Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗവർണ്ണറുടെ വില കളയുന്ന ചർച്ചകൾ അരുത്; തന്നെ വെറുതെ വലിച്ചിഴയ്ക്കരുത്; നടക്കുന്നത് തന്റെ ഭരണഘടനാ പദവിക്ക് ചേരാത്ത ചർച്ചകളും വിലയിരുത്തലുകളും; ബിജെപി നേതൃത്വത്തെ ശാസിച്ച് ഗവർണ്ണർ കുമ്മനം രാജശേഖരൻ; ആർ എസ് എസിനേയും അതൃപ്തി അറിയിച്ചു; തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ കുമ്മനത്തിന് താൽപ്പര്യക്കുറവ്; സുരേഷ് ഗോപിയെ വെട്ടാൻ ശ്രീധരൻ പിള്ളയുടെ പേര് ചർച്ചയാക്കി പരിവാരുകാർ; ഗ്രൂപ്പുകളി തുടരുന്നതിൽ അമിത് ഷായും അതൃപ്തൻ

ഗവർണ്ണറുടെ വില കളയുന്ന ചർച്ചകൾ അരുത്; തന്നെ വെറുതെ വലിച്ചിഴയ്ക്കരുത്; നടക്കുന്നത് തന്റെ ഭരണഘടനാ പദവിക്ക് ചേരാത്ത ചർച്ചകളും വിലയിരുത്തലുകളും; ബിജെപി നേതൃത്വത്തെ ശാസിച്ച് ഗവർണ്ണർ കുമ്മനം രാജശേഖരൻ; ആർ എസ് എസിനേയും അതൃപ്തി അറിയിച്ചു; തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ കുമ്മനത്തിന് താൽപ്പര്യക്കുറവ്; സുരേഷ് ഗോപിയെ വെട്ടാൻ ശ്രീധരൻ പിള്ളയുടെ പേര് ചർച്ചയാക്കി പരിവാരുകാർ; ഗ്രൂപ്പുകളി തുടരുന്നതിൽ അമിത് ഷായും അതൃപ്തൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയിലേക്ക് ഉടൻ തിരിച്ചുവരുമെന്ന തരത്തിൽ തന്റെ പേര് രാഷ്ട്രീയമായി ചർച്ച ചെയ്യുന്നതിൽ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരന് കടുത്ത അതൃപ്തി. രാഷ്ട്രീയത്തിന് അതീതമായ ഭരണഘടനാ പദവിയാണ് ഗവർണ്ണർ. തീർത്തും നിഷ്പക്ഷനാകേണ്ട പദവി. ഈ സ്ഥാനത്തിരിക്കുമ്പോൾ താനൊരു ബിജെപിക്കാരനെന്ന തരത്തിൽ ചർച്ചകൾ വരുന്നതാണ് കുമ്മനത്തെ അതൃപ്തനാക്കുന്നത്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയാണ് താനെന്ന തരത്തിൽ ചർച്ചകൾ നടത്തരുതെന്ന് കുമ്മനം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തോട് നിർദ്ദേശിച്ചതായാണ് സൂചന. ആർഎസ്എസ് നേതൃത്വത്തേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഗവർണ്ണറുടെ അന്തസ്സിന് കോട്ടം വരുത്തുന്ന തരത്തിലെ ചർച്ചകൾ പാടില്ലെന്നാണ് നിർദ്ദേശം.

രാഷ്ട്രീയത്തിലേക്ക് ഉടൻ മടങ്ങി വരാൻ താൽപ്പര്യമില്ലെന്ന സന്ദേശമാണ് ഇതിലൂടെ കുമ്മനം നൽകുന്നത്. ഗവർണ്ണർ സ്ഥാനത്തിരുന്ന രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതായുള്ള ആരോപണം തന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തും. അതുകൊണ്ട് തന്നെ തന്നെ ഉടൻ തിരിച്ചു കൊണ്ടു വരുമെന്ന തരത്തിലെ വാർത്തകൾ സൽപേരിന് കളങ്കമാകും. മിസോറാമിൽ രാഷ്ട്രീയത്തിന് അതീതമായ ഇടപെടലിനുള്ള തന്റെ പ്രതിച്ഛായയെ അതു ബാധിക്കും. തീരുമാനം എടുക്കുമ്പോൾ അതെല്ലാം രാഷ്ട്രീയ നിറത്തോടെ എതിരാളികൾ വിമർശിക്കും. ഈ സാഹചര്യത്തിലാണ് കുമ്മനം കേരള നേതാക്കളെ അതൃപ്തി അറിയിക്കുന്നത്. ബിജെപി ദേശീയ നേതൃത്വത്തോടും ഇത്തരം ചർച്ചകൾ പാടില്ലെന്ന് സംസ്ഥാന നേതാക്കളെ ഉപദേശിക്കണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർത്ഥിയാകില്ലെന്ന ചർച്ചകളും ഇതോടെ ബിജെപിയിൽ സജീവമാവുകയാണ്.

അതിനിടെ കേരളത്തിലെ ഗ്രൂപ്പ് പോരിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും അതൃപ്തനാണ്. എല്ലാ പ്രശ്‌നവും പരിഹരിക്കേണ്ട ആർഎസ്എസ് തന്നെ ഒരു പക്ഷത്തിനൊപ്പം നിൽക്കുന്നതാണ് ഇതിന് കാരണം. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം വിവാദമാക്കുന്നത് ഗുണകരമാകില്ലെന്നും അമിത് ഷായ്ക്ക് അഭിപ്രായമുണ്ട്. ശ്രീധരൻ പിള്ളയെ അധ്യക്ഷനാക്കിയത് ആർഎസ്എസ് നിർദ്ദേശത്തെ മാനിച്ചാണ്. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കേരളത്തിലെ കാര്യങ്ങളിൽ ആർ എസ് എസിന് പൂർണ്ണ അധികാരമുണ്ടാകും. പക്ഷേ പരിധിവിട്ടാൽ ഇടപെടുമെന്നും അമിത് ഷാ അറിയിച്ചതായും സൂചനയുണ്ട്.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ആർഎസ്എസ് നേതൃത്വത്തിന്റെ താൽപ്പര്യം. കുമ്മനമാകും സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ച് പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോഴാണ് മിസോറാം ഗവർണ്ണറായി കുമ്മനത്തെ മാറ്റുന്നത്. സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത് ബിജെപി ദേശീയ നേതൃത്വം ചർച്ചയാക്കി. ഇതിനിടെയാണ് ബിജെപിയിൽ പ്രസിഡന്റിനെ ചൊല്ലി തർക്കം മുറുകുന്നത്. ആർഎസ്എസ് സമ്മർദ്ദ ഫലമായി പി എസ് ശ്രീധരൻ പിള്ള അധ്യക്ഷനായി എത്തുകയും ചെയ്തു. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിൽ ആർ എസ് എസിന് മേൽകോയ്മയായി. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ആർഎസ്എസ് ചർച്ചകൾ തുടങ്ങിയത്. എന്നാൽ ഗവർണ്ണർ പദവിയുടെ അന്തസിന് യോജിക്കാത്തതാണ് ഇതെന്നാണ് കുമ്മനത്തിന്റെ നിലപാട്.

രാഷ്ട്രീയം മാറ്റി വച്ചാണ് ഗവർണ്ണർമാർ പ്രവർത്തിക്കേണ്ടത്. മുൻകാലങ്ങളിൽ രാഷ്ട്രീയം അവസാനിപ്പിച്ച ശേഷമാകും പല നേതാക്കളും ഗവർണ്ണർമാരാകുക. എന്നാൽ സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായ കുമ്മനത്തെ മിസോറാം ഗവർണ്ണറാക്കിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇത് ആർഎസ്എസ് അംഗീകരിക്കാനും മടിച്ചു. ഇതോടെയാണ് അമിത് ഷായും ആർ എസ് എസും ഏറ്റുമുട്ടലിന്റെ പാതയിലെത്തിയത്. പി എസ് ശ്രീധരൻ പിള്ളയെ അധ്യക്ഷനാക്കുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഉത്തരവാദിത്തം മുഴുവൻ ആർ എസ് എസിനായിരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ജയിച്ചേ മതിയാവൂവെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കി പരമാവധി വോട്ട് നേടുന്നതിനെ കുറിച്ച് ആർഎസ്എസ് ചർച്ച സജീവമാക്കിയത്.

കുമ്മനം ഉടൻ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നും എൻഡിഎയുടെ കൺവീനറാകുമെന്നും വാർത്തകളെത്തി. ഇതോടെയാണ് കുമ്മനം പ്രതിഷേധവുമായെത്തുന്നത്. തൽകാലം തനിക്ക് രാഷ്ട്രീയമില്ലെന്ന സന്ദേശമാണ് ഗവർണ്ണർ കേരളത്തിലെ നേതാക്കൾക്ക് നൽകുന്നത്. കേരളത്തിലെത്തുമ്പോൾ ഇത്തരം രാഷ്ട്രീയ ചോദ്യങ്ങളും സംശയങ്ങളും ഉയരുമ്പോൾ മറുപടി പറയേണ്ട ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതോടെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ആശങ്ക വീണ്ടും സജീവമാവുകയാണ്. സുരേഷ് ഗോപിയോട് താൽപ്പര്യമില്ലാത്ത ആർ എസ് എസുകാരാണ് ഇതിന് പിന്നിൽ. ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കുന്നതും അവർ പരിഗണിക്കുന്നുണ്ട്. എൻ എസ് എസും എസ് എൻ ഡി പിയുമായും ശ്രീധരൻ പിള്ളയ്ക്ക് അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ശ്രീധരൻ പിള്ള മത്സരിക്കട്ടേ എന്നാണ് അവരുടെ പക്ഷം.

ഈ സാഹചര്യത്തിലാണ് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉടൻ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്നുപി.എസ്.ശ്രീധരൻ പിള്ള പ്രഖ്യാപിച്ചത്. ബിജെപി നിയമിച്ച ഗവർണർമാർ ഉടൻ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങുന്ന രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.രാമൻപിള്ള, പി.പി.മുകുന്ദൻ എന്നിവരെ പാർട്ടിയിൽ തിരികെയെത്തിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സംഘപരിവാറിന്റെ ആവശ്യപ്രകാരമാണു താൻ സംസ്ഥാന അധ്യക്ഷപദം ഏറ്റെടുത്തത്. മാറാട് കൂട്ടക്കൊലയ്ക്കുശേഷം സമാധാനമുണ്ടാക്കാൻ ചർച്ച നടത്തിയതും ആർഎസ്എസ് നിലപാടനുസരിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണു പി.എസ്.ശ്രീധരൻ പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തത്. കെ.സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി.മുരളീധര പക്ഷത്തിന്റെ നീക്കം ദേശീയ അധ്യക്ഷൻ അമിത് ഷാ തള്ളിയതോടെയാണു ശ്രീധരൻ പിള്ളയ്ക്കു നറുക്കുവീണത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കുമ്മനം രാജശേഖരനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാൻ തീരുമാനിച്ചതായും റിപ്പോർട്ട് വന്നിരുന്നു. കുമ്മനത്തെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മൽസരിപ്പിക്കണമെന്ന ആവശ്യം ആർഎസ്എസും ഉന്നയിച്ചിരുന്നു. കുമ്മനം മൽസരിച്ചാൽ ജയസാധ്യത കൂടുതലാണെന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP