Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രലോഭനത്തിൽ വീഴാത്ത അന്വേഷണ ഉദ്യോഗസ്ഥൻ; നജീബും സഹദുള്ളയും സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനും വിലങ്ങ് വീഴുമെന്നായപ്പോൾ രക്ഷകനായി അവതരിച്ചത് പിണറായിയുടെ ഉപദേശകനോ? ആശുപത്രിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചെങ്കിലും ശ്രീവാസ്തവയുടെ മനസ്സ് മുതലാളിമാർക്കൊപ്പം; കിംസ്-ബെൽറോസ് ആശുപത്രി തട്ടിപ്പ് കേസ് അട്ടിമറിച്ച് ഉന്നത ഇടപെടൽ; ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെ വൈക്കത്തേക്ക് പറത്തിയത് പ്രമുഖരുടെ അറസ്റ്റ് ഒഴിവാക്കാനോ?

പ്രലോഭനത്തിൽ വീഴാത്ത അന്വേഷണ ഉദ്യോഗസ്ഥൻ; നജീബും സഹദുള്ളയും സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനും വിലങ്ങ് വീഴുമെന്നായപ്പോൾ രക്ഷകനായി അവതരിച്ചത് പിണറായിയുടെ ഉപദേശകനോ? ആശുപത്രിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചെങ്കിലും ശ്രീവാസ്തവയുടെ മനസ്സ് മുതലാളിമാർക്കൊപ്പം; കിംസ്-ബെൽറോസ് ആശുപത്രി തട്ടിപ്പ് കേസ് അട്ടിമറിച്ച് ഉന്നത ഇടപെടൽ; ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെ വൈക്കത്തേക്ക് പറത്തിയത് പ്രമുഖരുടെ അറസ്റ്റ് ഒഴിവാക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കിംസ്-ബെൽറോസ് ആശുപത്രിയുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ഗുഡ നീക്കം. പരാതിയിൽ കിംസ് ആശുപത്രി ശൃംഖലയുടെ മേധാവികൾക്കും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥർക്കുമെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് എസ്‌പി. സാബു മാത്യു പ്രാഥമിക വിവര റിപ്പോർട്ട് സമർപ്പിച്ചത്. ഈ കേസാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പിയെ സ്ഥലം മാറ്റി അട്ടിമറിക്കാൻ നീക്കം നടക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ചിലെ ഡിവൈഎസ് പിയായ സുനിൽകുമാർ സിജിയായിരുന്നു അന്വേഷണം നടത്തിയത്. ആരുടേയും പ്രലോഭനങ്ങളിൽ വീഴാതെ അന്വേഷണവുമായി മുമ്പോട്ട് പോയി. ഇത് മനസ്സിലാക്കിയാണ് വൈക്കത്തെ ഡിവൈഎസ്‌പിയായി സുനിൽകുമാറിനെ സർക്കാർ മാറ്റിയത്.

ക്രൈംബ്രാഞ്ചിലെ ഉന്നതർ പോലും അറിയാതെയാണ് ഈ മാറ്റം. കേസ് അന്വേഷണങ്ങളെ ബാധിക്കുമെന്നതിനാൽ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ മാറ്റരുതെന്ന അഭ്യർത്ഥന പോലും സർക്കാർ മാനിച്ചില്ല. ആറു മാസം മുമ്പ് ക്രൈംബ്രാഞ്ചിലെത്തിയ ഉദ്യോഗസ്ഥനാണ് കിംസ് ഫയൽ തുറന്നപ്പോൾ അതിവേഗം വൈക്കത്തേക്ക് പറക്കുന്നത്. പകരം ഡിവൈഎസ്‌പിയെ ക്രൈംബ്രാഞ്ചിന് നൽകിയിട്ടുമില്ല. ഇതോടെ കിംസ് കേസിന് അന്വേഷണ ഉദ്യോഗസ്ഥൻ ഇല്ലാതാവുകയും ചെയ്യും. കേസ് എങ്ങനേയും ഒതുക്കി തീർക്കാൻ പ്രതികൾക്ക് അവസരമൊരുക്കാനാണ് ഇത്.

കിംസ്-ബെൽറോസ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം.ഐ. സഹദുള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ.എം. നജീബ്, ജി. വിജയരാഘവൻ, സുഹറ പടിയത്ത്, മുഹമ്മദ് സാലിക്കുഞ്ഞ്, ജോസ് തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ, മാനേജിങ് ഡയറക്ടർ വി.ജി. മാത്യു തുടങ്ങിയവരാണ് എതിർകക്ഷികൾ. ഇവരെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് സുനിൽകുമാർ കടക്കുന്നതായി സൂചന വന്നിരുന്നു. ഇതോടെയാണ് മാറ്റം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 409 (വിശ്വാസലംഘനം), 420 (വഞ്ചന), 467 (വ്യാജരേഖ ചമയ്ക്കൽ), 468 (വഞ്ചിക്കാൻ ലക്ഷ്യമിട്ട് വ്യാജരേഖ തയാറാക്കൽ), 471 (വ്യാജരേഖ യഥാർഥമെന്ന തരത്തിൽ ഉപയോഗിക്കൽ), 120ബി (ക്രിമിനൽ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. അതുകൊണ്ട് തന്നെ ജാമ്യമില്ലാ കേസിൽ കിംസിലെ ഉന്നതർ അകത്താകേണ്ട സ്ഥിതി വരുമായിരുന്നു. കിംസിൽ പൊലീസ് ഉപദേശകനായ രമൺ ശ്രീവാസ്തവ ഡയറക്ടറായിരുന്നു. കേസ് വന്നതോടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. ശ്രീവാസ്തവയുടെ ഇടപെടലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ സ്ഥലം മാറ്റത്തിന് കാരണമെന്ന ആരോപണം സജീവമാണ്.

കോട്ടയം കുടമാളൂരിൽ ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ട ജൂബി ദേവസ്യ, പത്നി ബെവിസ് തോമസ് ദമ്പതികൾ നൽകിയ പരാതിയിലാണു നടപടി. കിംസ്-ബെൽറോസ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം.ഐ. സഹദുള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ.എം. നജീബ്, ജി. വിജയരാഘവൻ, സുഹറ പടിയത്ത്, മുഹമ്മദ് സാലിക്കുഞ്ഞ്, ജോസ് തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ, മാനേജിങ് ഡയറക്ടർ വി.ജി. മാത്യു തുടങ്ങിയവരാണ് എതിർകക്ഷികൾ.കിംസ് ആശുപത്രി ശുംഖലയുടെ ഓഹരികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള (ഐ.പി.ഒ) നടപടികളുമായി മാനേജ്മെന്റ് മുന്നോട്ടു പോകുന്നതിനിടെയാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ഇത് കിംസ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായി. വിവാദം ഉറപ്പാകുമെന്നതിനാൽ രമൺ ശ്രീവാസ്തവ കിംസിലെ ഡയറക്ടർ സ്ഥാനം ഒഴിയുകയും ചെയ്തു. എങ്കിലും പ്രതികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുമായും ഇഎം നജീബിന് അടുത്ത ബന്ധമുണ്ട്. ചെയർമാനായ സഹദുള്ളയാകട്ടെ നജീബിന്റെ ജേഷ്ഠനും. കെപിസിസി മുൻ അധ്യക്ഷൻ എംഎം ഹസന്റെ അടുത്ത ബന്ധു കൂടിയാണ് സഹദുള്ള.

തങ്ങൾക്ക് അന്യായ ലാഭവും പരാതിക്കാർക്ക് അന്യായ നഷ്ടവും വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തുകയും മറ്റും ചെയ്തെന്നാണ് എഫ്.ഐ.ആറിന്റെ ഉള്ളടക്കം. കുടമാളൂരിലുള്ള ബെൽറോസ് ആശുപത്രിയുടെ 55 ശതമാനം ഓഹരികൾ കരാർ പ്രകാരം ഒന്നു മുതൽ ആറുവരെ പ്രതികൾ സ്വന്തമാക്കിയിരുന്നു. ഇവർ സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖകൾ തയാറാക്കുകയും ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽനിന്ന് 43 കോടി രൂപ വായ്പയെടുക്കുകയും ചെയ്തു. കോട്ടയം കിംസ്-ബെൽറോസ് ആശുപത്രിയുടെ വികസനത്തിനെന്ന പേരിൽ വായ്പയെടുത്ത തുക ബാങ്കിൽ തിരിച്ചടയ്ക്കാതെ പരാതിക്കാർക്ക് 63 കോടിയോളം രൂപ നഷ്ടമാക്കി. പ്രതികൾ പരസ്പരം സഹകരിച്ചാണ് വഞ്ചന നടത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈ.എസ്‌പി.യായിരിക്കെ സുനിൽകുമാർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ നാലു കോടി രൂപയുടെ സംശയകരമായ ഇടപാടുകൾ കണ്ടെത്തിയിരുന്നു. പരാതിയുടെ വ്യാപ്തിയും സങ്കീർണതയും കണക്കിലെടുത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതാകും ഉചിതമെന്നായിരുന്നു കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ശിപാർശ. കേസ് രജിസ്റ്റർ ചെയ്യാൻ വൈകുന്നതു ചൂണ്ടിക്കാട്ടി ജൂബി ദേവസ്യ ഹൈക്കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കു പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചത്.

കോട്ടയം കുടമാളൂരിലെ ബെൽറോസ് ആശുപത്രി 2013-ലാണ് കിംസ് ആശുപത്രി ഗ്രൂപ്പുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടത്. കടുത്ത വഞ്ചനയ്ക്ക് ഇരയായെന്നും തങ്ങളറിയാതെ കിംസ്-ബെൽറോസ് ആശുപത്രിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് 43 കോടി രൂപ വായ്പയെടുത്ത് കിംസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലേക്കു വഴിതിരിച്ചുവിട്ടെന്നുമാണു ജൂബി-ബെവിസ് ദമ്പതികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ജൂബി ദേവസ്യ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്.28 വർഷത്തെ പ്രവാസജീവിതത്തിലെ മുഴുവൻ സമ്പാദ്യത്തിനു പുറമേ വായ്പയെടുത്ത പണവും ഉപയോഗിച്ച് ആശുപത്രി സംരംഭം തുടങ്ങിയ ദമ്പതികളെ കിംസ് ആശുപത്രി ഗ്രൂപ്പ് ആസൂത്രിതമായി വഞ്ചിച്ചെന്നാണു പരാതിയിലെ അടിസ്ഥാന ആരോപണം.

ദീർഘകാലം അമേരിക്കയിലായിരുന്ന ജൂബി ദേവസ്യയും പത്നി ബേവിസ് തോമസും 2010-ലാണ് ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ടത്. രണ്ടര ഏക്കർ സ്ഥലത്ത് അര ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മിച്ചാണ് ആശുപത്രി തുടങ്ങിയത്. ആശുപത്രി വികസനവും മികച്ച നടത്തിപ്പും ലക്ഷ്യമിട്ടാണു കിംസ് ഗ്രൂപ്പുമായി സഹകരിച്ചത്.സ്ഥാപക ദമ്പതികൾക്ക് 45 ശതമാനവും കിംസ് ഗ്രൂപ്പിന് 55 ശതമാനവും ഓഹരി പങ്കാളിത്തമായിരുന്നു തുടക്കത്തിലെ കരാർ. ഡയറക്ടർ ബോർഡിലെ മേൽക്കെ ഉപയോഗിച്ച് ചെയർമാൻ അടക്കമുള്ളവർ ഓഹരി പങ്കാളിത്ത ക്രമം മാറ്റിമറിച്ചെന്നും വൻ നിക്ഷേപം നടത്തിയെന്ന വ്യാജേന തങ്ങളുടെ ഓഹരി പങ്കാളിത്തം നാമമാത്രമായി വെട്ടിക്കുറച്ചെന്നും ജൂബി ദേവസ്യ പറയുന്നു.

കോട്ടയത്തെ ആശുപത്രിക്കു പുതിയ കെട്ടിടം നിർമ്മിക്കുന്നത് അടക്കമുള്ള പദ്ധതികൾക്കെന്ന പേരിലാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നു 43 കോടി രൂപ വായ്പയെടുത്തത്. വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമ്മിച്ചിട്ടില്ലെന്നത് പണം തിരിമറിയുടെ ഉദാഹരണമായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പണം ചെലവാക്കിയെന്നു സ്ഥാപിക്കാനായി കോട്ടയത്തെ ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയെന്നു വ്യാജ രേഖകൾ ചമച്ചെന്നും കോട്ടയത്തെത്തിച്ചത് കിംസിന്റെ വിവിധ ആശുപത്രികളിൽനിന്നുള്ള പഴയ ഉപകരണങ്ങളാണെന്നും പരാതിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP