Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർകോഡ് അബ്ദുള്ളക്കുട്ടി...വയനാട്ടിൽ ഷാനിമോൾ ഉസ്മാൻ..വടകരയിൽ അഭിജിത്ത്..ആലപ്പുഴയിൽ വിഷ്ണുനാഥ്..തൃശൂരിൽ പ്രതാപൻ..ചാലക്കുടിയിൽ ബെന്നി ബഹന്നാൻ.. ഇടുക്കിയിൽ കുഴൽനാടൻ...പാലക്കാട് ശ്രീകണ്ഠൻ..ആറ്റിങ്ങലിൽ അടൂർ പ്രകാശ്; യുവാക്കൾക്കും വനിതകൾക്കും പുതുമുഖങ്ങൾക്കും അവസരം എന്ന് രാഹുലും ആന്റണിയും പറയുമ്പോൾ ഗ്രൂപ്പടിസ്ഥാനത്തിൽ സീറ്റുകൾ വീതം വച്ച് കേരളത്തിലെ പാർട്ടി നേതൃത്വം; കെപിസിസി തയ്യാറാക്കിയ സ്ഥാനാർത്ഥി ലിസ്റ്റ് മറുനാടൻ പുറത്തുവിടുന്നു

കാസർകോഡ് അബ്ദുള്ളക്കുട്ടി...വയനാട്ടിൽ ഷാനിമോൾ ഉസ്മാൻ..വടകരയിൽ അഭിജിത്ത്..ആലപ്പുഴയിൽ വിഷ്ണുനാഥ്..തൃശൂരിൽ പ്രതാപൻ..ചാലക്കുടിയിൽ ബെന്നി ബഹന്നാൻ.. ഇടുക്കിയിൽ കുഴൽനാടൻ...പാലക്കാട് ശ്രീകണ്ഠൻ..ആറ്റിങ്ങലിൽ അടൂർ പ്രകാശ്; യുവാക്കൾക്കും വനിതകൾക്കും പുതുമുഖങ്ങൾക്കും അവസരം എന്ന് രാഹുലും ആന്റണിയും പറയുമ്പോൾ ഗ്രൂപ്പടിസ്ഥാനത്തിൽ സീറ്റുകൾ വീതം വച്ച് കേരളത്തിലെ പാർട്ടി നേതൃത്വം; കെപിസിസി തയ്യാറാക്കിയ സ്ഥാനാർത്ഥി ലിസ്റ്റ് മറുനാടൻ പുറത്തുവിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്‌സഭാ സീറ്റ് നൽകുന്ന കാര്യത്തിൽ സ്ത്രീകൾക്കും യുവാക്കൾക്കും ഇത്തവണ മുൻഗണന നൽകുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തിയ വേളയിൽ പറഞ്ഞിരുന്നത്. കഴിവും മാനദണ്ഡവും അനുസരിച്ചായിരിക്കും തീരുമാനമെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാഹുലിന്റെ വാക്കു കേട്ട് മോഹം ഉദിച്ച കോൺഗ്രസിനെ യുവാക്കൾക്കുമെല്ലാം തൽക്കാലം അടുപ്പിൽ വെച്ച വെള്ളം വാങ്ങിവെക്കാം. പഴയമുഖങ്ങൾ തേച്ചു മിനിക്കു പുതുക്കി അവതരിപ്പിക്കുകയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ചെയ്യുന്നത്.

കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഗ്രൂപ്പ് മാനേജർമാർ നിശ്ചയിച്ചു കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് മറുനാടന് ലഭിച്ച സ്ഥാനാർത്ഥി പട്ടികയിൽ നിന്നും വ്യക്തമാകുന്നത്. ഗ്രൂപ്പു മാനേജർമാർ തീരുമാനിച്ച പേരുകൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അംഗീകരിക്കേണ്ട അവസ്ഥയാണ്. യുവാക്കളെയും വനിതകളേയും നിരാശരാക്കുന്നതാണ് ഈ പട്ടിക. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കില്ല. ആലത്തൂർ ഒഴികെ എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്ന് എല്ലാ സീറ്റിലും ഒരു പേര് മാത്രമേ കെപിസിസി ഹൈക്കമാണ്ടിന് അയക്കൂ. എയും ഐയും ഒരുമിച്ചിരുന്നാണ് കാര്യങ്ങൾ ചർച്ചയാക്കിയത്.

ഇടുക്കി സീറ്റിൽ ഉമ്മൻ ചാണ്ടിയും മാത്യു കുഴൽനാടനും പരിഗണനയിലുണ്ട്. ആലത്തൂരിൽ സ്വതന്ത്രനെ നിർത്താനാണ് സാധ്യത. ഇതിനായി പറ്റിയ സ്ഥാനാർത്ഥിയെ കോൺഗ്രസ് തേടുന്നുണ്ട്. നേരത്തെ ഐഎം വിജയന്റെ പേര് അടക്കം ഈ മണ്ഡലത്തിൽ ഉയർന്നു കേട്ടിരുന്നു. ആലത്തൂർ ഒഴികെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന് ജയസാധ്യതയുണ്ട്. ഇത് കാരണമാണ് എ-ഐ ഗ്രൂപ്പുകൾ സീറ്റ് പങ്കിട്ടെടുക്കുന്നത്. ദേശീയ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. അതുകൊണ്ട് തന്നെയാണ് ഇത്തവണ സീറ്റുകൾ ഗ്രൂപ്പു വീതംവെപ്പായി മാറുന്നത്.

കെഎസ്‌യുവിനെ തൃപ്തിപ്പെടുത്താൻ വിദ്യാർത്ഥി സംഘടനയുടെ നേതാവ് അഭിജിത്തിനെ വടകരയിൽ മത്സരിക്കും. യുവാക്കളുടെ പ്രാധിനിത്യം അഭിജിത്തിൽ ഒതുക്കാനാണ് നീക്കം. ഇക്കാര്യത്തിൽ മുല്ലപ്പള്ളിയുടെ തീരുമാനവും നിർണായകമായി മാറുമെന്നത് ഉറപ്പാണ്. നിലവിലെ സാഹചര്യത്തിൽ സിറ്റിങ് എംപിമാരിൽ മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും ഒഴികെ എല്ലാവരും മത്സരിക്കാനാണ് ധാരണ. കെപിസിസി അധ്യക്ഷനെന്ന നിലയിൽ മുല്ലപ്പള്ളിയും എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി വേണുഗോപാലും മത്സരിക്കില്ല. തൃശൂരിൽ വി എം സുധീരനെ പിണക്കാതിരിക്കാൻ ടിഎൻ പ്രതാപനെ സ്ഥാനാർത്ഥിയാക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന പ്രതാപൻ തൃശ്ശൂരിൽ മത്സരിക്കുന്നതിനോട് രാഹുൽ ഗാന്ധിക്കും താൽപ്പര്യമുണ്ട്.

ഇടുക്കിയിൽ മാത്യു കുഴൽനാടന്റെ പേര് പരിഗണിക്കുന്നത് ശശി തരൂരിന്റെ കൂടെ മനസ്സ് തിരിച്ചറിഞ്ഞാണ്. പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതാവാണ് മാത്യു കുഴൽനാടൻ. രാഷ്ട്രീയ പ്രവർത്തന രംഗത്ത് പുതിയ ശൈലി വേണമെന്ന് അടക്കം ചിന്തിക്കുന്ന വ്യക്തിത്വം. ഇടുക്കി സ്വദേശിയായ മാത്യുവിനെ പരിഗണിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ പേരിനൊപ്പമാണ്. ഉമ്മൻ ചാണ്ടി മത്സരിക്കുമോ എന്ന കാര്യത്തിലെ അനിശ്ചിതത്വം നീങ്ങിയാൽ മാത്രമേ മാത്യുവിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനാകൂ.

1, കാസർഗോഡ്-എ.പി അബ്ദുള്ളക്കുട്ടി
2, വയനാട്-ഷാനിമോൾ ഉസ്മാൻ
3, കണ്ണൂർ-കെ സുധാകരൻ
4, വടകര-അഭിജിത്ത്
5, കോഴിക്കോട്-എം.കെ രാഘവൻ
6, പാലക്കാട്- വി.കെ ശ്രീകണ്ഠൻ
7, തൃശൂർ-ടിഎൻ പ്രതാപൻ
8, ചാലക്കുടി-ബെന്നി ബെഹന്നാൻ
9, എറണാകുളം-കെ.വി തോമസ്
10, ആലപ്പുഴ- പി സി വിഷ്ണുനാഥ്
11, മാവേലിക്കര-കൊടിക്കുന്നിൽ സുരേഷ്
12, ഇടുക്കി-മാത്യു കുഴൽനാടൻ/ഉമ്മൻ ചാണ്ടി
13, പത്തനംതിട്ട- ആന്റോ ആന്റണി
14, ആറ്റിങ്ങൽ-അടൂർ പ്രകാശ്
15, തിരുവനന്തപുരം-ശശി തരൂർ

അതായത് കേരളത്തിലെ 20 സീറ്റിൽ 16 ലും മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു കഴിഞ്ഞു. മുസ്ലിം ലീഗ് മൂന്നാം ലോക്സഭാ സീറ്റിന് അവകാശം ഉന്നയിക്കുന്നുണ്ട്. ഇടുക്കിയിൽ കേരളാ കോൺഗ്രസിനും നോട്ടമുണ്ട്. ഈ ആവശ്യങ്ങൾ കോൺഗ്രസ് അംഗീകരിക്കില്ല. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പരമാവധി സീറ്റിൽ മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇത് മുസ്ലിം ലീഗിനേയും കേരളാ കോൺഗ്രസിനേയും ബോധ്യപ്പെടുത്തും. പരാതികൾ ഉയരുമെങ്കിലും മികച്ച സ്ഥാനാർത്ഥികളെ തന്നെയാണ് നിശ്ചയിച്ചതെന്ന് ഗ്രൂപ്പ് മാനേജർമാർ പറയുന്നു. അതിനാൽ ഈ ലിസ്റ്റ് അതേപടി അംഗീകരിക്കുമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പ്രതീക്ഷ.

ഈ പട്ടികയിൽ നിരാശനാകുന്നത് പ്രയാർ ഗോപാലകൃഷ്ണനാണ്. തന്നെ ഏതെങ്കിലും സീറ്റിൽ മത്സരിക്കാൻ പരിഗണിക്കുമെന്ന് പ്രയാർ പ്രതീക്ഷിച്ചിരുന്നു. ശബരിമലയിലെ നിലപാട് തുണയാകുമെന്നാണ് പ്രയാർ കരുതിയത്. എന്നാൽ പലപ്പോഴും ബിജെപിയുമായി സഹകരിച്ചു നീങ്ങുന്നു എന്നതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. അതേസമയം സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന എം ലിജുവിനും ടി സിദ്ദിഖിനും സതീശൻ പാച്ചേനിക്കുമൊന്നും സീറ്റില്ലാത്ത അവസ്ഥയാണ്.

ചാലക്കുടിയിൽ ബെന്നി ബെഹന്നാൻ മത്സരിക്കാനെത്തുമ്പോൾ പിസി ചാക്കോയും ധനപാലനും സീറ്റ് കിട്ടാത്ത അവസ്ഥയും വരും. പത്തനംതിട്ട മോഹിച്ച പിജെ കുര്യനും നിരാശനാകും. ഇവർക്കൊന്നും കേരളത്തിലെ ഗ്രൂപ്പുകളിൽ വലിയ സ്വാധീനമില്ലെന്നതാണ് വിനയാകുന്നത്. കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം തന്നെയാണ് നിർണ്ണായകമെന്ന് വ്യക്തമാക്കുന്നതാണ് ഈ പട്ടിക. കണ്ണൂരിൽ സൂധാകരൻ തന്നെ മത്സരിക്കണമെന്നാണ് പൊതു വികാരം. അദ്ദേഹത്തിന് പകരം ആറ് മത്സരിച്ചാലും മണ്ഡലത്തിൽ ശക്തമായ പോരാട്ടം കാഴ്‌ച്ചവെക്കാൻ ആകില്ലെന്നാണ് വിലയിരുത്തൽ. കെപിസിസി വർക്കിങ് പ്രസിഡന്റായ അദ്ദേഹത്തിന് വേണ്ടി അണികൾ ഉണർന്നു പ്രവർത്തിക്കുമെന്നും കരുതുന്നു.

ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ നല്ല സ്ഥാനാർത്ഥി അടൂർ പ്രകാശാണെന്നാണ് വിലയിരുത്തൽ. ഇവിടുത്തെ പ്രാദേശിക ബന്ധങ്ങളാണ് അടൂർ പ്രകാശിനെ പരിഗണിക്കാൻ ഇടയാക്കുന്നത്. അടൂർ പ്രകാശ് മത്സരിക്കുന്നതോടെ കടുത്ത മത്സരം കാഴ്‌ച്ചവെക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിലെ പൊതുവികാരം. പാലക്കാട് ശ്രീകണ്ഠനും അട്ടിമറി വിജയം തേടുമെന്നാണ് പ്രതീക്ഷ. അടുത്തകാലത്തായി ജില്ലയിലെ കോൺഗ്രസിനെ നയിക്കുന്നത് ശ്രീകണ്ഠനാണ്.

ഈ പട്ടികയിൽ അടൂർ പ്രകാശും ഉമ്മൻ ചാണ്ടിയും മാത്രമാണ് എംഎൽഎമാർ. ഇടുക്കിയും ആറ്റിങ്ങലും പിടിക്കാനാണ് ഈ നീക്കം. തൃശൂരിൽ പ്രതാപന്റെ ഇമേജ് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. വയനാട്ടിൽ ഷാനിമോൾ ഉസ്മാന് ഉറച്ച സീറ്റ് നൽകുകയും ചെയ്യുന്നു. ആലപ്പുഴയിൽ വിഷ്ണുനാഥിനും നേട്ടമാണ്. കെ.സി വേണുഗോപാൽ തന്നെയാണ് പി സി വിഷ്ണുനാഥിന് വേണ്ടി വാദിച്ചത്. ചാലക്കുടിയിലെ രാഷ്ട്രീയം ബെന്നി ബെഹന്നാൻ അനുകൂലമാക്കുമെന്നാണ് പ്രതീക്ഷ. ഈ മണ്ഡലം കേന്ദ്രീകരിച്ച് അദ്ദേഹം കുറച്ചു കാലങ്ങളായി പ്രവർത്തിക്കുന്നുണ്ട്. യുഡിഎഫ് കൺവീനർ ആണെങ്കിലും മത്സരിക്കാൻ തടസ്സമാകില്ലെന്നും വിലയിരുത്തലുണ്ട്.

ശശി തരൂരും എംകെ രാഘവനും കൊടിക്കുന്നിൽ സുരേഷും ആന്റോ ആൻണിയും ജയസാധ്യത ഏറെയുള്ള സിറ്റിങ് എംപിമാരാണെന്നാണ് വിലയിരുത്തൽ. ജനസമ്മതരായ ഇവർക്ക് പകരം പേരുകൾ പോലും കോൺഗ്രസ് പരിഗണിക്കുന്നില്ല. എറണാകുളത്ത് കെ.വി തോമസ് സ്ഥാനാർത്ഥിയാകുന്നത് മത്സരിക്കാനുള്ള ഹൈബി ഈഡന്റെ മോഹങ്ങളെ വെട്ടിയാണ്. സംസ്ഥാന രാഷ്ട്രീയം വിടാൻ തൽക്കാലം ഹൈബിയും തയ്യാറല്ല. മാവേലിക്കര മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷ് തന്നെയാകും മത്സരിക്കുക. ഇത്തവണ മണ്ഡലത്തിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.

അതേസമയം കെപിസിസി തയ്യാറാക്കിയ പ്രാഥമിക ലിസ്റ്റിനോട് കോൺഗ്രസിന് ഉള്ളിൽ നിന്നും എതിർപ്പ് ഉയരുമെന്ന പ്രതീതിയുണ്ട്. എതിർപ്പ് പരസ്യമായാൽ നിലവിലെ ലിസ്റ്റിലെ പേരുകൾ വെട്ടാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP