Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യസഭാ വിഷയത്തിലെ പ്രവർത്തകരുടെ രോഷം ഹൈക്കമാൻഡിന്റെ മനം മാറ്റിയേക്കും; പ്രസിഡന്റിനെ ഇത്തവണ കെട്ടിയിറക്കാൻ ഇല്ലെന്ന് തീരുമാനിച്ചുറപ്പിച്ച് രാഹുൽ ഗാന്ധി; അണികളുടെ മുറവിളി ശക്തമായപ്പോൾ കെ സുധാകരനെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു മുകുൾ വാസ്‌നിക്; അധ്യക്ഷ പദവിയെ കുറിച്ചുള്ള ചർച്ചക്കെന്ന് സൂചന; ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകാൻ ഒരുങ്ങി കണ്ണൂരിലെ നേതാവ്

രാജ്യസഭാ വിഷയത്തിലെ പ്രവർത്തകരുടെ രോഷം ഹൈക്കമാൻഡിന്റെ മനം മാറ്റിയേക്കും; പ്രസിഡന്റിനെ ഇത്തവണ കെട്ടിയിറക്കാൻ ഇല്ലെന്ന് തീരുമാനിച്ചുറപ്പിച്ച് രാഹുൽ ഗാന്ധി; അണികളുടെ മുറവിളി ശക്തമായപ്പോൾ കെ സുധാകരനെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു മുകുൾ വാസ്‌നിക്; അധ്യക്ഷ പദവിയെ കുറിച്ചുള്ള ചർച്ചക്കെന്ന് സൂചന; ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകാൻ ഒരുങ്ങി കണ്ണൂരിലെ നേതാവ്

അരുൺ ജയകുമാർ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലെ കലാപവും പരസ്പരം ചെളി വാരിയെറിയലും അഞ്ചാം ദിവസവും തുടരുമ്പോൾ കേരളത്തിലെ പാർട്ടിയെ നയിക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ പാർട്ടി കേന്ദ്ര നേതൃത്വം കൈക്കൊണ്ടതായി വിവരം. പുതിയ അദ്ധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് കെ.സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുകയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക്. സുധാകരനെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇന്ന് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട അദ്ദേഹം ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ഡൽഹിക്ക് തിരിക്കും എന്നാണ് സൂചന.

കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അഞ്ചാം ദിവസവും തുടരുന്നതിനിടയിലാണ് സുപ്രധാന തീരുമാനവുമായി കേന്ദ്ര നേതൃത്വം ഇടപെടൽ നടത്തിയിരിക്കുന്നത്. രാജ്യസഭ സീറ്റ് സംബന്ധിച്ച് വിഷയം കത്തുന്നതിനിടയിലാണ് കെ.സുധാകരന് അനുകൂലമായ ഫള്കസ് ബോർഡുകളും ഇപ്പോൾ തലസ്ഥാന നഗരത്തിൽ വിവിധ ഭാഗത്തി ഉയർന്നിരുന്നു. രാജ്യസഭ സീറ്റ് സംബന്ധിച്ചും ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പരാജയവും രണ്ട് വർഷമായി നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും പിണറായി വിജയനെന്ന ശക്തനായ നേതാവിനെതിരെ ഒരേയൊരു എംഎൽ മാത്രമുള്ള ബിജെപി നടത്തുന്ന പ്രക്ഷോഭമോ എതിർപ്പോ പോലും പ്രകടിപ്പിക്കാൻ കഴിയാത്ത പാർട്ടി എന്നതുൾപ്പടെയായിരുന്നു പൊതു ജനങ്ങൾക്കിടയിലും കോൺഗ്രസ് അനുഭാവികൾക്കിടയിലും ഉണ്ടായ അഭിപ്രായം.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന മുറവിളി ശക്തമാകുന്നതിനിടെയാണ് കെ സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് സുധാകരൻ ഡൽഹിയിലെത്തുക. മുകുൾ വാസ്‌നിക്കിനെ കാണുന്ന അദ്ദേഹം രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തും എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യസഭ സീറ്റ് സംബന്ധിച്ച് നേതാക്കൾ വലിയ രീതിയിലുള്ള രോഷപ്രകടനം നടത്തിയപ്പോഴും സുധാകരൻ നിശബ്ദനായിരുന്നു.

കേരളത്തിലെ നിലവിലെ സാഹചര്യങ്ങളും അധ്യക്ഷ പദവിയും സംബന്ധിച്ച് ചർച്ച നടത്താനാണ് സുധാകരനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. കഴിഞ്ഞദിവസം ചേർന്ന കെപിസിസി എക്‌സിക്യൂട്ടീവിൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. എൺപതോളം പേരുള്ള എക്‌സിക്യൂട്ടീവിൽ മൂന്ന് നേതാക്കൾ ചേർന്നെടുത്ത തീരുമാനത്തിന്റെ പുറത്ത് ഒരാൾക്ക് മൂന്നു മിനുട്ടുപോലും സംസാരിക്കാൻ അവസരമില്ലെന്നതായിരുന്നു സുധാകരൻ കാരണമായി പറഞ്ഞത്. എന്നാലിത് അധ്യക്ഷ പദവി ലഭിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ആരുമായും പ്രശ്‌നങ്ങളുണ്ടാക്കേണ്ട എന്ന അടവുനയത്തിന്റെ ഭാഗമായി സ്വീകരിച്ച നിലപാടായി വേണം കാണാൻ.

മറുനാടൻ ഓൺലൈൻ സർവേയിലടക്കം ഏറ്റവും കൂടുതൽ പേർ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് കെ സുധാകരന്റെ പേരായിരുന്നു. സോഷ്യൽമീഡിയയിലും രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക്ക് പേജിലെ കമന്റ് ബോക്‌സിലും സുധാകരന് വേണ്ടി അണികൾ മുറവിളി ഉയർത്തിയിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കെ സുധാകരൻ അധ്യക്ഷനാകണമെന്നാവശ്യപ്പെട്ടുള്ള ഫ്‌ളക്‌സ് ബോർഡുകളും പ്രവർത്തകർ സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുൾ വാസ്‌നിക്, സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തിയ സുധാകരൻ ഇന്നു രാത്രിയോ നാളെ രാവിലെയോ ഡൽഹിയിലേക്ക് പറക്കും. മുകുൾ വാസ്‌നികിനെ കണ്ടശേഷം എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും സുധാകരൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. തനിക്ക് തൽക്കാലം ഒന്നും പറയാനില്ലെന്ന് സുധാകരൻ എക്സിക്യൂട്ടീവിൽ പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത ആഴ്ച തന്നെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന യോഗം വിളിക്കാമെന്ന് ഉറപ്പാണ് എംഎം ഹസ്സൻ സുധാകരന് നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP