Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി സംഘടനയ്ക്കായി വൈസ് പ്രസിഡന്റുമാരുടെ കടുംപിടിത്തം; 85 അംഗ ജംബോ സെക്രട്ടറി പട്ടികയിൽ കണ്ണു തള്ളി മുല്ലപ്പള്ളി; എണ്ണം 56 ആയി ചുരുക്കണമെന്ന ആവശ്യം അംഗീകരിക്കാതെ എ-ഐ ഗ്രൂപ്പുകൾ; സംഘടനാ ചുമതല വൈസ് പ്രസിഡന്റുമാർക്ക് നൽകിയാൽ നിസ്സഹകരണത്തിന് ജനറൽ സെക്രട്ടറിമാർ; മുല്ലപ്പള്ളിയെ മുഖ്യമന്ത്രിയാക്കാൻ പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്ന ഭയത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; യുവ തുർക്കികൾ സ്വന്തം വഴിക്കും; കെപിസിസിയിൽ സർവ്വത്ര പ്രതിസന്ധി; കോൺഗ്രസിൽ വീണ്ടും കലാപ നാളുകൾ

പ്രവാസി സംഘടനയ്ക്കായി വൈസ് പ്രസിഡന്റുമാരുടെ കടുംപിടിത്തം; 85 അംഗ ജംബോ സെക്രട്ടറി പട്ടികയിൽ കണ്ണു തള്ളി മുല്ലപ്പള്ളി; എണ്ണം 56 ആയി ചുരുക്കണമെന്ന ആവശ്യം അംഗീകരിക്കാതെ എ-ഐ ഗ്രൂപ്പുകൾ; സംഘടനാ ചുമതല വൈസ് പ്രസിഡന്റുമാർക്ക് നൽകിയാൽ നിസ്സഹകരണത്തിന് ജനറൽ സെക്രട്ടറിമാർ; മുല്ലപ്പള്ളിയെ മുഖ്യമന്ത്രിയാക്കാൻ പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്ന ഭയത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; യുവ തുർക്കികൾ സ്വന്തം വഴിക്കും; കെപിസിസിയിൽ സർവ്വത്ര പ്രതിസന്ധി; കോൺഗ്രസിൽ വീണ്ടും കലാപ നാളുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ഥാനമാനങ്ങളും ചുമതലകളും പങ്കുവയ്ക്കുന്നതിനെ ചൊല്ലി കെപിസിസിയിൽ കലാപം അതിരൂക്ഷം. എ-ഐ ഗ്രൂപ്പു മാനേജർമാരുടെ ഇടപെടൽ കാരണം പ്രതിസന്ധി അതിരൂക്ഷമാകുകയാണ്. സംഘടനാ ചുമതലകൾ തങ്ങൾക്കും വേണമെന്ന കെപിസിസി വൈസ് പ്രസിഡൻരുമാരുടെ ആവശ്യമാണ് പുതിയ പ്രശ്‌നം. ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ചർച്ചകളിൽ സജീവമാകുന്നത് വൈസ് പ്രസിഡന്റുമാരാണ്. അതുകൊണ്ട് തന്നെ നിർണ്ണായകമായ പല ചുമതലകളും വൈസ് പ്രസിഡന്റുമാർ ലക്ഷ്യമിടുന്നു. ഇതോടെ ജനറൽ സെക്രട്ടറിമാർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതും കെപിസിസിയുടെ മുമ്പോട്ട് പോക്കിനെ ബാധിക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകളെ എ-ഐ ഗ്രൂപ്പുകൾ ചേർന്ന് അട്ടിമറിക്കുകയാണ്.

കെപിസിസിയിൽ ജനറൽ സെക്രട്ടറിമാർക്കാണ് ചുമതലകൾ വീതിച്ച് നൽകാറുള്ളത്. എന്നാൽ അത് പോരെന്നും തങ്ങൾക്കും സംഘടനാ ചുമതല വേണമെന്നുമാണ് വൈസ് പ്രസിഡന്റുമാരുടെ ആവശ്യം. പിസി വിഷ്ണുനാഥും ശൂരനാട് രാജശേഖരനും അടക്കമുള്ള പ്രമുഖരാണ് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ചർച്ചകൾക്ക് എത്തുന്നത്. ഇവരെല്ലാം വൈസ് പ്രസിഡന്റുമാരാണ്. ചുമതലകൾ തങ്ങൾക്കും വേണമെന്ന അവർ വാശി പിടിക്കുന്നു. ഇതോടെയാണ് കെപിസിസിയിൽ സമാനതകളില്ലാത്ത പ്രതിസന്ധിയുണ്ടാകുന്നത്. വൈസ് പ്രസിഡന്റുമാർക്ക് ചുമതല നൽകുന്നത് കെപിസിസിയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഇതിനെ അംഗീകരിക്കില്ലെന്ന് ജനറൽ സെക്രട്ടറിമാരും പറയുന്നു. അങ്ങനെ ഗ്രൂപ്പുകൾക്ക് അപ്പുറത്തേക്കുള്ള പോര് രൂപപ്പെടുകയാണ്.

പ്രവാസി സംഘടനയായ ഒഐസിസിയുടെ ചുമതല ലക്ഷ്യമിട്ടാണ് ചില വൈസ് പ്രസിഡന്റുമാരുടെ നീക്കം. ഇത് തങ്ങൾക്ക് വേണമെന്ന് എല്ലാവരും പറയുന്നു. കോവിഡുകാലത്ത് ഈ പദവിക്ക് വേണ്ടിയുള്ള തർക്കവും ശ്രദ്ധേയമാണ്. ദേശീയ കോൺഗ്രസിലും ജനറൽ സെക്രട്ടറിമാരാണ് സംഘടനാ ചുമതലകൾ നോക്കുക. എല്ലാ സംസ്ഥാനങ്ങളിലെ പിസിസിയിലും ഇതാണ് പതിവും. കേരളത്തിൽ ഇത് മാറ്റിയെഴുതാനാണ് വൈസ് പ്രസിഡന്റുമാരുടെ ശ്രമം. ഇത് അംഗീകരിക്കില്ലെന്നാണ് ജനറൽ സെക്രട്ടറിമാരുടെ നിലപാട്. ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ മുല്ലപ്പള്ളി രാമചന്ദ്രനും അസംതൃപ്തനാണ്. കെപിസിസി സെക്രട്ടറിമാരെ പോലും പ്രഖ്യാപിക്കാൻ മുല്ലപ്പള്ളിക്ക് കഴിയുന്നില്ല.

ഇന്നലെ നടന്ന രാഷ്ട്രീയകാര്യ സമിതിയിലും സെക്രട്ടറിമാരിൽ തീരുമാനം ഉണ്ടായില്ല. ജംബോ പട്ടികയ്ക്ക് വേണ്ടി ഐയും എയും ബലം പിടിക്കുന്നു. ഇതിനെ അംഗീകരിക്കാൻ മുല്ലപ്പള്ളിക്ക് മനസ്സ് വരുന്നില്ല. ഇതാണ് സെക്രട്ടറിമാരുടെ പ്രഖ്യാപനം നീളാൻ കാരണം. കെപിസിസിക്ക് വേണ്ടി തയ്യാറാക്കിയ സെക്രട്ടറി പട്ടികയിൽ 85 പേരുടെ പേരാണുള്ളത്. എന്തിനാണ് ഇത്രയും സെക്രട്ടറിമാരെന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം. എന്നാൽ ഇത് കൂടിയേ തീരുവെന്നും എല്ലാ നേതാക്കൾക്കും പദവി വേണമെന്നും ചെന്നിത്തല-ഉമ്മൻ ചാണ്ടി വിഭാഗങ്ങൾ വാശി പിടിക്കുന്നു. 56 പേരെ സെക്രട്ടറിയാക്കാമെന്നതാണ് മുല്ലപ്പള്ളിയുടെ നിലപാട്. പട്ടികയിൽ വെട്ടിച്ചുരുക്കൽ സാധ്യമല്ലെന്ന ഗ്രൂപ്പുകളുടെ വാശിയാണ് സെക്രട്ടറിമാരെ പ്രഖ്യാപിക്കാനുള്ള തടസ്സം.

ഇത്തരം പ്രശ്‌ന പരിഹാരത്തിന് ഗ്രൂപ്പുകൾ നിയോഗിച്ച വൈസ് പ്രസിഡന്റുമാർ തങ്ങളുടെ ചുമതലകൾക്ക് വേണ്ടി മത്സരിക്കുന്നു. ഇല്ലാത്ത കീഴ് വഴക്കങ്ങളുണ്ടാക്കി ചുമതലകൾ തട്ടിയെടുക്കാനാണ് ശ്രമം. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ വൈസ് പ്രസിഡന്റിന് പ്രവാസികളുടെ ചുമതല കൂടിയേ തീരൂ. ചെന്നിത്തലയുടെ രണ്ട് പ്രതിനിധികളും ചർച്ചകളിൽ വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തിന് വേണ്ടിയാണ് വാദമുയർത്തിയത്. ഇതോടെ കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തിലെ അനിശ്ചിതത്വം ജനറൽ സെക്രട്ടറിമാരുടെ ചുമതല വീതം വയ്ക്കലിലും എത്തി. ഇതോടെ രാഷ്ട്രീയ കാര്യ സമിതിക്ക് ഇക്കാര്യത്തിലും തീരുമാനം എടുക്കാനായില്ല.

മുല്ലപ്പള്ളി ഗ്രൂപ്പ് വരുന്നുവെന്ന് ചെന്നിത്തലയ്ക്കും ചാണ്ടിക്കും ഭയം

കെപിസിസിയിൽ മുല്ലപ്പള്ളി ഗ്രൂപ്പുണ്ടാകുന്നുവെന്ന ഭയം ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമുണ്ട്. ജനറൽ സെക്രട്ടറിയായ അനിൽ കുമാർ മുല്ലപ്പള്ളിയുടെ വിശ്വസ്തനാണ്. മണക്കാട് സുരേഷിനെ പോലുള്ളവർക്കും വ്യക്തമായ ഗ്രൂപ്പില്ല. ഇവരെല്ലാം ചേർന്ന് മുല്ലപ്പള്ളിക്ക് വേണ്ടി പുതിയ ഗ്രൂപ്പുണ്ടാക്കുമെന്നതാണ് ഭയം. ഈ സാഹചര്യത്തിലാണ് സെക്രട്ടറി പദവിയിലും മറ്റും ഗ്രൂപ്പ് സമവാക്യങ്ങൾ കൂടിയേ തീരുവെന്ന് ഗ്രൂപ്പ് മാനേജർമാർ നിർബന്ധം പിടിക്കുന്നത്. വീതം വയ്‌പ്പ് രാഷ്ട്രീയം തകർന്നാൽ മുല്ലപ്പള്ളി ഗ്രൂപ്പ് കരുത്താകുമെന്നും ഭയക്കുന്നു.

മുഖ്യമന്ത്രി കസേരയാണ് മുല്ലപ്പള്ളി ലക്ഷ്യമിടുന്നതെന്നും ഇഷ്ടക്കാരെ സെക്രട്ടറിമാരാക്കാൻ ചരടു വലിക്കുന്നുവെന്നും ആരോപണം ശക്തമാണ്. വി എം സുധീരന്റെ പിന്തുണയും മുല്ലപ്പള്ളിക്ക് കിട്ടുമെന്നും വിലയിരുത്തുന്നു. അതുകൊണ്ട് എല്ലാ തീരുമാനങ്ങളിലും ഗ്രൂപ്പ് ശക്തി ഉണ്ടാകണമെന്നാണ് ആവശ്യം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഈ നീക്കങ്ങളിൽ ഒറ്റക്കെട്ടാണ്. അതുകൊണ്ട് തന്നെ വെല്ലുവിളിയോടെ ഇതിനെ എതിർക്കാൻ മുല്ലപ്പള്ളിക്ക് കഴിയുന്നുമില്ല. എല്ലാ സമവായത്തിലൂടെ മാത്രമേ കൊണ്ടു പോകാൻ കഴിയൂ. കേന്ദ്രത്തിലെ അധികാര നഷ്ടത്തോടെ ഹൈക്കമാണ്ടിന്റെ കരുത്തും ചോർന്നു. അതിനാൽ കേരളത്തിലെ കാര്യങ്ങളിൽ വലിയ ഇടപെടലിന് അവരും തയ്യാറല്ല.

സെക്രട്ടറിമാരുടെ അടക്കം തീരുമാനം കേരളത്തിൽ എടുക്കണമെന്നതാണ് നിർദ്ദേശം. ഇതോടെയാണ് സ്ഥാനങ്ങൾ പിടിച്ചെടുക്കാൻ ഗ്രൂപ്പുകൾ കളി തുടങ്ങിയത്. കെപിസിസിയിലെ പ്രത്യേക സമുദായത്തിലുള്ളവരെ ഒരുമിപ്പിച്ച് മുല്ലപ്പള്ളി പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഇതിനിടെയാണ് ഉയരുന്നത്. കോൺഗ്രസിലെ യുവ തുർക്കികൾ 'വി' ഗ്രൂപ്പുണ്ടാക്കിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇതും എത്തുന്നത്. ഇതോടെയാണ് ഗ്രൂപ്പുകൾക്ക് മാത്രമായി സ്ഥാനങ്ങൾ വീതിച്ചെടുക്കാൻ എയും ഐയും കളികളുമായി എത്തിയതും.

തരൂരിന് വിമർശനം

സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് ശശിതരൂർ എംപി, പി ജെ കുര്യൻ തുടങ്ങിയവർക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ രൂക്ഷ വിമർശം. സർക്കാർ നടപടികളെ പുകഴ്‌ത്തി ലേഖനമെഴുതുകയും കൈയടി നേടാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയം മറക്കുകയാണെന്ന് പി സി വിഷ്ണുനാഥും ഷാനിമോൾ ഉസ്മാനും പരിഹസിച്ചു.

പ്രതിപക്ഷം സർക്കാരിനെതിരെ ആക്ഷേപങ്ങൾ ചൊരിയുമ്പോഴാണ് മറ്റ് ചിലർ സർക്കാരിനെ പുകഴ്‌ത്തി ഗുഡ് സർട്ടിഫിക്കറ്റ് നേടാൻ ശ്രമിക്കുന്നതെന്നായിരുന്നു വിമർശനം. സ്പ്രിങ്ക്ളർ വിഷയമേറ്റെടുത്ത് ശക്തമായി മുന്നോട്ട് പോകണമായിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മൂന്ന് നേതാക്കൾ മാത്രം കൂടിയാലോചിച്ച് തീരുമാനമെടുക്കാതെ എല്ലാവരുമായും കൂടിയാലോചിക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

കെപിസിസിക്ക് ജംബോ പട്ടിക വേണ്ടെന്ന് പി ജെ കുര്യനും കെ മുരളീധരനും പറഞ്ഞു. തൃശൂർ, കോഴിക്കോട് ഡിസിസികൾക്ക് അടിയന്തരമായി പൂർണസമയ പ്രസിഡന്റുമാരെ വേണം. കേരള കോൺഗ്രസിലെ തർക്കം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ ദോഷമാകുമെന്നും കെപിസിസി വിലയിരുത്തി. എന്നാൽ ഇതിലൊന്നും തീരുമാനം എടുക്കാൻ കെപിസിസിക്ക് കഴിയുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP