Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഭൂരഹിതരില്ലാത്ത കേരളം' പ്രതീക്ഷയായി തുടരും; ഹാരിസണും ടാറ്റയ്ക്കും കണക്കില്ലാത്ത സർക്കാർഭൂമി; വമ്പന്മാരുടെ ഭൂമി പിടിച്ചെടുക്കൽ പ്രസ്താവനകളിൽ മാത്രം; ഉമ്മൻ ചാണ്ടി സർക്കാരിന്റെ സ്വപ്ന പദ്ധതി പാളുന്നു; ഇപ്പോഴും 33 ശതമാനം ഭൂരഹിതരെന്ന് സർവ്വേ റിപ്പോർട്ട്

'ഭൂരഹിതരില്ലാത്ത കേരളം' പ്രതീക്ഷയായി തുടരും; ഹാരിസണും ടാറ്റയ്ക്കും കണക്കില്ലാത്ത സർക്കാർഭൂമി; വമ്പന്മാരുടെ ഭൂമി പിടിച്ചെടുക്കൽ പ്രസ്താവനകളിൽ മാത്രം; ഉമ്മൻ ചാണ്ടി സർക്കാരിന്റെ സ്വപ്ന പദ്ധതി പാളുന്നു; ഇപ്പോഴും 33 ശതമാനം ഭൂരഹിതരെന്ന് സർവ്വേ റിപ്പോർട്ട്

പാലക്കാട്: ഹാരിസണും ടാറ്റായും പോലുള്ള വമ്പന്മാർ അമ്പതിനായിരത്തിലേറെ ഹെക്ടർ വീതം സർക്കാർ ഭൂമി ദശകങ്ങളായി കൈവശം വച്ചനുഭവിക്കുകയാണ്. ഇതിനിടെ പാവങ്ങൾക്കുവേണ്ടി സർക്കാർ കൊട്ടിഘോഷിച്ചു തുടങ്ങിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പൊളിയുകയാണ്. പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ സംസ്ഥാനത്ത് 33 ശതമാനം പേർക്ക് സ്വന്തമായി ഭൂമിയില്ല. സംസ്ഥാനത്തെ ജനസംഖ്യയിൽ 33 ശതമാനം പേർ ഭൂരഹിതരാണെന്നാണ് സർവേ റിപ്പോർട്ട്.

കേരളത്തിലെ ഒരു ശതമാനം ഭൂരഹിതർക്കുപോലും 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി കൊണ്ടു പ്രയോജനം ലഭിച്ചിട്ടില്ല. പാലക്കാട് ജില്ലയിൽ താമസിക്കുന്ന ഭൂരഹിതർക്ക് കാസർഗോഡ് ജില്ലയിലോ കാസർഗോഡ് ജില്ലയിലുള്ളവർക്ക് തിരിച്ച് പാലക്കാട് ജില്ലയിലോ പാറക്കെട്ടുകളിലോ, മൊട്ടക്കുന്നുകളിലോ മൂന്നു സെന്റ് സ്ഥലം നൽകുകയാണ് ചെയ്തിരുന്നത്. മൂന്നുനാലു ജില്ലകൾക്കപ്പുറം ഒരു ബന്ധവുമില്ലാത്തിടത്ത്, കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാത്ത സ്ഥലത്ത് ഇങ്ങനെ ഭൂമി ലഭിച്ചതുകൊണ്ട് കാര്യമില്ലാത്തതിനാൽ പലരും ഭൂമി തിരിച്ചു സർക്കാരിനു തന്നെ നൽകി. ചിലരൊക്കെ അത് ഉപേക്ഷിക്കുകയും ചെയ്തു. സർക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഇങ്ങനെ നടക്കുമ്പോഴാണ് മറുവശത്ത് ഭൂരഹിതർ കൂടിവരുന്നത്. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ നടത്തിയ സർവേയിലാണ് ഭൂരഹിതരുടെ കണക്കുകൾ പുറത്ത് വന്നത്.

സംസ്ഥാനത്ത് എല്ലാവർക്കും മൂന്നു വർഷത്തിനകം ഭൂമി, ഭൂരഹിതരില്ലാത്ത കേരളം എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നാണ് ഇപ്പോഴത്തെ യു.ഡി.എഫ് .സർക്കാരിന്റെ അവകാശ വാദം. എന്നാൽ ഉള്ള ഭൂമിയും വീടുമെല്ലാം വിറ്റൊഴിഞ്ഞ് വാടകവീട്ടിലേക്കും മറ്റും മാറുന്നവരുടെ എണ്ണം കൂടി വരികയാണ്. മക്കളുടെ വിവാഹത്തിനും പഠനത്തിനും മറ്റും പണം കടമെടുക്കുന്നവർ, മാരകരോഗങ്ങൾ ചികിത്സിക്കാൻ വീടുവിറ്റ് പണമെടുക്കുന്നവർ, കേസുകളിൽ പെട്ട് എല്ലാം നഷ്ടപ്പെടുന്നവർ ഇങ്ങനെ നിരവധി പുതിയ ഭൂരഹിതർ കൂടി ഭൂമിക്കർഹരായുണ്ട്. നാട്ടിൻപുറങ്ങളിൽ പോലും പുതിയതായി നിർമ്മിക്കപ്പെടുന്ന അപ്പാർട്ട്‌മെന്റുകളിൽ വാടകക്ക് താമസിക്കാനെത്തുന്ന പ്രദേശവാസികളുടെ എണ്ണവും ഭൂരഹിതരുടെ പട്ടിക കൂട്ടുകയാണെന്നു സർവ്വേ പറയുന്നു.

ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് കേരളത്തിൽ ഒന്നരലക്ഷം ഏക്കറിൽ പാട്ടകൃഷി നടത്തുന്നുണ്ട്. ഭൂപരിഷ്‌കരണ നിയമത്തിന്റെ 72, 73, 74 വകുപ്പുകൾ പ്രകാരം പാട്ടകൃഷി നിരോധിക്കപ്പെട്ടതാണ്. സർക്കാർ ഭൂമി അർഹർക്ക് വിതരണം ചെയ്യാതെയാണ് പാട്ടക്കൃഷി പ്രോത്സാഹനം. 7,20,000 ഏക്കർ മിച്ചഭൂമി ഉണ്ടെന്നായിരുന്നു കണക്ക്. എന്നാൽ നിയമത്തിൽ ചില ഭേദഗതികൾ വന്നപ്പോൾ പുതിയ കണക്ക് അനുസരിച്ച് അത് 1,70,991 ആയി.ഇതിൽ 93,178 ഏക്കർ സർക്കാർ ഏറ്റെടുത്തു. നിലവിലുള്ള മിച്ചഭൂമിയുടെ 13 ശതമാനം മാത്രമാണ് ഇങ്ങനെ ഏറ്റെടുക്കപ്പെട്ടത്. ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യം തന്നെ ഇതോടെ മാറിപ്പോയി.

ഭൂമിയുടെ നീതിപൂർവ്വകവും ജനാധിപത്യപരവുമായ പുനർവിതരണമാണ് 1957 -ൽ നിലവിൽ വന്ന ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യമുണ്ടായിരുന്നത്. ജന്മിമാരിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് കുടിയാന്മാരെ ഭൂമിയുടെ ഉടമകളാക്കുക, ഭൂ ഉടമാ വ്യവസ്ഥയിൽ മാറ്റം വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഒരു കുടുംബത്തിന് പരമാവധി കൈയിൽ വയ്്ക്കാവുന്ന ഭൂമി 15 ഏക്കറായി പരിമിതപ്പെടുത്തിയിരുന്നു. ഇതിനു മുകളിലുള്ള ഭൂമി സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകി നടപ്പ് വില ഈടാക്കി കർഷക തൊഴിലാളികൾക്കും കുടിയാന്മാർക്കും കാർഷിക സഹകരണസംഘങ്ങൾക്കും വിതരണം ചെയ്യാനായിരുന്നു വ്യവസ്ഥ.

തോട്ടങ്ങളെ ഈ നിയമത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.1961 -ൽ ഉണ്ടായ സുപ്രീം കോടതി വിധിയും 1963 ലെ ഹൈക്കോടതി വിധിയും ബില്ലിൽ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമുണ്ടാക്കി. 1967 ൽ ഭേദഗതി ചെയത് 1970 ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഇതിനു ശേഷം പിന്നേയും 11 ഭേദഗതികൾ ഈ നിയമത്തിൽ ഉണ്ടായിട്ടുണ്ട്. മലബാറിലെ ജന്മിമാരുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഏക്കർ വനഭൂമി ദേശസാത്കരിച്ചു. 1971 ന് ഇറക്കിയ പ്രത്യേക ഓർഡിനൻസ് വഴിയാണ് സ്വകാര്യവനങ്ങൾ സർക്കാർ സ്വന്തമാക്കിയത്. ഇതിൽ 50 ശതമാനം ആദിവാസികൾക്ക് നൽകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും നടന്നില്ല.

ഇപ്പോൾ വനഭൂമിയിൽനിന്ന് കുടിയിറക്കപ്പെടുന്ന നിലയിലാണ് ആദിവാസികൾ. സർക്കാർ ഏറ്റെടുത്ത ഭുമികളൊക്കെ പിന്നെയും ചില കുത്തകകൾ കയ്യിലാക്കി. ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, നടപടിക്കു മുതിരുന്ന ഉദ്യോഗസ്ഥർക്കുകൂടി ഭീഷണിയുണ്ടാകുന്ന അവസ്ഥയുമായി. മിച്ചഭൂമി തിരിച്ചുപിടിക്കുകയെന്ന ഭൂപരിഷകരണനിയമത്തിന്റെ കാതലായ വശം അതിൽനിന്ന് ഇളക്കി മാറ്റിയത് 2005 ലെ യു.ഡി.എഫ്. സർക്കാർ ആയിരുന്നു. പിന്നീട് വന്ന ഇടതുമുന്നണിയും ഇതിനെതിരെ ഒന്നും ചെയ്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP