Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജമാണിക്യം മടങ്ങിവരും മുമ്പ് കെഎസ്ആർടിസി മുച്ചൂടും മുടിക്കാൻ അച്ചാരം വാങ്ങിയത് ആര്? സ്വകാര്യ മുതലാളിമാർക്ക് മുമ്പിൽ തോറ്റ് കൊണ്ടിരിക്കുന്ന പഴയ കാലം മാറ്റിയ പ്രഗത്ഭ അഭിഭാഷകരെ മാറ്റി ഉത്തരവിറക്കിയത് രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഇറങ്ങിയ ഉത്തരവ് രണ്ടാം ദിവസം തിരുത്തി; ധൃതിപിടിച്ച മാറ്റം കെഎസ്ആർടിസി ബസ് മുതലാളിമാർക്ക് വേണ്ടി കോടതിയിൽ തോറ്റു കൊടുക്കാൻ

രാജമാണിക്യം മടങ്ങിവരും മുമ്പ് കെഎസ്ആർടിസി മുച്ചൂടും മുടിക്കാൻ അച്ചാരം വാങ്ങിയത് ആര്? സ്വകാര്യ മുതലാളിമാർക്ക് മുമ്പിൽ തോറ്റ് കൊണ്ടിരിക്കുന്ന പഴയ കാലം മാറ്റിയ പ്രഗത്ഭ അഭിഭാഷകരെ മാറ്റി ഉത്തരവിറക്കിയത് രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഇറങ്ങിയ ഉത്തരവ് രണ്ടാം ദിവസം തിരുത്തി; ധൃതിപിടിച്ച മാറ്റം കെഎസ്ആർടിസി ബസ് മുതലാളിമാർക്ക് വേണ്ടി കോടതിയിൽ തോറ്റു കൊടുക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് എന്നും ബാധ്യതകൾ വരുത്തുന്ന കെഎസ്ആർടിസിയെ എങ്ങനെ കരകയറ്റാം എന്ന ചിന്തയിലാണ് ധനമന്ത്രി തോമസ് ഐസക്കും കോർപ്പറേഷൻ എംഡി രാജമാണിക്യവും. തൊഴിലാളി സംഘടനകളുടെ കടുംപിടുത്തത്തിൽ നട്ടം തിരിയുന്ന പ്രസ്ഥാനത്തെ കരകയറ്റാൻ വേണ്ടി വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചപ്പോഴും അതെല്ലാം പല എതിർപ്പുകളാൽ തട്ടിത്തകരുന്ന അവസ്ഥയാണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ ഡബിൾ ഡ്യൂട്ടി സംവിധാനത്തിൽ പരിഷ്‌ക്കരണം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതിനോടും മുഖം തിരിഞ്ഞു നിൽക്കുകയാണ് തൊഴിലാളികൾ. സ്വകാര്യ ബസ് ലോബിയുടെ ഭീഷണി അതിജീവിക്കാൻ വേണ്ടി വേണ്ടി കോടതിയിൽ സമർത്ഥമായി വാദിക്കുന്ന ഒരു അഭിഭാഷകക സ്ഥാപനത്തെയും രാജമാണിക്യം ഇടപെട്ട് തുടരാൻ അനുവദിച്ചിരുന്നു. ഈ സ്ഥാപനം നല്ലവിധത്തിൽ കേസുകൾ നടത്തിവരികയും ചെയ്തു. കെഎസ്ആർടിസിയുടെ റൂട്ട് കേസുകൾ വിജയിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വിജയിക്കാൻ തുടങ്ങിയ സ്ഥാപനത്തെ പടിയിറക്കിയിരിക്കയാണ് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. രാജമാണിക്യം സ്ഥലത്തില്ലാത്ത വേളയിൽ പകരം ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പുതിയ ഉത്തരവ് ഇറക്കിയത്.

സ്വകാര്യ ബസ് ലോബിക്കെതിരെ പോരാടി ശക്തി തെളിയിച്ചവരെ പടിയിറക്കാനുള്ള മന്ത്രിയുടെ നീക്കം സംശയത്തിലായിട്ടുണ്ട്. റൂട്ടു കേസുകൾ വാദിച്ചു ജയിച്ച ചാക്കോയെയും പ്രമുഖ അഭിഭാഷക സ്ഥാപനമായ മേനോൻ ആൻഡ് പൈയെയാണ് സർക്കാർ പുറത്താക്കി കൊണ്ട് ഉത്തരവിറക്കിയത്. അടിയന്തരിമായി ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദവും ചില രാഷ്ട്രീയ തൽപ്പര്യങ്ങളും ഉണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഇവരെ നിലനിർത്തണമെന്ന് കാണിച്ച് എം ഡിയായ രാജമാണിക്യം രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ ഉത്തരവ് അതിവേഗം റദ്ദാക്കി കൊണ്ടാണ് ഉത്തരവിറങ്ങിയത്. കെഎസ്ആർടിസിക്കു നാശകരമായ ദീർഘദൂര സ്വകാര്യ ബസുകൾ റദ്ദാക്കണമെന്ന നിർദ്ദേശത്തിന് പിന്നാലെയാണ് സർക്കാർ നടപടി കൈക്കൊണ്ടത്.

കെഎസ്ആർടിസിയുടെ കലക്ഷൻ വർദ്ധിപ്പിക്കുന്നതിനായി രാജമാണിക്യം എടുത്ത ചില തീരുമാനങ്ങൾ ഗതാഗതമന്ത്രിയുടെ മലബാറിലെ സ്വകാര്യ ബസ് ലോബിക്കും കടുത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ 241 സൂപ്പർ ക്ലാസ്സ് റൂട്ട് ബസ് കേസും 31 ദേശസാൽകൃത റൂട്ടുകളിലെ സ്വകാര്യ ബസ് പെർമിറ്റ് കേസും അതിനിർണ്ണായകമാകുന്ന സാഹചര്യത്തിൽ കേസുകളിൽ യാതൊരു വിട്ടു വീഴ്‌ച്ചയ്ക്കും സമ്മതിക്കാത്ത ഏറ്റെടുക്കണമെന്ന നിലപാട് സ്വീകരിച്ച അഭിഭാഷരെയാണ് സർക്കാർ അടിയന്തിരമായി പുറത്താക്കിയത്. ഹൈക്കോടതിയിലെ അഭിഭാഷകരെ അടിയന്തിരമായി പുറത്താക്കിയത് കെഎസ്ആർടിസി റൂട്ടു കേസുകളെ ബാധിക്കും.

ഹൈക്കോടതിയിലെ ഏറ്റവും അറിയപ്പെടുന്ന അഭിഭാഷക സ്ഥാപനമാണ് മേനോൻ ആൻഡ് പൈ. നിരവധി കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ അഭിഭാഷകരാണ് മേനോൻ ആൻഡ് പൈ. ഹൈക്കോടതിയിലെ നിരവധി ജഡ്ജിമാർ ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചവരാണ്. കേസുകളുടെ ബാഹുല്യം മൂലം നിരവധി കേസുകളിൽ കെഎസ്ആർടിസി ചെയർമാൻ തന്നെ നേരിട്ടു ഹാജരായി ഹൈക്കോടതി തിണ്ണയിൽ ദിവസം മുഴുവൻ കാത്തു നിൽക്കേണ്ടി വന്ന അവസ്ഥയിലായിരുന്നു കെഎസ്ആർടിസിയുടെ അഭിഭാഷകനായി മേനോൻ ആൻഡ് പൈയെ രണ്ട് വർഷം മുൻപ് നിയമിച്ചത്. അതിനു ശേഷം നിരവധി കേസുകളിൽ കെഎസ്ആർടിസിയാണ് ജയിക്കുന്നത്. ജീവനക്കാരെ സംബന്ധിച്ച നിരവധി കേസുകളിൽ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ തൊഴിലാളി യൂണിയൻ താൽപ്പര്യമുള്ള നിലപാടുകളെടുക്കാൻ വിസമ്മതിച്ചത് കെഎസ്ആർടിസിയും മേനോൻ ആൻഡ് പൈ സ്ഥാപനവുമായി അകൽച്ചയുണ്ടാക്കിയിരുന്നു. ഒരു ഘട്ടത്തിൽ ഇവരെ ഒഴിവാക്കാൻ നിർദ്ദേശം എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ഭാഗത്തു നിന്നുണ്ടായിട്ടും രാജമാണിക്യം അത് അംഗീകരിച്ചില്ല. തുടർന്നാണ് ഇവരെ തുടരാൻ അനുവദിച്ച് ഉത്തരവിറങ്ങിയത്.

രാജമാണിക്യത്തിന്റെ ഉത്തരവ്

കേസുകൾ വിജയിക്കാൻ നല്ല അഭിഭാഷക സ്ഥാപനം വേണമെന്ന നിലപാടിലായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഈ അഭിഭാഷ സ്ഥാപനത്തി നിലനിർത്താൻ വേണ്ടി തീരുമാനം കൈക്കൊണ്ടതും. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഏറെ പ്രധാന്യമേറിയ കോടതി വിധിയായിരുന്നു 241 സൂപ്പർ ക്ലാസ്സ് ദേശസാൽകൃത വിധിയും 31 റൂട്ടിലെ സ്വകാര്യ ബസ് സർവ്വീസുകളെ സംബന്ധിച്ച വിധിയും. സ്വകാര്യ ബസ് ലോബിയുടെ വൻ സ്വാധീനത്തിനു വഴങ്ങാതെ ഏറെ ശക്തമായി കെഎസ്ആർടിസിക്കു വേണ്ടി ഹൈക്കോടതിയിൽ റൂട്ടു കേസുകൾ വാദിച്ചത്. അഡ്വ. പി. സി. ചാക്കോയായിരുന്നു. ഈ രണ്ടു സുപ്രധാന കേസുകളും വിജയിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.

അതുകൊണ്ട് തന്നെ ചാക്കോയെ നിലനിർത്തി കൊണ്ടും അഡ്വ. ജോയ് ജോർജ്ജ്, അഡ്വ. പി പി സോമൻ നായർ എന്നിവരെ സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്തു നിന്നും ഒഴിവാക്കുകയും ചെയ്തു കൊണ്ടായിരുന്നു എംഡിയുടെ ഉത്തരവ്. എന്നാൽ, ഈ ഉത്തരവ് മന്ത്രി ഇടപെട്ട് റദ്ദാക്കി വീണ്ടും ഇറക്കിയപ്പോൾ മേനോൻ ആൻ പൈ വിഭാഗം പുറത്തായി. ഇത് കൂടാതെ സർക്കാർ ഇടപെടലിൽ വിവാദമായ തീരുമാനവും ഉണ്ടായി. അഡ്വ. ടി പി സാജനെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലായി നിയമിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. എൻസിപിയുടെ ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്ററുടെ മകനാണ് സാജൻ. ബന്ധു നിയമനത്തിന്റെ പേരിൽ ഏറെ വിവാദത്തിലായ സർക്കാറിൽ തന്നെയാണ് വീണ്ടും ബന്ധു നിയമന വിവാദം ഉണ്ടായിരിക്കുന്നത്. അതേസമയം മകന് മതിയായ യോഗ്യത ഉണ്ടെന്നാണ് പീതാംബരൻ മാസ്റ്ററുടെ പ്രതികരണം.

ഈമാസം എട്ടാം തീയ്യതിയാണ് രാജമാണിക്യം മേനോൻ ആൻ പൈയിലെ അഭിഭാഷകൻ ചാക്കോയെ നിലനിർത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. അഡ്വ. ജോയ് ജോർജ്ജ്, അഡ്വ. പി പി സോമൻ നായർ എന്നിവരെ സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്തു നിന്നും ഒഴിവാക്കിയെന്നു സാജനെ നിയമിച്ചെന്നുമുള്ള വിവരം ഈ ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, രാജമാണിക്യം സ്ഥലത്തില്ലാത്ത വേളയിൽ എംഡിക്ക് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറുടേതായാണ് ഉത്തരവിറങ്ങിയത്. ഇതിൽ പി സി ചാക്കോയെ ഒഴിവാക്കി ജോൺ മാത്യുവിനെ നിയമിച്ചുവെന്നും വ്യക്തമാക്കുന്നു. രാജമാണിക്യം സ്ഥലത്തില്ലാത്തപ്പോൾ ഇറക്കിയ ഉത്തരവാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

രാജമാണിക്യത്തിന്റെ ഉത്തരവ് അട്ടിമറിച്ച് ഇറക്കിയ രണ്ടാമത്തെ ഉത്തരവ്

ഏറെ സ്വാധീനമുള്ള വൻകിട ബസ് ഉടമകളുടെ സൂപ്പർ ക്ലാസ്സ് സ്വകാര്യ ബസ് പെർമിറ്റുകൾ കെഎസ്ആർടിസി പടിപടിയായി ഏറ്റെടുത്തു തുടങ്ങിയത് സ്വകാര്യ ബസ് ലോബിയെ ഏറെ പ്രതിസന്ധിയാലാക്കിയിരുന്നു. സുപ്രീം കോടതി പോലും ഈ കേസുകളിലെ ഹൈക്കോടതി വിധി ശരി വച്ചതോടെ സ്വകാര്യ ബസുകൾക്ക് അവരുടെ പെർമിറ്റുകൾ ഒന്നൊന്നായി നഷ്ടപ്പെടുകയായിരുന്നു. ഈ ഘട്ടത്തിൽ ഇവർ മന്ത്രിയെ കണ്ട് പലതവണ പരാതി ബോധിപ്പിക്കുകയും ചെയ്തു. ഏറെ സ്വാധീനമുള്ള ബസ് ഉടമകളെ സഹായിക്കാനായി അവരുടെ റൂട്ടുകൾ രേഖകളിൽ ഏറ്റെടുക്കുകയും എന്നാൽ ആരുമറിയാതെ അത് ഓടിക്കാതിരിക്കുകയും സ്വകാര്യ ബസ് ഉടമകൾ ആ റൂട്ടുകളിൽ കെഎസ്ആർടിസിയുടെ സ്ഥാനത്ത് സർവ്വീസുകൾ നടത്തുകയായിരുന്നു.

കോട്ടയം, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട്, പള്ളിവാസൽ റൂട്ടിലെ സ്വകാര്യ ബസ് സൂപ്പർ ക്ലാസ്സ് പെർമിറ്റ് കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും വണ്ടി ഓടിച്ചില്ല. നിയമത്തിന്റെ വഴിയിൽ 2 സ്വകാര്യ പെർമിറ്റുകളും കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും ആ ബസുകൾ ഇപ്പോൾ കാസർകോഡ് യൂണിയനിൽ ലോക്കൽ സർവ്വീസായി ഓടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ നൂറു കണക്കിനു തിരിമറികൾ നടത്തുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് പിന്തുണ കൊടുക്കുകയാണ് ഗതാഗതമന്ത്രി എന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഗതാഗത മന്ത്രിയെ കൊണ്ട് ഇതൊക്കെ മുഖ്യമന്ത്രി ചെയ്യിക്കുകയാണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ഇതിനിടെ കെഎസ്ആർടിസി ഏറ്റെടുത്ത 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് ബസുകളുടെ കൂട്ടത്തിൽ സ്വകാര്യ ബസുകൾക്ക് നൽകിയ പെർമിറ്റുകൾ അടിയന്തിരമായി റദ്ദാക്കണമെന്ന് രണ്ടാഴ്ച മുൻപ് രാജമാണിക്യം ഒരു കത്തിലൂടെ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. പ്രതിദിനം 20, 000 മുതൽ 25, 000 വരെ കളക്ഷൻ കിട്ടിയിരുന്ന ഏറ്റെടുത്ത സർവ്വീസുകൾ സ്വകാര്യ ബസുകൾ കൂട്ടത്തിൽ ഓടാൻ തുടങ്ങിയതോടെ കളക്ഷൻ 5000 മുതൽ 8000 വരെ ആയി കുറഞ്ഞു. ഇതു സംബന്ധിച്ചു ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വാദം ആരംഭിക്കാനിരിക്കെ നിലവിലെ അഭിഭാഷകരെ മാറ്റിയത് കെഎസ്ആർടിസി വാദങ്ങളെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP