിലെ ചിലരുടെ നിർദ്ദേശപ്രകാരം വ്യാജ വിൽപത്രമുണ്ടാക്കിയെന്നാണ് ഇവർ നൽകിയ മൊഴി.

ഇന്ന് രാവിലെ ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 16 വർഷം മുമ്പാണ് അറസ്റ്റിന് കാരണമായ ആദ്യമരണം നടക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്. ആറുപേരുടേയും മരണം സൈനഡ് ഉള്ളിൽ ചെന്നതാണെന്ന് പൊലീസ് പറയുന്നു.മരണങ്ങളിൽ അസ്വഭാവികതയുണ്ടെന്ന് റൂറൽ എസ് പി കെ ജി സൈമൺ പറഞ്ഞു.ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പരിശോധനക്കായി പുറത്തെടുത്തിരുന്നു. 2002 ഓഗസ്റ്റ് 22: റിട്ട.അദ്ധ്യാപികയായ അന്നമ്മ തോമസ്(57) മരിക്കുന്നു. ആട്ടിൻസൂപ്പ് കഴിച്ച ശേഷം ഛർദ്ദിക്കുകയും തളർന്ന് വീഴുകയുമായിരുന്നു. ഇവർ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു. 2008 ഓഗസ്റ്റ് 26: അന്നമ്മ തോമസിന്റെ ഭർത്താവും റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനുമായ ടോം തോമസ് പൊന്നാമറ്റം(66) മരിക്കുന്നു. കപ്പ പുഴുക്ക് കഴിച്ചതിനെ തുടർന്ന് ഛർദ്ദിക്കുകയും തളർന്നു വീഴുകയും ചെയ്തു. വായിൽ നിന്ന് നുരയും പതയും വന്ന ടോം തോമസ് ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു.

2011 സെപ്റ്റംബർ 30: ടോം തോമസ്- അന്നമ്മ ദമ്പതികളുടെ മകനും കേസിൽ കസ്റ്റഡിയിലുള്ള ജോളിയുടെ ഭർത്താവുമായ റോയ് തോമസ്(40) മരിച്ചു. ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയിലേക്ക് പോയ റോയ് തോമസ് അവിടെ ഛർദ്ദിച്ച് തളർന്നു വീഴുകയായിരുന്നു. അയൽക്കാരെത്തി റോയിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം നടന്നു. 2014 ഫെബ്രുവരി 24: അന്നമ്മ തോമസിന്റെ സഹോദരൻ എം എം. മാത്യു മഞ്ചാടിയിൽ(68) മരിക്കുന്നു. വൈകീട്ട് 3.30ഓടെ വീട്ടിൽ തളർന്നു വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സമീപത്ത് താമസിക്കുന്ന ജോളി വിവരമറിയിച്ചതിനെ തുടർന്നാണ് അയൽവാസികളെത്തുന്നത്. ആശുപത്രിയിൽ എത്തിക്കും മുമ്പേ മാത്യു മരിച്ചിരുന്നു. 2014 മെയ് മൂന്ന്: ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ കൊച്ചുമകൾ ആൽഫൈൻ ഷാജു(രണ്ട്) മരിക്കുന്നു. ആൽഫൈന്റെ സഹോദരന്റെ ആദ്യ കുർബാന ദിവസമായിരുന്നു അന്ത്യം. ഇറച്ചിക്കറി കൂട്ടി ബ്രഡ് കഴിച്ചതിനു പിന്നാലെ തളർന്ന് വീണ ആൽഫൈനെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാം ദിവസം മരിക്കുകയായിരുന്നു.

2016 ജനുവരി 11: ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിന്റെ ഭാര്യയും മരിച്ച ആൽഫൈന്റെ മാതാവുമായ സിലി ഷാജു(44) മരിക്കുന്നു. ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു. ജോളിയും ഒപ്പമുണ്ടായിരുന്നു. ഷാജു ഡോക്ടറുടെ മുറിയിലേക്ക് പോയ ശേഷം പുറത്ത് കാത്തിരുന്ന സിലി, ജോളിയുടെ മടിയിലേക്ക് തളർന്നു വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന സിലിയെ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിക്കുകയായിരുന്നു. 2017 ഫെബ്രുവരി ആറ്: ടോം തോമസിന്റെ മകന്റെ ഭാര്യ ജോളി, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിനെ വിവാഹം കഴിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP