Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താൽക്കാലിക വെയ്റ്റിങ് ഷെഡ് എന്ന പേരിൽ തൊഴിലാളി യൂണിയൻ നേതാവിന്റെ കീശ വീർപ്പിക്കാൻ 1,90,000 രൂപ കൊടുത്തു ഷാമിയാന വാടകയ്ക്ക് എടുത്തതിന്റെ രേഖകൾ മറുനാടൻ പുറത്തുവിടുന്നു; 35 ദിവസത്തേക്കുള്ള വാടകയായി എക്‌സിക്യൂട്ടീവ് ഡയറക്ടർ ശുപാർശ ചെയ്തത് 1,09,000 രൂപ; തട്ടിപ്പിന് കൊടിപിടിച്ചതും പച്ചക്കള്ളം പറഞ്ഞു പത്രക്കുറിപ്പ് ഇറക്കിയതും കണ്ടക്ടറായി ജോലിയിൽ കയറി കെഎസ്ആർടിസിയെ മുടിപ്പിക്കാൻ നേതൃത്വം നൽകിയ അനിൽകുമാർ തന്നെ

താൽക്കാലിക വെയ്റ്റിങ് ഷെഡ് എന്ന പേരിൽ തൊഴിലാളി യൂണിയൻ നേതാവിന്റെ കീശ വീർപ്പിക്കാൻ 1,90,000 രൂപ കൊടുത്തു ഷാമിയാന വാടകയ്ക്ക് എടുത്തതിന്റെ രേഖകൾ മറുനാടൻ പുറത്തുവിടുന്നു; 35 ദിവസത്തേക്കുള്ള വാടകയായി എക്‌സിക്യൂട്ടീവ് ഡയറക്ടർ ശുപാർശ ചെയ്തത് 1,09,000 രൂപ; തട്ടിപ്പിന് കൊടിപിടിച്ചതും പച്ചക്കള്ളം പറഞ്ഞു പത്രക്കുറിപ്പ് ഇറക്കിയതും കണ്ടക്ടറായി ജോലിയിൽ കയറി കെഎസ്ആർടിസിയെ മുടിപ്പിക്കാൻ നേതൃത്വം നൽകിയ അനിൽകുമാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തമ്പാനൂരിലെ ബസ് ടെർമിനലിന് മുന്നിൽ താൽക്കാലിക ഷെഡ് സ്ഥാപിക്കുന്നതിനായി കോർപ്പറേഷനിലെ ഉന്നതർ നടത്തിയ കള്ളക്കളിയുടെ തെളവുകൾ മറുനാടൻ മലയാളി പുറത്തുവിടുന്നു. ഷാമിയാന സ്ഥാപിക്കാനായി തുച്ഛമായ തുക മാത്രമേ ആവശ്യമുള്ളൂ എന്നിരിക്കെയാണ് ഇടതുയൂണിയൻ നേതാവിന്റെ കീശ വീർപ്പിക്കാൻ വേണ്ടി ഉദ്യോഗസ്ഥ ഉന്നതർ ഒത്തുകളിച്ചത്. വെറും 38,000 രൂപ മുടക്കിയാൽ സ്വന്തമായി വാങ്ങാവുന്ന ഷാമിയാനക്ക് പകരമായിരുന്നു ഒരു ലക്ഷത്തിലേറെ രൂപയുടെ ഷാമിയാന വാടകയ്ക്ക് എടുത്തു ധൂർത്തടിക്കുകയായിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്ത തെറ്റാണെന്ന് അവകാശപ്പെട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വാർത്തയ്ക്ക് ആധാരമായ തെളിവുകൾ മറുനാടൻ പുറത്തുവിടുന്നത്.

കെഎസ്ആർടിസിയുടെ സോണൽ ഡയറക്ടർ അനിൽകുമാർ താൽപ്പര്യമെടുത്താണ് ഷാമിയാന സ്ഥാപിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകൾക്ക് പുറമേ 35 ദിവസത്തെ ഷാമിയാനയുടെ വാടക നൽകാൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള ഇൻവോയിസ് രേഖകളുമാണ് മറുനാടൻ ഈ വാർത്തക്കൊപ്പം പുറത്തുവിടുന്നത്. രണ്ടര മാസത്തെ ബില്ലായി ഒരു തൊണ്ണൂറായിരം രൂപയാണ് വരിക. എന്നാൽ, ഇതിൽ 35 ദിവസത്തെ ബിൽ എന്ന നിലയിൽ ഒരു ലക്ഷത്തി ഒമ്പതിയിരം രൂപ നൽകണമെന്നാണ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ബജറ്റ് സെക്ഷൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് നൽകിയിരിക്കുന്ന കത്തിൽ പറഞ്ഞിരിക്കുന്നത്.

ആദ്യ ദിവസത്തെ വാടകയായി നാലായിരം രൂപയാണ് ഷാമിയാനക്ക് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസം 28 മുതൽ തുടർന്നുള്ള 12 ദിവസം വാടക ഇനത്തിൽ മുപ്പത്താറായിരം രൂപയും ഏപ്രിൽ ഒമ്പത് മുതൽ മെയ് മാസം ഒന്നാം തീയ്യതി വരെ 23 ദിവസം അറുപത്തി ഒന്നായിരം രൂപയും ഷാമിയാന ബില്ലായെന്ന് മേൽ ഓഫീസിലേക്ക് അയച്ച രേഖയിൽ പറയുന്നു. ഇങ്ങനെ ഒരുലക്ഷത്തി ഒമ്പതിനായിരം രൂപയുടെ ബില്ലാണ് നൽകിത്. ഇതിന്റെ പകർപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാറിനും നൽകുകയുണ്ടായി. ഇത് കൂടാതെ അവശേഷിക്കുന്ന ദിവസത്തെ വാടക കൂടി കണക്കാക്കിയാൽ ബിൽ ഇനത്തിൽ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയോളം വരും. ആദ്യത്തെ ഇൻവോയിസിന്റെ രേഖയാണ് വാർത്തയിൽ മറുനാടൻ നൽകിയിരിക്കുന്നത്.

ഈ ബിൽ ചീഫ് ഓഫീസർ പാസാക്കാൻ ശ്രമിക്കവേയാണ് മറുനാടൻ വാർത്ത നൽകിയതും വിവാദത്തെ തുടർന്ന് താൽക്കാലികമായി ബിൽ പാസാക്കുന്നത് നിർത്തിവെച്ചതും. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കെഎസ്ആർടിസി വിജിലൻസ് പരിശോധിക്കുന്നുമുണ്ട്. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എഴുതിയ കത്തും ഇതോടൊപ്പം മറുനാടൻ പുറത്തുവിടുന്നുണ്ട്. വിനായക സ്റ്റേജ് ഡെക്കറേഷൻസ് ഹയർ സർവീസിൽ നിന്നും വാടക ഇനത്തിൽ ഒരു ലക്ഷത്തി ഒമ്പതിനായിരത്തിന്റെ ബിൽ ലഭിച്ചതായും പറയുന്നുണ്ട്. ഈ ബിൽ പാസാക്കണമെന്നും കത്തിൽ ഡിടിഒ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ബില്ലിലെ തീയ്യതിയിൽ തെറ്റുവന്നതിനെ തുടർന്ന് ഇത് തിരുത്തി അയക്കുകയും ചെയ്യുന്നുണ്ട്. ഈ കത്തിലാണ് ഓരോ ഘട്ടങ്ങളിലായി വാടക അനുവദിക്കുന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം വാടകയുടെ കാര്യത്തിലെ കള്ളക്കളി പുറത്തുവന്നതോടെയാണ് എക്‌സിക്യൂട്ടിവ് ഡയറക്ടർ വാർത്താ കുറിപ്പ് ഇറക്കിയിരുന്നത്. എന്നാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ അറിഞ്ഞു കൊണ്ടാണ് ഈ ഇടപാട് നടന്നത് എന്നതിന്റെ തെളിവാണ് മറ്റൊരു കത്ത്. എക്‌സിക്യൂട്ടീവ് ഡയറക്ടർ സൗത്ത് സോണിന്റെ നിർദേശാനുസരണമാണ് ഷാമിയാന വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കെഎസ്ആർടിസിയുടെ പരസ്യ ഏജൻസി ഷെഡ്ഡ് പണിതു തരുവാൻ സമ്മതം അറിയിച്ചിരുന്നതായും എന്നാൽ, ജോലിക്ക് കാലതാമസം നേരിട്ടതോടെ ഷാമിയാന പന്തൽ ഏർപ്പെടുത്തുകയായിരുന്നു എന്നുമാണ് പറയുന്നത്. 20 ദിവസത്തേക്കുള്ള വാടക 30,000 രൂപ അഡ്വാൻസായി അനുവദിച്ചു നൽകണമെന്നും കാണിച്ചുള്ള കത്തും ബജറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് ലഭിക്കുന്നുണ്ട്.

ഈ പുറത്തുവന്ന രേഖകളിൽ നിന്നും തന്നെ കണ്ടക്ടറായി സർവീസിൽ കയറി എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തെത്തിയ അനിൽകുമാർ നടത്തുന്ന കള്ളക്കളികൾ വ്യക്തമാണ്. വാർത്ത പുറത്തുവിട്ട മറുനാടനെ കുറ്റംപറഞ്ഞ് കൈകഴുകാനുള്ള ശ്രമങ്ങളാണ് ഇതോടെ പൊളിയുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അനിൽകുമാർ നടത്തിയ ശ്രമങ്ങൾക്കെതിരെ ഇതോടെ ജീവനക്കാർക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട്. കെഎസ്ആർടിയെ കരിവാരിതേക്കാൻ വേണ്ടി തെറ്റായ വാർത്ത നൽകിയെന്നാണ് അനിൽകുമാറിന്റെ വിശദീകരിച്ചത്.

കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്ക് അംഗീകൃത പരസ്യ ഏജൻസികൾ മുഖാന്തിരം ഇവിടെ ഒരു സ്ഥിരം സംവിധാനത്തിനും, സ്ഥിരം സംവിധാനം വരുന്നതുവരെ താൽക്കാലിക ഷാമിയാന ഷെഡ് സ്ഥാപിക്കാനും ശ്രമിച്ചെങ്കിലും കെടിഡിഎഫ്സിയുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് അത് സാധ്യമാകാതെ വന്നതെന്നാണ് അനിൽ കുമാർ പത്രക്കുറിപ്പിൽ പറയുന്നത്. അതേസമയം രേഖകളിൽ പറയുന്നതാട്ടെ സമ്മർദ്ദം കൊണ്ട് വേഗത്തിൽ ചെയ്തതാണെന്നും. ഈ വൈരുദ്ധ്യങ്ങളിൽ നിന്നു തന്നെ ഉന്നത ഉദ്യോഗസ്ഥന് മറയ്ക്കാൻ ഏറെ കാര്യങ്ങളുണ്ടെന്നത് വ്യക്തമാണ്.

ഈ ഷാമിയാന സ്ഥാപിക്കാൻ ക്വട്ടേഷൻ വിളിച്ചില്ലെന്ന സൂചനയുമുണ്ട്്. യൂണിയൻ താൽപ്പര്യമുള്ളയാൾക്ക് കീശവീർപ്പിക്കാൻ വേണ്ടി ആനവണ്ടിയെ ബലിയാടാക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. വെയിറ്റിങ് ഷെഡ് സൗജന്യമായി നിർമ്മിക്കാൻ തയ്യാറായി വന്നവരെ കെടിഡിഎഫ്സി തടപ്പെടുത്തിയെങ്കിൽ കോംപ്ലസിന്റെ ഗ്രൗണ്ടിന്ഞരെ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ആയിരിക്കേ തെക്കൻ മേഖലാ അധികാരി എതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യവും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്.

സൗജന്യമായി ആ ഭാഗത്ത് വെയിറ്റിങ് ഷെഡ് നിർമ്മിച്ച് തരാൻ സന്നദ്ധരായ ആളുകൾ ഉണ്ടായിരുന്നിട്ടും മറ്റ് കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടും അതെല്ലാം വേണ്ടെന്ന് വച്ചായിരുന്നു സിഐടിയു യൂണിയൻ നേതാവിന് കീശ വീർപ്പിക്കാൻ അവസരം ഒരുക്കിയത്. കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കാൻ കരാറെടുത്ത കമ്പനിയും ഷെഡ്ഡ് സൗജന്യമായി സ്ഥാപിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തുണ്ടായിരുന്നു. പകരം പരസ്യ ബോർഡ് സ്ഥാപിച്ചാൽ മതിയെന്നുമായിരുന്നു അവരുടെ ഡിമാൻഡ്. എന്നാൽ, ഇത് തങ്ങൾക്ക് കീശ വീർപ്പിക്കാനുള്ള അവസരമായി കണ്ട് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തുകയായിരുന്നു എന്നത് വ്യക്തമാണ്. കോർപ്പറേഷനിലെ ഇത്തരം കെടുകാര്യസ്ഥത തടയാൻ ഗതാഗത മന്ത്രിക്ക് പോലും സാധിക്കുന്നില്ലെന്നതാണ് മറ്റൊരുകാര്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP