Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് ജനറൽ മാനേജർമാരെയും ഒരു ഡെപ്യൂട്ടി ജനറൽ മാനേജറെയും നിയമിച്ചു സർക്കാർ ഉത്തരവ്; കണ്ടക്ടറായി കയറി കെഎസ്ആർടിസിയെ നിയന്ത്രിച്ചു മുടിപ്പിച്ചു കൊണ്ടിരുന്ന മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാരും പുറത്താകും; മൂന്ന് മേഖലകളായി തിരിച്ചു ഭരണം വികേന്ദ്രീകരിക്കാൻ ഉത്തരവിറങ്ങിയപ്പോൾ പുറത്താകുന്നവർ ആ പദവിക്ക് വേണ്ടി പിടിവലി കൂടുന്നു; കെഎസ്ആർടിസി യൂണിയന് പണയം വെച്ചവരെ മേഖലാ ചുമതല ഏൽപ്പിച്ചാൽ പരിശ്രമങ്ങൾ എല്ലാം വെള്ളത്തിലാകുമെന്ന് ഭയന്ന് തച്ചങ്കരി

രണ്ട് ജനറൽ മാനേജർമാരെയും ഒരു ഡെപ്യൂട്ടി ജനറൽ മാനേജറെയും നിയമിച്ചു സർക്കാർ ഉത്തരവ്; കണ്ടക്ടറായി കയറി കെഎസ്ആർടിസിയെ നിയന്ത്രിച്ചു മുടിപ്പിച്ചു കൊണ്ടിരുന്ന മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാരും പുറത്താകും; മൂന്ന് മേഖലകളായി തിരിച്ചു ഭരണം വികേന്ദ്രീകരിക്കാൻ ഉത്തരവിറങ്ങിയപ്പോൾ പുറത്താകുന്നവർ ആ പദവിക്ക് വേണ്ടി പിടിവലി കൂടുന്നു; കെഎസ്ആർടിസി യൂണിയന് പണയം വെച്ചവരെ മേഖലാ ചുമതല ഏൽപ്പിച്ചാൽ പരിശ്രമങ്ങൾ എല്ലാം വെള്ളത്തിലാകുമെന്ന് ഭയന്ന് തച്ചങ്കരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ വേണ്ടി തച്ചങ്കരി പരിശ്രമം നടത്താൻ തുടങ്ങിയിട്ട കുറച്ചായി. കോർപ്പറേഷനിൽ കടിച്ചുതൂങ്ങിയ താപ്പാനകളെ മെരുക്കലായിരുന്നു അദ്ദേഹത്തിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി. ഈ വെല്ലുവിളി ജീവനക്കാരുടെ പിന്തുണയോടെ അദ്ദേഹം ഒരു പരിധിവരെ അതിജീവിച്ചു. ഇപ്പോൾ സുശീൽഖന്ന റിപ്പോർട്ട് അനുസരിച്ച് കോർപ്പറേഷനെ മൂന്ന് മേഖലകളായി തിരിച്ച് സർവീസ് നടത്താൻ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിക്കഴിഞ്ഞു.

ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ എതിർപ്പിനെ മറികടന്നാണ് സുശീൽ ഖന്നയുടെ നിർദ്ദേശങ്ങളിലൊന്നായ മേഖലാവൽക്കരണവുമായി തച്ചങ്കരി മുന്നോട്ടു നീങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിങ്ങങ്ങനെയാണ് മൂന്ന് മേഖലകൾ. ഇതിൽ തിരുവനന്തപുരം മേഖലയാകും ആദ്യം പ്രവർത്തനം തുടങ്ങുക. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. മേഖലകളായി തിരിക്കുന്നതിന്റെ ഭാഗമായി ഉന്നത തസ്തികകളിൽ മാനേജ്‌മെന്റ് വിദഗ്ദ്ധരെ നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഇങ്ങനെ നടപടികൾ പുരോഗമിക്കുമ്പോൾ ചില കോണുകളിൽ നിന്നും ഉടക്കുകളും ഉണ്ടാകുന്നുണ്ട്.

കോർപ്പറേഷന്റെ നവീകരണത്തിന്റെ ഭാഗമായി മാനേജ്‌മെന്റ് വിദഗ്ധരെ നിയമിക്കണം എന്നതായിരുന്നു സുശീൽഖന്നയുടെ നിർദ്ദേശം. ഈ നിർദ്ദേശപ്രകാരം മാനേജ്‌മെന്റ് വിദഗ്ധരെ നിയമിക്കാനുള്ള നടപടികളും കൈക്കൊണ്ടു. രണ്ട് ജനറൽ മാനേജ്മർമാരുടെ താൽക്കാലിക നിയമനം സംബന്ധിച്ചാണ് ഉത്തരവിറങ്ങിയത്. ഉള്ളൂർ തുറുവിക്കൽ സ്വദേശി വിങ് കമാൻഡർ ബി.ബിജുവിനെ ടെക്‌നിക്കൽ ഡയറക്ടറായും (ജനറൽ മാനേജർ) നങ്ങ്യാർകുളങ്ങര അകംകുടി സ്വദേശിനി എസ്.ആനന്ദകുമാരിയെ ഫിനാൻസ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം ജനറൽ മാനേജരായും നിയമിച്ചു. 1.5 ലക്ഷം രൂപ ശമ്പളത്തിൽ മൂന്നുവർഷത്തേയ്ക്കാണ് നിയമനം.

ഇത് കൂടാതെ വേണുഗോപാൽ നായർ എന്ന ഡെപ്യൂട്ടി ജനറൽ മാനേജറെയും നിയമിക്കുകയുണ്ടായി. ഇവർ എത്തുന്നതോടെ കൂടുതൽ പരിഷ്‌ക്കരണ പാതയിലേക്ക് കെഎസ്ആർടിസി കടക്കും. നിലവിൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ തസ്തികയിൽ നിൽക്കുന്നവരുടെ ജോലി ഇവരാകും ചെയ്യേണ്ടി വരിക. ഇതോടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ അനധികൃതമായി കടിച്ചു തൂങ്ങിയിരുന്നവർ മറ്റു മേഖലകളിലേക്ക് പോകേണ്ടി വരും. കെഎസ്ആർടിസിയെ ഉടൻ മൂന്നു മേഖലകളാക്കി തിരിച്ചുകുമ്പോൾ നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരെ മേധാവികളായി നിയമിക്കണം എന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, നിലവിൽ ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പദവി മാത്രമാണ് സർക്കാർ അനുവദിച്ചിരുന്നത്. മറ്റ് മൂന്ന് ഡയറക്ടർമാരും കരട് വിജ്ഞാപനത്തിന്റെ ബലത്തിൽ കടിച്ചു തൂങ്ങുന്നവാരാണ്.

ഇത്രയും കാലം ഇവരുടെ നിയന്ത്രണത്തിലാണ് കെഎസ്ആർടിസി കൂടുതൽ കടത്തിൽ നിന്നും കടത്തിലേക്ക് കുതിച്ചത്. അതുകൊണ്ട് തന്നെ ഇവരെ മേഖലാ മേധാവികളാക്കി നിയമിക്കാൻ തച്ചങ്കരിക്കും രണ്ടു മനസ്സാണ്. എന്നാൽ, മൂന്ന് മേഖലയിലും യൂണിയൻകാരുടെ ബലത്തിൽ തസ്തികയിൽ തുടർന്നാൽ ഇപ്പോഴത്തെ പരിഷ്‌ക്കരണം കൊണ്ട് യാതൊരു ഗുണവും ഇല്ലാത്ത സ്ഥിതി വരും. എങ്കിലും ഇവരെ മേഖലകളിലേക്ക് നിയമിക്കാനുള്ള സാധ്യതയുമുണ്ട്.

സ്ഥാപനത്തിന്റെ തലപ്പത്ത് മാനേജ്‌മെന്റ് വിദഗ്ദ്ധരെ നിയമിക്കണമെന്നാണ് സുശീൽഖന്ന ശുപാർശ ചെയ്തിരുന്നു. വർക്ക്‌സ് മാനേജർ ഉൾപ്പെടെ വർക്ക്‌ഷോപ്പുകളുടെ ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥരാണ് ഇപ്പോൾ ബസുകളുടെ റൂട്ട് ഉൾപ്പെടെ നിശ്ചയിക്കുന്നത്. ഓഫീസ് ചുമതലകൾ നിർവഹിക്കുന്നതിനുവേണ്ടി വർഷങ്ങളായി ഒരു എൻജിനിയർക്ക് സെക്രട്ടറി ചുമതല നൽകിയിട്ടുണ്ട്. വർക്ക്‌ഷോപ്പുകളിലെ മേൽനോട്ടത്തിന്റെ പാളിച്ചയാണ് വഴിയിൽ കേടാകുന്ന ബസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. മിനിസ്റ്റീരിയൽ തസ്തികകളിൽ തുടരുന്ന സാങ്കേതിക യോഗ്യതയുള്ളവരെ വർക്ക്‌ഷോപ്പുകളിലേക്ക് അയക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമനം നടക്കുന്നത്. അതുകൊണ്ട് മുമ്പ് കണ്ടക്ടർ ജോലിയിൽ കയറി ഇപ്പോൾ ഇഡിയായി തുടരുന്നവരെ ആ തസ്തികയിൽ തുടരാൻ അനുവദിക്കുന്നതു കൊണ്ട് എത്രകണ്ട് ഗുണകരമാകുമെന്നും കണ്ടറിയണം.

നിലവിൽ നാല് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാണ് കെഎസ്ആർടിസിയിലുള്ളത്. ഇതിൽ ഒരു എക്‌സിക്യൂട്ടീവ് തസ്തിക മാത്രമാണ് സർക്കാർ അംഗീകരിച്ചരിക്കുന്നത്. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ 45ാം വകുപ്പ് പ്രകാരമാണ് കോർപ്പറേഷനിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള റെഗുലേഷൻ ഉണ്ടാക്കാനുള്ള അധികാരം കിട്ടുന്നത്. അതിന് ഗവർണമെന്റിന്റെ സമ്മതം ആവശ്യമാണ്. 1988ലെ റെഗുലേഷൻ മാത്രമാണ് നിയമാനുശ്രുതമായി നിലവിലുള്ളത്. ഈ റെഗുലേഷൻ പ്രകാരം എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ തസ്തിക എന്നത് പ്രമോഷൻ പോസ്റ്റല്ല. അത് സെലക്ഷൻ പോസ്റ്റാണ്. ഈ പോസ്റ്റിൽ കാര്യക്ഷമതയ്്ക്ക് മാത്രമാണ് മുൻഗണന. എന്നിരിക്കേയാണ് നിലിവിലുള്ള ഇ. ഡിമാരെ പ്രമോഷൻ പോസ്റ്റിൽ നിയമിക്കുന്നത്. മുൻപുണ്ടായിരുന്ന സുകുമാരൻ എന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് മാത്രമേ സർക്കാർ അംഗീതൃത നിയമനമായിരുന്നുള്ളൂ. മറ്റെല്ലാം പ്രമോഷനായും മറ്റും സ്വാധീനത്താലും എത്തിയവരാണ്.

ഇപ്പോൾ നിയമ വിരുദ്ദമായിട്ടാണ് നാല് എകസിക്യൂട്ടീവ് ഡയറക്ടർമാർ ഇരിക്കുന്നതെങ്കിലും സർക്കാർ അംഗീകരിക്കാത്ത തസ്തികയായി തുടരുന്നു. അതുകൊണ്ട് കോർപ്പറേഷന്റെ അധികാരപരിധിയിലാണ് മൂന്ന് പേരുടെ നിയമനം വരുന്നത്. ഈ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരെ പ്രോമഷനായി നിയമിച്ചതു കൊണ്ട് തന്നെ ആർടിസി ആക്ടിന് എതിരായും വരുന്നു. ഈ സാഹചര്യത്തിൽ ഈ തസ്തികകൾ തുടരണോ എന്ന് സർക്കാർ അനുമതിയോടെ കെഎസ്ആർടിസി എംഡിക്ക് തീരുമാനം കൈക്കൊള്ളാവുന്നതേയുള്ളൂ. നിലവിലെ സാഹചര്യത്തിൽ അവരെ സോണിലിലേക്ക് മാറ്റാനാണ് സാധ്യത.

കെഎസ്ആർടിസി രണ്ട് മുതിർന്ന ഉദ്യോഗസ്ഥരാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദികൾ എന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സർവീസ് നടത്തിപ്പിന്റെയും, അതിലൂടെ ലഭിക്കുന്ന പ്രതിദിന വരുമാനത്തിന്റെയും ഉത്തരവാദിത്തമുള്ള എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ഷറഫ് മുഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർ(അഡ്‌മിനിസ്ട്രേഷൻ) ശ്രീകുമാർ എന്നിവരാണ് ആരോപണ വിധേയർ. ഗുമസ്തന്മാരുടെ പണി ചെയ്ത് തുടങ്ങി, പിന്നീട് മാറി വരുന്ന സർക്കാറുകളിലെ രാഷ്ട്രീയക്കാരെ സോപ്പിട്ടു കൊണ്ടാണ് മാനേജ്മെന്റ് വിദഗ്ദ്ധർ ഇരിക്കേണ്ട ഉന്നത സ്ഥാനത്ത് എത്തിയത്. കെഎസ്ആർടിക്ക് തിരിച്ചടിയായ കോടതി ഉത്തരവുകൾക്ക് പിന്നിലും ഈ രണ്ട് ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ഇരുവരുടെയും ഗോഡ്ഫാദർ. എന്നാൽ, സർക്കാറ് മാറിയെങ്കിലും ഇവർക്ക് തണലായി സിഐടിയുവും സിപിഎം മന്ത്രിമാരുമെത്തി. കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട രണ്ട് ഉദ്യോഗസ്ഥരെയും പിരിച്ചുവിടാൻ എംഡി രാജമാണിക്യം ശ്രമിച്ചപ്പോൾ ഇവർ യൂണിയൻകാരുടെ പിന്തുണ തേടുകയാണ് ഉണ്ടായ്.

സ്വകാര്യ ബസ് ലോബിയും ഓപ്പറേഷൻസ് വിഭാഗം മേധാവിയായ ഷറഫ് മുഹമ്മദും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന ആക്ഷേപങ്ങളും ശക്തമായിരുന്നു. സാധാരണ ക്ലർക്കായിട്ടാണ് ഇന്നത്തെ ഓപ്പറേഷൻസ് ഡയറക്ടർ ഷറഫ് മുഹമ്മദ് ജോലിയിൽ പ്രവേശിച്ചത്. 40000 ജീവനക്കാരെ നിയമിക്കാൻ പോലും അധികാരമുള്ള എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാർ 29.121986ൽ ക്ലർക്കായി ജോയിൽ പ്രവേശിച്ചു. 18.2.2016 ൽ യുഡിഎഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ നടന്ന ഒരു കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിൽ നിശ്ചിത യോഗ്യത ഇല്ലാത്തവരെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാൻ മാനദണ്ഡങ്ങൾ പൊളിച്ചെഴുതി. മാനദണ്ഡങ്ങൾ മറികടന്നുള്ള ഈ നിയമനത്തിന് നാളിതുവരെ സംരക്ഷണം ഗതാഗതവകുപ്പ് അനുമതി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2003ലെ റഗുലേഷനിൽ വെള്ളം ചേർത്താണ് ഷറഫ് മുഹമ്മദും ശ്രീകുമാറും ഉന്നത പദവിയിൽ എത്തിയത്. കെഎസ്ആർടിസിയുടെ ഭാഗം വാദിക്കാതെ തീരുമാനമായ WPC 727/2006 ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലും, കെഎസ്ആർടിസിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നറിഞ്ഞിട്ടും അപ്പീൽ പോലും നൽകാതെ 19/0/2016 എടിഒ ആയും 1. 3. 2007 ൽ ശ്രീകുമാറിനെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായും ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയത് അന്നത്തെ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ആയിരുന്നു എന്നതാണ് വിചിത്രം.

2006 - 2011 കാലഘട്ടത്തിലെ എൽഡിഎഫ് സർക്കാരിന്റെ ദീർഘ വീക്ഷണമില്ലാത്ത നിരവധി നീക്കങ്ങളായിരുന്നു സത്യത്തിൽ കെഎസ്ആർടിസിയെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലെത്തിച്ചത്. 2011 - 2012 കാലഘട്ടത്തിൽ ഇപ്പോഴത്തെ ലേബർ സെക്രട്ടറി ടോം ജോസ് ഗതാഗത സെക്രട്ടറിയായിരിക്കയാണ് കെഎസ്ആർടിസിയുടെ എക്സിക്യുട്ടീവ് ഡയറക്ടർമാർക്ക് ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതകൾ വേണമെന്നു നിശ്ചയിച്ചത്. അതിന്റെ ഭാഗമായി 2012 ൽ കെഎസ്ആർടിസി എസ്റ്റാബ്ലിഷ്മെന്റ് (ക്വാളിഫിക്കേഷൻ ആൻഡ് മെഥോഡ് ഓഫ് അപ്പോയിന്മെന്റ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടേഴ്സ്) 2012 പുറത്തിറക്കി. അതനുസരിച്ച് എക്സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിന് മെക്കാനിക്കൽ അല്ലെങ്കിൽ ഒട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ റഗുലർ ബിടെക്ക് ബിരുദവും അറിയപ്പെടുന്ന റെപ്പ്യൂറ്റഡ് സ്ഥാപനത്തിൽ നിന്നൊരു റഗുലർ എംബിഎ ബിരുദവും വേണം എന്ന് നിഷ്‌ക്കർഷിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ അഡ്‌മിനിസ്ട്രേറ്റീവ് അറിയപ്പെടുന്ന സ്ഥാപനത്തിൽ നിന്ന് റെപ്യുറ്റേഷൻ ഇൻസ്റ്റിറ്റിയൂഷൻ ഹൂമൻ റിസേർച്ചിൽ സ്പെഷ്യലായി സേവനമുള്ള റഗുലർ എംബിഎ ബിരുദവുമുണ്ടായിരിക്കണം.

ഇതിനിടെ പിഎസ്‌സി നിബന്ധനകളിൽ റഗുലർ എംബിഎ എന്നത് കറസ്പോണ്ടൻസ് എംബിഎയോ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എംബിഎയോ പോരെ എന്ന് കെഎസ്ആർടിസിയോട് ആരായുന്നു. ഇതിനുള്ള മറുപടിയായി No566/a2 RR dt 2012 17. 5. 2014 ൽ കത്തിലൂടെ അങ്ങനെ യോഗ്യതകളിൽ വെള്ളം ചേർക്കാനാവില്ലെന്ന് മാനേജിങ്ങ് ഡയറക്ടർ തിരിച്ചെഴുതുന്നു. 2012 ലെ ഉന്നത യോഗ്യതകൾ വേണമെന്ന ഉത്തരവ് നിലനിൽക്കുകയും ചെയ്തു.

എന്നാൽ 2016 ൽ യുഡിഎഫ് ഭരണ അവനസാന നാളുകളിൽ അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ശക്തമായ സ്വാധീത്തെ തുടർന്ന് 18. 2. 2016 ൽ കൂടിയ കെഎസ്ആർടിസിയുടെ 387 ാം നമ്പർ ഡയറക്ടർ ബോർഡ് യോഗത്തിൽ എക്സിക്യുട്ടീവ് ഡയറക്ടർമാർക്ക് നിശ്ചയിച്ച ഉന്നത വിദ്യാഭ്യാസ യോഗ്യതകളിൽ വെള്ളം ചേർക്കാനായും ഹറഫ് മുഹമ്മദിനെയും ശ്രീകുമാറിനെയും യോഗ്യതകളില്ലാതെ തന്നെ എക്സിക്യുട്ടീവ് ഡയറക്ടർമാരാക്കാനും സാധ്യമായ ഒരു സ്പെഷ്യൽ റൂൾസ് കൊണ്ടു വരുന്നു. എന്നാൽ അത്തരമൊരു സ്പെഷ്യൽ നിയമ പരിരക്ഷ കിട്ടണമെങ്കിൽ സംസ്ഥാന സർക്കാർ കൂടി അതംഗീകരിക്കണം. സർക്കാരിൽ നിന്നുള്ള അനുമതിയും കാത്തു നിൽക്കാതെ തന്നെ യോഗം കൂടിയ 18. 12. 2016 ൽ തന്നെ അന്നത്തെ ജനറൽ മാനേജർ 548/2GL/ 2012 ഞഞഎന്ന നോട്ടിലൂടെ സർക്കാർ തീരുമാനം വരുന്നതിനു തന്നെ ശ്രീകുമാറിവെയും ഷറഫ് മുഹമ്മദിനെയും എക്സിക്യുട്ടീവ് ഡയറക്ടർമാരായിഅടിയന്തിരമായി നിയമിക്കണമെന്ന് എംഡിയോട് ആവശ്യപ്പെടുകയും അരമണിക്കൂറിനുള്ളിൽ കെഎസ്ആസ്ആർടിസി എംസി ഇരുവരെയും എക്സിക്യുട്ടീവ് ഡയറക്ടർമാരായി നിയമിക്കുകയും ചെയ്തു.

എന്നാൽ നാളിതുവരെ സംസ്ഥാന ഗതാഗത വകുപ്പ് 2016 ൽ കെഎസ്ആർടിസി കൊണ്ടു വന്ന സെപ്ഷ്യൽ റൂൾസ് അംഗീകരിച്ചില്ല. അതുകൊണ്ടു തന്നെ ഈ രണ്ടു എക്സിക്യുട്ടീവ് ഡയറക്ടർമരെ എന്നു വേണമെങ്കിലും ഗതാഗത വകുപ്പിനും ഗതാഗത മന്ത്രിക്കും പുറത്താക്കാനാകും. അങ്ങനെ ചെയ്യാൻ പറ്റിയ ഒരു അവസരം കൂടിയാണ് ഇപ്പോഴത്തേത്. എന്നാൽ, യൂണിയനുകളുടെ സമ്മർദ്ദത്തിന് ഇപ്പോഴത്ത എംഡി തച്ചങ്കരിയും വഴങ്ങേണ്ടി വന്നേക്കുമെന്ന സൂചയുണ്ട്. മേഖലകളാക്കി തിരിച്ച് ഇവരെ ചുമതല ഏൽപ്പിച്ചാലും നിയന്ത്രണം സിഎംഡിയുടെ കൈയിൽ തന്നെയാകുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP